TopTop

അപരിചിതരായ തടവുപുള്ളികളുടെ ഹൃദ്യമായ സ്നേഹം; മതതീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട അദ്ധ്യാപകന്‍ ടി.ജെ ജോസഫിന്റെ ജയിലനുഭവങ്ങള്‍-ആത്മകഥയില്‍നിന്നൊരു ഭാഗം

അപരിചിതരായ തടവുപുള്ളികളുടെ ഹൃദ്യമായ സ്നേഹം;  മതതീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട അദ്ധ്യാപകന്‍ ടി.ജെ ജോസഫിന്റെ ജയിലനുഭവങ്ങള്‍-ആത്മകഥയില്‍നിന്നൊരു ഭാഗം

മതതീവ്രവാദികളുടെ ആക്രമണത്തില്‍ വലതു കൈപ്പത്തി നഷ്ടപ്പെട്ട പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാവുന്നു.

2010 ജൂലൈ നാലിനാണ് മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ ടി.ജെ ജോസഫിന്റെ വലതുകൈ അറ്റത്. കേരളത്തില്‍ ഒരുവ്യക്തിക്കുനേരേ നടന്ന സമാനതകളില്ലാത്ത തീവ്രവാദ ആക്രമണമെന്നായിരുന്നു ആ സംഭവം വിലയിരുത്തപ്പെട്ടത്.

തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകനായിരുന്ന പ്രഫ. ജോസഫ് പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കും വിധം ചോദ്യക്കടലാസ് തയാറാക്കി എന്നാരോപിച്ചായിരുന്നു ആക്രമണം. കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണല്‍ സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറാക്കിയ ചോദ്യാവലിയില്‍, ദൈവവുമായി മുഹമ്മദ് എന്ന കഥാപാത്രം നടത്തുന്ന സംഭാഷണമാണ് വിവാദമായത്.

അത് പ്രവാചകന്‍ മുഹമ്മദ് നബിയെ ഉദ്ദേശിച്ചാണെന്നാരോപിച്ച് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. ഏതുസാഹചര്യത്തിലാണ് വിവാദചോദ്യാവലി തയാറാക്കിയതെന്നു വിവരിച്ചുകൊണ്ടാണ് ആത്മകഥ തുടങ്ങുന്നത്. ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട, 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന പുസ്തകം നാല്‍പതോളം അധ്യായങ്ങളിലായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡി.സി.ബുക്സാണ് പ്രസാധകര്‍.

'അപരിചിതരായ ഈ തടവുപുള്ളികള്‍ക്ക് പിന്നെന്തേ ഇങ്ങനെ തോന്നാന്‍'; മതതീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട ടി.ജെ ജോസഫിന്റെ ആത്മകഥയില്‍നിന്നൊരു ഭാഗം.

പുതിയ സുഹൃത്തുക്കള്‍

ഞാന്‍ സെല്ലിന്റെ ഉള്ളില്‍ ആകപ്പാടെ ഒന്നു കണ്ണോടിച്ചു. വീട്ടിലെ എന്റെ കിടപ്പുമുറിയെക്കാള്‍ അല്പംകൂടി വലിപ്പമുണ്ട്. സിമന്റിട്ട തറയിലും പുല്പായയിലുമായി പതിനാലുപേരുണ്ട്. ചിലര്‍ ഇരിക്കുന്നു. ചിലര്‍ കിടക്കുന്നു. എന്നെ കണ്ടതോടെ കിടന്നവരും എണീറ്റിരുന്നു. വളരെക്കാല

ത്തിനുശേഷം തറവാട്ടിലേക്ക് തിരിച്ചെത്തിയവനെ എന്നപോലെ അവര്‍ കൗതുകത്തോടെ എന്നെ നോക്കി. ഉറ്റവരുടെ അടുത്തെത്തിയതു പോലെ പെട്ടെന്ന് എനിക്കും തോന്നി.

അവരിലൊരാള്‍ തന്റെ പുല്പായയില്‍ ഇടമുണ്ടാക്കി എന്നെ ഇരിക്കാന്‍ ക്ഷണിച്ചു. അവിടെ അവരോടൊപ്പം ചമ്രംപടിഞ്ഞ് ഇരുന്നുകഴിഞ്ഞപ്പോള്‍ ആശ്വാസവും മനസ്സിനൊരു ലാഘവത്വവും അനുഭവപ്പെട്ടു. എന്റെ മുഖത്തെ വരള്‍ച്ച കണ്ടിട്ടാവും അവരിലൊരാള്‍ ഞാന്‍ ചോദിക്കാതെ തന്നെ ഒരു സ്റ്റീല്‍ ഗ്ലാസ്സില്‍ എനിക്ക് കഞ്ഞിവെള്ളം തന്നു. ഞാനത് ഒറ്റവലിക്ക് കുടിച്ചു. വായില്‍ തടഞ്ഞ രണ്ടുമൂന്നു വറ്റും ചവച്ചിറക്കി.

''ഒരു ഗ്ലാസ്സുകൂടി കുടിച്ചോളു. ക്ഷീണമൊക്കെ മാറിക്കിട്ടട്ടെ.'' അയാള്‍ സ്റ്റീല്‍ മൊന്തയില്‍നിന്ന് കഞ്ഞിവെള്ളം വീണ്ടും ഒഴിച്ചുതന്നു. അതുകൂടി കുടിച്ചുകഴിഞ്ഞപ്പോള്‍ വാടിപ്പോയിരുന്ന എന്റെ ശരീരം ഒന്നു തണുത്തു തളിര്‍ക്കുന്നതുപോലെ അനുഭവപ്പെട്ടു.

ഇത്ര ഹൃദ്യമായി എന്റെ ദാഹമകറ്റാന്‍ ഇതിനുമുമ്പ് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഞാന്‍ ഓര്‍ത്തുനോക്കി. അമ്മ? ഭാര്യ? മറ്റാരെങ്കിലും? ഇല്ല. ഇത്രയും വരില്ല. അപരിചിതരായ ഈ തടവുപുള്ളികള്‍ക്ക് പിന്നെന്തേ ഇങ്ങനെ തോന്നാന്‍?

വയറുനിറയെ ഭക്ഷണം കഴിച്ച് വീട്ടില്‍നിന്ന് നേരേ ഇവിടേക്ക് യാതൊരുവിധ അല്ലലുമില്ലാതെ വന്നവരല്ല ഇവരാരും. പോലീസ് സ്റ്റേഷന്‍, ലോക്കപ്പ്, കോടതി എന്നിങ്ങനെ ദുര്‍ഘടസ്ഥാനങ്ങള്‍ പലതും താണ്ടിയാണ് ഏതൊരാളും ഇവിടെ എത്തിപ്പെടുന്നത്. അതിനാല്‍ ഇവിടേക്കു വരുന്ന വന്റെ ദൈന്യം എത്രമാത്രമാണെന്ന് ഇവര്‍ക്ക് ആരും പറയാതെതന്നെ അറിയാം.

''ഇവിടെ അത്താഴം വിളമ്പുന്നത് അഞ്ചു മണിക്കാണ്. അതു കഴിഞ്ഞു. ഇനി നാളെയേ ഭക്ഷണം കിട്ടത്തൊള്ളു.'' സെല്ലിലെ മൂപ്പന്‍ പറഞ്ഞു.

ഇരുമ്പഴിവാതിലിനോടു ചേര്‍ന്ന് ആവാസമുറപ്പിച്ചിരുന്ന ഇരുപത്തഞ്ചു വയസ്സുമാത്രം തോന്നിക്കുന്ന ചെറുപ്പക്കാരനാണ് ഞങ്ങളുടെ നാലാം നമ്പര്‍ സെല്ലിലെ മൂപ്പന്‍.

''പട്ടിണി കിടക്കണമല്ലോ എന്ന് വിചാരിക്കണ്ട,'' മൂപ്പന്‍ തുടര്‍ന്നു: ''ഞങ്ങളില്‍ മിക്കവരും എട്ടുമണിയോടെയാണ് കഴിക്കുന്നത്. വാങ്ങി വെച്ചിട്ടുണ്ട്. അതില്‍നിന്നു തരാം.''

ഞാന്‍ ഒന്നും മിണ്ടിയില്ല. മുറിയുടെ പലയിടത്തും മൂടിവെച്ചിരുന്ന സ്റ്റീല്‍ പ്ലെയിറ്റുകള്‍ ഞാന്‍ കണ്ടു. വാതിലിനരുകില്‍ രണ്ടാം സ്ഥാനക്കാരനായി ഇരുന്ന മുപ്പതുവയസ്സു തോന്നിക്കുന്ന ഒരു സുന്ദരന്‍ എണീറ്റുവന്ന് എന്റെ സമീപമിരുന്നു.

''തൊടുപുഴ കോളജിലെ പ്രൊഫസറല്ലേ?''

അയാള്‍ ചോദിച്ചു. ഞാന്‍ തലകുലുക്കി.

''രാവിലെ പത്രവാര്‍ത്ത കണ്ടപ്പോള്‍ ഇങ്ങോട്ടുതന്നെയാവും വരവെന്ന് ഊഹിച്ചു.'' അയാള്‍ പുഞ്ചിരിച്ചു.

അപ്പോള്‍ അയാളുടെ ഇരുകവിളുകളിലും നുണക്കുഴികള്‍ ഉണ്ടായി. പുരുഷന്മാരില്‍ നുണക്കുഴികള്‍ക്ക് ഇത്ര ഭംഗി ഞാന്‍ ആദ്യം കാണുക യാണ്.

''ഇവിടെയുള്ള മറ്റാളുകള്‍ക്ക് ഞാനാരാണെന്ന് മനസ്സിലായിക്കാണുമോ?'' അയാള്‍ മാത്രം കേള്‍ക്കെ ഞാന്‍ ചോദിച്ചു.

''ഓ, പത്രം വായിച്ചവര്‍ക്കൊക്കെ അറിയാം. എല്ലാ പത്രത്തിലും ഫോട്ടോ ഉണ്ടായിരുന്നു.''

നുണക്കുഴിയന്‍ വീണ്ടും പുഞ്ചരിച്ചു.

അപ്പോഴേക്കും ഇലക്ട്രിക്ബെല്ലിന്റെ ശബ്ദം സെല്ലിലാകെ മുഴങ്ങി.

''ഫയല്‍ എടുക്കാന്‍ സമയമായി. അതിനുള്ള ബെല്ലാണത്.'' നുണ ക്കുഴിയന്‍ പറഞ്ഞു.

''ഫയലോ? അതെന്താണ്?'' ഞാന്‍ ചോദിച്ചു.

''നിങ്ങള്‍ സ്‌കൂളിലും കോളജിലും സ്റ്റുഡന്‍സിന്റെ ഹാജരെടുക്കില്ലേ. അതുതന്നെ സംഭവം. ഇവിടെ അതിനു 'ഫയല്‍' എന്നാണു പറയുക.'' നുണക്കുഴിയന്‍ വിശദീകരിച്ചു.

ഞങ്ങളുടെ സെല്ലിന്റെ വലതുഭാഗത്താണ് ഇരുമ്പഴിവാതില്‍. അതിനു മുമ്പില്‍ മുഖത്തോടുമുഖം തിരിഞ്ഞ് രണ്ടുവരിയായി ഞങ്ങള്‍ നില ത്തിരുന്നു. ഒരു റൈറ്റിങ് പാഡില്‍ ക്ലിപ്പു ചെയ്തുവെച്ചിരുന്ന ലിസ്റ്റുമായി ഒരു വാര്‍ഡന്‍ വാതിലിനുനേരേ വെളിയില്‍ വന്നുനിന്നു. അയാള്‍ക്കു പുറകിലായി മറ്റൊരു വാര്‍ഡനുമുണ്ട്. അവിടെ നിന്നാല്‍ ഇരുവശങ്ങളിലായി ഇരിക്കുന്ന ഞങ്ങളെല്ലാവരെയും നന്നായി കാണാം.

ആംഗ്യഭാഷയിലുള്ള വാര്‍ഡന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വാതിലിനടുത്തുനിന്ന് തുടങ്ങിയ 'ഒന്ന്...രണ്ട്...' എതിര്‍വശത്ത് വാതിലിനടുത്ത് 'പതിനഞ്ച് ' എന്ന് അവസാനിച്ചു. അതിനിടയില്‍ എന്റെ ഊഴമെത്തിയപ്പോള്‍ ഞാനും ഒരു നമ്പര്‍ പറഞ്ഞ് എന്റെ അഡ്മിഷനുശേഷമുള്ള ആദ്യത്തെ 'ഫയലി'ല്‍ ഭാഗഭാക്കായി. രണ്ടാമത്തെ വാര്‍ഡന്‍ സെല്ലിനു പുറത്തുള്ള ചെറുബോര്‍ഡില്‍ '14' എന്ന അക്കം മായിച്ചെഴുതിയത് '15' എന്നായിരിക്കു മെന്ന് ഞാന്‍ ഊഹിച്ചു.

''സാറേ...സാറേ...'' മൂപ്പന്റെ വിളികേട്ട് ഫയല്‍ കഴിഞ്ഞ് മടങ്ങാന്‍ ഭാവിച്ച വാര്‍ഡന്‍മാര്‍ തിരിഞ്ഞുനിന്നു

''സാറേ, പുതിയ അഡ്മിഷനുണ്ട്. പായും കഞ്ഞിപ്പാത്രവും കിട്ടിയിട്ടില്ല.'' മൂപ്പന്‍ പറഞ്ഞു.

''സ്റ്റോറില്‍ പായും പാത്രവുമൊന്നും സ്റ്റോക്കില്ല. ഉള്ളതുകൊണ്ടൊക്കെ അഡ്ജസ്റ്റ് ചെയ്യടേ...'' വാര്‍ഡന്‍മാരിലൊരാള്‍ ഉദാസീനമട്ടില്‍ പറഞ്ഞു.

''പാത്രമില്ലെങ്കിലും വേണ്ടില്ല സാറെ... പായ് കിട്ടിയില്ലെങ്കി ഒരു രക്ഷയുമില്ല. എത്ര അഡ്ജസ്റ്റു ചെയ്താലും പറ്റില്ല സാറെ...'' മൂപ്പന്‍ വീണ്ടും പറഞ്ഞു നോക്കി.

''ഇന്നിപ്പോ ഒള്ളതുകൊണ്ടൊക്കെ അഡ്ജസ്റ്റ് ചെയ്യ്... നാളെയോ മറ്റോ നോക്കാം..''

അതും പറഞ്ഞ് വാര്‍ഡര്‍മാര്‍ അടുത്ത സെല്ലിലേക്കു നീങ്ങി.

പായും പാത്രവും എനിക്കുവേണ്ടിയാണ് ആവശ്യപ്പെട്ടതെങ്കിലും അവ നിരസിക്കപ്പെട്ടതില്‍ എനിക്കൊരു വിഷമവും തോന്നിയില്ല.

''അവര്‍ മനഃപൂര്‍വ്വം തരാത്തതാണ്. സാറിനോട് എന്തോ ഇഷ്ടക്കേട് അവര്‍ക്കുണ്ടെന്നു തോന്നുന്നു.''

നുണക്കുഴിയന്‍ പറഞ്ഞു.

''ഇന്നല്ലെങ്കില്‍ നാളെ പായയൊക്കെ വാങ്ങിക്കാം.'' മൂപ്പന്‍ പറഞ്ഞു: ''സാറിനിപ്പോ ഏറ്റവും ആവശ്യം മാറാനൊരു കൈലിയാണ്.''

''ഇന്നു ഞാന്‍ പാന്റ്സ് തന്നെ ഇട്ടോളാം. വീട്ടില്‍നിന്ന് മുണ്ടുകൊണ്ടു വരാനുള്ള വഴി നാളെ എങ്ങനെയെങ്കിലും ആലോചിക്കാം.'' ഞാന്‍ പറഞ്ഞു.

''ഒരു ദിവസത്തേക്കായാലും മുണ്ടുവേണം. കാരണം, ടോയ്ലറ്റിന് ഹാഫ് ഡോറേ ഉള്ളൂ. ഒന്നിനായാലും രണ്ടിനായാലും ഇരുന്നുവേണം കാര്യം സാധിക്കാന്‍. പാന്റ്സിട്ടോണ്ട് അതൊക്കെ വിഷമമാ...''

മൂപ്പന്‍ തുടര്‍ന്നു പറഞ്ഞു.

''സുമേഷേ... നീയൊരു മുണ്ടുകൊടുക്ക്.''

കറുത്ത നിറമുള്ളവനും മുഖത്ത് രോമം കിളുര്‍ത്തിട്ടില്ലെങ്കിലും ഏകദേശം മുപ്പതുവയസ്സു തോന്നിക്കുന്നവനുമാണ് സുമേഷ്. എതിര്‍പ്പു പറഞ്ഞില്ലെങ്കിലും മുണ്ടു തരുന്നതിലുള്ള താത്പര്യക്കുറവ് അയാളുടെ മുഖത്ത് പ്രകടമായിരുന്നു. മനസ്സില്ലാമനസ്സോടെ തന്റെ ഭാണ്ഡമഴിച്ച് നിറം മങ്ങിയ ഒരു കള്ളിമുണ്ട് അയാള്‍ എനിക്കു തന്നു.

ഇരുമ്പഴി വാതിലിനു നേരേയാണ് ടോയ്ലറ്റ്. ഞാന്‍ പോയിനോക്കി. ടൈല്‍ പതിച്ചതാണ്. വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ടോയ്ലറ്റിനു പുറത്തു അതായത് സെല്ലില്‍ത്തന്നെ ഒരു ടാപ്പുണ്ട്. അതിനോടുചേര്‍ന്ന് മലിനജലം പോകാനുള്ള ഒരു ഓവുണ്ട്.

ടാപ്പില്‍ ഒരു തോര്‍ത്ത് പൊതിഞ്ഞു തൂക്കിയിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യം പലതാണ്. കുടിക്കാനുള്ള വെള്ളവും അതില്‍നിന്നായതുകൊണ്ട് തോര്‍ത്തിലൂടെ അരിച്ചെടുക്കാന്‍ സാധിക്കുന്നു. രണ്ടാമതായി വെള്ളം തോര്‍ത്തിലൂടെ ഊര്‍ന്നിറങ്ങി വീഴുന്നതുകൊണ്ട് ശബ്ദമുണ്ടാകുന്നില്ല. വെള്ളം ടാപ്പില്‍നിന്നും വീഴുമ്പോള്‍ തെറിക്കാതിരിക്കാനും ഈ സംവി ധാനം സഹായിക്കുന്നു.

ടോയ്ലറ്റിന്റെ ഉപയോഗരീതി അവര്‍ എനിക്കു പറഞ്ഞുതന്നു. ടോയ് ലറ്റ് ഉപയോഗത്തിനായി അത്ര വലിപ്പമില്ലാത്ത ഒരു സ്റ്റീല്‍ കുടമാണുള്ളത്. ഒഴിക്കേണ്ട വെള്ളത്തിന്റെ കണക്കുവെച്ചിട്ടുണ്ട്. ഒന്നിനുപോയാല്‍ ഒരു കുടം, രണ്ടിനു പോയാല്‍ രണ്ടുകുടം.

തടവുപുള്ളികള്‍ക്ക് കുളിക്കാനുള്ള സമയം രാവിലെയാണ്. സെല്ലി നുള്ളിലെ ടോയ്ലറ്റില്‍ കുളി അനുവദനീയമല്ല. എങ്കിലും അത്യാവശ്യക്കാര്‍ വാര്‍ഡര്‍മാര്‍ കാണാതെ ടോയ്ലറ്റില്‍ 'ചെറുകുളികള്‍' നടത്താറുണ്ട്. ടാപ്പില്‍നിന്ന് വെള്ളം പിടിച്ചുകൊടുക്കാന്‍ ആരെങ്കിലും വേണമെന്നു മാത്രം.

പാന്റ്സ് മാറി മുണ്ടുടുത്ത എനിക്ക് തടവുകാരില്‍ ഒരാള്‍ കുളിക്കാനായി തോര്‍ത്തുതന്നു. മറ്റൊരു തടവുപുള്ളി വെള്ളം പിടിച്ചുതന്നു. കുളി കഴിഞ്ഞതോടെ എന്റെ ശരീരത്തില്‍നിന്നും മനസ്സില്‍നിന്നും ഒട്ടേറെ വിഷമങ്ങള്‍ ഒലിച്ചുപോയി.

വൈകുന്നേരം കുളി നിര്‍ബന്ധമുള്ള രണ്ടുമൂന്നു പേര്‍കൂടി 'ടോയ്ലറ്റ് കുളി' നടത്തിവന്നു. അതിനുശേഷം അത്താഴത്തിനുള്ള ഒരുക്കമായി.

അഞ്ചുമണിക്ക് ചോറു കിട്ടിയപ്പോള്‍ത്തന്നെ മൂന്നുപേര്‍ പാതി അപ്പോള്‍ കഴിച്ചതിനുശേഷം ബാക്കി എട്ടുമണിക്ക് കഴിക്കാന്‍ വെച്ചിരിക്കുകയാണ്.

സെല്ലില്‍ വാതിലിന് ഇടതുമാറി ഒരു ജനലുണ്ട്. അത് തുറക്കാറില്ല. അതിന്റെ വീതിയുള്ള പടികളിലും മുറിയുടെ കോണിലും മറ്റും മൂടിവെച്ചിരുന്ന അവരവരുടെ പ്ലെയ്റ്റ് എടുത്തുവെച്ചു.

എനിക്കു ചോറുതരാമെന്നു പറഞ്ഞ ചെറുപ്പക്കാരന്‍ മൂപ്പന്‍ അവശേഷിച്ചിരുന്ന ഒരു കാലിക്കിണ്ണം എടുത്ത് കഴുകിക്കൊണ്ടുവന്നു. തന്റെ പാത്രത്തിലുണ്ടായിരുന്നതിന്റ പാതിച്ചോറ് അയാള്‍ ആ കിണ്ണത്തിലേക്ക് കൈകൊണ്ടുതന്നെ വാരിവെച്ചു. അതുപോലെ കറിയും. വാരിയതിന്റെ ബാക്കി ചോറായിരിക്കും എനിക്കു തരികയെന്ന് ഞാന്‍ കരുതി. പക്ഷേ, വാരിയെടുത്ത ചോറാണ് എനിക്കുതന്നത്. എനിക്കത് പ്രശ്നമായിരുന്നില്ല. ഞാനായിരുന്നുവെങ്കില്‍ തിരിച്ചായിരുന്നു ചെയ്യുകയെന്നു മാത്രം.

ഒള്ളതു പറയാമല്ലോ. ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതില്‍ പിന്നെ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നത് ഇപ്പോഴാണ്. 'ചാക്കരി' എന്ന് ഞങ്ങളുടെ നാട്ടില്‍ വിളിക്കപ്പെടുന്ന വെള്ളയരിയുടെ ചോറും കഥകളില്‍ വായിച്ചും സിനിമകളില്‍ കണ്ടും പരിചയിച്ചിട്ടുള്ള 'ജയിലിലെ പുഴുക്കും'.

എന്റെ പ്ലേറ്റ് പെട്ടെന്ന് ഒഴിഞ്ഞു. അതുകണ്ടിട്ട് മൂപ്പന്‍ പാത്രത്തില്‍നിന്ന് അല്പംകൂടി ചോറുതരട്ടേയെന്ന് ചോദിച്ചു. വേണ്ടായെന്ന് ആത്മാര്‍ത്ഥമായിത്തന്നെയാണ് പറഞ്ഞത്. എന്റെ വയര്‍ നിറഞ്ഞിരുന്നു.

ഊണിനുശേഷം തറയൊക്കെ അടിച്ചുതുടച്ചുവൃത്തിയാക്കി. അതൊക്ക ഊഴമനുസരിച്ച് ഓരോരുത്തരും കൃത്യമായി ചെയ്യുകയാണ്.

ഊണിനുശേഷം വട്ടംകൂടി ഇരുന്നപ്പോള്‍ നുണക്കുഴിയന്‍ ചോദിച്ചു.

''ചോദ്യപേപ്പര്‍ വിവാദം എന്നൊക്കെ പത്രത്തില്‍ വായിച്ചെങ്കിലും സംഭവം എന്താണെന്ന് ഞങ്ങള്‍ക്കു പിടികിട്ടിയില്ല. എന്തായിരുന്നു അതിലെ കുഴപ്പം?''

എന്റെ ഉത്തരം കേള്‍ക്കാനായി സെല്ലിലുള്ള മിക്കവരും എന്റെ നേരേ തിരിഞ്ഞു.

ചോദ്യവും അതു തയാറാക്കുമ്പോഴുള്ള എന്റെ ഉദ്ദേശ്യശുദ്ധിയും സത്യസന്ധമായി ഞാന്‍ അവര്‍ക്ക് വിവരിച്ചുകൊടുത്തു. ഞാന്‍ പറഞ്ഞതത്രയും അവര്‍ക്ക് ബോധ്യപ്പെട്ടെന്ന് എനിക്കുതോന്നി.

''ഇങ്ങനൊക്കെ ആളുകള്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങിയാല്‍ കഥയും സിനിമയുമൊക്കെ എങ്ങനെ ഉണ്ടാക്കാന്‍ പറ്റും?''

കേള്‍വിക്കാരിലൊരാള്‍ നിഷ്‌കളങ്കമായി ചോദിച്ചു.

(പ്രൊഫ ടി ജെ ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥയില്‍ നിന്ന്)


Next Story

Related Stories