TopTop

'ഇടശ്ശേരി രാജ്യദ്രോഹിയാണെങ്കില്‍ ഞാനും രാജ്യദ്രോഹി'; കവിതചൊല്ലി വിതുമ്പി ചുള്ളിക്കാട്

അഭയാര്‍ത്ഥികളായി അലയേണ്ടി വരുന്ന മനുഷ്യരെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഇടശ്ശേരിയുടെ കവിത ചൊല്ലി കണ്ണ് നിറഞ്ഞ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ ചുരുങ്ങുന്ന ഇടങ്ങള്‍ അതിജീവനത്തിന്റെ വാക്കുകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയിറക്കല്‍ എന്ന കവിതയിലെ ' കഴല്‍വെപ്പ് താങ്ങേണ്ടൂ ഒരു പിടി മണ്‍പോലും കടമായിട്ടല്ലയോ കൈവരുന്നു' എന്ന വരികള്‍ ചൊല്ലിയപ്പോഴാണ് അദ്ദേഹം ഹൃദയവേദന നിയന്ത്രിക്കാന്‍ കഴിയാതെ വിതുമ്പിയത്.

പൊന്നാനിയിലെ ഒരു കുടിയൊഴുപ്പിക്കല്‍ നേരില്‍ കണ്ട ഇടശ്ശേരി ലോകം മുഴുവന്‍ കുടിയിറക്കപ്പെടുന്ന മനുഷ്യന്റെ വേദനയിലേക്ക് എത്തിച്ചേരുകയാണ്. 'കുടിയിറക്കപ്പെട്ട കൂട്ടരേ പറയുവിന്‍ പറയുവിന്‍ ഏത് രാജ്യക്കാര്‍ നിങ്ങള്‍' എന്ന് ചോദിച്ച ഇടശ്ശേരി രാജ്യദ്രോഹിയാണെങ്കില്‍ താനും രാജ്യദ്രോഹിയാണെന്ന് ചുള്ളിക്കാട് പറഞ്ഞു.

അമ്പതുകളില്‍ എഴുതിയ കവിത ഈ കാലത്തെ കാണിച്ച് തരുന്നു. എന്നുവരെ ചൂഷണം തുടരുന്നുവോ, എന്നുവരെ യാതന തുടരുന്നുവോ, എന്നുവരെ അനീതി തുടരുന്നുവോ, അന്നുവരെ അതിനെതിരെയുള്ള വാക്ക് അതിജീവിക്കുമെന്നും ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories