TopTop
Begin typing your search above and press return to search.

പുസ്തകങ്ങള്‍ മറിക്കുന്ന മനുഷ്യരുടെ വിരലുകളില്‍ നടക്കുന്നത് സങ്കീര്‍ണമായൊരു ചലനമാണ്

പുസ്തകങ്ങള്‍ മറിക്കുന്ന മനുഷ്യരുടെ വിരലുകളില്‍ നടക്കുന്നത് സങ്കീര്‍ണമായൊരു ചലനമാണ്

പുസ്തകവും ഭക്ഷണവും ഒരുമിച്ചിരുന്ന് വായിക്കുകയും കഴിക്കുകയും ചെയ്യുന്ന ഒരാളില്‍ ഉണ്ടാകുന്ന ആനന്ദത്തിന്റെ സങ്കീര്‍ണതയെപ്പറ്റി ആലോചിച്ചിട്ടുണ്ട്. പരസ്പര വിരുദ്ധമായ ഒന്നല്ല ഒന്ന് ചിന്തയേയും മറ്റൊന്ന് ശരീരത്തെയും തൃപ്തിപ്പെടുത്തുന്നു. പക്ഷെ അതിനുമപ്പുറം പ്രണയത്തെപ്പോലെ ലൈംഗികതയുടെ അനുഭവത്തെപ്പോലെ ഒന്ന് ഇവിടെയും സംഭവിക്കുന്നുണ്ട്.അവിടെയാണ് വായനയുടെ ശരീരശാസ്ത്രം ഉള്‍ക്കൊള്ളുന്നത്.

എവിടെയും എപ്പോള്‍ വേണമെങ്കിലും ഏതുബഹളത്തിലും സ്വസ്ഥമായിരുന്നു വായിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍. അവരെപ്പറ്റിയല്ല ഇതെഴുതുന്നത്. വായിക്കാന്‍ സ്വന്തമായോരിടം കണ്ടെത്തി താനിരിക്കുന്ന ഭാഗത്തെപ്പോലും ക്രിയേറ്റീവായി സജ്ജീകരിച്ചുകൊണ്ട് പുസ്തകം തുറക്കുന്ന ചില മനുഷ്യരുണ്ട്. താനിരിക്കുന്നയിടം പുസ്തകമോ കഥാപാത്രമോ എഴുത്തുകാരനോ പോലെതന്നെ അവര്‍ക്ക് അസ്വാദ്യകരമാകുന്നു. ചിലര്‍ക്ക് വായനയോളം തന്നെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌പേസ് അനിവാര്യമാകുന്നു. അത്തരം സ്ഥലങ്ങള്‍ വീടുകളിലും തെരുവുകളിലും പാര്‍ക്കുകളിലുമുണ്ട്. ഓരോ വ്യക്തിയും തങ്ങളുടെ പുസ്തകങ്ങളുമായി ചിലവഴിക്കുന്ന സ്ഥലങ്ങളില്‍ ശരീരവും മനസ്സും ചിന്തയും എങ്ങനെ സന്തോഷത്തെ അല്ലെങ്കില്‍ ഉള്‍ക്കാഴ്ചയെ ആസ്വാദനത്തെ സൃഷ്ടിക്കുന്നുവെന്നത് രസകരമായിരിക്കും.

വായനയെ സ്വാധീനിക്കുന്ന പുസ്തകത്തിനും ശരീരത്തിനും പുറത്തുള്ള ഭൗതിക വസ്തുക്കളുടെ സാന്നിധ്യത്തെ പുസ്തകങ്ങള്‍ക്കൊപ്പംതന്നെ പരിഗണിക്കാമെന്നു തോന്നുന്നു. ഒരു മനുഷ്യനെ സംതൃപ്തനാക്കുന്ന ഇടങ്ങളെയും അവനെ സ്വാധീനിക്കുന്ന പുസ്തകങ്ങളെയും പരസ്പരം ചേര്‍ത്തുവായിക്കാം. നഗരങ്ങള്‍,യാത്രകള്‍,ഇരിപ്പിടങ്ങള്‍ എന്തിന് കാലാവസ്ഥക്കുപോലും നിങ്ങളുടെ വായനയെ സ്വാധീനിക്കാന്‍ കഴിയുന്നു.

എന്റെ കാര്യമെടുത്താല്‍ ഏറ്റവും രുചികരമായ ഭക്ഷണം മുന്നില്‍ വന്നുകഴിഞ്ഞാല്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പകരം ഒരു പുസ്തകം കയ്യില്‍ കിട്ടാന്‍ ആഗ്രഹിച്ചു പോകും .

ഡോണ്‍ ക്വിക്ക്‌സോട്ടില്‍ ആട്ടിടയ്ന്മാരോടൊപ്പം ഒരു രാത്രി ചിലവഴിക്കുന്ന കഥാപാത്രത്തിന് ആട്ടിടയന്മാര്‍ ചുട്ട ആടിനെ സമ്മാനിക്കുന്നുണ്ട് ആ രാത്രിമുതല്‍ തണുപ്പത്ത് ഒരാടിനെ ചുട്ടു തിന്നാനുള്ള കൊതി വര്‍ദ്ധിച്ചത് ഓര്‍ക്കുന്നുണ്ട്. ചില പുസ്തകങ്ങള്‍ ജീവിതത്തിന്റെ അറിയപ്പെടാത്ത സ്വഭാവത്തെ വലിച്ചു താഴെയിടും.

ബാലചന്ദ്രന്‍ എന്നൊരു സുഹൃത്ത് ഇംഗ്ലീഷ് നല്ല വശമില്ലാതിരുന്ന കാലത്ത് വിഖ്യാതമായ പുസ്തകങ്ങള്‍ കുത്തി നിറച്ച ലൈബ്രറിയിലെ അലമാര തുറന്ന് പുസ്തകത്തിന്റെ പുറത്ത് തന്റെ കൈകള്‍ വിടര്‍ത്തി സ്പര്‍ശിച്ചുകൊണ്ട് നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .അക്ഷരങ്ങള്‍ ഒരൂര്‍ജ്ജ പ്രവാഹമായി കൈകളിലൂടെ തന്റെ ഹൃദയത്തിലേക്ക് ഒഴുകുന്നുവെന്നാണ് അവന്‍ പറയുക .

പുസ്തക റിവ്യൂകള്‍ നോക്കി മറ്റൊരു കഥ എഴുതാന്‍ ശ്രമിക്കുന്ന വേറൊരാള്‍ ,ലൈംഗിക പരാമര്‍ശമുള്ള വരികള്‍ക്ക് അടിവരയിടുന്ന മറ്റൊരാള്‍ സ്വയം ഭോഗത്തിന് വേണ്ടി മാത്രം വായന തുടങ്ങിയ മറ്റൊരുവന്‍ അങ്ങനെ വിചിത്ര കഥാപാത്രങ്ങള്‍ അനവധിയുണ്ട്.

പക്ഷെ ഇവര്‍ വായിക്കുന്ന ഇടങ്ങള്‍ ,അവരുടെ ശരീരം വായനയുടെ സമയങ്ങളില്‍ പ്രതികരിക്കുന്ന വിധം (കൈകളുടെയും വിരലുകളുടെയും ചലനങ്ങള്‍ )ഒക്കെ നിരീക്ഷിക്കുമ്പോള്‍ പുതിയ സാധ്യതകള്‍ തുറന്നിടുന്നു.

മൊബൈലുകളെയും പുസ്തകങ്ങളുടെ താളുകളെയും മറിക്കുന്നത് ഈ വിരല്‍ തുമ്പാണ് മനുഷ്യ ശരീരത്തിലെ അതി സങ്കീര്‍ണ്ണമായ ഒരു ചലനം തന്നെയാണ് വിരലുകളില്‍ നടക്കുന്നത്. വിരലുകളും വായനയും തമ്മില്‍ ബന്ധമുണ്ടാകുമോ ..? എന്തിന് നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്കും പുസ്തകവായനയും തമ്മില്‍ ബന്ധമുണ്ടാകുമോ?

വെളിച്ചത്തിന്റെ നേരിയ വ്യതിയാനം പോലും അക്ഷരങ്ങളുടെ രൂപകല്‍പന പോലും വായനയെ സ്വാധീനിക്കുന്നു.അഖില്‍ എസ് മുരളീധരന്‍

അഖില്‍ എസ് മുരളീധരന്‍

യുവ എഴുത്തുകാരന്‍

Next Story

Related Stories