TopTop

'അടിയന്തിരാവസ്ഥ'-കവി ആശാലതയുടെ എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ ഒരു അദ്ധ്യായം

കവി ആശാലതയുടെ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ ഭാഗമാണിത്. രണ്ടു കാലഘട്ടങ്ങളുള്ള ഈ നോവലിന്റ ഒരു ഭാഗം ആധുനിക കാലത്ത്, ഒരു സ്വേച്ഛാധിപതി ഭരിക്കുന്ന ഒരു രാജ്യത്തും മറ്റേഭാഗം പൗരാണിക ഇന്ത്യയിലുമാണ് നടക്കുന്നത്. അടിയന്തിരാവസ്ഥ എന്ന ഈ അധ്യായം 2016- 17 ല്‍ എഴുതി വെച്ചതാണ്

അടിയന്തിരാവസ്ഥ

അർദ്ധരാത്രി പത്രക്കാരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം, ഔദ്യോഗികപാലസിൽ രണ്ട് സന്നദ്ധ സേവകർ‍ വാതിൽപ്പുറമേ കാവൽനില്ക്കുന്ന തന്റെ ഉറക്കറയിൽ ഭയവും ഏകാന്തതയും കൊണ്ട് വീർപ്പുമുട്ടി രാഷ്ട്രത്തലവന്‍ കിടന്നു. നന്നേ ക്ഷീണിതനായിരുന്നു അയാള്‍. നിരന്തരമായി പല രാപ്പകലുകള്‍ നീണ്ടുപോയ കഠിനാധ്വാനവും കടുത്ത മാനസിക സമ്മര്‍ദ്ദവും ചേര്‍ന്ന് അയാളെ ഭ്രാന്തുപിടിപ്പിച്ചിരുന്നെങ്കിലും അയാള്‍ അത് പുറത്തുകാണിച്ചിരുന്നില്ല. ക്ഷീണമോ അസ്വസ്ഥതയോ പുറത്തു പ്രകടിപ്പിക്കുന്നത് ഒരിക്കലും ഒരു രാഷ്ട്രത്തലവന് ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് അയാള്‍ ഉറച്ചുവിശ്വസിക്കുന്നത്. ഉപജാപകരുടെയും സ്തുതിപാഠകരുടെയും സാന്നിധ്യം അയാളെ ശ്വാസംമുട്ടിച്ചു. രാജ്യത്തെ തന്ത്രപ്രധാനകാര്യങ്ങളില്‍ ചുക്കാന്‍പിടിക്കുന്നതിന് തന്നെ സഹായിക്കേണ്ട ഏറ്റവും തലമുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റമാവട്ടെ അയാള്‍ക്ക് മനംമറിച്ചിലുണ്ടാക്കി. തനിച്ച് ഒരല്‍പ്പം സമയം കിട്ടുന്നത് ഈ ഉറക്കറയിലാണ്- തനിക്കായിട്ടുമാത്രം കുറച്ചെങ്കിലും സമയം എന്നൊന്നുണ്ടെങ്കില്‍. അന്നേരമാകട്ടെ, സമാധാനം പോയിട്ട് ഉറക്കം പോലും വരുന്നില്ല. പുറത്ത് കാവല്‍ നില്ക്കുന്ന ആ രണ്ടു കോമാളികള്‍ പോലും ഉറക്കം കെടുത്തുന്നു. ഏത് നശിച്ച നിമിഷത്തിലായിരിക്കും അവര്‍ക്ക് തന്റെ നേര്‍ക്ക് തോക്കു ചൂണ്ടാന്‍ തോന്നുന്നത്? ഈ ഭയത്തില്‍ നിന്ന് ഒരിക്കലും മോചനമില്ലേ?

ആ കിടപ്പില്‍ കിടന്നുകൊണ്ട് അയാള്‍ തന്റെ രാജ്യത്തെയോര്‍ത്തു. പലപല യുദ്ധങ്ങളില്‍ ചിതറിപ്പോയ യൗവനത്തെ ഓര്‍ത്തു. പ്രണയവും സൗഹൃദവും സ്നേഹബന്ധങ്ങളും ഒന്നും പറഞ്ഞിട്ടില്ലാത്ത ഏകാധിപതിയുടെ ജീവിതത്തെക്കുറിച്ചോര്‍ത്തു. (പ്രണയങ്ങളുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രത്തിനു വേണ്ടി അതൊക്കെ ത്യജിക്കലാണ് തന്റെ ജീവിതം). രാജ്യത്തിന് നാളെ കൈവരാവുന്ന വികസനത്തിന്റെ സൗഭാഗ്യത്തെപ്പറ്റിയും അതില്‍ തന്റെ പങ്കിനെപ്പറ്റിയുമോര്‍ത്തു. ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിവെയ്ക്കുന്ന ഒന്ന്. രാജ്യപുരോഗതിയില്‍ വന്നുവീഴാവുന്ന കരിനിഴലുകളെയും തന്റെ പിന്നാലെ നിഴലുപോലെ നടന്നേക്കാവുന്ന തന്റെ കൊലയാളിസംഘങ്ങളെയും കുറിച്ച് ഓര്‍ത്തു. ആരെയും ഒരൊറ്റയാളെയും വിശ്വസിക്കരുത്. ഒക്കെ ചതിയന്മാരും ഒറ്റുകാരുമാണ്. അടുപ്പിക്കരുത്. എല്ലാവരേയും അകറ്റി നിറുത്തണം. കൂടപ്പിറപ്പുകളെപ്പോലും.

രാഷ്ട്രത്തലവന്‍ അന്ന് അത്താഴം കഴിക്കാന്‍ മറന്നുപോയിരുന്നു. പേഴ്സണല്‍ സെക്രട്ടറി രണ്ടുമൂന്നുതവണ ഇക്കാര്യം സൂചിപ്പിക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ രാഷ്ട്രത്തലവന്‍ അത് കേട്ടതായിത്തന്നെ നടിച്ചില്ല. വീണ്ടും ആവര്‍ത്തിച്ചാലുണ്ടാവുന്ന പ്രത്യാഘാതം സെക്രട്ടറിക്കറിയാം. അതു ഭയന്ന് പിന്നീടയാള്‍ ഒന്നും പറഞ്ഞതേയില്ല. അയാള്‍ അത്താഴം കഴിക്കാതിരുന്നതുകൊണ്ട് പാലസിലെ അടുക്കള അന്ന് ഉറങ്ങിയതേയില്ല. പാതിരാ കഴിഞ്ഞ് എന്തെങ്കിലും കഴിക്കുന്നത് അയാളുടെ ശീലമല്ലെന്ന് അടുക്കള മേല്‍നോട്ടക്കാര്‍ക്കും ഹൗസ് കീപ്പറിനും നല്ലവണ്ണം അറിയാം. എങ്കിലും വേണ്ടിവന്നാല്‍ എല്ലാം സജ്ജമായിരിക്കണം. പുറത്തുനിന്നുള്ള ഭക്ഷണം അയാള്‍ പറ്റെ ഒഴിവാക്കിയിരുന്നു. ഇനി അഥവാ വേണ്ടിവന്നാലും അങ്ങേയറ്റം കരുതല്‍ നടപടികളെടുത്തുകൊണ്ടു മാത്രം. അങ്ങനെ വേണ്ടി വരുന്നത് വല്ല വിദേശ യാത്രകളിലോ മറ്റോ ആണ്. ആ സമയത്ത് സ്വന്തം പാചകരെയും ഭക്ഷ്യപരിശോധകരെയും അയാള്‍ ഒപ്പം കൊണ്ടുപോകും. കാരണം, സൂക്ഷിക്കണം. കരുതിയിരിക്കണം. ഭക്ഷണത്തില്‍ക്കൂടെയും അവര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കും. പണ്ട്സ്ക്കൂളില്‍ പഠിക്കുമ്പോള്‍ വായിച്ച ഒരു അറബിക്കഥ ഇപ്പോഴും അയാള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചിട്ടുണ്ട്. ആ കഥയില്‍ ശത്രു ഒരു രാജാവിനെ വധിക്കുന്നത് കൊടും വിഷം തേച്ച പുസ്തകം വായിക്കാന്‍ കൊടുത്തിട്ടാണ്. തുപ്പല്‍തൊട്ട് പുസ്തകം മറിക്കുന്ന ദുശ്ശീലമുള്ള രാജാവ്, മുഴുവന്‍ വായിച്ചുതീരുംമുമ്പ് മരിച്ചുവീണു എന്നാണ് കഥ. അയാള്‍ എന്തായാലും ആ മരമണ്ടന്‍ രാജാവിനെപ്പോലെയല്ല. അങ്ങേയറ്റം ശ്രദ്ധിച്ചേ കാര്യങ്ങള്‍ ചെയ്യൂ. വളര്‍ത്തുപൂച്ചകള്‍ക്ക് ഭക്ഷണം നല്കി വിഷപരിശോധന നടത്തുന്ന പണ്ടത്തെ ചക്രവര്‍ത്തിമാരുടെ കഥകളും അയാള്‍ക്കറിയാം. സ്വന്തം പെങ്ങളുടെ വീട്ടില്‍നിന്ന് വിളമ്പിയ ഭക്ഷണമാണെങ്കിലും പരീക്ഷിക്കാതെ കഴിക്കില്ല. വിളമ്പിയവരില്‍ത്തന്നെ പരീക്ഷിച്ചിട്ടേ ഉപയോഗിക്കൂ. അത് പെങ്ങളായാലും അളിയനായാലും ഇനിയിപ്പോള്‍ പെറ്റ തള്ള തന്നെയായാലും. ഒരൊറ്റയാളെയും വിശ്വസിക്കരുത്. അതാണ് ജീവിതം അയാളെ പഠിപ്പിച്ച ഒരു പ്രധാനപാഠം. കുടിച്ച പച്ചവെള്ളത്തെപ്പോലും വിശ്വസിക്കരുത്. താന്‍ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതില്‍ അനിഷ്ടമുള്ള ഒരുപാടു പേരുണ്ട്. രാജ്യത്തിന്റെ ശത്രുക്കള്‍. അഥവാ തന്റെ ശത്രുക്കള്‍. അവര്‍ ഏതുവിധേനയും തന്നെ അവസാനിപ്പിച്ചേക്കാം. അതുകൊണ്ട് കരുതിയിരിക്കണം.

അന്നത്തെ രാത്രി കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ അയാള്‍ വല്ലാതെ ക്ഷീണിച്ചുപോയിരുന്നു. പകല്‍ മുഴുവന്‍ പലതരം കൂടിക്കാഴ്ചകള്‍. അവ അങ്ങനെ നീണ്ടുനീണ്ടുപോയി. പാര്‍ലമെന്റിന്റെ അടിയന്തിരസമ്മേളനം കഴിഞ്ഞപ്പോള്‍ത്തന്നെ നേരം ഒരുപാട് വൈകി. ഏതാണ്ട് പാതിര വരെ നീണ്ടുപോയി എന്നു പറയാം. എന്തിനാണ് സുരക്ഷാനിയമമെന്ന് സംശയിച്ചത് പ്രതിപക്ഷം മാത്രമല്ല. അയാളുടെ കൂട്ടുകക്ഷികളില്‍ പെട്ടവരും അണികളില്‍ത്തന്നെ എതിര്‍ചേരിയില്‍ നില്ക്കുന്ന പടലപ്പിണക്കക്കാരുമൊക്കെ സംശയിച്ചവരില്‍പെടും. എന്തിനധികം? സ്വന്തം ഇഷ്ടക്കാരില്‍ ചിലരും ചോദിക്കാതിരുന്നില്ല. അവര്‍ ചോദിച്ചത് പരസ്യമായിട്ടല്ലെന്നു മാത്രം. ചിലരൊക്കെ ഫോണിലുടെ ചോദിച്ചു. വേറേ ചിലരാകട്ടെ, നേരിട്ടെത്തി സംശയം ചോദിക്കുന്ന ഭാവത്തില്‍, മുഖത്ത് അതീവനിഷ്കളങ്കത വരുത്തി. സുരക്ഷാനിയമം പ്രഖ്യാപിക്കേണ്ട എന്തുകാര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്? പ്രതിപക്ഷം ശക്തമായി എതിര്‍ത്തുകൊണ്ടിരുന്നു. മാധ്യമങ്ങളില്‍ ഇതെപ്പറ്റി ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്തായിരിക്കും വകുപ്പുകള്‍? അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും? എന്തൊക്കെയാണ് നടപടിക്രമങ്ങള്‍? ഭരണഘടനാ ഭേദഗതി വേണ്ടി വരുമോ? (എന്തു ഭരണഘടന? ആരുടെ ഭരണഘടന? അയാള്‍ ചിരിയോടെ ഉള്ളിലോര്‍ത്തു.) അങ്ങനെയങ്ങ് ഭേദഗതി വരുത്താനാവുമോ? പ്രതിപക്ഷം നോക്കിനില്‍ക്കുമോ ? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?

പത്രങ്ങളിലും ചാനലുകളിലും ചര്‍ച്ചയോടു ചര്‍ച്ച തന്നെയായിരുന്നു, കുറച്ചുനാളായിട്ട്. അതുകൊണ്ടു തന്നെയാണ് പ്രഖ്യാപനം കഴിയുംവരെ ഒരുത്തനേയും കാണണ്ടെന്ന് അയാള്‍ തീരുമാനിച്ചത്. സത്യം പറഞ്ഞാല്‍ ഇതിന്റെ ആലോചനകള്‍ ഉള്ളില്‍ മുളപൊട്ടിയപ്പോള്‍ മുതല്‍ തന്നെ പത്രക്കാരുമായി മുഖാമുഖം കാണുന്നത് അയാള്‍ ഒഴിവാക്കിയിരുന്നു. ഏതെങ്കിലുമൊക്കെ തെണ്ടികള്‍ അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കും. വേണ്ടാത്തത് കുത്തിപ്പൊക്കി കുഴപ്പത്തിന്റെ വിത്തുപാകാന്‍ ഇവന്‍മാര്‍ക്കൊക്കെ നല്ല സാമര്‍ഥ്യമാണ്. ആവശ്യമില്ലാതെ മീഡിയയുമായി ബന്ധപ്പെടേണ്ടെന്ന് അയാള്‍ തന്റെ അനുയായി വൃന്ദത്തിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്വതേ തന്നെ തങ്ങള്‍ സര്‍വ്വജ്ഞരാണെന്നൊരു ഭാവം പത്രക്കാര്‍ക്കുണ്ട്. എന്തെങ്കിലും വായില്‍നിന്ന് വീണാല്‍ വളച്ചൊടിച്ച് വഷളാക്കാന്‍ അവര്‍ക്ക് സാമര്‍ഥ്യം കൂടും. അനുയായികളാണെങ്കിലോ മണ്ടത്തരം വിളിച്ചുപറയാന്‍ മിടുക്കന്മാരും. എന്തായാലും ഇനിയിപ്പോള്‍ പത്രക്കാരെയും ചനലുകാരെയും ഒഴിവാക്കേണ്ട കാര്യമില്ല. എന്നുതന്നെയല്ല, ഇനിയിങ്ങോട്ട് അവരെ കയ്യിലെടുക്കണം.

ഇന്നത്തെ ഒപ്പുവെയ്ക്കല്‍ രാജ്യചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് താന്‍ അവര്‍ക്കു നല്കുന്ന ഒരുറപ്പ്. അതിന് പരമാവധി പ്രാധാന്യം കിട്ടണം. രാജ്യത്തെ പത്രങ്ങളും ചനലുകളും മാത്രമല്ല ഓണ്‍ലൈന്‍ പത്രങ്ങള്‍, സോഷ്യല്‍ മീഡിയകള്‍ - ഇവരെ ഒക്കെ തൃപ്തിപ്പെടുത്തണം. വേണ്ടപ്പോഴൊക്കെ നിയന്ത്രിക്കണം. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും മൂക്കുകയറിടാം. അത്ര വലിയ പ്രയാസമുള്ള കാര്യമൊന്നുമല്ല അത്. അതിന്റെയൊക്കെ മുതലാളിമാരെ വരുതിയില്‍ വരുത്തുന്നതാണോ പ്രശ്നം? എല്ലാവരും തനിക്ക് - അതായത് രാജ്യത്തിന് - വേണ്ടപ്പെട്ടവര്‍. അങ്ങോട്ടൊരു പാലമിട്ടാല്‍ ഇങ്ങോട്ടുമുണ്ടെന്ന് സദാ ഉറപ്പുള്ളവര്‍. എന്നാല്‍ മറ്റേക്കൂട്ടര്‍ - ഈ സോഷ്യല്‍ മീഡിയക്കാരും ഒരുഗതിയും പരഗതിയുമില്ലാത്ത വെബ്ബ് പോര്‍ട്ടലുകാരും അങ്ങനെയല്ല. എവിടെയെങ്കിലും ഒരില അനങ്ങിയാല്‍ ചാടി വീഴും. രാഷ്ട്രം തകര്‍ത്തു തരിപ്പണമാക്കാന്‍, ഒരട്ടിമറിയുടെ വിത്തു പാകാന്‍ ഒക്കെ ഇക്കൂട്ടര്‍ മതി. വരട്ടെ, എല്ലാവരേയും ശരിയാക്കിയെടുക്കണം. ഒതുക്കണ്ടവരെ ഒതുക്കണം. വരുതിയില്‍ നിറുത്തേണ്ടവരെ വരുതിയില്‍ നിറുത്തണം. അപ്പക്കഷണം ഇട്ടുകൊടുക്കേണ്ടവര്‍ക്ക് അത്. പ്രീതിപ്പെടുത്തേണ്ടവരെ പ്രീതിപ്പെടുത്തണം. അല്ലാത്ത കളകളെ പറിച്ചു നീക്കിക്കളയാം. ഏതിനും നയമുണ്ടല്ലോ. ഈ നാലാം എസ്റ്റേറ്റിന്റെ ബലത്തില്‍ വേണം ഇനി തനിക്ക് തന്ത്രം മെനയാന്‍. അതുകൊണ്ടുതന്നെ ഇനി ഇവരെയൊന്നും കാണുന്നതില്‍ അലംഭാവം പാടില്ല.

ചാനല്‍ക്കാരുടെയും പത്രക്കാരുടെയും നടുവില്‍ ഇരിക്കുമ്പോള്‍ രാഷ്ട്രത്തലവന് ശ്വാസം മുട്ടി. ഇവരുടെ ഓരോ ചോദ്യങ്ങള്‍! നടപ്പില്ലാത്ത സംശയങ്ങള്‍! വരട്ടെ. സുരക്ഷാനിയമം എന്താണെന്ന് ഞാന്‍ പഠിപ്പിച്ചു കൊടുക്കാം. എനിക്കറിയാത്തതല്ല ഇവന്‍‌മാരെ. നടക്കാന്‍ പറഞ്ഞാല്‍ ഇഴയുന്ന കൂട്ടം. ഇന്ന് ഇവര്‍ ചോദ്യമുന്നയിക്കും. നാളെ ഇവര്‍തന്നെ സമാധാനസേനയുടെ വക്താക്കളും സന്നദ്ധ സേവകരും പറയുന്ന നുണകള്‍ വെള്ളംതൊടാതെ വിഴുങ്ങും. അതെനിക്ക് നിശ്ചയമുണ്ട്. ആ പച്ചക്കള്ളങ്ങള്‍ അവര്‍ പെരുപ്പിച്ചു കാണിക്കും. കാണിക്കാന്‍ ഇവന്റെയൊക്കെ മുതലാളി തന്നെ ഉത്തരവിടും. രാഷ്ട്രത്തിന്റെ അഭിവൃദ്ധിയും പുണ്യവുമായിട്ട് ഇവരും ഇവരുടെ മുതലാളിമാരും കൂടി അവയെ വാഴ്ത്തുകയും ചെയ്യും. അയാള്‍ക്ക് പൊടുന്നനെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതുപോലെ തോന്നി.

രാജ്യം അപകടത്തിലാണ് - പത്രക്കാരോട് അയാള്‍ പറഞ്ഞു. പുറത്തുനിന്നു മാത്രമല്ല അകത്തുനിന്നും ശത്രുക്കള്‍ നമ്മെ ഛിന്നഭിന്നമാക്കാന്‍ നോക്കുന്നു. പുറത്തെ ശത്രുക്കളെ കൂട്ടിനു വിളിക്കുന്ന രാജ്യത്തിനുള്ളിലുള്ളവര്‍. മാതൃരാജ്യത്തോട് സ്നേഹമില്ലാത്തവര്‍. നമ്മുടെ പൈതൃകം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍. നമ്മുടെ രാജ്യത്തെത്തന്നെയാണ് അവര്‍ നാശമാക്കുന്നത്. ഈ രാജ്യത്തിന് വലിയൊരു പൈതൃകമുണ്ട്. ആയിരക്കണക്കിന് വര്‍ഷത്തെ പൈതൃകം. സത്യവും സുന്ദരവും സനാതനവുമാണത്. നമ്മുടെ സ്മൃതികള്‍, ശ്രുതികള്‍, വേദങ്ങള്‍, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍ - അതിലൊക്കെ അധിഷ്ഠിതമാണത്. ആ പൈതൃകം കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. അത് തകര്‍ക്കുന്നവരെ അടിയറവ് പറയിക്കാനും നമ്മള്‍ ബാധ്യസ്ഥരാണ്. ജനനീ ജന്മ ഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസി - ജന്മഭൂമി എന്ന വാക്കിന് അയാള്‍ ഊന്നല്‍ കൊടുത്തു. ആ വാക്കു പറയുമ്പോള്‍ തന്റെ കണ്ഠം ഇടറുന്നതായി അയാള്‍ ഭാവിച്ചു. ഇതാണ് നമ്മുടെ കരുതല്‍ ധനം. ഇതാര്‍ക്കും കൊടുത്തുകൂടാ. തുടര്‍ന്ന് തന്റെ ആത്മീയഗുരുവും യോഗാചാര്യനും പൂര്‍വ്വാശ്രമത്തില്‍ സംസ്കൃതം പ്രൊഫസ്സറുമായിരുന്ന പ്രേമപൂര്‍ണ്ണാനന്ദസ്വാമി കഷ്ടപ്പെട്ടു പഠിപ്പിച്ച ഒരു ശ്ലോകവും അയാള്‍ ഒരക്ഷരം തെറ്റാതെ വികാരാധീനനായി ചൊല്ലി.

രാഷ്ട്രത്തോടുള്ള അയാളുടെ സന്ദേശം എല്ലാ ചാനലുകളും ഒരേസമയത്ത് സംപ്രേഷണം ചെയ്തു. പാതിരാ കഴിഞ്ഞ ആ നേരത്ത് പ്രജകള്‍ ടെലിവിഷന്റെ മുന്നിലിരുന്ന് അതത്രയും വള്ളിപുള്ളിവിടാതെ സശ്രദ്ധം കേട്ടു. കേട്ടാല്‍ മാത്രം പോരാ,അനുസരിക്കണം - അയാള്‍ മനസ്സില്‍ പറഞ്ഞു. നിങ്ങളെ എന്തും അനുസരിക്കുന്ന കുഞ്ഞാടുകളായി മാറ്റാന്‍ ഞാന്‍ എത്ര പണിപ്പെട്ടിരിക്കുന്നു!

പുതിയ രാഷ്ട്രം പിറന്നിരിക്കുന്നു - അയാള്‍ ജനങ്ങളോടായിപ്പറഞ്ഞു. പുതിയ രാഷ്ട്രം പിറന്നിട്ട് സത്യത്തില്‍ കുറച്ചു കൊല്ലങ്ങളായി. അയാള്‍ പണിപ്പെട്ട് അടര്‍ത്തിയെടുത്ത ആ രാജ്യം. ഇപ്പോള്‍ അതിന് പുതിയൊരു അര്‍ഥസംപുഷ്ടി വന്നിരിക്കുകയാണ്. വളരെ പ്രാചീനമായ പാരമ്പര്യം അവകാശപ്പെടുന്ന ഒരു രാജ്യത്തുനിന്ന് തന്റെ നേതൃത്വത്തില്‍ മുറിച്ചെടുത്ത ഈ ചെറുരാജ്യം - അതിന്റെ സമ്പൂര്‍ണ്ണവും ഏകശിലാരൂപമാര്‍ന്നതുമായ അഖണ്ഡ സംസ്കാരം -

അതാണ് കാത്തുസൂക്ഷിക്കണ്ടത്, അയാള്‍ അവരോട് ആവശ്യപ്പെട്ടു.

ഏറെക്കാലം പട്ടാളത്തില്‍ ഉന്നതപദവി വഹിച്ചിരുന്നെങ്കിലും അതിനു ചേരുന്ന രൂപഭാവങ്ങളൊന്നുമില്ലായിരുന്നു അയാള്‍ക്ക്. അതീവസൗമ്യമായ മുഖം. അതില്‍ സാത്വികതേജസ്സ് തുടിച്ചു നിന്നു. ശബ്ദം കടുപ്പിച്ച് ആരോടും സംസാരിക്കാത്തവനെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ തോന്നും. എന്നാല്‍ കരിങ്കല്ലിനെക്കാള്‍ ഹൃദയദാര്‍ഢ്യമുള്ളവന്‍. അയാളെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളെഴുതിയ കവികള്‍ അങ്ങനെയാണ് വര്‍ണ്ണിക്കുന്നത്. പട്ടാള അട്ടിമറിയിലൂടെയല്ല, ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തന്നെയാണ് ഉന്നതാധികാരസ്ഥാനങ്ങളില്‍ എത്തിയത്. ഒരളവുവരെ അന്തര്‍മുഖന്‍. എങ്ങനെയൊക്കെയാണ് അയാള്‍ ഭരണം വീഴ്ത്തിയത്? പുറത്ത് അറിയപ്പെടുന്ന കാര്യങ്ങളൊന്നുമാവില്ല യഥാര്‍ഥത്തില്‍ നടന്നത്. ജനാധിപത്യം എന്ന് അവര്‍ വിളിച്ചിരുന്ന ആ സമ്പ്രദായമല്ല മികച്ചത്, ശരിക്കു വേണ്ടത് എന്ന് ക്രമേണ ജനങ്ങളെ ബോധവല്ക്കരിച്ചെടുത്തത് എങ്ങനെയാണ്? സൂക്ഷിച്ചു തന്നെയാണ് അയാള്‍ കരുക്കള്‍ നീക്കിയത്. വളരെ വളരെ ശ്രദ്ധിച്ച്. ജാഗ്രത പാലിച്ച്. ഒരു സാധാരണ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍നിന്നു തുടങ്ങി രാജ്യത്തിന്റെ പരമാധികാരസ്ഥാനം വരെ എത്താനുള്ള കളികള്‍ കളിക്കാന്‍ വേണ്ടത്ര കഴിവും ക്ഷമയും അവധാനതയും അയാള്‍ക്കുണ്ടായിരുന്നു. ആദ്യത്തെ പടിയില്‍ ചവിട്ടിയപ്പോഴേക്കും അത് പൊന്നായി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കരുത്തനായ ഒരു ഭരണത്തലവന്‍ - അതാണാവശ്യം. ഈ രാജ്യം ഗതിപിടിക്കാന്‍ അതേയുള്ളു ഒരേയൊരു ഒറ്റമൂലി. ജനാധിപത്യം! അതു പോയിത്തുലയട്ടെ. അല്ലെങ്കില്‍ അതായിരുന്നോ ഇവിടെ ഇത്രയും കാലം? അഴിമതിയില്‍ കുളിച്ചുനിന്ന ഒരു രാഷ്ട്രത്തെ രക്ഷിക്കാന്‍ അവതരിച്ച മിശിഹാ ആണ് താനെന്ന് അയാള്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ മാധ്യമങ്ങള്‍. ഇതേ വ്യവസായികള്‍. ഇതേ ആണവ- യുദ്ധ- ആയുധ ലോബികള്‍. അവരൊക്കെ അത് എടുത്തുപയോഗിച്ചു. അങ്ങനെയാണ് അറിയപ്പെടാത്ത ഒരു മുനിസിപ്പല്‍ കൗണ്‍സിലറില്‍ നിന്ന് അയാള്‍ ഇവിടെയെത്തിയത്.ഈ രാജ്യം ജനായത്തത്തിനപ്പുറത്തുള്ള കരുത്തുറ്റ ഒരു ഘടനയിലേക്ക് നീങ്ങുകയാണ്. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ആ ലക്ഷ്യം നമുക്ക് ഒരുമിച്ചുനിന്ന് നേടാം. അതുവരെ നമുക്ക് തെരഞ്ഞെടുപ്പു വേണ്ട. ജനാധിപത്യം വേണ്ട. പ്രതിപക്ഷം വേണ്ട. പ്രതിപക്ഷവും ഭരണപക്ഷവും നമ്മളാണ്. നമ്മള്‍ ഒന്നാണ്! ഇപ്പറഞ്ഞതൊക്കെ ജനങ്ങള്‍ - മുഴുവനുമല്ലെങ്കിലും നല്ലൊരു ശതമാനം - വിശ്വസിച്ചു കാണും. കാരണം അവര്‍ ഇതൊക്കെ ഏറ്റുപാടി.

പട്ടാളം എന്ന വാക്കാണ് ഒന്നാമതായി അയാള്‍ തുടച്ചു മാറ്റിയത്. കടന്നുവന്ന വഴി അതാണെങ്കിലും ആ പദത്തോട് ആളുകള്‍ ഒട്ടിനില്ക്കില്ലെന്ന് അയാള്‍ക്ക് നന്നായിട്ടറിയാം. സാധാരണ അളുകള്‍ക്ക് മാനസികമായി ഒരകല്‍ച്ച ഉണ്ടാക്കിയേക്കും. പ്രത്യേകിച്ച് അധിനിവേശ പ്രദേശങ്ങളിലും കലാപഗ്രാമങ്ങള്‍ എന്ന് മുദ്രകുത്തിയ സ്ഥലങ്ങളിലുമുള്ളവര്‍ക്ക്. കഴിഞ്ഞ കാലത്ത് പട്ടാളം അവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. പട്ടാളക്കാര്‍ അവരുടെ കുടിയിടകളില്‍ കയറിയിറങ്ങിയതും ദേശവിരുദ്ധരെന്ന് പ്രഖ്യാപിച്ച് ആണുങ്ങളെ വെടിവെച്ചുകൊന്നതും പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്തതും കുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കിയതുമൊക്കെ ആ താഴ്വരയുടെ ചരിത്രത്തില്‍ എഴുതാതെ എഴുതിയിട്ടുണ്ട്. അതുകൊണ്ട് അയാളുടെ സന്ദേശം പ്രധാനമായി അവര്‍ക്കുള്ളതായിരുന്നു. താഴ്വരയിലെ എന്റെ പ്രിയസോദരരേ, നിങ്ങള്‍ കലാപം തുടരാത്തിടത്തോളം നമ്മള്‍ ഒന്നാണ്. ഇനിമേല്‍ ഈ രാജ്യത്ത് പട്ടാളമില്ല. പട്ടാള നടപടികളും നിറുത്തിവെയ്ക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. സമാധാനമാണ് ഏറ്റവും ആവശ്യം. അതിനു വേണ്ടി പട്ടാളത്തിനു പകരം നമുക്ക് സന്നദ്ധസേവകരുണ്ടാവും, സമാധാനം പരിപാലിക്കുന്നതിന്. രാജ്യസുരക്ഷക്ക് സുരക്ഷാസൈനികരും. ഇനി ആഭ്യന്തരയുദ്ധമില്ല. രാജ്യപുനര്‍നിര്‍മ്മാണത്തിന് നമുക്ക് ഒന്നിച്ചു ചേരാം. സന്നദ്ധസേവകര്‍ എന്ന വാക്കാണ് പട്ടാളത്തിന് പകരം വെച്ചത്. സമാധാനം, സമാധാനമാണ് വേണ്ടത്- തന്റെ പ്രചരണ പരിപാടികളിലുടനീളം അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. യുദ്ധം നമുക്കു വേണ്ടേ വേണ്ട, അയാള്‍ മാധ്യമങ്ങളോടും ജനങ്ങളോടും ആവര്‍ത്തിച്ചു. ഞാന്‍ എന്റെ സ്വന്തം നിലയ്ക്ക് യുദ്ധത്തിനെതിരാണ്. കാരണം യുദ്ധം ചെയ്തു തളര്‍ന്ന ഒരു പാവം പട്ടാളക്കാരനാണ് ഞാന്‍. 1950ല്‍, പിന്നെ 52ല്‍, 62ല്‍, 64ല്‍, 70ല്‍, 72ല്‍, 95ല്‍ - നമ്മുടെ എത്ര സൈനികരാണ് അതിര്‍ത്തിയില്‍ ശത്രുവിന്റെ തോക്കിനിരയായത്! എപ്പോഴും അതിര്‍ത്തിയില്‍ ജാഗരൂകരായിനില്ക്കുന്ന ആ സാധുമനുഷ്യര്‍ - അവരാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. അവരെ നമ്മള്‍ ആദരിക്കണം.

പക്ഷേ, യുദ്ധം നമ്മള്‍ വേണ്ടെന്നു വെയ്ക്കുമ്പോഴും അതിലേക്ക് നമ്മെ പിടിച്ചിടുന്ന ശത്രുക്കള്‍ - അവരെ നമ്മള്‍ എന്തുചെയ്യണം? വിദേശസംസ്കാരത്തിന് നമ്മെ ഒറ്റുന്നവരെ എന്തുചെയ്യണം? അകത്തുനിന്ന് അവര്‍ക്ക് കൂട്ടുനില്ക്കുന്ന വിഘടനവാദികളെ നമ്മള്‍ എന്തു ചെയ്യണം? ....... അതുകൊണ്ട് എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രാജ്യസ്നേഹികളേ, നമുക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള ഈ ശത്രുക്കളെ തുരത്തണം. അവരെ അവസാനിപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ കരുത്ത്, യശസ്സ് ഉയര്‍ത്തിപ്പിടിക്കണം. അതിനെ ഞാന്‍ യുദ്ധമെന്നു വിളിക്കില്ല. ബലിദാനം എന്നേ വിളിക്കൂ.

ഇതൊക്കെ പറയുമ്പോള്‍ അയാളുടെ മനസ്സില്‍ ഈ ചെറുരാജ്യം യാഥാര്‍ഥ്യമാക്കാന്‍ താന്‍ പെട്ട പാടുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിറഞ്ഞു. വൈവിധ്യവും നാനാത്വവും നിറഞ്ഞ രാഷ്ട്രം എന്ന മുദ്രാവാക്യം ഒന്ന് മാറ്റിപ്പിടിക്കാന്‍ അയാളുടെ ഗുരു ഒരു ദിവസം ഉപദേശിക്കും വരെ അയാള്‍ക്ക് ആ കേട്ടുമടുത്ത പ്രയോഗത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നില്ല. പ്രത്യേകിച്ച് കഴമ്പുണ്ടെന്നും തോന്നിയിട്ടില്ല. എന്തിന് അതേപ്പറ്റിയൊക്കെ വ്യാകുലനാവണം എന്നായിരുന്നു അതു വരെ അയാള്‍ കരുതിയിരുന്നത്. മഹാരാജ്യത്തിന്റെ അതിര്‍ത്തി കാത്തുരക്ഷിക്കാനുള്ള യുദ്ധങ്ങളില്‍ നിയോഗിക്കപ്പെട്ടപ്പോഴൊന്നും അയാള്‍ അഭിമാനം കൊണ്ട് പുളകിതനൊന്നുമായിരുന്നില്ല. വെറുമൊരു ജോലി. ഗുമസ്തനോ അധ്യാപകനോ ഒക്കെ ആവുന്നപോലെ. കിട്ടിയ ജോലി താന്‍ ചെയ്യുന്നു. അത്ര തന്നെ. മരണം തൊട്ടടുത്തു നില്ക്കുന്ന തരം ജോലിയാണെങ്കിലും. അയല്‍രാജ്യത്ത് ചാരപ്പണി ചെയ്തിട്ടുണ്ട്. പിടിക്കപ്പെടാതെ വളരെ വിദഗ്ധമായി അതു നിര്‍വ്വഹിക്കാനും സാധിച്ചു. അതിലൊക്കെ സന്തോഷം. പക്ഷെ, അതു കഴിഞ്ഞുപോയി. രാജ്യം സമാധാനപരമായി പുന:സ്ഥാപിച്ചു. എങ്ങനെയാണ് പുതിയ രാഷ്ട്രം എന്ന ചിന്ത മുളപൊട്ടിയതെന്ന് ഇപ്പോള്‍ അയാള്‍ക്ക് ഓര്‍മ്മയില്ല. ഒരു ചെറു സംഘത്തില്‍ നിന്നാണ് തുടക്കം. മഹത്തായ പാരമ്പര്യം രാജ്യത്തിന്റെ വൈവിധ്യത്തിലെ സംപൂര്‍ണ്ണതയാണെന്ന് വിശ്വസിക്കരുത്- അയാളുടെ ഗുരു അവരോടെല്ലാവരോടും ഉപദേശിച്ചു. നമുക്ക് ഒരു സംസ്കാരം മതി - സനാതനവും പവിത്രവുമായ നമ്മുടെ സംസ്കാരം. അതിന്റെ പുറത്തുള്ളവര്‍ അശുദ്ധര്‍. അതുകൊണ്ട് നമുക്ക് വംശശുദ്ധിയുള്ളവരുടെ ഒരു രാഷ്ട്രം ഉണ്ടാക്കണം. ഒരു സനാതന രാഷ്ടൃം. യൂണിവേഴ്സിറ്റി പരീക്ഷ ബഹിഷ്കരിച്ച് രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്ന സമയം. മരച്ചുവട്ടില്‍ ധ്യാനസ്ഥനെന്നോണമിരുന്ന് അയാളുടെ ഗുരു പറഞ്ഞു. പക്ഷെ, സമയമായില്ല. സമയമാകുമ്പോള്‍, നിങ്ങള്‍ക്കു മനസ്സിലാവും. സനാതനവും പൗരാണികതയില്‍ ബദ്ധമായതുമായ ഒരു രാജ്യം എങ്ങനെയിരിക്കണമെന്ന് ഗുരു അയാള്‍ക്ക് ഉപദേശിച്ചുകൊടുത്തു. ഉള്ളതു പറഞ്ഞാല്‍ അയാള്‍ക്ക് ആ ഗുരുവിനെയോ അയാളുടെ വേദപാണ്ഡിത്യത്തെയോ പോലും വിശ്വാസമില്ലായിരുന്നു. അങ്ങനത്തെ അനുഭവങ്ങളാണ് ചാരപ്പണി ചെയ്യുമ്പോള്‍ അയാള്‍ക്കുണ്ടായത്. സനാതന ധര്‍മ്മത്തില്‍ തെല്ലും വിശ്വാസമില്ലാത്ത മുഴു ഭൗതികവാദി. പിന്നെ എങ്ങനെ? അതിന്റെ ഉത്തരമാണ് അയാള്‍ സ്വയം വിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് കണക്കില്‍ കൂട്ടണ്ട, ഗുരു അയാളെ ഉദ്‌ബോധിപ്പിച്ചു. നീ യുക്തിവാദിയോ നിരീശ്വരവാദിയോ അന്യദൈവ വിശ്വാസിയോ എന്തുവേണെങ്കില്‍ ആയിക്കോളൂ. വിശ്വാസം വേറെ, പ്രവൃത്തിപഥത്തില്‍ എത്തിക്കേണ്ടത് വേറെ. നമ്മുടെ സനാതന രാഷ്ട്രം, അത് നിന്റെ രാഷ്ട്രീയ ഭാവിക്കു വേണ്ടിയാണ് ഞാന്‍ ആവശ്യപ്പെടുന്നത്. എനിക്കും ഇതിലൊന്നും വലിയ വിശ്വാസമില്ലെന്ന് കൂട്ടിക്കോ. അതല്ല കാര്യം. നമുക്ക് അഭ്യുന്നതി വേണം. ഈ നാനാസംസ്കാരക്കാരുടെ രാജ്യത്ത് അതൊന്നും പറ്റില്ല.

ദേശസ്നേഹികളേ, മാതൃഭൂമിയുടെ കരങ്ങള്‍ക്ക് ശക്തി പകരൂ. കരുത്തനായ ഒരു നേതാവാണ് നമുക്കു വേണ്ടത്. തല്ക്കാലം - അതേ, തല്‍ക്കാലത്തേക്കു മാത്രം - ഞാന്‍ ആ സ്ഥാനമേറ്റെടുക്കുന്നു. എന്നെക്കാള്‍ കരുത്തനായവന്‍ എന്റെ പിന്നാലെ വരും. അവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ വരുമ്പോള്‍ ഞാന്‍ ഈ പട്ടമഴിച്ച്, അവനെ സര്‍വ്വാധിപതിയായി വാഴിക്കും. അതുവരെ ഞാനായിരിക്കും രാഷ്ട്രത്തിന്റെ അധിപന്‍. അദ്ദേഹം വരുന്നതുവരെ മാത്രം. കാബിനറ്റ് ഉണ്ടാകില്ല. പകരം നമ്മുടെ മന്ത്രിമാര്‍ നമ്മുടെ ഉപദേശകരായി നമ്മെ സേവിക്കും. രാജ്യം സുരക്ഷ നേടട്ടെ ആദ്യം. ഇതൊക്കെ അതുവരെ മാത്രം. അതിനുശേഷം, എന്റെ ദൗത്യം തീരും. എന്റെ ദേശവാസികളേ, ആ ദൗത്യം അവസാനിച്ചുകഴിഞ്ഞാല്‍ ഞാന്‍ രാഷ്ട്രീയവാനപ്രസ്ഥം സ്വീകരിക്കും. പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ മഹാഭാരതത്തിലെ യുധിഷ്ഠിരന്റെ പോലെ, പാണ്ഡവരുടെ പോലെ ഞാന്‍ വാനപ്രസ്ഥം സ്വീകരിക്കും. നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യം അതാണ്. മഹാഭാരതത്തിന്റെ പാരമ്പര്യം. പക്ഷേ അതുവരെ, ഞാന്‍ നിങ്ങളുടെ ദാസനാണ്. പാദസേവകന്‍. അതുവരെ മാത്രം. നിങ്ങള്‍ക്കു വേണ്ടിയാണത്. അതുകൊണ്ട്, നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ കുറച്ചുനാളത്തേക്ക് മാറ്റിവെക്കൂ. നമ്മുടെ നാടിനു വേണ്ടി. നമുക്ക് നാവടക്കി, മുണ്ടുമുറുക്കിയുടുത്ത്, അദ്ധ്വാനിച്ച് ആ ലക്ഷ്യം നേടാം.

ചാനലുകളുടെ മുന്നിലിരുന്ന് ആളുകള്‍ വികാരനിര്‍ഭരരായി പ്രസംഗം കേട്ടു.

നമുക്ക് ഒന്നിച്ചു നീങ്ങാം - സുരക്ഷാനിയമം പ്രഖ്യാപിച്ചുകൊണ്ടുള്ള അത്ര ദീര്‍ഘമല്ലാത്ത പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

പ്രസംഗം തീര്‍ന്നപ്പോള്‍ അയാള്‍ തികച്ചും അവശനായിരുന്നു. എന്നാല്‍ കരുത്തനായ ഒരു ഏകാധിപതി ക്ഷീണം പ്രകടിപ്പിക്കരുതല്ലോ. വൈകുന്നേരമെപ്പൊഴോ കഴിച്ച ഒരു ഗ്ലാസ്സ് പഴസ്സത്തായിരുന്നു പ്രാതലിനു ശേഷം അയാള്‍ ആകെക്കഴിച്ചത്.

രണ്ടുമണി കഴിഞ്ഞിട്ടാണ് അയാള്‍ പാലസിലെ തന്റെ ഉറക്കറയില്‍ എത്തിയത്. സാധാരണഗതിയില്‍ കിടക്കുമ്പോഴേ ഉറങ്ങിപ്പോകേണ്ടതാണ്. എന്നാല്‍ എന്തുകൊണ്ടോ രാഷ്ട്രത്തലവന് അന്ന് ഉറക്കം അകന്നു കളിച്ചു. രാജ്യം നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ മാത്രമല്ല, തന്റെ സ്വകാര്യജീവിതത്തിലെ ഓരോ കൊച്ചുകാര്യങ്ങളും ആ കിടപ്പില്‍ അയാളോര്‍ത്തു.

ഉറക്കമില്ലാത്ത രാത്രികളില്‍ അയാള്‍ക്ക് കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തീരെ താല്പര്യമില്ല. ഉറക്കമില്ലായ്മയെ കര്‍ത്തവ്യനിരതത്വമെന്ന് മറ്റുള്ളവര്‍ കരുതണം. രാഷ്ട്രത്തിന്റെ ഭരണാധിപന്‍ നിദ്രാവിഹീനനാണെന്ന് ആള്‍ക്കാരെക്കൊണ്ട് പറയിക്കാന്‍ അയാള്‍ക്ക് ഇഷ്ടമില്ല. മറിച്ച് ഉറക്കം പോലുമുപേക്ഷിച്ച് രാജ്യത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുന്ന നേതാവായി തന്നെ അവര്‍ കാണണം. അത് അങ്ങനെതന്നെ പ്രചരിപ്പിക്കുകയും വേണം.ഉറങ്ങാനാവാതെ കിടക്കുമ്പോള്‍ മുമ്പൊക്കെ അയാള്‍ക്ക് അരിശവും പകയും പുകഞ്ഞുകത്തുമായിരുന്നു. പിന്നെപ്പിന്നെ അയാള്‍ അത് മറികടക്കാന്‍ ഒരു സൂത്രം കണ്ടെത്തി. തന്റെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ തുറന്ന് അജ്ഞാതനായ ഒരു എതിരാളിയോട് ചെസ്സ് കളിക്കുക. ചെസ്സിന്റെ കരുക്കള്‍ സുസൂക്ഷ്മമായി നീക്കുമ്പോള്‍ അയാള്‍ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനെപ്പറ്റി ചിന്തിച്ചു. എതിരാളിയുടെ ബിഷപ്പും കാലാളും കുതിരയും രാജ്ഞിയും അയാളുടെ നീക്കത്തില്‍ തെറിച്ചു. എതിരാളിയുടെ രാജാവിന് ചെക്കുവെച്ചു. അയാളുടെ കുതിര ചെരിഞ്ഞു നീങ്ങി യുദ്ധം ജയിച്ചു. കരുക്കള്‍ കളങ്ങള്‍ ചാടിക്കടന്ന് രാജ്യതന്ത്രത്തിന് മൂര്‍ച്ച കൂട്ടി. എതിരാളിയുടെ നീക്കങ്ങള്‍ അതിസൂക്ഷ്മം നിരീക്ഷിച്ചു. പല്ലും നഖവും രാകി കാവലിരുന്നു. പണ്ട് സ്ക്കൂളില്‍ പഠിക്കുമ്പോള്‍ അയാള്‍ക്ക് ചെസ്സുകളിക്കാരനായ ഒരു കൂട്ടുകാരനുണ്ടായിരുന്നു. അവനാണ് ചെസ്സില്‍ താല്‍പര്യം ഉണ്ടാക്കിക്കൊടുത്തത്. അന്നൊക്കെ അവനെ തറ പറ്റിക്കാന്‍ കച്ചകെട്ടി ഒരുമ്പെട്ടിട്ടും ഒരിക്കല്‍പ്പോലും അതിനായില്ല.

ഒരിക്കലും സാധിക്കാതിരുന്ന ആ വിജയം രാത്രികളില്‍ സാങ്കല്‍പ്പിക എതിരാളിയോട് പോരടിച്ച് അയാള്‍ സ്വാധീനപ്പെടുത്തി. അന്നത്തെ ചെസ്സുകൂട്ടുകാരന്‍ ഇപ്പോള്‍ എവിടെയുണ്ടാകുമെന്ന് അറിയില്ല. എന്തായാലും സര്‍വ്വാധിപന്‍ ആവാന്‍മാത്രം ബുദ്ധി രാകിയെടുക്കാന്‍ അവന് പറ്റിയിട്ടില്ലെന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് വൈകിയാണെങ്കിലും വിജയം കൈവന്ന പോലെ തോന്നി.


ആശാലത

ആശാലത

എഴുത്തുകാരി

Next Story

Related Stories