TopTop
Begin typing your search above and press return to search.

'എനിക്ക് എല്ലാ ജനങ്ങള്‍ക്കും വായിക്കണം; അവരെ രസിപ്പിക്കണം, അതാണെന്റെ ചുമതല'; അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്റെ അപ്രകാശിത അഭിമുഖം | വി.എം ഗിരിജ

എനിക്ക് എല്ലാ ജനങ്ങള്‍ക്കും വായിക്കണം; അവരെ രസിപ്പിക്കണം, അതാണെന്റെ ചുമതല; അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്റെ അപ്രകാശിത അഭിമുഖം | വി.എം ഗിരിജ

"80 വര്‍ഷത്തെ വയലിന്‍ വായനയുടെ ചരിത്രവുമായി ടി.എന്‍ കൃഷ്ണന്‍. 86-ാം വയസിലെ നവയൗവനവുമായി മുന്നിലിരിക്കുമ്പോള്‍, പറഞ്ഞാല്‍ തീരാത്തത്ര അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അത് നമ്മുടെ സംഗീതപാരമ്പര്യത്തോട് ഉള്ള സംവാദം തന്നെയാണ്.

ശബ്ദലേഖനത്തിന് മുമ്പ് ഉള്ള പാട്ടുപാരമ്പര്യം എന്തായിരുന്നു എന്നൂഹിക്കാനേ കഴിയൂ, അതിലേക്ക് ഒരു കിളിവാതില്‍ കൂടിയാണ് അദ്ദേഹം പങ്കുവയ്ക്കുന്ന ഓര്‍മകള്‍.

കര്‍ണാടക സംഗീതത്തിലെ കേരളത്തിലെ പൂര്‍വികരേ കുറിച്ച് ചോദിച്ചപ്പോള്‍ തമിഴ്‌നാട്ടിൽ കാവേരിത്തണ്ണി, ഇവിടെ ഭാരതപ്പുഴ എന്നപോലെയേ ഉള്ളൂ എന്ന മറുപടിയിലെ കവിതയും സത്യാത്മകതയും നമ്മെ സന്തോഷിപ്പിക്കും..."

ഇത് രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപ് ടി.എൻ. കൃഷ്ണനുമായി സംസാരിച്ചതിന് ശേഷം അത് പകർത്താൻ തുടങ്ങിയപ്പോൾ ഞാൻ എഴുതിയ പ്രാരംഭ വാചകം. ഇപ്പോൾ അങ്ങനെ അല്ല, അദ്ദേഹം വിട്ടു പോയതിന്റെ ഒരു കനമാണ് മനസ്സിൽ. ആകാശവാണി കൊച്ചി നിലയത്തിൽ ഈ നവംബർ മൂന്നിന് പതിനൊന്നു മണിക്കാണ് ഈ അഭിമുഖം പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്. ഞാൻ പോസ്റ്റർ ഉണ്ടാക്കി പലർക്കും അയച്ചു. ടി.എൻ കൃഷ്ണൻ പല പരിപാടികള്‍ക്കായാണ് അന്ന് കൊച്ചിയിൽ വന്നത്. കേരളത്തിലെ കോ-ഓർഡിനേറ്റർ വേലായുധ കുറുപ്പാണ് എറണാകുളത്തെ ബിടിഎച്ചിൽ വച്ച് മുഖാമുഖം ശബ്ദലേഖനം ചെയ്യാൻ അവസരം ഒരുക്കിയത്. അദ്ദേഹത്തോട് ഞാൻ പറഞ്ഞു, ഇപ്പോൾ ഇന്റര്നെറ്റില് അല്ലെങ്കിൽ ആപ്പ് ഡൌൺലോഡ് ചെയ്താൽ എവിടെയും ആകാശവാണി എഫ്എം നിലയങ്ങളുടെ പരിപാടി കിട്ടും; ചെന്നൈയിൽ താമസിക്കുന്ന കൃഷ്ണൻ സാറിനും കേൾക്കാം എന്ന്. രണ്ടാം തീയതി വൈകിട്ട് കുറുപ്പ് വീണ്ടും വിളിച്ചപ്പോഴാണ് സാർ ഇനി ഇല്ല എന്ന് അറിയുന്നത്. എനിക്ക് ആ വിവരം കേട്ടപ്പോൾ അവിടെ കിടന്ന് നമസ്കരിക്കാൻ തോന്നി, കണ്ണ് നിറഞ്ഞു. അദ്ദേഹത്തിന്റെ റേഡിയോ സ്മരണകൾ അല്ലാതെ നീണ്ട ഇൻറർവ്യു പ്രക്ഷേപണം ചെയ്യാൻ സാധിച്ചിരുന്നില്ല. ഒരു മണിക്കൂര്‍ ഉള്ള പരിപാടിയിലേക്ക് ഇൻറർവ്യൂ എഡിറ്റ് ചെയ്യാൻ ഒരുപാട് പ്രാവശ്യം കേട്ടിരുന്നു. 'തന്ത്രീ ലയ സമന്വിതം' എന്നാണാ പരിപാടിക്ക് പേരിട്ടത്. ലയവും ലിറിക്കൽ ഭംഗിയുമാണ് അദ്ദേഹത്തിന്റെ വായനയുടെ മുദ്രയും.

1928ലാണ് ടി.എൻ കൃഷ്ണൻ ജനിച്ചത്.

? ബാല്യം, വയലിന്‍ പഠിക്കാന്‍ തുടങ്ങിയത് ഒക്കെ പറയാമോ?

തൃപ്പൂണിത്തുറ പടിഞ്ഞാറേക്കരയിലാണ് തറവാട്. ഭാഗവതര്‍ മഠം എന്നു പറയും. പാരമ്പര്യമായിട്ട് സംഗീതജ്ഞരുടെ കുടുംബം. അച്ഛന്റെ അച്ഛന്‍ അപ്പാദുരെ ഭാഗവതര്‍ കൊച്ചി മഹാരാജാവിന്റെ ആസ്ഥാന വിദ്വാൻ (palace musician) ആയിരുന്നു; പ്രശസ്തനായിരുന്നു. അച്ഛൻ നാരായണ അയ്യർ ഇന്ന് ആർഎൽവി കോളേജ് ആയ ആ വിദ്യാലയത്തിൽ അധ്യാപകൻ ആയിരുന്നു. ഞാൻ അഞ്ചു വയസ്സിൽ അച്ഛന്റെ കൂടെ അവിടെ പോയത് ഓർക്കുന്നു. ഒരേ അധ്യാപകൻ ആയിരുന്നു. പിന്നെ ഒരു നേത്യരാമ്മ ഉണ്ടായിരുന്നു. പേര് ഓർമ്മ വരുന്നില്ല.

ആദ്യത്തെ കച്ചേരി ചെയ്തത് പൂര്‍ണത്രയീശന്റെ മുന്നില്‍ ആറാമത്തെ വയസില്‍. തേര്‍ഡ് ഫോറം വരെ പഠിച്ചത് ശ്രീരുദ്രവിലാസം സ്‌കൂളില്‍- എറണാകളും എസ്.ആര്‍.വി സ്‌കൂളില്‍- ഇപ്പോഴത്തെ ഹൈസ്‌കൂളില്‍. അന്ന് അവിടെ തേഡ് ഫോറം വരെയേ ഉണ്ടായിരുന്നുള്ളൂ . മഹാരാജാസ് സ്‌കൂളില്‍ പോകണം എന്നു കരുതി; അപ്പോഴാണ് 'ഇവാക്വേഷന്‍' നടന്നത്. പിന്നെ തിരുവനന്തപുരത്ത് പോയി. നാല്, ആറ് ഫോറം ഒക്കെ അവിടെയാണ് പഠിച്ചത്.

? സംഗീതം പഠിച്ചതൊക്കെ വീട്ടില്‍ത്തന്നെ?

വയലിനാണ് പഠിച്ചത്. കുട്ടിക്കാലത്ത് തന്നെ. വലിയ ഒരു വയലിന്‍. മൂന്ന് വയസില്‍ തന്നെ സംഗീതം പഠിക്കാന്‍ തുടങ്ങി. എപ്പഴായാലും വായിച്ചു കൊണ്ടിരിക്കണം, അല്ലാതെ അച്ഛന്‍ വിടില്ല. സരളി വരിശയോ ഒരു ഫ്രേസോ ഒക്കെയാണ് പറഞ്ഞു തരിക. പതിനായിരം തവണ വായിക്കണം. അപ്പോള്‍ എട്ടു മണിക്കൂറാകും. സരിഗ, ഗമപ, മഗരി ഇങ്ങനെ സാധകം ചെയ്തുകൊണ്ടിരിക്കും.

മൂന്ന് മണിക്ക് എണീക്കണം. നാല് തൊട്ട് ആറു വരെ സാധകം തന്നെ. മെറ്റീരിയല്‍ ഒന്നുമില്ല. പഠിച്ചത് തന്നെ പഠിക്ക്യ.

ചെറിയ വര്‍ണ്ണങ്ങളൂം ചെറിയ പാട്ടുകളും. അതൊന്നും എഴുതി പഠിപ്പിക്കുകയല്ല ഇക്കാലത്തെപ്പോലെ.

അച്ഛന്‍ പറഞ്ഞു തന്നാല്‍ കേട്ടു പഠിക്കും.


? ആ രീതി എങ്ങനെയായിരുന്നു?

ഫസ്റ്റ് ലൈന്‍ ബിറ്റ് ആയി പറഞ്ഞു തരും. പിന്നെ ഒന്നായിച്ചേര്‍ത്ത്. ഞാന്‍ പെട്ടെന്ന് തന്നെ അത് പഠിക്കും. ഒരു തവണ, രണ്ടു തവണ മതി. പിന്നെ പറേണേന് മുന്‍പ് Whole line പഠിക്കും. പിന്നെ അടുത്ത ലൈന്‍ പറയും.

ഉദാഹരണത്തിന് - വാതാപി ഗണപതീം- ആദ്യവരി വായിക്കും. പിന്നെ മറക്കാതെ വായിച്ചു കൊണ്ടേയിരിക്കണം. ഒറങ്ങണ വരെ, മറക്കാതെ 50 തവണ വായിക്കണം. അതേപോലെ ഓരോ സംഗതിയും.

? ഊണിലും ഉറക്കത്തിലും ഇതന്നെ അല്ലേ?

അതെ. കാലത്ത് വായിച്ച് സ്‌കൂളില്‍ പോകും. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വരും. അപ്പോഴും ഇത് വേണം. പിന്നെ സ്‌കൂളില്‍ പോയി നാലു മണിക്ക് വരും. കൈകാല് കഴുകി, അമ്മ തരണ ടിഫിനും കഴിച്ച് വീണ്ടും അഞ്ചുമണി മുതല്‍ എട്ടു മണി വരെ വായന തന്നെ. രാത്രി ഭക്ഷണം കഴിഞ്ഞാല്‍ വീണ്ടും 11 മണി വരെ.

? സ്‌കൂളിലെ പഠിപ്പോ?

അതൊന്നും കാര്യമായില്ല. വയലിൻ ആണ് മെയിൻ (മനോഹരമായി ചിരിക്കുന്നു). ഇതു തന്നെ പഠിപ്പ്. വാച്ചൂടെ ഇല്ല. ടൈം നോക്കാനറിയില്ല. കുട്ടിയല്ലേ. 'ടൈമായിരിക്ക്' എന്ന് പറഞ്ഞാല്‍ അച്ഛന്‍ പറയും, 25 പ്രാവശ്യമേ വായിച്ചുള്ളൂ, 50 ആകലേ എന്ന്.

ഞാന്‍ വിരലൊക്കെ മടക്കി കണക്കു കൂട്ടീട്ടുണ്ടാകും.പക്ഷേ അച്ഛൻ സമ്മതിക്കില്ല. ഇങ്ങനെയാണ് കുട്ടിക്കാലം. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ എന്നൊന്നും അറിയില്ല. അദ്ദേഹം പറയുംവരെ എന്നാണ് കണക്ക്. അറിയാതെ അഞ്ചും ആറും മണിക്കൂര്‍ ഒക്കെ വായിക്കും.

? അന്നത്തെ ഒരു പഠനരീതി അതു തന്നെ ആയിരുന്നു അല്ലേ?

അതെ. നാല്-അഞ്ച് പാട്ടറിയാം. വര്‍ണ്ണം ഒക്കെ. പിന്നെ റെഗുലര്‍ ടൈംടേബിള്‍ ഒക്കെയായി. ഇന്നേക്ക് ഈ രണ്ടു വര്‍ണം, രണ്ടു പാട്ട് എന്നു പറഞ്ഞു തരും. ഒരു തവണയോ രണ്ടു തവണയോ വായിച്ചാല്‍ പോര. ഓരോ ലൈനും പത്തും പതിനഞ്ചും തവണ. അച്ഛന്‍ കൂടെ ഉണ്ടാകും. അത് വായിച്ച്, വായിച്ച്, വായിച്ച്, വായിച്ച് എനിക്ക് തന്നെ ഒരു പുതിയ... ഇത്... കിട്ടുംവരെ.

? ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനാണല്ലോ അല്ലേ?

എറണാകുളം വിട്ട് തിരുവനന്തപുരത്ത് പോയീന്ന് പറഞ്ഞില്ലേ. അദ്ദേഹത്തെ 1935-ല്‍ തന്നെ കണ്ടിട്ടുണ്ട്. കച്ചേരി കേട്ടിട്ടുണ്ട് തൃപ്പൂണിത്തുറ അമ്പലത്തിലും കൊട്ടാരത്തിലും ഒക്കെ. 1936-ലോ 37-ലോ കൊച്ചി പാലസിൽ ഒരു തൃത്താലി ചാര്‍ത്തിന് വന്നിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഞാന്‍ വായിക്കും എന്നറിയാം. ഞാന്‍ തിരുവനന്തപുരത്ത് പോയപ്പോള്‍ അദ്ദേഹവും വന്നിരിക്കുന്നു, അക്കാദമി എല്ലാം തുടങ്ങാന്‍ പോണു.

? അവിടെ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു അല്ലേ?

അതേ. പക്ഷേ വാസ്തവത്തില്‍ അദ്ദേഹം എനിക്ക് മാത്രമായി ഒന്നും പറഞ്ഞു തന്നിട്ടില്ല. പക്ഷേ ഗുരുസ്ഥാനമാണ്. "നല്ലവണ്ണം വായിക്കുന്ന ഒരു പയ്യന്‍, ഒരു ഫ്യൂച്ചര്‍ ഉണ്ട്, ചീത്തയായിപ്പോവാന്‍ പാടില്ല", എന്ന ഒരു കരുതല്‍, വാത്സല്യം.... എനിക്ക് പറഞ്ഞു തരാന്‍ ഒന്നുമില്ല. എല്ലാം വായിക്കും.

? പിന്നെ പുസ്തകങ്ങളിലും എല്ലാം ശിഷ്യ പരമ്പരയില്‍ ടി.എന്‍ കൃഷ്ണന്റെ പേരുണ്ടല്ലോ.

നമുക്ക് അടുപ്പമായ ഒരു പരിചയം കിട്ടി. അതാണ് ഒരു കാര്യം. (വലിയ വലിയ കച്ചേരികള്‍ കേള്‍ക്കുക, അവരുടെ കൂടെ വായിക്യ എന്നത് ഒരു ശിക്ഷണം തന്നെയാണ്). എനിക്ക് കേട്ടാ മതി. മുസിരി ഒക്കെ ചേര്‍ത്ത് "ഈ പയ്യന് പുതിയ പാട്ടെല്ലാം പറഞ്ഞു കൊടുത്ത് ശരിയാക്കണം" എന്നു പറഞ്ഞു. ഞാന്‍ കറക്ട് ആയി ക്ലാസ്സിൽ പോവും. മറ്റു സ്റ്റുഡന്റ്‌സിന് പറഞ്ഞു കൊടുക്കുന്നത് കേട്ട് പുതിയവ പഠിക്കും.

? ഗൈഡന്‍സ്, മാര്‍ഗദര്‍ശിത്വം എന്ന് പറയാം അല്ലേ.

അതെ. സഹവാസം.തിരുവനന്തപുരത്ത് കച്ചേരികള്‍ക്ക് ഒക്കെ വിളിച്ചു കൊണ്ടു പോവും. അതല്ലാതെ ഇത് വായിക്ക് എന്നു പറഞ്ഞു തന്നിട്ടില്ല.

? അങ്ങയ്ക്കു മുൻപുള്ള കേമന്മാരായ വയലിനിസ്റ്റുകളെ കേട്ടിട്ടുണ്ടോ?

ധാരാളമായി കെട്ടിരിക്കുന്നു. പുതുക്കോണം രാജമാണിക്യം പിള്ള, ദ്വാരം വെങ്കിട സ്വാമി നായിഡു, പാപ്പാ വെങ്കിട്ടരാമന്‍, മൈസൂര്‍ ചൗഡയ്യ ഇവരുടെ വായന കേട്ടു. പിന്നീട് ഇവര്‍ക്കൊക്കെ ഞാന്‍ competitor ആയിരുന്നു. അവര് വലിയ നിലയിലുള്ളവര്‍. അവരുടെ കൂടെത്തന്നെ എന്നെ ഏറ്റുകയാണ്. 'ഇവന്‍ ജോറാണ്, ഇവന്‍ നന്നായി വായിക്കുന്നു' എന്നു പറയും. അവര് വായിക്കുന്ന സ്‌റ്റേജുകളില്‍ ഞാനും ഉണ്ട്. ശെമ്മാങ്കുടി, അരിയക്കുടി ഇവരുടെ ഒക്കെ കച്ചേരിക്ക് വായിക്കും. പിന്നെ അവര്‍ക്ക് വയസ്സ് ആവാന്‍ തുടങ്ങി. അതങ്ങനെയല്ലേ...

നല്ല അറിവുള്ള മനുഷ്യരോട് ഇടപഴകാനുള്ള ഒരു സന്നിവേശം കിട്ടണം. അപ്പോഴേ നമ്മള്‍ ഇംപ്രൂവ് ചെയ്യൂ. ആ ഭാഗ്യം എനിക്ക് കിട്ടി. ഒരുപാട് കൊല്ലം വായിച്ച്, പഠിച്ച്, അങ്ങനെ...

? വായ്പാട്ടിന് തുല്യമാണ് ടി.എന്‍ കൃഷ്ണന്റെ വയലിന്‍ വായന എന്ന് അഭിജ്ഞര്‍ പറയുന്നത് കേട്ടിട്ടുണ്ട്.

നമ്മള്‍ വായിക്കേണ്ടതെല്ലാം വര്‍ണം, കീര്‍ത്തനം.. ഇത് ഒക്കെ പാടാന്‍ വേണ്ടി എഴുതിയിരിക്കുകയാണ്. വയലിന് വായിക്കാന്‍ വേണ്ടി ആരും ചെയ്തിട്ടില്ല. ആ പാട്ട് ഇന്‍സ്ട്രുമെന്റില്‍ വായിക്കയാണല്ലോ. അപ്പോള്‍ അത് വായിക്കുമ്പോള്‍ പാട്ടു പോലെ ഇരിക്കണം. ഏത് പാട്ടാണ് എന്നു മനസിലാകണം. സാഹിത്യമെല്ലാം തെളിയണം. അപ്പോഴേ കേള്‍ക്കാന്‍ നന്നായിരിക്കൂ.

? അല്ലെങ്കിലോ? നന്നാവില്ലേ?

ഇല്ലെങ്കിലും നന്നായിരിക്കും. ലിറിക്‌സ് ഇല്ലാത്ത സ്വരം വായിക്കണ പോലെ ഇരിക്കും. പിന്നെ വിദ്വാങ്കളുടെ (പണ്ഡിതരുടെ) കൂട്ടത്തില്‍ വായിച്ച് വായിച്ച് വേറെ ഒന്നും എന്റെ കാതില്‍ കേറില്ല.

? അപ്പോള്‍ അത് വായ്പാട്ട് പോലെ ആവുന്നു അല്ലേ?

എന്റെ ആഗ്രഹം അവ എങ്ങനെ പാടിയോ അതില്‍ ഇനിയും തെളിവ് നിറച്ച് വീണ്ടും വായിക്കണം എന്നാണ്. നമ്മള്‍ടെ സ്വന്തമാക്കണം. നല്ല വഴിയിലുള്ള വിദ്വാങ്കളുടെ കൂട്ടത്തില്‍ വായിച്ചിട്ട് പിന്നെ ചീത്തയായിട്ട് പറ്റുകയില്ല. നല്ലതേ എന്റെ ചെവി കേൾക്കൂ, അതുകൊണ്ടായിരിക്കും. സാഹിത്യം എന്ന് പറയുമ്പോൾ ആ ടെക്സ്റ്റ് തെറ്റാതെ, ഒരു വരി വിടാതെ വായിക്കുക എന്ന് പലരും കരുതും, അതല്ല. അതിന്റെ സത്ത കൈ വിട്ടു പോകരുത് എന്നാണ് അർഥം. ആ സാഹിത്യം എന്ത് ഉദ്ദേശിച്ചോ അത് വരണം.

? ഇഷ്ടപ്പെട്ട രാഗങ്ങള്‍, അങ്ങനെ ഉണ്ടോ?

തോടി, ഭൈരവി, കല്യാണി എല്ലാം ഇഷ്ടമാണ്. താത്പര്യം തന്നെ. ജനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അറിയുന്ന രാഗമോ പാട്ടോ വായിക്കണം. അറിയാത്ത രാഗമോ ഒക്കെ വായിച്ച് രസിപ്പിക്കാന്‍ പറ്റില്ല എന്നല്ല, അവര്‍ക്കറിയാവുന്നതായാലേ പെട്ടെന്ന് റെസ്‌പെക്ട് കിട്ടൂ.

? മനസ്സ് പെട്ടെന്ന് ലയിക്കൂ അല്ലേ?

അതെ. പുതിയത് വായിക്കുമ്പോ, ഈ ടി.എന്‍ കൃഷ്ണന്‍ വായിക്കുമ്പോ എന്താ ഒരു വ്യത്യാസം എന്ന് വിചാരിക്കും. അല്ലെങ്കില്‍ ഇയാള് ഈസിയായി വായിക്കുന്നു എന്ന് ആളുകള്‍ വിചാരിക്കും.പക്ഷേ അത് ഈസി അല്ല. സാധകം ചെയ്യണം. ഉഴൈയ്ക്കണം (കഷ്ടപ്പെടണം).

? അതിന്റെ പിന്നില്‍ കുറെ പ്രയത്‌നം ഉണ്ട് അല്ലേ, ലാളിത്യം ഉണ്ടാക്കാന്‍ എളുപ്പമല്ല അല്ലേ. മഹാകവി കുമാരനാശാന്‍ പറഞ്ഞിട്ടുണ്ട്, ഇവര്‍ പ്രതിഭ, പ്രതിഭ എന്നു പറയും. പക്ഷേ എത്രയോ രാത്രികള്‍ പകലാക്കിയിട്ടുള്ള വായന, ശ്രമം അതിന്റെ പിന്നിലുണ്ട് എന്നര്‍ത്ഥം വരുന്നത്.

അതെ. ഉദാഹരണം പറയാം. മഹാന്മാരുടെ സംസാരം, വാക്കുകള്‍ നാം കേള്‍ക്കുന്നു. അത് ഈസിയായി തോന്നും. പക്ഷേ, അത്ര സിമ്പിള്‍ ആക്കുന്നതില്‍ അവര്‍ പ്രയത്‌നിച്ചിട്ടുണ്ട്. വലിയ സെന്റന്‍സ് പറയുമ്പോള്‍ അര്‍ത്ഥം പിടികിട്ടില്ല. ഭംഗി തോന്നും. അത് മനസിലാക്കണം എന്നു കരുതി രണ്ടോ മൂന്നോ ആക്കി പിരിച്ച് സ്പീച്ച് സിംപിള്‍ ആക്കും പോലെ. മൂന്ന് ഫ്രേസില്‍ പറയുമ്പോള്‍ കേള്‍ക്കുന്ന ആള്‍ക്ക് ഈസി ആയിരിക്കും. അതാണ് ഞാന്‍ വായനയിലും ചെയ്യുന്നത്.

? പാണ്ഡിത്യ പ്രദര്‍ശനം, അപൂര്‍വ രാഗങ്ങള്‍ ഒന്നും വേണ്ട?

അപൂര്‍വം എന്നു പറഞ്ഞാല്‍ അത്ര അധികം ആ ലൈനിലില്ലാത്തവര്‍ക്കാണ് അപൂര്‍വം എന്ന് തോന്നുക. അതിലിറങ്ങി പ്രാക്ടീസ് ചെയ്തവര്‍ക്ക് എല്ലാ അപൂര്‍വവും ഈസി ആയിട്ട് തോന്നും.

? വിദ്വല്‍ സദസ്സിന്റെ മുമ്പില്‍ വായിക്കുന്നതോ സാധാരണ ജനങ്ങള്‍ക്ക് മുന്നില്‍ വായിക്കുന്നതോ ഇഷ്ടം.

എനിക്ക് എല്ലാ ജനങ്ങള്‍ക്കും വായിക്കണം. നമ്മുടെ വായന കേട്ട് അവര്‍ ആനന്ദിക്കണം. അവരെ രസിപ്പിക്കണം. അതാണെന്റെ ചുമതല. കഷ്ടപ്പെടുത്താന്‍ പാടില്ല. ശുദ്ധമായ സംഗീതം കേള്‍പ്പിക്കണം. നമ്മള് വായിക്കുന്നതു തന്നെ ശാന്തമായ ഒന്നിനു വേണ്ടിയാണ്. ശാന്തമുലേകാ സൗഖ്യമു ലേന എന്ന് ത്യാഗരാജ സ്വാമി തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോ, അതാണ് അടിപ്പെടല്‍ (ശാന്തമായിരിക്കണം, അല്ലാതെ സൗഖ്യമുണ്ടാവില്ല എന്ന്). സംഗീതം എന്നു പറഞ്ഞാല്‍ നമ്മള്‍ ആശ്വസിക്കണം. കേള്‍ക്കുന്നവര്‍ക്കും ആനന്ദമായിരിക്കണം. സംശയിച്ചു വായിച്ചാല്‍ കേള്‍ക്കുന്നവര്‍ക്കും സംശയമായിരിക്കും. വായിച്ച്, വായിച്ച്, വായിച്ച്, വായിച്ച് അതിന്റെ എസന്‍സ് എല്ലാം കിട്ടിയിട്ട് - പിന്നെ - ബ്ലിസ് എന്നു പറയില്ലേ. അത് കിട്ടണം. ഭഗവാനെ കാണും പോലെ.

തോടി വായിച്ച് വായിച്ച് വായനയ്ക്കിടയില്‍ ഒരു പുതിയ ഫ്‌ളാഷ് വരും. എന്തോ ഒന്ന്. അത് എങ്ങനെ വായിച്ചു എന്ന് ചോദിച്ചാല്‍ എനിക്ക് പറയാന്‍ പറ്റില്ല. ആ ഒരു യോഗം ആണ് സംഗീതം.

? പണ്ടാണോ ഇപ്പഴാണോ കച്ചേരി വായിച്ചാല്‍ നിറവ്

പണ്ട് ഞാന്‍ കച്ചേരി അറിഞ്ഞ് ചെയ്തില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് നന്നായി. എല്ലാവരും നന്നായി എന്ന് പറഞ്ഞാല്‍, അവരുടെ ആസ്വാദനത്തിന് നന്നായി എന്നേ ഉള്ളൂ. നന്നായി വായിച്ചിട്ടുണ്ടാവുകയും ചെയ്യും.പക്ഷേ പോരാ എന്ന് എനിക്ക് തോന്നും.


സംഗീതത്തിന് ഭക്തി ആവശ്യമാണോ? 'സംഗീത ജ്ഞാനമു ഭക്തിവിനാ' എന്നുണ്ടല്ലോ.

അതെ. സംഗീതത്തിന് ഭക്തി വളരെ പ്രധാനമാണ്. പിന്നെ ദൈവത്തെ പെട്ടെന്ന് കാണാം. സാഹിത്യം അറിഞ്ഞ് പാടണം, വായിക്കണം.

ആ സാഹിത്യം തന്നെ വായിച്ചു കൊണ്ടിരിക്കണം എന്നല്ല. സാഹിത്യത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അറിയണം. സാരാംശം അറിയണം.

? സാഹിത്യത്തിന്റെ ഉള്ള് പ്രകാശിപ്പിക്കണം അല്ലേ

അതെ. അത് പ്രകാശിപ്പിക്കണം. സാഹിത്യം ഓര്‍മയിരിക്കണം. എങ്കില്‍ പാടിക്കൊണ്ടേയിരിക്കണം, വായിച്ചു കൊണ്ടേയിരിക്കണം. പാടുമ്പോള്‍ നമ്മളെ മറന്ന് പാടണം. പഴയ വിദാങ്കള്‍ക്ക് മറ്റൊന്നും അറിയില്ല. അവർക്ക് മ്യൂസിക് മാത്രമേ അറിയൂ . പാടാൻ പറഞ്ഞാൽ അവർ അപ്പോൾ റെഡി ആവും. രണ്ടു തംബുരു ഒക്കെ ഇട്ട് ശ്രുതി ശരിയാവുമ്പോ അത് കേട്ട് തന്നെ ആനന്ദത്തിൽ ലയിച്ച് അങ്ങനെ ഇരിക്കും.

ഇപ്പോ അതൊന്നും ഇല്ല.

? കംപ്യൂട്ടറിൽ ശ്രുതി ശരിയാക്കാം അല്ലേ.

അന്ന് എഴുതി പഠിക്കൽ, ബുക്ക് ഇല്ല എന്ന് പറഞ്ഞു കൂടാ, പക്ഷേ ഞാൻ കേട്ട് കേട്ടാണ് അത് സ്വന്തമാക്കുക . ഇന്ന് റ്റി വിയിലും മറ്റും കാണാം; പുസ്തകം, ഡയറി, പിന്നെ എന്തൊക്കെയോ സ്റ്റേജിൽ കാണാം. അത് തപ്പി നോക്കുമ്പോ പാട്ടിന്റെ ലയം മുറിഞ്ഞു പോകും. Meditative mood തകരും.

നമുക്ക് ഒരു ഫീലിംഗ് കിട്ടണം, എന്താണ് മനസ്സിന് വേണ്ടത് അത് വേണം. ശ്രുതി ചേരണം എന്ന ഒരു ഐറ്റം തന്നെ ഇപ്പോ ഇല്ല. എല്ലാം ഫാക്ടറി നടക്കുന്ന പോലെയാണ് നടക്കുന്നത്. അതുപോലെ തംബുരു ശ്രുതി ചേർക്കാൻ അറിയില്ല.

സ്വാനുഭവം പോയാൽ പിന്നെ ഒന്നുമില്ല. ഇപ്പോൾ സ്വാനുഭവം ഒന്നും ഇല്ല, അത് വേദനാജനകമാണ്.

പിന്നെ അവർ (പുതിയ കലാകാരർ) സ്വന്തം സംഗീതമാണ് ആസ്വദിക്കുക. എനിക്ക് എന്റെ വായന വീണ്ടും കേൾക്കാൻ ആഗ്രഹമില്ല, ഞാൻ കാത് കൊടുക്കില്ല. ഞാൻ ആ വഴിക്ക് തിരിഞ്ഞു നോക്കില്ല. വലുതായിട്ടും അച്ഛൻ സദസ്സില് ഉണ്ടെങ്കിൽ എനിക്ക് പേടിയാവുമായിരുന്നു. വേറെ ഒരു അവസരത്തിൽ ആവും പറയുക, "ഞാൻ അന്ന് ഇവടത്തെ നിന്റെ കച്ചേരി കേട്ടു... അവിടെ ശരിയായില്ല, ഒന്നു കൂടി നന്നാക്കാമായിരുന്നു, നീ ഇങ്ങനെ ആണ് അത് വായിച്ചത്... അതല്ലായിരുന്നു അതിന്റെ ഫോം" എന്നൊക്കെ.

എന്റെ അരങ്ങേറ്റത്തിന് ഒന്നും മൈക്ക് ഇല്ലായിരുന്നു. പഴയ വിദ്വാങ്കൾക്ക് മൈക്ക് ഒന്നും അറിഞ്ഞു കൂടാ. ഇന്ന് പക്ഷേ അതും അറിയണം. അതും നല്ല പോലെ മനസ്സിലാക്കണം.

? ഹിന്ദുസ്ഥാനി സംഗീതം

ഹിന്ദുസ്ഥാനി സംഗീതം ഇതേപോലെ തന്നെ ഒരു സംഗീതശാഖ. പക്ഷേ കർണാടകസംഗീതത്തിൽ ഉള്ള ഒരു ഡിസിപ്ലിൻ ഇല്ല. നമുക്ക് രാഗങ്ങൾക്ക് കൃത്യമായ ആരോഹണ അവരോഹണം ഉണ്ട്. അതിൽ കുറച്ചു പോലും മാറാൻ പാടില്ല. ഹിന്ദുസ്ഥാനി സംഗീതക്കാർക്ക് കുറേക്കൂടി ലിബറൽ ആണ്, സ്വാതന്ത്ര്യമുണ്ട്. പണ്ട് ഹിന്ദുസ്ഥാനി വിദ്വാന്മാർ നിറയെയുണ്ട്... ഗ്രേറ്റ് ആർട്ട് പക്ഷേ ഇപ്പോൾ നമ്മെ പോലെ തന്നെയാണ്.

? ചെറുപ്പക്കാരുടെ കച്ചേരികൾ കേൾക്കാറുണ്ടോ.

ഉവ്വ് . നിറയെ. നല്ല പോലെ പാടുന്നവർ, വയലിൻ വായിക്കുന്നവർ ഒക്കെ ധാരാളം ഉണ്ട്. അവർക്ക് പലർക്കും പഴയ വിദ്വാങ്കളോട് വലിയ ഭക്തി ഇല്ല, അത് കേൾക്കുകയും ഇല്ല. ഇപ്പോ പഴയ പാട്ടുകാരുടെ റിക്കോര്‍ഡിംഗ്സ് കേൾക്കാൻ ,സ്വന്തം സംഗീതവുമായി തട്ടിച്ചു നോക്കാൻ സൗകര്യങ്ങൾ ഉണ്ട്. പക്ഷേ ചെയ്യുന്നില്ല.

സംഗീതം മാത്രമല്ല ഏത് വിഷയമായാലും അങ്ങനെയായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ക്വാണ്ടിറ്റി കൂടി.

? അപ്പോള്‍ ക്വാളിറ്റി കുറഞ്ഞോ

അങ്ങനെ ഞാന്‍ പറയാന്‍ പാടില്ല. പക്ഷേ പോര. എല്ലാം ചെപ്പടി വിദ്യയായിരിക്കും. പണ്ടത്തെ മ്യുസിഷ്യൻമാർക്ക് അത്, മ്യൂസിക്, മാത്രേ അറിയൂ. ഇപ്പോ അങ്ങനെ അല്ല ,അവർ well educated ആണ്. സംഗീതം സൈഡ് ബൈ സൈഡ് ആണ്. അവരവരുടെ അവസ്ഥ പോലെ ലക്ഷങ്ങൾ വാങ്ങിക്കും. ഇതിനൊക്കെ നന്ദി പറയേണ്ടത് ആകാശവാണിയോടാണ്. All India Radio ആണ് കർണ്ണാട്ടിക്ക് സംഗീതം ജനങ്ങൾക്കിടയിൽ എത്തിച്ചത്, പോപ്പുലർ ആക്കിയത്.

എനിക്ക് ആകാശവാണിയുമായി ഉള്ള ബന്ധം കുട്ടിക്കാലത്ത് മുതൽ ഉണ്ട്. ആദ്യം വായിച്ചത്1938-ലാണ്. അപ്പോൾ തൊട്ട് എനിക്ക് റേഡിയോയുമായി നല്ല ബന്ധമുണ്ട്. അന്ന് മദിരാശിയിലും തൃശ്ശിനാപ്പിള്ളിയിലും മാത്രമേ റേഡിയോ സ്റ്റേഷൻ ഉള്ളൂ. ഞാനും അച്ഛനും കൂടി എറണാകുളത്ത് നിന്നു തീവണ്ടി കേറി തൃശ്ശിനാപ്പിള്ളി പോയത് ഓർക്കുന്നു. അച്ഛനും വായിക്കും. അപ്പോ, 1938-ൽ റേഡിയോയിൽ ആദ്യമായി വായിച്ചിരിക്കുന്നു.

? അന്ന് പ്രതിഫലം കിട്ടിയോ. കോൺട്രാക്റ്റ് ഉണ്ടായിരുന്നോ.

(കമലാ കൃഷ്ണൻ, അദ്ദേഹത്തിന്റെ ഭാര്യ ചിരിച്ചു കൊണ്ട് പറയുന്നു. അതിന്റെ കോപ്പി ഇപ്പോഴും കയ്യിൽ ഉണ്ട് എന്ന്. അതേ ഇന്നും സൂക്ഷിച്ചിട്ടുണ്ട് എന്ന് സാറും)

അന്നത്തെ ഡയറക്ടർ വളരെ ഫേമസ് ആയിരുന്നു. ഒരു ചിട്ടി ശാസ്ത്രി. പോപ്പുലർ ഡയറക്ടറായിരുന്നു; വെരി സ്ട്രിക്റ്റ് മാൻ.

കോൺട്രാക്ടിൽ മാസ്റ്റർ കൃഷ്ണൻ എന്നാണ് വെച്ചിരുന്നത് അന്നു തൊട്ട്.

വായിച്ചു വായിച്ച് ഇപ്പോൾ ഞാൻ നാഷണൽ ആർട്ടിസ്റ്റ് ഓഫ് പ്രസാർഭാരതി ആയി. - എ ടോപ്പ്- എന്ന് പറയും അതിൽ എല്ലാം മേലെയാണ് എന്റെ സ്റ്റാറ്റസ്.

പഴയ കാലത്ത്, രാത്രി 7 to 9.20 ആണ് മെയിൻ കണ്‍സേര്‍ട്ട്. ചെമ്പൈ, അരിയക്കുടി, പാലക്കാട് രാമ ഭഗവതർ, ടൈഗർ വരദാചാരി, കാരക്കുടി സാംബശിവയ്യർ, ശെമ്മാങ്കുടി, ഫ്ലൂട് മഹാലിംഗം ഇവര് ഒക്കെ ആ സമയത്ത് റേഡിയോവിൽ വരും. അതായത് ഇതെല്ലാം കുട്ടിക്കാലത്ത് റേഡിയോവഴി ആണ് ഞാൻ കേട്ടത്. അന്നു നമ്മുടെ വീട്ടിൽ റേഡിയോ പോയിട്ട് ഇലക്ട്രിസിറ്റി തന്നെ ഇല്ല. എറണാകുളത്ത് ഒരു അഞ്ചാറ് വീട്ടിലേ റേഡിയോയും ഇലക്ട്രിസിറ്റിയും ഒക്കെ കാണൂ. അവിടെ ഞങ്ങൾ , ഞാനും അച്ഛനും പോകും; അല്ലെങ്കിൽ എറണാകുളം ഇർവിൻ പാർക്ക് എന്നുപറയുന്ന അവിടെ രാത്രി 9:00 വരെ പ്രക്ഷേപണം ചെയ്യുന്നത് കേൾപ്പിക്കുന്നുണ്ടാവും. അത് കേട്ടിട്ട് പിന്നെ വീട്ടിൽ വന്ന് വായിക്കാൻ പറയും.

പിന്നെ മദ്രാസിൽ പോയിട്ട് നിറയെ പക്കവാദ്യം വായിച്ചുതുടങ്ങി; പ്രശസ്തരുടെ കച്ചേരികൾക്ക് ഒക്കെ. ഞാനന്ന്, കുട്ടിക്കാലത്ത് റേഡിയോവിൽ കേൾക്കാൻ പോയ വലിയവർക്ക് ഒക്കെ പിന്നെ ഞാൻ വായിച്ചിട്ടുണ്ട്. ഒരു 1943 44 കാലത്തെല്ലാം.

അക്കാലത്തെ വലിയ പ്രതിഫലം റേഡിയോവിൽ 125 ഉറുപ്പിക ആയിരുന്നു. പക്കവാദ്യം വായിക്കുന്നവർക്ക് 25 ഉറുപ്പിക കുറയും; 100 കിട്ടും.

ഓൾ ഇന്ത്യ റേഡിയോ ശാസ്ത്രീയസംഗീതത്തിനു വേണ്ടി ചെയ്തത് വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റില്ല. അത്രയധികം സംഭാവനകൾ ചെയ്തിട്ടുണ്ട് അക്കാലത്ത്. സ്റ്റേഷൻ ഡയറക്ടർ എന്ന പൊസിഷൻ ഒക്കെ ഒരു മിനിസ്റ്ററുടെ പോലെ അത്രയും പവർ ഉള്ളതായിരുന്നു. അപ്പോഴത്തെ ഡയറക്ടർമാർക്ക് എല്ലാം സംഗീതത്തെപ്പറ്റി അറിവുണ്ടായിരുന്നു. സംഗീത വിദ്വാൻകളെ അറിയാം; സംഗീത വിദ്വാന്മാരുടെ നേർക്ക് അവർക്ക് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. അപ്പോൾ നമ്മുടെ ഡേറ്റ് ചോദിച്ചിട്ടാണ് റെക്കോർഡിങ് തീരുമാനിക്കുന്നത് .1965 വരെ വളരെ വളരെ അടുപ്പത്തിലായിരുന്നു. പിന്നെ നമുക്കും വലിയ തിരക്ക് ആയി. പക്ഷേ എപ്പോഴും ആകാശവാണിയിൽ കച്ചേരികൾ വായിച്ചുകൊണ്ടിരുന്നു. ഇപ്പോ ഫണ്ട് ഒക്കെ കുറവാണെങ്കിലും ആകാശവാണി പോലെ മറ്റൊന്നും കർണാറ്റിക് സംഗീതത്തെ പ്രോൽസാഹിപ്പിക്കുന്നില്ല.


? പൂര്‍വികരില്‍ അച്ഛനെയല്ലാതെ, ഭക്തിയോടെ ഓര്‍ക്കുന്നവര്‍..

ഒരുപാട് ഉണ്ട്. തമിഴ്‌നാട്ടിലെ കാവേരിത്തണ്ണി, ഇവിടെ ഭാരതപ്പുഴയിലെ വെള്ളം എന്ന ഭേദമേ ഉള്ളൂ.

ഇവിടെ ദേശമംഗലം സുബ്രഹ്മണ്യ ശാസ്ത്രികള്‍, തൊണ്ടികുളം അനന്തരാമ ഭാഗവതര്‍, മുണ്ടായ രാമഭാഗവതര്‍, എണ്ണപ്പാടം വെങ്കട്ടരാമ ഭാഗവതര്‍ തുടങ്ങി ഇപ്പോൾ അത്ര പ്രശസ്തരല്ലാത്ത ഒരുപാട് പ്രഗത്ഭര്‍ ഉണ്ട്. പിന്നെ ചെമ്പൈ, എം.ഡി രാമനാഥൻ ഒക്കെ മലയാളികൾ അല്ലേ. ഇപ്പോൾ ആണെങ്കിലും ഒരുപാട് പേരുണ്ട്; ചെറുപ്പക്കാർ അടക്കം.

? മുണ്ടായ രാമഭാഗവതർ കഥകളി ഗായകൻ വെങ്കിടകൃഷ്ണ ഭാഗവതരുടെ സഹോദരൻ ആണല്ലോ.

മുണ്ടായ രാമഭാഗവതരെ എനിക്കറിയാം; കൊച്ചിലേ മുതൽ വായിച്ചിട്ടുണ്ട്. ആദ്യമായിട്ട് ബാംഗ്ലൂരിലാണ് അദ്ദേഹത്തിന്റെ ഒരു കച്ചേരി കേൾക്കുന്നത്. അന്ന് അദ്ദേഹം ഒരു പാട്ട് പാടി; നാ ജീവധാര. ബിലഹരിയിൽ . അതെനിക്ക് പഠിക്കണമെന്ന് ഉണ്ടായിരുന്നു. നെക്സ്റ്റ് ഡേ ഞങ്ങളെല്ലാം ബാംഗ്ലൂരിലായിരുന്നു. പിറ്റേദിവസമേ അവിടുന്ന് പോകുന്നുള്ളൂ. നാ ജീവധാര പഠിക്കണം എന്ന് പറഞ്ഞ ഉടനെ അദ്ദേഹം പറഞ്ഞു.

"ഫിഡിൽ കൊണ്ടുവരൂ" എന്നിട്ട് അദ്ദേഹം ഇരുന്ന് പാടി, ഞാൻ ഇരുന്ന് വായിച്ചു. അദ്ദേഹം പോകുന്നതിനു മുമ്പ് തന്നെ ഞാൻ അത് മന:പാഠമാക്കി.

കഥകളി സംഗീതം എന്നു പറയുമ്പോ വളരെ ഇഷ്ടം. കലാമണ്ഡലത്തിൽ ഒക്കെ പോയിട്ടുണ്ട്. ആ രാഗങ്ങളിൽ എല്ലാം അതേ ഉരുപ്പടികൾ ഒക്കെ വായിക്കാൻ എനിക്ക് അറിയാം, അത് എന്റെ കയ്യിൽ ഉണ്ട്. ആ സംഗതികളെല്ലാം എനിക്ക് കിട്ടും. ദ്വിജാവന്തി, ഷഹാന, കേദാരഗൗള ഇതെല്ലാം ഇതെല്ലാം കേൾക്കുമ്പോൾ അതുപോലെ പാടണം എന്ന് തോന്നും.

*****

മുഖാമുഖം ഇങ്ങനെ സംഗ്രഹിക്കാം.അന്ന് അദ്ദേഹത്തിൽ ഞാൻ കണ്ടെത്തിയത് വെളിച്ചമുള്ള ഒരു മനസ്സിന്റെ ഉടമയെയാണ്. കല എന്താവണം, എന്താണ് എന്ന് ഉറപ്പുള്ള ഒരാൾ. ഫാക്ടറിയിലെ ഉത്പ്പന്നങ്ങൾ പോലാവരുത്, വ്യക്തിപരവും വെവ്വേറെയും ആകണം ഓരോ കലാൾ സമർപ്പിക്കുന്ന കലയും.

ലയിച്ചു സ്വയം ആനന്ദിച്ച് അവതരിപ്പിച്ചാലെ ആസ്വാദകർക്കും അത് ലഭിക്കൂ. നമുക്ക് മുൻപ് പോയവരുടെ കല അറിയണം, വിലയിരുത്തണം, ലയിപ്പിക്കണം. എന്നിട്ട് പുതിയ ഒരു മിന്നലാട്ടം ഉണ്ടാക്കണം. പിന്നെ ശാന്തയാമുലേകാ എന്ന, സംഗീതജ്ഞാനമു ഭക്തിവിനാ എന്ന ത്യാഗരാജകൃതികളുടെ എല്ലാം ഉൾക്കാമ്പു പോലെ അദ്ദേഹം കലയിൽ ആവാൻ ആഗ്രഹിക്കുന്നു. എത്ര വലിയ വൈദികനാവട്ടെ, വേദാന്തി ആവട്ടെ, മുനി ആകട്ടെ മനസ്സിന് ശാന്തത ഇല്ലെങ്കിൽ സൌഖ്യം ഇല്ല. ഭാര്യയും മക്കളും പ്രശസ്തിയും ധനധാന്യങ്ങളും ഉണ്ടെങ്കിലും പ്രകൃഷ്ട ഭക്തനാണെങ്കിലും ശാന്തത ഇല്ലെങ്കിൽ സൌഖ്യംഇല്ല. ഈ ശാന്തതയാണ് കലയുടെ ആത്യന്തിക ഫലവും വഴിയും എന്ന് ചിന്തിച്ച അദ്ദേഹത്തെയാണ് ഞാൻ മനസ്സിലാക്കി എടുത്തത്.

പല വലിയവരും നമ്മളോട് സംസാരിക്കുമ്പോൾ നമുക്ക് അൽപത്തം മറ നീക്കി പുറത്തു ചാടുന്ന അനുഭവം ഉണ്ടാകും. ഇവിടെ അങ്ങനെ ഇല്ലാത്തതിൽ എനിക്ക് ആനന്ദമുണ്ട്. എന്റെ അച്ഛൻ ജനിച്ചതും 1928 ലാണ്. ഒരു നല്ല കലാസ്വാദകനായ അച്ഛനും കലയെ പറ്റി ഇതേ അഭിപ്രായമുള്ള ആൾ ആയിരുന്നു.

ഇത് ഒരു കാലഘട്ടത്തിന്റെ ചിന്തയോ അനശ്വരമായ കലാരഹസ്യമോ... ആർക്കറിയാം.

(ചിത്രങ്ങള്‍: ഹരിശങ്കര്‍ കെ.ഡി)


വി.എം ഗിരിജ

വി.എം ഗിരിജ

കവി, ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സര്‍

Next Story

Related Stories