TopTop
Begin typing your search above and press return to search.

'പ്രകടനങ്ങളുടെ കാലത്തെ ക്യാമ്പസ് നീതികൾ'; ഡോ. പി.വി പ്രകാശ് ബാബു കടന്നു പോയിട്ട് ഒരു വര്‍ഷം

[ഡോ. പി.വി പ്രകാശ് ബാബു; തൃശൂര്‍ ശ്രീ കേരളവർമ്മ കോളേജിലെ മലയാളവിഭാഗം മേധാവിയായിരിക്കെ കഴിഞ്ഞ വർഷം ജൂലൈ 25നാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. ഈ കോവിഡ് കാലഘട്ടത്തിലും അദ്ദേഹത്തിന്റെ ഓര്‍മയില്‍ വിദ്യാർത്ഥികളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓൺലൈനിൽ ഒത്തുചേർന്നു. ഇന്ന് നടന്ന അനുസ്മരണപരിപാടിയിൽ സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഈ സാഹചര്യത്തില്‍ പുതിയ കാലഘട്ടത്തിലെ ക്യാംപസിനെക്കുറിച്ച് ഡോ. പ്രകാശ് ബാബു എഴുതിയ കുറിപ്പ് അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഞങ്ങള്‍ പങ്കുവെക്കുന്നു]

പ്രകടനങ്ങളുടെ കാലത്തെ ക്യാമ്പസ് നീതികൾ

"നിങ്ങൾ ചോദിക്കുന്നു

എന്തുകൊണ്ടാണ് അവൻ്റെ കവിത

ഇലകളേയും

കിനാവുകളേയും

ജന്മനാട്ടിലെ

കൂറ്റൻ അഗ്നിപർവ്വതങ്ങളേയും

കുറിച്ച് സംസാരിക്കാത്തത്?

വരൂ....

ഈ തെരുവിലെ രക്തം കാണൂ..."

വെള്ളപൂശിയ ചുമരിൽ വടിവുള്ള അക്ഷരങ്ങളിലെഴുതിയ നെരൂദയുടെ ഈ വാക്കുകൾ ഒരു പഴയ കലാലയ ദൃശ്യമാണ്. ആ ചുമരെഴുത്ത് ഇന്ന് അവിടെയില്ല .ക്യാംമ്പസുകൾക്ക് നെരൂദ പരിചിതനുമല്ല. പറയാതെ വയ്യ, കലാലയങ്ങൾ വല്ലാതെ മാറി. സർഗാത്മകതയുടെ ശിശിരകാലത്തിലൂടെയാണ് ക്യാമ്പസ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കലയുടെ വേദി പാട്ടും നൃത്തവും മാത്രം കയ്യടക്കുന്നു. കലയും കച്ചവടവും ഗ്ലാമറും പകുത്തെടുത്ത 'റിയാലിറ്റി ഷോ'കളുടെ ചുറ്റിലുമാണ് പുതിയ തലമുറയുടെ അഭിരുചി വട്ടമിട്ടു പറക്കുന്നത്. സാഹിത്യം ഒരത്യാവശ്യ സംഗതിയേ അല്ല എന്നു വന്നിരിക്കുന്നു.

നെരൂദയെ വെറുതെ വിടാം. ചുള്ളിക്കാടിൻ്റെ വരികൾ പോലും നമ്മുടെ കൗമാരത്തെ ആകർഷിക്കുന്നില്ല. ഭാഷാ സാഹിത്യവിദ്യാർത്ഥികൾ - സാഹിത്യതത്പരർ, അപകർഷതാബോധത്തിന്റെ കുനിഞ്ഞ ശിരസ്സുമായി ക്യാമ്പസിന്റെ അരികിലൂടെ നടന്നുപോകുന്നു. എല്ലാ കാലത്തും അങ്ങനെ ആയിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ എഴുത്തിനും വായനയ്ക്കും ക്യാമ്പസിൽ ഉണ്ടായിരുന്ന അംഗീകാരം ഇന്ന് നഷ്ടമായിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ആവിഷ്കാരങ്ങളേക്കാൾ പ്രകടനങ്ങൾ (performances) മാന്യത കൈവരിച്ചിരിക്കുന്നു. കലാലയങ്ങളിൽ ഇന്നും കവിതയെഴുതുന്നവരുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും സാഹിത്യകൃതികൾ തേടിപ്പിടിച്ചു വായിക്കുന്നവരുമുണ്ട് .പക്ഷേ അവർ കാലഹരണപ്പെട്ട ഒരു ലോകബോധത്തിന്റെ പ്രതിനിധികളെന്നവണ്ണം തീർത്തും അവഗണിക്കപ്പെടുന്നു. ക്യാമ്പസുകളിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യം അതിനാൽ പ്രസക്തമാകുന്നു.

സാങ്കേതികവിദ്യയുടെ കാലത്ത് കലയ്ക്ക് സംഭവിക്കുന്ന പരിവേഷനഷ്ടത്തെക്കുറിച്ച് വാൾട്ടർ ബെഞ്ചമിൻ പറഞ്ഞത് നമുക്ക് ഓർക്കാം. സാങ്കേതികവിദ്യ ക്യാമ്പസ്സിലെ ഹൃദയബന്ധങ്ങളെയും ആവേശിച്ചിരിക്കുന്നു. മൊബൈൽ ഫോൺ, ഭാഷണങ്ങളെ അവയുടെ സഹജഭാവങ്ങളിൽ നിന്ന് വേർപെടുത്തുന്നു. ശ്രോതാവിന്റെ സാന്നിധ്യം ഭാഷണത്തിന് മേലുള്ള സമ്മർദ്ദമാണ്. ആ സമ്മർദ്ദത്തിന്റെ സ്ഥായീഭേദങ്ങൾ നമ്മുടെ ഭാഷണങ്ങളിൽ അന്തർലീനമാണ്. മൊബൈൽ ഭാഷണങ്ങൾ അത്തരം സമ്മർദ്ദങ്ങളിൽ നിന്ന് വിമുക്തമാണ്. അതിനാൽ പ്രണയമൊഴികൾ പോലും ചന്തയിലെ വാക്കുകൾ പോലെ നിർവികാരമാവുന്നു. പതിവിലും വേഗത്തിൽ മിടിക്കുന്ന ഒരു ഹൃദയത്തേയോ, വരളുന്ന ഒരു തൊണ്ടയേയോ മൊബൈൽ ഫോണുകളുടെ കാലത്ത് അനുരാഗം ആവശ്യപ്പെടുന്നില്ല. എസ്എംഎസുകൾ ആശയ വിനിമയപ്രക്രിയയെ ഒരു ലീലയാക്കി മാറ്റിക്കഴിഞ്ഞു. സന്ദേശരഹിതമായ സന്ദേശങ്ങൾ. നേരം കൊല്ലികളായ കൊച്ചു വാക്യങ്ങളിലൂടെ ഭാഷ, അതിന്റെ ആദിമമൂല്യങ്ങളെ കൈയൊഴിയുന്നു. വൈകാരികത ഒരാർഭാടമാവുകയും യാന്ത്രികതയ്ക്ക് വഴിമാറുകയും ചെയ്യുന്നു. പറന്നു നടക്കുന്ന പ്രണയലിഖിതങ്ങളിൽ പോലും എഴുതിയവന്റെ ഉൾത്തുടിപ്പുകളില്ല. ഒന്നും ഒന്നിനേയും അനുഭവിപ്പിക്കുന്നില്ല. എല്ലാറ്റിനേയും കീഴടക്കിക്കൊണ്ട് ആൾക്കൂട്ടത്തിന്റെ ആരവമുയരുന്നുണ്ട്. ഏകാന്തത അത്രമേൽ അസഹ്യമായതിനാൽ നാം സ്വയം കണ്ടെത്തുന്നതു പോലും ആഘോഷങ്ങളിലൂടെയാണ്. "ഒച്ച വിജയം ഒച്ച ബ്രഹ്മം ഒച്ച പ്രതിഭ".

അരാഷ്ട്രീയതയാണ് നടപ്പുകാലത്തിന്റെ ആദർശം. രാഷ്ട്രീയത്തെ പരസ്പര വിദ്വേഷത്തിന്റെയും നശീകരണ പ്രവണതകളുടെയും കാപട്യത്തിന്റെയും മണ്ഡലമായി സ്ഥാനപ്പെടുത്തുന്ന ഒരു രീതി നമ്മുടെ സമൂഹത്തിൽ വികസിച്ചു വന്നിട്ടുണ്ട്. പ്രധാനപ്പെട്ട ജീവിത വ്യവഹാരങ്ങളൊന്നും രാഷ്ട്രീയത്താൽ കളങ്കിതമാവരുത് എന്ന സാമാന്യ ബോധം വ്യാപകമായ സ്വീകാര്യത നേടിയിരിക്കുന്നു. വിദ്യാഭ്യാസം, വിശ്വാസം, സൗന്ദര്യബോധം എന്നുവേണ്ട വികസനത്തിന്റെ മണ്ഡലം പോലും രാഷ്ട്രീയസ്പർശമേൽക്കരുത് എന്ന വാദം ഈ പൊതുബോധത്തെയാണ് വെളിപ്പെടുത്തുന്നത്. കലാലയങ്ങളിൽ ഈ ബോധത്തിന്റെ ബീഭത്സതയുളവാക്കുന്ന പ്രകടനമുണ്ട്. ആൾക്കൂട്ടസംസ്കാരം സംഘബോധത്തെ ഹൈജാക്ക് ചെയ്യുന്നതിന്റെ വിശ്വാസയോഗ്യമായ തെളിവുകൾ അവിടെ നിന്നാണ് നമുക്ക് ലഭിക്കുന്നത്. റാഗിങ്ങിന്റെ നീതിസാരമതാണ്. പലരും കരുതുന്നതുപോലെ റാഗിങ്ങ് എന്നത് ഒരു വിനോദത്തിന്റെ പേരല്ല. വിനോദത്തിന് ഒരിക്കലും ബലപ്രയോഗത്തിന്റെ ഭാഷ കൈമാറാനാവില്ല. എന്നാൽ അത് ഒരു ക്രമസമാധാന പ്രശ്നവും അല്ല. ഒരു സാമൂഹിക വിഭാഗമെന്ന നിലയിൽ തങ്ങളുടെ സ്ഥാനം തിരിച്ചറിയാത്തതുകൊണ്ടാണ് ഒരേ മേൽക്കൂരയ്ക്കു കീഴിലെ വിദ്യാർത്ഥികൾ സീനിയറും ജൂനിയറും ആയി വേഷം കെട്ടിയാടുന്നത്. തീർച്ചയായും അരാഷ്ട്രീയതയുടെ വ്യവഹാരത്തിനകത്താണ് റാഗിങ്ങ് പോലുള്ള നീചവും ജനാധിപത്യ വിരുദ്ധവുമായ പ്രകടനങ്ങൾ അരങ്ങേറുന്നത്.

കലാലയങ്ങളുടെ വരാന്തകൾ വിഷം തീണ്ടിയ ഉടൽ പോലെ ചലനമറ്റു കിടക്കുന്നു. മരത്തണലുകളിലെ കൂട്ടായ്മകൾ അപൂർവ ദൃശ്യങ്ങളാവുന്നു. പുതിയ കാലം കാമ്പസിനെ ക്ലാസ്സ് മുറികളിലേക്ക് ചുരുക്കിയിരിക്കുന്നു. അച്ചടക്കത്തിന്റെ വാൾവീശി വിദ്യാർത്ഥികളെ നിർവീര്യമാക്കുന്നു. നിശബ്ദമായ കലാലയങ്ങൾ ഭാവിയുടെ പ്രേതഗൃഹങ്ങളാണ്. സമരം അവിടെ വഴിപാടുകളാവുന്നു. സംവാദങ്ങൾ മാർക്ക് നേടാനുള്ള ഉപായങ്ങളാവുന്നു. ഉത്തരം മുട്ടിക്കുന്ന സംശയങ്ങളുമായി ക്ലാസ്മുറിയെ പ്രശ്നമേഖലയാക്കി മാറ്റാൻ ഒരു വിദ്യാർത്ഥി പോലും ഇന്ന് ധൈര്യപ്പെടില്ല.

ഇന്റേണൽ അസസ്മെന്റിന്റെ മോഹിപ്പിക്കുന്ന വാഗ്ദാനത്തിൽപ്പെട്ട് പുതിയ ഏകലവ്യൻമാർ അവരുടെ എല്ലാ വിരലുകളും അധ്യാപകർക്ക് മുറിച്ചു നൽകുന്നു. പലപ്പോഴും 'സമരോത്സുക'തയാണ് യുവതയെ തിരിച്ചറിയാനുതകുന്ന അഭിജ്ഞാനഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്. എന്നാൽ പുതിയ കാലം കലാപങ്ങളേയും നിഷേധങ്ങളേയും കൈയ്യൊഴിഞ്ഞിരിക്കുന്നു. അധ്യാപകരാവട്ടെ ഈ പാപകർമ്മത്തിന്റെ പുരോഹിതനായി സ്വയം പ്രത്യക്ഷപ്പെടുന്നു. സമൂഹത്തിലെ ഏറ്റവും യാഥാസ്ഥിതികരാവാനുള്ള മത്സരത്തിലാണ് തങ്ങളേർപ്പെട്ടിരിക്കുന്നത് എന്ന കാര്യം അവരറിയുന്നതു പോലുമില്ല. പഠനത്തിന്റേയും അന്വേഷണത്തിന്റേയും സാമൂഹികബോധത്തിന്റേയും വഴിത്താരകൾ അവർക്ക് പഥ്യമല്ല തന്നെ. സ്വയമെരിഞ്ഞ് ഒരു തലമുറയ്ക്ക് ചൂടും വെളിച്ചവും പകർന്നു നൽകിയ സ്വന്തം വംശപാരമ്പര്യത്തോട് അധ്യാപകർക്ക് ഇന്ന് നീതിപുലർത്താനാവുന്നില്ല. അത്തരം മാതൃകകളെ ഇന്നത്തെ കലാലയങ്ങൾ പ്രതീക്ഷിക്കുന്നില്ല. എം.എൻ വിജയനെപ്പോലുള്ള ഒരധ്യാപകനെ ഇന്നത്തെ ക്യാമ്പസ് വെച്ചുപൊറുപ്പിക്കില്ല. മൂലധന താൽപര്യങ്ങളുടെ ഋജുവായ യുക്തികൾ ക്യാമ്പസുകളെ വെറും പരീക്ഷാകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ആർപ്പുവിളികളും അട്ടഹാസങ്ങളുമായി പ്രത്യക്ഷപ്പെടുന്ന സൗഹൃദങ്ങളാകട്ടെ ഹൃദയത്തിലേക്ക് കടക്കാനാവാതെ ബാലിശമായ വിനോദങ്ങളിൽ, അയഥാർത്ഥമായ പൊങ്ങച്ചങ്ങളിൽ അഭിരമിക്കുന്നു.

ഏത് ദുർദേവതയാണ് കലാലയങ്ങളെ പിടികൂടിയിരിക്കുന്നത്? ക്യാമ്പസിന് മാത്രമായി ഒരു ചരിത്രം നിലനിൽക്കുന്നില്ല. വാസ്തവത്തിൽ ക്യാമ്പസ് എന്നത് സത്താപരമായി(ontological) നിർവചിക്കാവുന്ന ഒരു സംവർഗമല്ല. കാരണം സാമൂഹികമോ സാമ്പത്തികമോ ആയ അർത്ഥത്തിൽ ക്യാമ്പസിന് സത്താപരമായി ഒരു തനിമ (Identity) വെച്ചു പുലർത്താനാവില്ല. സമൂഹത്തിന്റെ പരിച്ഛേദമാണ് (Cross section of society) ക്യാമ്പസ് എന്ന സമീപനം തന്നെയാണ് യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇത് ക്യാമ്പസിലെ സവിശേഷതകളെ മറന്നുകൊണ്ടുള്ള പ്രസ്താവനയല്ല. തീവ്രമായ സംവേദനക്ഷമതയാണ് ക്യാമ്പസിന്റെ മുഖമുദ്ര എന്നത് സത്യം തന്നെയാണ്. അപ്പോഴും കലാലയങ്ങളുടെ ഇന്നത്തെ നിറഭേദങ്ങൾക്ക്‌ സാമൂഹികമായ ചില ആധാരങ്ങളുണ്ട് എന്നത് നാം വിസ്മരിച്ചു കൂട. മൂലധനത്തിന്റേയും അതിനനുസൃതമായി രൂപപ്പെട്ടു വരുന്ന വിപണിയുടേതായ ഒരു തത്വശാസ്ത്രത്തിന്റേയും അപ്രതിരോധ്യമായ മുന്നേറ്റത്തെയാണ് മറ്റെല്ലാ രംഗവുമെന്ന പോലെ നമ്മുടെ കലാലയരംഗവും അഭിമുഖീകരിക്കുന്നത്. യുവതയുടെ ആഘോഷങ്ങളിലും അരാഷ്ട്രീയ മനോഭാവത്തിലും ആഗ്രഹപ്രകടനങ്ങളിലും ഈ തത്വശാസ്ത്രത്തിന്റെ നിഴൽ വീണു കിടപ്പുണ്ട്. കമ്പോളത്തിന് ആവശ്യമില്ലാത്തതൊന്നും തനിക്കാവശ്യമില്ല എന്ന ലളിത യുക്തിയിലാണ് രാഷ്ട്രീയവും ആദർശവും മാനവിക വിഷയങ്ങളുമെല്ലാം നിരസിക്കപ്പെടുന്നത്.

സാഹിത്യം എടുക്കാച്ചരക്കായി മാറുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുമ്പോൾ സാഹിത്യത്തെ സംബന്ധിച്ച നിലവിലുള്ള ധാരണകൾ എവിടെ വെച്ചാണ് രൂപപ്പെടുന്നത് എന്നന്വേഷിക്കേണ്ടി വരുന്നു. അക്ഷരകേന്ദ്രിതമായ ഒരു ലോകബോധമാണ് സാഹിത്യത്തെ സാംസ്കാരിക മൂല്യങ്ങളുടെ പ്രധാനപ്പെട്ട ചിഹ്നസമുച്ചയമായി തിരിച്ചറിഞ്ഞത്. അച്ചടിയാണ് ഈ ലോകബോധത്തെ സൃഷ്ടിച്ച പ്രമുഖ സാങ്കേതിക വിദ്യ. ഈ പരിവർത്തനത്തിൻ്റെ പ്രത്യയശാസ്ത്രത്തെയാണ് നാം ആധുനികത (Modernity) എന്ന് വ്യവഹരിക്കുന്നത്. അച്ചടി, ഇംഗ്ലീഷ് വിദ്യാഭ്യാസം സാമൂഹികപരിഷ്കരണ സംരംഭങ്ങൾ എന്നിവയാൽ കേരളത്തിൽ സാധ്യമായ ആധുനീകരണ (Modernisation)ത്തിൻ്റെ സാംസ്കാരിക ബോധമാണ് സാഹിത്യത്തെ ഒരു ആത്മപ്രകാശനോപാധിയാക്കി മാറ്റിയത്. അതുവരെ ദൈവപ്രീതി സിദ്ധിച്ച ഏതാനും പ്രതിഭാശാലികളാൽ സൃഷ്ടിക്കപ്പെട്ട ഒന്നായാണ് സാഹിത്യത്തെ നാം കണ്ടിരുന്നത്. ആധുനികത സാമാന്യജനതയുടെ അനുഭവങ്ങളേയും ലൗകികമായ അനുഭൂതി വിശേഷങ്ങളേയും ആവിഷ്കരിക്കാനുതകുന്ന ഒരു മാധ്യമമായി സാഹിത്യത്തെ മാറ്റി. എഴുത്ത് പ്രധാനപ്പെട്ട ഒരാത്മാവിഷ്കാരമായിത്തീർന്നു.

ആത്മബോധമുള്ള വ്യക്തിയുടെ ഉദയം, ജാതി മത നിരപേക്ഷമായ ഒരു പൊതുമണ്ഡലത്തിൻ്റെ രൂപപ്പെടൽ, പൗരസമൂഹത്തിൻ്റെ സൃഷ്ടി എന്നിങ്ങനെയുള്ള ആധുനികതയുടെ വ്യവഹാരങ്ങൾക്കകത്താണ് നാമിന്ന് കാണുന്ന സാഹിത്യമെന്ന സ്ഥാപനം ഉടലെടുക്കുന്നത് എന്ന് സാരം. അതിനു മുമ്പ് 'എഴുത്ത്' എന്നതിന് 'യാന്ത്രികമായ പകർപ്പെഴുത്ത് ജോലി' എന്ന അർത്ഥമേ ഉണ്ടായിരുന്നുള്ളൂ. 'ഉണ്ണി നമ്പൂതിരി' മാസികയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടപ്പോഴാണ് എഴുത്ത് പ്രധാനമാണ് എന്ന് തനിക്ക് ബോധ്യപ്പെട്ടത് എന്ന് ഇഎംഎസ് ആത്മകഥയിൽ എഴുതി. 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന കൃതിയിൽ പി ഭാസ്കരനുണ്ണി ഇങ്ങനെ നിരീക്ഷിക്കുന്നു: ''എഴുതാനറിയുന്നത് ഒരു പാതിത്യമായി അന്ന് കരുതിയിരുന്നുവോ? അങ്ങനെ ഊഹിക്കുവാൻ ന്യായമുണ്ട്. എഴുത്ത് ജോലിക്കാരെക്കൊണ്ട് ചെയ്യിക്കുകയായിരുന്നുവല്ലോ അന്നത്തെ വഴക്കം" (പു 660). "സാമൂഹികമായ പരിപ്രേക്ഷ്യത്തിൽ നാടുവാഴിത്തത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള പരിണാമമാണ് ഈ മാറ്റത്തിൻ്റെ അടിസ്ഥാനം. നാടുവാഴിത്തം പ്രജകളുടെ വൈയക്തികസ്വാതന്ത്ര്യം പോലും അസാധ്യമാക്കി. വീടു വെയ്ക്കുന്നതിലും ആഭരണങ്ങൾ അണിയുന്നതിലും വസ്ത്രധാരണം ചെയ്യുന്നതിലും വാദ്യഘോഷങ്ങൾ ഏർപ്പെടുത്തുന്നതിലും എല്ലാം ജാതിക്രമമനുസരിച്ച് സ്റ്റേറ്റിൻ്റേതായ നിബന്ധനകൾ ഉണ്ടായിരുന്നു". (ടി.പു.പു.1196). ജനാധിപത്യം വിനീതവിധേയനായ പ്രജയെ അവകാശബോധമുള്ള പൗരനാക്കി മാറ്റി. ജനാധിപത്യ സമുദായത്തിലെ വ്യക്തി സ്വയം ആവിഷ്കരിക്കാനുതകുന്ന മാധ്യമമായി എഴുത്തിനെ തിരിച്ചറിഞ്ഞു. ഇതിഹാസപുരാണങ്ങളെ ഉപജീവിച്ചുള്ള അനുഷ്ഠാനമെന്ന നിലയിൽ നിന്ന് സ്വതന്ത്ര സൃഷ്ടികളുടേയും ആത്മാംശം കലർന്ന രചനകളുടേയും മേഖലയായി സാഹിത്യം മാറിയപ്പോൾ എഴുത്തുകാരൻ്റെ അനുഭവമുദ്രകളും വൈകാരിക സ്പന്ദനങ്ങളും അവയിൽ പ്രത്യക്ഷപ്പെട്ടു. എഴുതുക എന്നാൽ സ്വയം ആവിഷ്കരിക്കുക എന്നർത്ഥം കൈവന്നു. എഴുത്തിലൂടെ വിനിമയം ചെയ്യപ്പെടുന്നത് എഴുത്തുകാരൻ്റെ ആത്മസത്തയാണ് എന്ന് ധരിക്കപ്പെട്ടു. നല്ല കാവ്യം തോന്നാൻ ദൈവസ്തുതി നാന്ദിയായി കുറിക്കണമെന്ന് ആധുനിക കാലത്തെ ഒരെഴുത്തുകാരന് തോന്നാതെയായി.

നമ്മുടെ ഭാഷയിൽ ഇന്നറിയപ്പെടുന്ന സാഹിത്യമെന്ന വ്യവഹാര മാതൃക നിലവിൽ വന്നതിൻ്റെ ചരിത്രമാണിത്. പകർപ്പെഴുത്തിൻ്റെ യാന്ത്രികതയ്ക്കപ്പുറം രചനാത്മകതയുടെ തലം കൈവന്നപ്പോൾ എഴുത്ത് ബഹുമാന്യമായ ഓരേർപ്പാടായി മാറി. അച്ചടി മനുഷ്യബോധത്തെ പരിവർത്തിപ്പിച്ചതിൻ്റെ ദൃഷ്ടാന്തം കൂടിയാണിത്. എന്നാൽ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങൾ ഈ മൂല്യങ്ങളെ അപ്രസക്തമാക്കി.ദൃശ്യ മാധ്യമ രംഗത്തെ പുതിയ സാധ്യതകൾ ദൃശ്യകേന്ദ്രീകൃതമായ ഒരു ലോക ബോധത്തിലേക്ക് സമൂഹത്തെ നയിക്കുന്നു. വായന സൃഷ്ടിക്കുന്ന സ്വകാര്യതയുടെ ലോകത്തിന് കാഴ്ചയുടെ കാലത്ത് നിലനിൽക്കാനാവില്ല. കാഴ്ചയുടെ പുതിയ നീതിബോധം രൂപം കൊള്ളുന്നു. വായനയിലെ രഹസ്യം കാഴ്ചയിൽ പരസ്യമാവുന്നു. പുതിയ തലമുറ സ്വകാര്യതയെ ഒരശ്ശീലമായാണ് നോക്കിക്കാണുന്നത്. സംഗീതം പോലും സംഘടിതമായ ആഘോഷപ്രകടനമായിത്തീരുന്നു. സാഹിത്യം അഭിമുഖീകരിക്കുന്ന തിരസ്കാരപ്രവണതയ്ക്ക് പിന്നിൽ, ദൃശ്യതയ്ക്ക് കൈവന്ന പ്രാമാണികതയ്ക്ക് പിന്നിൽ, സാമൂഹിക പരിവർത്തനത്തിൻ്റെ സങ്കീർണ്ണഘടനകളുണ്ട്.

ആയതിനാൽ നമുക്ക് സ്തുതി പറയാം. സാഹിത്യത്തെ പടിയടച്ച് പിണ്ഡം വെച്ച്, കാമ്പസ് റിക്രൂട്ട്മെൻ്റ് ലക്ഷ്യമിട്ട് ക്ലാസ് മുറികളിൽ തപസ്സനുഷ്ഠിക്കുന്ന പുതുതലമുറയിലെ കൗമാരത്തിന്. ഈ കാലം അവർക്കുള്ളതാകുന്നു.

അതു കൊണ്ട് ഇനി പ്രതീക്ഷിക്കരുത്, കലാലയത്തിൻ്റെ ചുമരിൽ നെരൂദയുടെ വാക്കുകൾ.

കാണാൻ കൊതിക്കരുത്, ക്യാമ്പസിൻ്റെ ഒഴിഞ്ഞ കോണിലിരുന്ന് കവിത ചൊല്ലുന്ന കൂട്ടുകാരനെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന കാമുകിയെ.

ഓർക്കരുത്, ക്ഷുഭിത യൗവനങ്ങൾ ജ്വലിച്ചു നില്‍ക്കുന്ന നാളുകളെ!


Next Story

Related Stories