Top

പാറക്കല്ലോ ഏതന്‍സ്

പാറക്കല്ലോ ഏതന്‍സ്

ഏതന്‍സ് ഒരു മാന്ത്രിക നഗരമായാണ് നമ്മുടെ സങ്കല്‍പ്പങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. പുരാതന സംസ്‌കൃതിയുടെയും കലയുടെയും അത്യപൂര്‍വ്വങ്ങളായ സൂക്ഷിപ്പുകളെ ഇപ്പോഴും കാത്തുസൂക്ഷിച്ചുകൊണ്ട് യാത്രികരെ വിളിച്ചുവരുത്തുന്ന ഏതന്‍സ് എന്ന യവനനഗരം. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഗ്രീസും, ഏതന്‍സും, അക്രോപൊളിസും അനുഭവിച്ചറിഞ്ഞതിനേപ്പറ്റിയുള്ള വിവരണമാണ് പാറക്കല്ലോ ഏതന്‍സ് എന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ പുസ്തകം. ഡി സി ബുക്‌സ് പുറത്തിറക്കിയ പാറക്കല്ലോ ഏതന്‍സ് വ്യത്യസ്തമായ അനുഭവ സാധ്യതകളാണ് വായനക്കാര്‍ക്ക് ഒരുക്കി ന്ല്‍കുന്നത്.

സ്ഥലങ്ങളെ കണ്ട് മടങ്ങുന്നതിനപ്പുറം എഴുത്തുകാരന്‍ കണ്ടറിഞ്ഞ മനുഷ്യരിലേക്കാണ് ഇതിലെ ഓരോ അദ്ധ്യായവും കടന്നുചെല്ലുന്നത്. വ്യത്യസ്ത മനുഷ്യരുടെ കൂട്ടം, അവരുടെ ജീവിതം, താല്‍പ്പര്യങ്ങള്‍, മനോഭാവങ്ങള്‍ എന്നിവയിലേക്കെല്ലാം ഈ കൃതി അരിച്ചിറങ്ങുന്നു. ഇതുവരെ കാണാത്ത പലരേയും പ്രലോഭിപ്പിച്ച ഒരു നാടിനെ അടുത്തറിയാന്‍ സാഹായിക്കുകയാണ് ഈ കൃതി.

ചുരിദാറും സാരിയുമൊക്കെക്കണ്ട് അതിന്റെ കെട്ടിലും,മട്ടിലും, നിറങ്ങളിലുമൊക്കെ അകൃഷ്ടരായി പലരും ജല്‍സയ്ക്ക് ചുറ്റുംകൂടി. ഗ്രീക്ക് സ്ത്രീകള്‍ക്ക് ഇറക്കം കുറഞ്ഞ കറുത്ത മിഡിയും ഫ്രോക്കുമൊക്കെയാണ് ഇഷ്ടം. വേനല്‍ക്കാലത്ത് ശരീരത്തെ അവര്‍ ഒരു മുറിപോലെ വെയിലിലേക്ക് തുറന്നിടുന്നു. മഞ്ഞുകാലത്ത് രോമക്കുപ്പായത്തിനുള്ളില്‍ മാസങ്ങളോളം വീര്‍പ്പുമുട്ടിക്കിടക്കുന്ന ചര്‍മ്മങ്ങള്‍ക്ക് അതൊരു ആശ്വാസമാണ്. കറുപ്പ് ചൂടിനെ ധാരാളം ആഗിരണം ചെയ്യുകയും ചെയ്യുമല്ലോ ?

ഏതന്‍സിലെ വേനല്‍ ഒരു ചെമ്മരിയാടിനെപ്പോലെ അവരുടെ ശരീരത്തില്‍ മേഞ്ഞുനടക്കുകയാണ്. കാലാവസ്ഥയുമായുള്ള രൂക്ഷമായ പോരാട്ടമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൊന്നായ നോര്‍വേക്കാരുടെ ജീവിതം. ഇത്തരത്തിലുള്ള ആഖ്യാനങ്ങളിലൂടെയാണ് പാറക്കല്ലോ ഏതന്‍സ് ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യനെ പ്രകൃതിയും, കാലാവസ്ഥയുമായുമൊക്കെ ചേര്‍ത്തുവായിക്കുന്നതിനൊപ്പം ജീവിതത്തിന്റെ സൂക്ഷ്മമായ തുടിപ്പുകളേയും ഈ പുസ്തകം അടയാളപ്പെടുത്തുന്നു.


Next Story

Related Stories