ഞാന്‍ കെ പ്രഭാകരനെ ആദ്യമായി കാണുന്നത് ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്സ് ആന്റ് സ്ക്കള്പ്റ്റേഴ്സിന്റെ കോഴിക്കോട് പ്രദര്‍ശനത്തില്‍ വച്ചാണ്. അന്ന് യൂനിവേഴ്സല്‍ ആര്‍ട്ട് സ്ക്കൂളില്‍ പഠിക്കുകയാണ് ഞാന്‍. റാഡിക്കല്‍ ഗ്രൂപ്പിന്റെ ഒന്നാമനായിരുന്ന ശില്‍പ്പി കൃഷ്ണകുമാറാണ് ഞങ്ങള്‍ക്ക് പ്രഭാകരനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും കാണിച്ചുതരുന്നത്. കൃഷ്ണകുമാര്‍ പറഞ്ഞത് 'ഇതാ നിങ്ങളുടെ നാട്ടുകാരന്, ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരില് ഒരാള്‍.
എന്റെ വീട്ടില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മാത്രമേ പ്രഭാകരേട്ടന്റെ വീട്ടിലേക്കുള്ളു. പ്രശസ്തമായ കണ്ണാടിക്കല്‍ ചന്ത നടക്കുന്ന സ്ഥലം. ചന്തയിലൂടെ മകന് കബീറിനെയുമെടുത്ത് നടക്കുന്ന പ്രഭാകരേട്ടനെ എനിക്കോര്‍മ്മയുണ്ട്. അന്ന് പക്ഷെ അത്ര അടുപ്പമില്ലായിരുന്നു.
ഞാന്‍ തൃശൂര്‍ ഫൈനാട്സ് കോളേജില്‍ ചേര്‍ന്നു. അവിടെ ഒരു പെയിന്റിങ്ങ് വര്‍ഷോപ്പിന് പ്രഭാകരേട്ടന് വന്നു. കലാ ചര്‍ച്ചയും ,മദ്യപാനവും മറ്റുമായി മറക്കാനാവാത്ത ചില ദിവസങ്ങള്‍, ടി പി പ്രേംജിയും, ആന്റോയും, സുനില്‍ കാലടിയും പ്രഭാകരേട്ടനും ഞാനും കൂടി വലപ്പാട് ചില സുഹൃത്തുക്കളെ കാണാനായി പോയതും രസകരമായ പല സംഭവങ്ങള്‍ അവിടെ വെച്ചുണ്ടായതും ഓര്‍മ്മിക്കുന്നു.
പറമ്പില്‍ ബസാറില്‍ യുവജന പറമ്പില്‍ സംഘടിപ്പിച്ച ഒരു ചിത്രപ്രദര്‍ശനത്തില്‍ പ്രഭാകരന് ,സുനില്‍ അശോകപുരം എന്നിവരോടൊപ്പം എന്റെയും ചിത്രങ്ങളുണ്ടായിരുന്നു. അന്ന് പ്രഭാകരേട്ടന് വളരെ താല്പര്യത്തോടെ എന്റെ ചിത്രങ്ങളെക്കുറിച്ച് സംസാരിച്ചു .അത് എനിക്ക് കുറച്ചൊന്നുമല്ല ആത്മവിശ്വാസമുണ്ടാക്കി തന്നത് ,കാരണം വളരെ വിമര്‍ശനാത്മകമായാണ് അദ്ദേഹം ചിത്രങ്ങളെ സമീപിക്കാറ് .
പിന്നീട് ഇതുവരെ 30 വര്‍ഷത്തോളം ഞാന്‍ കണ്ടിരുന്ന ചിത്രകാരന് ,ഗുരുസ്ഥാനിയനാണ് കെ .പ്രഭാകരന്.
ഏത് വിഷമാവസ്ഥയിലും നര്‍മ്മബോധത്തോടെ സംസാരിക്കുന്ന ഒരാള്‍. നിര്‍ദാഷിണ്യമായ വിമര്‍ശനങ്ങള്‍ കൊണ്ട് കീറി മുറിക്കുന്ന ഒരാള്‍ ,ആര്‍ദ്രമായി പാട്ടു പാടുന്ന ഒരു കാല്പനികന്, രുചിയുള്ള ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍, എസ് .കെ പൊറ്റെക്കാട്ടിനെപ്പോലെ നാട്ടിലെ കുഞ്ഞു കഥകള്‍ വരെ ശേഖരിച്ച് രസകരമായി പറയുന്ന ഒരാള്‍.
അദ്ദേഹത്തിന് വീട്ടില്‍ ഞങ്ങള്‍ക്ക് എപ്പോഴും പ്രവേശനമുണ്ടായിരുന്നു .എല്ലായ്പ്പോഴും കട്ടന്‍ ചായ ,ഇടക്ക് ഊണ്, ചരിത്രം ,രാഷ്ട്രീയം ,ചിത്രകല ,സാഹിത്യം ,സിനിമ എന്തിനെക്കുറിച്ചും മണിക്കൂറുകളോളം സംസാരിക്കാന്‍ കഴിയുമായിരുന്നു പ്രഭാകരേട്ടന് .

വായനയുടെ കാര്യത്തില്‍ ഒരത്ഭുതമായിരുന്നു അദ്ദേഹം .വായിച്ച പുതിയ പുസതകങ്ങളെക്കുറിച്ച് പറയുമ്പോള്‍ ചിരിച്ചു കൊണ്ട് ബാക്കി അദ്ദേഹം പറയും. എങ്ങിനെയെങ്കിലും സംഘടിപ്പിച്ച് വായിച്ചിരിക്കും. മത്സ്യം പൊതിഞ്ഞു വരുന്ന പേപ്പര്‍ പോലും വളരെ താല്പര്യത്തോടെ വായിക്കുന്നതു കാണാം.
പലപ്പോഴും അദ്ദേഹത്തിന്റെ അറിവിന്റെ ആഴം അറിയാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ഇന്ത്യ പാക്ക് വിഭജനകാലം,അതിന്റെ രാഷ്ട്രീയ പരിസരം ,അന്നത്തെ കല, കലാകാരന്മാര്, നാടകം തുടങ്ങി പല വിഷയങ്ങളും അദ്ദേഹം ദീര്‍ഘമായി സംസാരിക്കുന്നത് വിസ്മയത്തോടെ ഞാന്‍ കേട്ടിട്ടുണ്ട്. പലപ്പോഴും പുതിയ ഇറാനിയന്‍ സിനിമകള്‍ കണ്ട വിശേഷം പറയാന്‍ ചെല്ലുമ്പോള്‍ അതെല്ലാം പ്രഭാകരേട്ടന് കണ്ടതായിരിക്കും ,മാത്രമല്ല അതിലെ ഓരോ രംഗവും അദ്ദേഹത്തിന് ഓര്മ്മയുമുണ്ടാകും. ഒരു നാട്ടില്‍ പുറത്തു കാരന്റെ ജീവിത ശൈലിയും ലാളിത്യവും പ്രഭാകരന് സൂക്ഷിച്ചിരുന്നു അതേസമയം സൂഫിയും ,സെന്‍ ഗുരുവും എല്ലാം മിന്നി മറിഞ്ഞു. പല വിരുദ്ധ സ്വഭാവങ്ങള്‍. ഇന്ത്യന്‍ ചിത്രകലയില്‍ കെ.പ്രഭാകരനുള്ള സ്ഥാനം വളരെ വലുതാണ് .ഭൂപന്ഖാക്കറിനെപ്പോലെ വളരെ സ്വാഭാവികമായ ഒരു മാസ്റ്റര്‍ പെയിന്റര്‍.
നിത്യജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളെ ചിത്രകലയിലേക്ക് കൊണ്ട് വന്ന അപൂര്‍വ്വമായ ഒരു കലാകാരന്, ഒരു പൂര്‍ണ്ണ ചിത്രകാരന് .ഒരു കാലഘട്ടത്തിനെ ,യുവ കലാകാരന്മാരെ ഏററവും കൂടുതല്‍ സ്വാധീനിച്ച ചിത്രകാരനാണ് കെ.പ്രഭാകരന്.
ചിത്രങ്ങള്‍-സതി ആര് വി, അബ്ദുള്‍ കമല്‍ ആസാദ്