TopTop

'ശ്രദ്ധ ഒരിക്കലും തെറ്റരുത്; വളരെ ശ്രദ്ധിക്കുന്ന ആള്‍ നല്ലവനാണ്, കാരണം അയാള്‍ ആരെയും രോഗബാധിതനാക്കുന്നില്ല'

അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1840 കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമായ ആല്‍ബര്‍ട്ട് കാമ്യു രചിച്ച നോവലാണ് ദി പ്ലേഗ്. പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തില്‍ ജീവിതത്തിലെ നിരര്‍ത്ഥകതയും നിസ്സഹായതയുമാണ് നോവലിലൂടെ ആല്‍ബര്‍ട്ട് കാമ്യു തുറന്നുകാട്ടുന്നത്. അധികാരമോ ഉന്നതപദവിയോ പ്ലേഗ് എന്ന രോഗത്തിനുമുന്നില്‍ കീഴടങ്ങുന്നു. ഈ കറുത്ത മഹാമാരിയുടെ തീക്ഷണതയും ഒറാനിയന്‍ ജനതയുടെ കഷ്ടതകളും വെളിപ്പെടുത്തുന്നു ആല്‍ബര്‍ട്ട് കാമ്യു നോവലില്‍.

'നമ്മള്‍ എപ്പോഴും നമ്മളെ ശ്രദ്ധിക്കണം, അല്ലെങ്കില്‍ അശ്രദ്ധ കൊണ്ട് ഏതെങ്കിലും നിമിഷത്തില്‍ നമ്മള്‍ മറ്റൊരാളുടെ മുഖത്തേക്ക് ശ്വാസം വിടും, അങ്ങനെ അയാള്‍ക്ക് രോഗം പകര്‍ന്നു നല്‍കും. രോഗാണു മാത്രമാണ് പ്രകൃതിയില്‍ വരുന്നത്. മറ്റെല്ലാം ആരോഗ്യം, അഭിമാനം, ശുദ്ധി (വേണമെങ്കില്‍ ) മനുഷ്യന്റെ ഇച്ഛയുടെ ഫലമാണ് . അതു കൊണ്ട് ശ്രദ്ധ ഒരിക്കലും തെറ്റരുത്. വളരെ ശ്രദ്ധിക്കുന്ന ആള്‍ നല്ലവനാണ്, കാരണം അയാള്‍ ആരെയും രോഗബാധിതനാക്കുന്നില്ല. നല്ല ആത്മധൈര്യം വേണം.' ഇത്തരത്തിലുള്ള വിവരണങ്ങള്‍കൊണ്ട് പകര്‍ച്ചവ്യാധിയുടെ കാലങ്ങളില്‍ പ്രതിരോധത്തിന്റേയും സൂക്ഷ്മതയുടേയും പഠം പകര്‍ന്നു നല്‍കാനും ഈ നോവലിന് കഴിയുന്നു. കോറോണയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകം ശ്രമിക്കുമ്പോള്‍ ആല്‍ബര്‍ട്ട് കാമ്യുവിന്റെ നോവല്‍ ജാഗ്രത പകര്‍ന്നു നല്‍കുന്നതാണ്. ഗീതാഞ്ജലിയാണ് ഈ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പ്ലേഗ് എന്ന നോവലില്‍നിന്ന് ഒരു ഭാഗം:

'ഞാന്‍ ഇന്ന് വിശ്വസിക്കുന്നത് ഇത്ര മാത്രം. ഭൂമിയില്‍ രോഗങ്ങളുണ്ട്. അതിനിരയാവുന്നവരുമുണ്ട്. നമ്മള്‍ കഴിയുന്നത്ര രോഗങ്ങളോടൊപ്പം നില്‍ക്കാതിരിക്കുക. കുട്ടിത്തമാണ് എന്ന് തോന്നും;, അതിനേക്കുറിച്ച് പറയാന്‍ ഞാനാളല്ല. പക്ഷെ അതാണ് സത്യം.

ഞാന്‍ ധാരാളം അഭിപ്രായങ്ങള്‍ കേട്ടു, അതെല്ലാം ഒരളവുവരെ എന്റെ തല തിരിച്ചു. മറ്റുള്ളവരുടെയും തല തിരിച്ചു. അതിന്റെ ഫലമായി കൊലപാതകം ശരി എന്ന തീരുമാനത്തില്‍ വരെ എത്തി.

എനിക്ക് മനസിലായ ഒരു കാര്യമുണ്ട്; വൃത്തിയുള്ള സാധാരണ ഭാഷ പറയാന്‍ കഴിയാത്തതാണ് നമ്മുടെ പ്രശ്‌നം. അതുകൊണ്ട് ഞാന്‍ സംസാരിക്കാന്‍ നിശ്ചയിച്ചു. വ്യക്തതയോടെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. അതെന്നെ ലക്ഷ്യത്തിലെത്തിക്കും. അതുകൊണ്ട് ഞാന്‍ ചുരുക്കി , കുറച്ചു വാക്കുകളില്‍, വ്യക്തമായി പറയുന്നു, ഭൂമിയില്‍ രോഗങ്ങളും അതിനിരയായി വീഴുന്നവരുമുണ്ട് എന്ന്.

ഈ പ്രസ്താവനയിലൂടെ ഇഷ്ടമല്ലെങ്കിലും ഞാനും 'പ്ലേഗ് രോഗാണു' വഹിക്കുന്ന ഒരാളായി മാറി. ഒരു നിഷ്‌കളങ്കനായ കൊലപാതകിയവാന്‍ ശ്രമിക്കുകയാണ്.

വലിയ ആഗ്രഹങ്ങളൊന്നുമില്ല എനിക്ക്, ഇനി ഒരു മൂന്നാം തരക്കാരുമുണ്ട്. സത്യസന്ധമായി രോഗം ചികിത്സിക്കുന്നവര്‍, കഷ്ടമുള്ള ജോലിയായതു കൊണ്ടാവാം അത്തരത്തിലുള്ള ആളുകളെ നമ്മള്‍ കാണുന്നതെയില്ല.

അതുകൊണ്ട് ഞാന്‍ ഇരയുടെ പക്ഷത്ത് നില്‍ക്കുന്നു. തെറ്റ് ചെയ്യുന്നത് കുറയുമല്ലോ. അവരുടെ കൂടെ നില്‍ക്കുമ്പോള്‍ മൂന്നാം തരക്കാര്‍ എങ്ങനെയാണ് സമാധാനം കൈവരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.'

ടാറോ കാലാട്ടിക്കൊണ്ടിരുന്നു. കുതിക്കാന്‍ ചുമരില്‍ മുട്ടി ശബ്ദമുണ്ടാക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ എഴുന്നേറ്റിരുന്ന് , ടാറോയ്ക്ക് സമാധാനത്തിലേക്കുള്ള വഴി നിശ്ചയമുണ്ടോ എന്ന് ചോദിച്ചു.

' അറിയാം, കാരുണ്യമാണ് ആ വഴി.'

*

'ശരിയാണ് റാംബേര്‍ട്ട്. നിങ്ങളെ പിന്തിരിപ്പിക്കാന്‍ ലോകത്ത് ഒരു കാരണവും ഞാന്‍ കാണുന്നില്ല. ശരിയാണ് എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ, ഒരു കാര്യം. ഇതില്‍ വീരഭാവമൊന്നുമില്ല. വെറും മര്യാദ മാത്രം. ആളുകള്‍ പുഞ്ചിരിക്കുവാനായി ഒരു ആശയം ആയിരിക്കാം. പക്ഷെ, പ്ലേഗിനെ നേരിടാന്‍ ഈ ഒരു വഴി മാത്രമേ ഉള്ളൂ - സാമാന്യ മര്യാദ '

റാംബേര്‍ട്ടിന് ദേഷ്യം വന്നു ' എന്താണ് ഈ സാമാന്യ മര്യാദ ?'

' മറ്റുള്ളവര്‍ ആതിന് എന്തര്‍ത്ഥം കല്‍പിക്കുന്നു എന്നെനിക്കറിയില്ല. എന്റെ ജോലിയില്‍ ഉള്‍പ്പെട്ട ഒരു കാര്യമാണെന്ന് മാത്രം എനിക്കറിയാം'

'നിങ്ങളുടെ ജോലി ! എന്റെ ജോലി എന്താണാവോ!' റാംബേര്‍ട്ടിന്റെ സ്വരത്തില്‍ പുച്ഛമുണ്ടായിരുന്നു, ''സ്‌നേത്തിന് മുന്‍തൂക്കം കൊടുക്കുന്നതാവും എന്റെ തെറ്റ് '

*

എല്ലാ കാര്യങ്ങളിലും ഒരു പ്രവചനം ഉണ്ടാവാറുണ്ടല്ലോ. വസന്തകാലം വന്നപ്പോള്‍, പ്ലേഗ് ഏതു നിമിഷവും അവസാനിക്കും എന്ന് എല്ലാവരും കരുതി എന്നത് സത്യം. പക്ഷെ, പരസ്പരം ഇതിനെക്കുറിച്ച് അഭിപ്രായം ചോദിക്കാന്‍ ആരും മുതിര്‍ന്നില്ല. ഇതിനൊരു അവസാനമില്ല എന്ന് എല്ലാവരും മനസ്സില്‍ കണക്ക് കൂട്ടിയിരുന്നതു പോലെ.

ദിവസങ്ങള്‍ കടന്നതും ഈ മഹാമാരി ഒരിക്കലും അവസാനിക്കാതെ, പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കും എന്നൊരു ഭയം എല്ലാവരിലും ഉണ്ടായി. പിന്നെ എല്ലാ പ്രതീക്ഷയുടേയും ലക്ഷ്യം ഇതൊന്ന് അവസാനിക്കണേ എന്നായി.

ഫലമിതായിരുന്നു: ഗണകന്‍മാരുടെ പ്രവചനങ്ങളും പുണ്യാളന്‍മാരുമായി ബന്ധപ്പെട്ട പ്രവചനങ്ങളും അച്ചടിച്ച് ധാരാളമായി വില്‍ക്കുവാന്‍ തുടങ്ങി.

*

അതുകൊണ്ടാണ്, ഇവിടെ പടര്‍ന്നു പിടിച്ച ഈ മഹാമാരി എന്നെ ഒന്നും പുതുതായി പഠിപ്പിച്ചില്ല എന്ന് പറഞ്ഞത്. നിങ്ങളുടേ കൂടെ നില്‍ക്കണം എന്ന് മാത്രം മനസ്സിലായി. എനിക്ക് വിശ്വാസത്തോടെ പറയാന്‍ കഴിയും റിയു, എനിക്ക് ഈ ലോകത്തെ തിരിച്ചും മറിച്ചും അറിയാം. ഓരോരുത്തരുടെ ഉള്ളിലും പ്ലേഗുണ്ട്, ഭൂമിയില്‍ ഒരു മനുഷ്യനും അതില്‍ നിന്നും മുക്തി നേടിയിട്ടില്ല. ഇതും ഞാന്‍ മനസ്സിലാക്കി: നമ്മള്‍ എപ്പോഴും നമ്മളെ ശ്രദ്ധിക്കണം, അല്ലെങ്കില്‍ അശ്രദ്ധ കൊണ്ട് ഏതെങ്കിലും നിമിഷത്തില്‍ നമ്മള്‍ മറ്റൊരാളുടെ മുഖത്തേക്ക് ശ്വാസം വിടും, അങ്ങനെ അയാള്‍ക്ക് രോഗം പകര്‍ന്നു നല്‍കും. രോഗാണു മാത്രമാണ് പ്രകൃതിയില്‍ വരുന്നത്. മറ്റെല്ലാം ആരോഗ്യം, അഭിമാനം, ശുദ്ധി (വേണമെങ്കില്‍ ) മനുഷ്യന്റെ ഇച്ഛയുടെ ഫലമാണ് . അതു കൊണ്ട് ശ്രദ്ധ ഒരിക്കലും തെറ്റരുത്. വളരെ ശ്രദ്ധിക്കുന്ന ആള്‍ നല്ലവനാണ്, കാരണം അയാള്‍ ആരെയും രോഗബാധിതനാക്കുന്നില്ല. നല്ല ആത്മധൈര്യം വേണം.'

പ്ലേഗ് / ആല്‍ബേര്‍ കമ്യു / വിവര്‍ത്തനം : ഗീതാഞ്ജലി


Next Story

Related Stories