TopTop
Begin typing your search above and press return to search.

ഒരു വാക്കു പോലും, ഒരൊറ്റ വാക്കു പോലും മനുഷ്യ വിരുദ്ധമായി, പുരോഗമനവിരുദ്ധമായി അക്കിത്തം എഴുതിയിട്ടില്ല- ഒരു നഷ്ടജാതകത്തിൻ്റെ ഏടുകൾ

ഒരു വാക്കു പോലും, ഒരൊറ്റ വാക്കു പോലും മനുഷ്യ വിരുദ്ധമായി, പുരോഗമനവിരുദ്ധമായി അക്കിത്തം എഴുതിയിട്ടില്ല- ഒരു നഷ്ടജാതകത്തിൻ്റെ ഏടുകൾ


ഗവേഷണത്തിനു വേണ്ടി ഞാനാദ്യം തയ്യാറാക്കിയ സിനോപ്സിസ്, തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിൽ അക്കിത്തം കവിതയെ മുൻനിർത്തിയായിരുന്നു. ആ സിനോപ്സിസ് തയ്യാറാക്കാൻ അന്ന് വള്ളത്തോൾ വിദ്യാപീഠം തയ്യാറാക്കിയ അക്കിത്തത്തിൻ്റെ സമ്പൂർണ്ണ സമാഹാരമാണ് ഉപയോഗിച്ചതെന്നാണ് ഓർമ്മ. ഒട്ടും ഹാൻ്റിയല്ലാത്ത ആ സമാഹാരം കയ്യിലെടുക്കുമ്പോഴെല്ലാം ആദരവാണ് തോന്നിയത്. നിരവധിയായ മനുഷ്യാവസ്ഥകളോട്, ഇത്രയും സാന്ദ്രവേദനകളോടെ ഒരു മനുഷ്യൻ മുഖാമുഖം നിന്നുവല്ലോ എന്ന ഉൾത്തരിപ്പായിരുന്നു ആ ആദരവിനുള്ളിൽ അന്ന് പ്രവർത്തിച്ചത്.

കുമരനല്ലൂരിലെ ദേവായനത്തിന് എൺപത്തിനാല് - എൺപത്തിയഞ്ച് കാലത്ത് ഓടിട്ട ഒരു ചെറിയ പൂമുഖമാണ്. തിണ്ണ കെട്ടിത്തിരിച്ച, റെഡ് ഓക്സൈഡ് തേച്ച്, വശങ്ങളിൽ തട്ടിക തൂക്കിയിട്ട പൂമുഖത്ത് ഒരു വലിയ ചാരുകസേര. കസേരയ്ക്കരികിൽ ഒരു വലിയ സ്റ്റൂൾ. സ്റ്റൂളിൽ കുറച്ചു പുസ്തകങ്ങളും ചില തപാലുരുപ്പടികളും ഒരു മുറുക്കാൻ ചെല്ലവും. കോളാമ്പി ഉണ്ടായിരുന്നോ എന്നോർമ്മയില്ല. തൊട്ടിപ്പുറം മൂന്നു നാല് പ്ലാസ്റ്റിക് കസേരകൾ. അവിടെ കയറിച്ചെല്ലുമ്പോൾ കണ്ടിരുന്ന ദൃശ്യവിതാനം ഇതായിരുന്നു. ഒരു ടിപ്പിക്കൽ സവർണ്ണനമ്പൂതിരിയുടെ യഥാതഥ സങ്കല്പത്തിനിണങ്ങുന്ന ചേരുവകൾ. സംസാരിക്കുകയും മുറുക്കുകയും മുറുക്കിത്തുപ്പുകയും ചെയ്യുന്നതിൻ്റെ രീതികൾ കൂടി നിരീക്ഷിച്ചാൽ 'വേദള്ള നമ്പൂരി 'യുടെ മുഴുവൻ പ്രവിലെജ്ഡ് അവസ്ഥകളും വെളിവായിക്കിട്ടുന്ന സാമഗ്രികൾ കാണാനാവും. പക്ഷേ അക്കിത്തം അക്കാലത്ത് ആ പൂമുഖത്തിരുന്ന് 'വിവേകാനന്ദം' എന്താണെന്നും 'അടുത്തൂണി'ൻ്റെ ഫിലോസഫി എന്താണെന്നും അന്വേഷിക്കുകയാണുണ്ടായത്. ഒറ്റക്കായിരുന്നു ആ ഇരിപ്പ്. പെൺമക്കളെല്ലാം അക്കാലത്ത് വിവാഹിതരാണ്. മൂത്ത മകൻ അക്കിത്തം വാസുദേവൻ അന്ന് ബറോഡയിൽ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സിൽ പഠനം പൂർത്തിയാക്കുന്ന കാലമാണ്. അദ്ദേഹം പഠിച്ച ഇൻസ്റ്റിറ്റ്യൂഷൻ അതു തന്നെയാണെന്നാണ് ഓർമ്മ. പറഞ്ഞുവല്ലോ, എൺപത്തിനാല് - എൺപത്തിയഞ്ച് കാലം. ഞാനന്ന് എം ഇ എസ് പൊന്നാനി കോളേജിൻ്റെ മാഗസിൻ എഡിറ്ററാണ്. അതുവരെയുള്ള എം ഇ എസി ലെ മാഗസിനുകൾ വെറും പാട്ടുപുസ്തകങ്ങളായിരുന്നു. എനിക്കതൊന്ന് വൃത്തിക്ക് ചെയ്യണമായിരുന്നു. അതുകൊണ്ടു തന്നെ ആ ഇളംപ്രായത്തിൽ എനിക്ക് പരിചയമുള്ള എല്ലാ എഴുത്തുകാരിൽ നിന്നും ആർട്ടിക്കിളുകൾക്കായി ഞാൻ അലഞ്ഞു. അന്ന് എഴുത്തിൽ നിറഞ്ഞു നിന്നിരുന്ന ലീലാവതി ടീച്ചറും കടമ്മനിട്ടയും കുഞ്ഞുണ്ണി മാഷും മൗലവി ചേകന്നൂരും അടക്കം നിരവധി പേർ എനിക്കായെഴുതി. എനിക്ക് അക്കിത്തത്തിൻ്റെ കയ്യിൽ നിന്ന് ഒരു ലേഖനമായിരുന്നു വേണ്ടിയിരുന്നത്, കവിതയായിരുന്നില്ല. അക്കിത്തം ദീർഘലേഖനമാണ് എനിക്കെഴുതിത്തന്നത്. അതോടൊപ്പം അന്ന് അവധിയ്ക്ക് നാട്ടിൽ വന്ന മകൻ വാസുദേവനെ കൊണ്ട് അതിമനോഹരവും ഗഹനവുമായ ഒരു മുഖചിത്രം കൂടി അദ്ദേഹം വരപ്പിച്ചു തന്നു.

അക്കാലത്ത് അദ്ദേഹം എന്നോട് കാണിച്ചത് എഴുതാനും വായിക്കാനും താല്പര്യമുള്ള ഒരു കുട്ടിയോടുള്ള അടുപ്പം മാത്രമായിരുന്നില്ല. മറിച്ച് തൻ്റെ ആത്മബന്ധുവിൻ്റെ മകനോടുള്ള അഗാധമായ വാൽസല്യവുമായിരുന്നു. എം ടിക്ക് വയലാർ അവാർഡ് ലഭിച്ചതും അതേ വർഷമായിരുന്നു. എനിക്കന്ന് മാഗസിനിലേക്ക് എം ടി യോട് ഒരഭിമുഖം വേണമായിരുന്നു. 'വാസുവിന്, ഈ വരുന്ന വിജു എൻ്റെ കുട്ടിയാണ്. വേണ്ടത് ചെയ്തു കൊടുക്കണം' എന്ന അക്കിത്തത്തിൻ്റെ കത്താണ് അന്ന് തുണച്ചത്. അന്ന് തുറന്ന ആ വഴി ഇന്നും എം ടി ക്കെന്നോടുള്ള മമതാ ബന്ധമായി ബാക്കിയാണ്. അലിഗഢിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന കാലത്ത് മുടങ്ങാതെ എനിക്ക് ഒരു കാർഡിൽ അക്കിത്തം എഴുതുമായിരുന്നു. അങ്ങനെ ഒരിക്കൽ എഴുതി, 'മലയാള കവിത പഠിയ്ക്കാൻ ഉത്തരേന്ത്യയിൽ പോയ വിദ്വാനേ, താൻ അവിടുത്തെ പ്രാദേശികൻമാരിലേക്ക് ഇറങ്ങണം. അവരുടെ ജീവിതം അറിയണം, പഠിയ്ക്കണം. കഴിയും വണ്ണം യാത്രകൾ ചെയ്യണം. അച്ഛനെ ഞാനന്വേഷിച്ചതായി പറയണം'. അച്ഛനുമായി കൃത്യമായി അദ്ദേഹത്തിന് അക്കാലത്തും കത്തിടപാടുകളുണ്ടായിരുന്നു. എന്നിട്ടും എനിക്കുള്ള കാർഡിൽ ഈ ഓർമ്മപ്പെടുത്തലുകൾ തുടർന്നു.

കവിതയെ ഭാവുകത്വത്തിൻ്റെ ഭിന്ന പരിസരങ്ങളിൽ തൻ്റെ ഗുരുവായ ഇടശ്ശേരി പരിചരിച്ചതു പോലെ താൻ പുതുക്കി നിശ്ചയിച്ച യഥാതഥാവസ്ഥയുടെ, ആധുനികതാ വിമർശത്തിൻ്റെ വഴിയിലാണ് അക്കിത്തം പരിചരിച്ചത്. ഒളപ്പമണ്ണയും അക്കിത്തവും അക്കിമണ്ണ എന്ന കൂട്ടുപേരിൽ കവിത എഴുതിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് കേട്ടറിവുണ്ട്. ആ കവിതകൾ ഞാൻ വായിക്കാനിടയായിട്ടില്ല. അത്രമേൽ രചനാലോകങ്ങളിൽ ഒന്നുചേർന്നിട്ടും, സ്വച്ഛശുദ്ധമായ ഒരു കാവ്യ ഭാഷയടക്കമുള്ള ഒരു കാവ്യലോകമുണ്ടായിരുന്നിട്ടും ഒളപ്പമണ്ണ ഒരു ഭാവുകത്വ പുനർനിർമ്മിതിയുടെ വക്താവായിത്തീർന്നില്ല. അക്കിത്തം പക്ഷേ ,ഇടശ്ശേരിയിൽ നിന്നുള്ള ഭാവുകത്വവിച്ഛേദത്തിൻ്റെ മറ്റൊരടയാളമായിത്തന്നെ മാറി. അതീവ ലളിതവും അതേ ആയത്തിൽത്തന്നെ അതീവ ഗഹനവുമായ കവിതകളുമായിട്ടാണ് തൻ്റെ കാവ്യയൗവ്വനത്തിൽത്തന്നെ അക്കിത്തം കവിതയിൽ നിന്നത്. കാവ്യപാരമ്പര്യത്തിൻ്റെ ഏതേതടരുകളിലൂടെ തനിക്ക് സഞ്ചരിക്കാനുണ്ടായിരുന്നുവെന്ന് അക്കിത്തത്തിന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ് അദ്ദേഹം തൊള്ളായിരത്തി അൻപത്തിരണ്ടിൽ തൻ്റെ ഇരുപത്തിയാറാം വയസ്സിലെഴുതിയ ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്ന ദീർഘകാവ്യത്തിൻ്റെ പ്രമേയ പ്രത്യയശാസ്ത്ര ബോധ്യങ്ങളിൽ തൻ്റെ ബോധം മറയും വരെ ഉറച്ചു നിന്നത്.

എഴുത്ത് കീഴ്പ്പെടുത്തുമ്പോൾ മാത്രം എഴുതിയ കവിയാണ് അക്കിത്തം. 'ഞാനല്ല എന്നെ ആരോ കൈ പിടിച്ചെഴുതിക്കുന്നു 'എന്ന് അദ്ദേഹം ആവർത്തിച്ചു. നീലാകാശത്തിൻ്റെ അഗാധതയിലേക്ക് കൂപ്പുകുത്തുമ്പോഴെല്ലാം ഭൂമിയുടെ ആകർഷണ കേന്ദ്രശക്തി ആ കാലിൻ്റെ മടമ്പിൽ തൂങ്ങി നിന്ന് കനം വർദ്ധിപ്പിച്ചു. ഭൗതികതയെ കേവലാദ്ധ്യാത്മികത കൊണ്ട് പ്രഹരിക്കാൻ അക്കിത്തം ഒരു കാലത്തും മെനക്കെട്ടിട്ടില്ല എന്നു സാരം. തൊണ്ണൂറുകളുടെ തുടക്കത്തിൽ അനുഷ്ഠാന ഭക്തിയുടെ തലത്തിൽ ഏകദേശം മുപ്പത്തിയാറുകവിതകൾ എഴുതിയതൊഴികെ കേവലാദ്ധ്യാത്മികത ആ കവിതയെ നിയന്ത്രിച്ചിട്ടില്ല. ഭൗതികവും ആധിഭൗതികവുമായ ജീവിതമായിരുന്നു ആ പ്രാണനെ സ്പന്ദിപ്പിച്ചു നിർത്തിയത്. അതിൽ എവിടെയും കൊല്ലുന്ന പ്രത്യയശാസ്ത്രങ്ങളില്ല. സംഘ പരിവാറിൻ്റേതടക്കമുള്ള ഒരജണ്ടകളുമില്ല. വ്യക്തമലയാളത്തിൽ പറഞ്ഞാൽ തപസ്യയുടെ പ്രസിഡണ്ടായ വ്യക്തിയല്ല ഇക്കാണായ കവിതകളും ഗദ്യ ലേഖനങ്ങളുമെഴുതിയതെന്ന് സാരം. അങ്ങനെ ആയിരുന്നെങ്കിൽ പ്രത്യയശാസ്ത്രാഭിമുഖ്യം കൊണ്ട് ആ മനുഷ്യൻ ഹിംസയെ ഒരിക്കലെങ്കിലും ന്യായീകരിക്കുമായിരുന്നു. ധർമ്മസൂര്യൻ എന്ന് ഗാന്ധിയെ അക്കിത്തം പ്രകീർത്തിക്കുന്നത് തൊണ്ണൂറുകളിലാണ്. ബാബറി മസ്ജിദ് പൊളിച്ചതിനു ശേഷമാണ് അക്കിത്തം അബ്ദുള്ള എഴുതുന്നത് എന്ന് ഓർക്കണം. അദ്ദേഹം എഴുതിവെച്ചത് ഒരാവർത്തിയെങ്കിലും വായിക്കാതെ വിടുവായത്തം പറയുന്ന ഒരു കൂട്ടം മനുഷ്യരും അദ്ദേഹത്തെ സ്വന്തം മൂലധനമായിക്കണ്ട് ചെണ്ട കൊട്ടുന്ന തീവ്രഹിന്ദുത്വയും സത്യത്തിൽ ഒരേപോലെ വിഡ്ഢിത്തമാണ് കാണിക്കുന്നത്. ഒരു വാക്കു പോലും, ഒരൊറ്റ വാക്കു പോലും മനുഷ്യ വിരുദ്ധമായി, പുരോഗമനവിരുദ്ധമായി അക്കിത്തം എഴുതിയിട്ടില്ല എന്ന് എനിക്കുറപ്പിച്ചു പറയാനാവും.


ഓരോ ഉന്നത പുരസ്കാരങ്ങളും അദ്ദേഹത്തിലെത്തേണ്ട സമയങ്ങളിൽ അദ്ദേഹത്തിലെത്താതെ പോകുമ്പോൾ തോന്നിയിരുന്ന ഒരു തരം നിരാശ എന്നെയും ബാധിച്ചിരുന്നു. എന്നാൽ അധികം വൈകാതെ അക്കിത്തം റക്കഗ്നൈസ് ചെയ്യപ്പെടുമ്പോൾ എൻ്റെ അച്ഛൻ ബഹുമാനിക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന, പുരസ്കൃതനാവുന്ന അളവിൽ ഞങ്ങൾ ആഹ്ലാദിച്ചിട്ടുണ്ട്.
ഞങ്ങൾ അഞ്ചു മക്കളുടെ വിവാഹ മണ്ഡപങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹം പ്രാർത്ഥനാപൂർവ്വം എടുത്തു തന്ന വരണമാല്യം ചാർത്തിയാണ് ഞങ്ങളഞ്ചു പേരും കുടുംബ ജീവിതത്തിലേക്ക് കയറിയത്. അമ്മിണി ജനിച്ച നാളുകളിലൊന്നിൽ ദേവായനത്തിൻ്റെ ഉമ്മറത്തിരുന്ന് നക്ഷത്രവും ജനനസമയവും പറഞ്ഞു കൊടുത്തപ്പോൾ തെല്ലുനേരം നിശ്ശബ്ദനായിരുന്ന്, കണ്ണടച്ച് എന്തോ ആലോചിച്ച്, 'മിടുക്കിയാവും, കൈയ്യ് പിടിച്ച് നടക്കാൻ കൂട്ടാക്കില്ല, വേണ്ടി വരൂല്യ' എന്ന് ഒരു ചിരിയുടെ അകമ്പടിയോടെ പതുക്കെ പറഞ്ഞത് ഇന്നുവരെ സത്യമായി ഭവിച്ചു. ഓരോ കാഴ്ചയിലും മക്കളെ അന്വേഷിച്ചു. അച്ഛൻ അവശതയിലേക്ക് വീണപ്പോൾ വന്നു കണ്ട് സമാശ്വസിപ്പിച്ച് അച്ഛനെയൊരു കാശ്മീരി ഷോൾ പുതപ്പിച്ച് തിരിച്ചു പോയി. നിസ്തേജനായി പടിയിറങ്ങുമ്പോൾ ആ ഉപഹാരം അണിഞ്ഞാണ് അച്ഛൻ എന്നേയ്ക്കുമായി പടിയിറങ്ങിയത്.

രണ്ടായിരത്തിയെട്ടിൽ അച്ഛൻ മരിച്ച ദിവസം അച്ഛൻ്റെ അവസാന യാത്രക്ക് അക്കിത്തം കൂട്ടിരുന്നു. എനിക്ക് അസാമാന്യമായി സങ്കടം വന്ന സമയമായിരുന്നു അത്. കണ്ണു നിറഞ്ഞ് ഞാൻ മുന്നിൽ നിന്നപ്പോൾ വളഞ്ഞ പിടിയുള്ള ഊന്നുവടിയിൽ രണ്ടു കയ്യുമൂന്നി അക്കിത്തം പതിഞ്ഞ സ്വരത്തിൽ എന്നോടു പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട് , 'കരയരുത്. ആരും എവിടെയും പോയിട്ടില്ല. പോവൂല്യ. അല്ലെങ്കിലും നമ്മളാരും എല്ലായ്പ്പോഴും പരസ്പരം കണ്ടു കൊണ്ടല്ലല്ലോ ജീവിക്കുന്നത്.' അതൊരു പിടിവള്ളിയായി. ശരിയാണ് എത്രയെത്ര നീണ്ട ഇടവേളകളിലാണ് നമ്മളൊന്ന് പരസ്പരം കാണുന്നത്. പക്ഷേ നമ്മൾ ഉണ്ടല്ലോ. ഉണ്ടെന്ന തോന്നലുണ്ടല്ലോ. ജീവിക്കാൻ അതു മതി.

അക്കിത്തം ഇന്നലെ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. നാളെ തീർച്ചയായും ഉണ്ട്.

മാരക പ്രഹരശേഷിയുള്ള ഈ തിരിച്ചറിവ് എനിക്ക് ഒരു സർവ്വകലാശാലയും പകർന്നതല്ല. കണ്ണീരിൻ്റെ ലാവണ്യമെന്തെന്ന് പറയാൻ ശ്രമിച്ച ആ സാധു മനുഷ്യൻ പകർന്നു തന്നതാണ്.

ആ നഷ്ടജാതകത്തിൻ്റെ അവസാന ഏടും വായിച്ചു തീർന്നു. ഇന്നലെ സന്ധ്യയ്ക്ക് കത്തിയമർന്നു തീർന്ന ആ ചിതാഗേഹത്തിനു മുന്നിൽ മനസ്സുകൊണ്ട് ഇടറി നിൽക്കുമ്പോഴും കാലത്തിന് നന്ദി. ആ സ്നേഹനാളത്തിൻ്റെ കാഴ്ചയുടെ കീഴിൽ ചെന്നു നിൽക്കാൻ ഇട നൽകിയതിന്. എന്തിനേയും മന്ത്രതുല്യം ഉച്ചരിച്ചിരുന്ന ഒരു നാവിൽ ഒരു തവണയെങ്കിലും എൻ്റെ പേരും ചേർത്തുവെച്ചതിന്.

വിജു നായരങ്ങാടി

വിജു നായരങ്ങാടി

എഴുത്തുകാരന്‍, അദ്ധ്യാപകന്‍

Next Story

Related Stories