TopTop

അഴിമുഖം വെസ്റ്റ്ലാന്‍ഡിന്റെ ഏകയുമായി കൈകോര്‍ക്കുന്നു; മഹാപ്രളയത്തെ കുറിച്ച് ആദ്യ പുസ്തകം

അഴിമുഖം വെസ്റ്റ്ലാന്‍ഡിന്റെ ഏകയുമായി കൈകോര്‍ക്കുന്നു; മഹാപ്രളയത്തെ കുറിച്ച് ആദ്യ പുസ്തകം

അഴിമുഖം വെസ്റ്റ്ലാന്‍ഡിന്റെ പ്രാദേശിക പ്രസാധകരായ ഏകയുമായി കൈകോര്‍ക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തെ പ്രതിഫലിപ്പിക്കുന്ന പുസ്തക പരമ്പരയാണ് ഈ കൂട്ടായ്മയുടെ ആദ്യ സംരംഭം. കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട മഹാപ്രളയത്തെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ഉള്‍ക്കൊള്ളുന്ന 'ഓഗസ്റ്റ്, 2018, കേരള പ്രളയം' എന്ന സമാഹാരം ഉടന്‍ പുറത്തിറങ്ങും. 26 ആര്‍ട്ടിക്കിളുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രകൃതി സൌഹൃദമായും പരിസ്ഥിതിയെ പരിഗണിച്ചും ജീവിക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. മഹാപ്രളയത്തില്‍ കേരള സമൂഹം എങ്ങനെ ഇടപെട്ടു എന്നതിനെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകം മനുഷ്യ സംസ്കാരത്തിനും വികസനത്തിനുമുള്ള അതിന്റെ പ്രാധാന്യം എടുത്തു പറയുന്നു. അഴിമുഖം മുന്നോട്ട് വെക്കുന്ന ഉത്തരവാദ മാധ്യമ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണ് ഈ പുസ്തകത്തെ വിഭാവനം ചെയ്തിരിക്കുന്നത്. പ്രളയത്തിന്റെ ഭീകരതയും പ്രളയാനന്തര ജീവിതവും പുനര്‍നിര്‍മ്മാണവും സംബന്ധിച്ച വ്യക്തമായ ചിത്രം വായനക്കാര്‍ക്ക് നല്‍കുന്ന രീതിയിലാണ് പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്. ദുരന്ത നിവാരണത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ഗവണ്‍മെന്‍റിന്റെ പങ്ക്, ദുരന്ത ബാധിതരെ സഹായിക്കുന്നതിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും എന്‍ ജി ഒകളും എങ്ങനെ കൈകോര്‍ത്തു എന്നതും വിശദമായി തന്നെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. വ്യക്തികളുടെ ദൈന്യതയുടെയും കിടപ്പാടം നഷ്ടപ്പെട്ടവരുടെ നിസഹായ ജീവിതവും ഹൃദയസ്പര്‍ശിയായി പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.റിബില്‍ഡ് കേരള ഇനീഷ്യേറ്റീവ് സി ഇ ഒ ഡോ. വേണു വി. ഐ എ എസ് , 2018 ലെ പ്രളയ കാലത്ത് റിലീഫ് കമീഷണര്‍ ആയിരുന്ന പി എച്ച് കുര്യന്‍ ഐ എ എസ് എന്നിവര്‍ എഴുതിയ പ്രത്യേക ലേഖനങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രിയ സോളമന്റെ നേതൃത്വത്തില്‍ ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ 2013ല്‍ ആരംഭിച്ച അഴിമുഖം പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തകനും ദി ഹിന്ദു ദിനപത്രത്തിന്റെ മുന്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫിന്റെ ഉപദേശ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് ബ്ലൂംബര്‍ഗ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളെ മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച മാധ്യമ സ്ഥാപനമായ അഴിമുഖത്തിന് 1.2 ദശ ലക്ഷം വായനക്കാരുണ്ട്.

വെസ്റ്റ്ലാന്‍ഡുമായുള്ള അഴിമുഖത്തിന്റെ പ്രസാധക സംരംഭത്തെ കുറിച്ച് ജോസി ജോസഫ് സംസാരിക്കുന്നു. "ആധുനിക മനുഷ്യന്‍ തന്റെ നിരുത്തരവാദപരമായ പ്രവൃത്തികളിലൂടെ സൃഷ്ടിച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥ വ്യതിയാനം. 'ഓഗസ്റ്റ്, 2018, കേരള പ്രളയം' എന്ന പുസ്തകം ഓര്‍മ്മിപ്പിക്കുന്നത് ഈ യാഥാര്‍ത്യത്തെയാണ്. കൂടുതല്‍ ഉത്തരവാദിത്തത്തോടെ ജീവിക്കാന്‍ ഈ പുസ്തകത്തിലെ ചിന്തകള്‍ നമ്മളെ പ്രേരിപ്പിക്കുമെന് ഞാന്‍ ആത്മാര്‍ത്ഥമായും കരുതുന്നു. ഈ വിഷയവും പുസ്തകവും അഴിമുഖവും ഏകയും തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകങ്ങളെ പല രീതിയില്‍ പ്രതീകവത്ക്കരിക്കുന്നുണ്ട്. കാരണം ഇത് പ്രകൃതിയെയും സ്ഥാപനങ്ങളെയും നമ്മുടെ സഹജീവികളെയും നമ്മളെ തന്നെയും എങ്ങനെയാണ് പരിഗണിക്കുന്നത് എന്നതിന്റെ ഭയരഹിതമായും അക്കാദമിക്കായും നടത്തിയ അന്വേഷണത്തിന്റെ ആവതരണമാണ്. നല്ലൊരു നാളയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഇന്നിനെ കുറിച്ചുള്ള അഗാധമായ അന്വേഷണവും ആഴത്തിലുള്ള പരിശോധനയും ആയിരിക്കും ഈ കൂട്ടായ്മയുടെ എല്ലാ പുസ്തകങ്ങളും."

വെസ്റ്റ്ലാന്‍ഡ് 10 ഇന്ത്യന്‍ ഭാഷകളില്‍ പുസ്തക പ്രസാധനം ലക്ഷ്യമിട്ട് ഡിസംബര്‍ 2018ല്‍ സ്ഥാപിച്ച സ്ഥാപനമാണ് ഏക. മലയാള പുസ്തക പ്രസാധക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഏക നല്‍കുന്നത്. ഏകയുടെ പ്രസാധക മീനാക്ഷി ഠാക്കൂര്‍ പറയുന്നു, "തങ്ങളുടെ വായനക്കാര്‍ എവിടെയാണെന്നും അവര്‍ക്ക് എന്താണ് വേണ്ടതെന്നും അഴിമുഖത്തിന് അറിയാം. പരിശീലനം സിദ്ധിച്ച മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല അഴിമുഖത്തില്‍ എഴുതുന്നവര്‍; അവര്‍ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സൂക്ഷ്മമായ രാഷ്ട്രീയ ബോധമുള്ളവരുമാണ്. കേരള സമൂഹത്തെ ബാധിക്കുന്ന വ്യത്യസ്ഥ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നതായിരിക്കും അഴിമുഖവും ഏകയും പ്രസിദ്ധീകരിക്കുന്ന പുസ്തക പരമ്പര."


Next Story

Related Stories