TopTop
Begin typing your search above and press return to search.

രണ്ട് ചൂണ്ടുകള്‍ തൊട്ടുരുമ്മി കണ്ടെത്തിയതാണ് ഈക്കാണുന്ന തീപ്പൊരിയെ

രണ്ട് ചൂണ്ടുകള്‍ തൊട്ടുരുമ്മി കണ്ടെത്തിയതാണ് ഈക്കാണുന്ന തീപ്പൊരിയെ

എണ്‍പതുകളുടെ തുടക്കത്തില്‍ ജനിക്കുകയും രണ്ടായിരത്തില്‍ എഴുതിത്തുടങ്ങുകയും ചെയ്ത ഒരു തലമുറ പുതുമലയാളകവിതയില്‍ അവരവരുടേതുമാത്രമായ ചില മുദ്രകളെങ്കിലും പതിപ്പിച്ചിട്ടുണ്ടെന്നാണ് കവി എം ആര്‍ രേണുകുമാര്‍ പറയുന്നത്. എം ആര്‍ വിബിന്റെ സീസോ എന്ന കവിതാ സമാഹാരത്തിനെഴുതിയ അവതാരികയിലാണ് രേണുകുമാറിന്റെ ഈ നിരീക്ഷണം. പാപ്പാത്തി പുസ്തകങ്ങള്‍ പുറത്തിറക്കിയ സീസോയിലെ 23 കവിതകളിലൂടെ കടന്നുപോകുമ്ബോള്‍ ഈ നിരീക്ഷണത്തില്‍ യാതൊരു അതിശയോക്തിയുമില്ലെന്ന് മനസിലാക്കാം. വിബിന്റെ 23 കവിതകളും 23 കവിതകളായിരിക്കുമ്ബോള്‍ തന്നെ മേല്‍പ്പറഞ്ഞ കാലഘട്ടത്തിലെ കവികള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും തങ്ങിനില്‍ക്കുന്ന ചില സമാനതകളും കടന്നുവരുന്നുണ്ട്.

ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിബിന്‍ ദൃശ്യങ്ങള്‍ കൊണ്ടാണ് തന്റെ കവിതകളും ചമയ്ക്കുന്നത്. കാഴ്ചകളുടെ വാതിലുകളായ ജനലുകള്‍ വിബിന്റെ കവിതകളില്‍ നിരന്തരം കടന്നുവരുന്നതും അതുകൊണ്ടാകും. സമാഹാരത്തിലെ ആദ്യ കവിതയായ 'മഴയിലലിഞ്ഞവന്‍' മുതല്‍ ഈ കാഴ്ച കാണാനാകും.

'മഴയിലലിഞ്ഞു പോയൊരുവനെ തേടി

കൂട്ടുകാരും വീട്ടുകാരും

തിരയാനിനിയിടം ബാക്കിയില്ല.

അങ്ങകലെ

ഓടു മേഞ്ഞൊരു പുരപ്പുറത്ത്

ചരല്‍കല്ലു പോലവന്‍ പെയ്തിട്ടുണ്ടാകും.

അവനെ കാത്ത്

തുറന്നു വെച്ചൊരു

ജനല്‍ പാളിക്ക് മുന്നില്‍

അവന്‍ എപ്പോഴേയൊരു

മഴപ്പാട്ടായിട്ടുണ്ടാകും..' എന്നാണ് വിബിന്‍ ഈ കവിത അവസാനിപ്പിക്കുന്നത് തന്നെ. 'ബസ് വെറും വാഹനമല്ല' എന്ന കവിതയിലെ സ്വര്‍ഗ്ഗമെന്ന ഉപകവിതയില്‍ ഭൂമിയില്‍ നടക്കുന്ന ഒരു സാധാരണ സംഭവം എങ്ങനെയാണ് സ്വര്‍ഗ്ഗീയമാകുന്നതെന്ന് ഒരു ജനാലക്കാഴ്ചയിലൂടെന്നപോലെ വിബിന്‍ നമുക്ക് കാണിച്ചു തരുന്നുണ്ട്.

'ജനലരികിലിരിക്കുന്ന

ഒരാള്‍ മാത്രം,

തന്റെ മടിയിലെ

മഷിയെഴുതിയ

അടഞ്ഞ മിഴികളിലേക്ക്

ഇടയ്ക്കിടെ പാളി നോക്കുന്നു.

തലയിലിട്ട കുഞ്ഞുതൂവാലയില്‍

പതിയെ കുനിഞ്ഞ്

ചുണ്ടമര്‍ത്തുന്നു.

പെട്ടെന്ന്

ബസ്

ഒരു കഷ്ണം

സ്വര്‍ഗമാകുന്നു.'

ഈ രണ്ട് കവിതകളിലും ജനല്‍ കാണാനുള്ള ഒരുപാധി മാത്രമായി മാറുന്നുവെങ്കില്‍ 'ചാഞ്ഞും ചരിഞ്ഞുമിരിക്കും നേരങ്ങള്‍' എന്ന കവിത തന്നെ ജനലാണ്. മരത്തിന്റെ ജനല്‍പ്പാളികൊണ്ട് നിര്‍മ്മിച്ച ജനല്‍ അടച്ചുവയ്ക്കുന്ന കാഴ്ചകളും ചില്ലുപാളിയായിരുന്നെങ്കില്‍ തുറന്നുകിടക്കുമായിരുന്ന കാഴ്ചകളുമാണ് ഇതില്‍ പറയുന്നത്. ആ മുറിയിലെ അരികിലെ കട്ടിലില്‍ തളര്‍ന്നു കിടക്കുന്നവന് നഷ്ടപ്പെടുന്ന കാഴ്ചകളെ പറഞ്ഞുകൊടുക്കുകയാണ് ഇവിടെ എഴുത്തുകാരന്റെ ദൗത്യം. എന്നാല്‍ നാളെ മറ്റൊരു പണിയുമില്ലെങ്കിലും തന്റെ വീടിന് നേരെ ആരും നോക്കിയിരിക്കരുതെന്ന് പറഞ്ഞ് ഈ കാഴ്ചകളെല്ലാം ആര്‍ക്കും ബാധകമാണെന്നും കവി ഓര്‍മ്മിപ്പിക്കുന്നു.

ബോട്ടിന്റെ ജനലിലൂടെ തലയിട്ട് നമ്മളെത്ര സെല്‍ഫ് പോട്രെയ്റ്റുകള്‍ വരഞ്ഞു? എന്ന് ജെട്ടി മേനക എന്ന കവിതയില്‍ ചോദിക്കുമ്ബോഴും കവിതയിലെ കാഴ്ചയുടെയും ക്യാമറക്കണ്ണുകളുടെയും സാധ്യതകളിലേക്കാണ് വിബിന്റെ കണ്ണുകളെന്ന് കാണാം. കാഴ്ച പോലെ തന്നെ വിബിന്റെ കവിതകളിലെ പ്രധാന വിഷയമാണ് പ്രണയവും. ഇവിടെ കവിതകള്‍ പ്രണയാതുരം മാത്രമല്ല, പ്രണയഭംഗത്തിന്റേത് കൂടിയാണെന്ന് മാത്രം. സമാഹാരത്തിന്റെ ടൈറ്റിലായ സീസോ എന്ന കവിത തന്നെ അതിനൊരു ഉദാഹരണമാണ്. കാമുകിയുടെ ആദ്യരാത്രി അതേസമയത്ത് തങ്കമണി റോഡില്‍ ചോരയൊലിപ്പിച്ച്‌ കിടക്കുന്ന ഒരുവനെക്കുറിച്ചാണ് ഇവിടെ കവി പറയുന്നത്.

'അവളുടേതിനെ

ആക്‌സിഡന്റ്

എന്ന് വിളിക്കാനാകുമോ?

എന്റേത്

അത് തന്നെയാണ്.

അവള്‍ക്ക്

തുന്നലുകള്‍ വേണ്ടാത്ത

മുറിവ്.

അതിലൂടെ

ഇനി വസന്തം വരും

എനിക്കഞ്ചു തുന്നലിന്റെ

മുറിവ്

ഇതിലൂടെ

ബില്ലും കടവും വരും' എന്നാണ് ഈ കവിതയില്‍ പറയുന്നത്. പണ്ടെപ്പോഴോ പിരിഞ്ഞു പോയവളുടെ ക്രൗര്യമാണ് 'ലാപ്‌ടോപ് കനവ്' എന്ന കവിത. തലയിണമേല്‍ മാറിയിരുന്ന് നോക്കുന്നുണ്ട് ഇരുമനസ്സുകള്‍, നാണമില്ലാതെ ഇണചേരും രണ്ടുടലുകളെ എന്ന് പറഞ്ഞും രണ്ടുടലുകളിലും ചാര്‍ത്തിയ ടാറ്റുകളിലൂടെയും പ്രണയത്തിനൊപ്പം ഇതില്‍ കാമനകളും നിറയ്ക്കുന്നു.

'അവളുടെ പൊക്കിളിന് മീതെ

ഒരു റോസ് ഫ്‌ളവര്‍

എന്റെ പൊക്കിളിനു താഴെ

ഒരു ബട്ടര്‍ഫ്‌ളൈ...

... ടാറ്റൂസിനിടയിലൂടൊലിച്ചിറങ്ങും

ചോരച്ചുവപ്പ് നോക്കി,

റോസ് ഫ്‌ളവര്‍ ടാറ്റൂവില്‍

തൊട്ടു കാട്ടി,

എന്റെ ബട്ടര്‍ഫ്‌ളൈയോടായി

അവളലറുന്നു

'കുടിക്ക്

ആ തേന്‍ കുടിക്ക്..'' പ്രണയമോ പ്രണയഭംഗമോ നേരിട്ട് പറയാതെ പറയുന്ന കവിതയാണ് 'വാഗണ്‍ ട്രാജഡി'. മുറുക്കിക്കെട്ടിയ സ്ട്രിംഗ്‌സില്‍/അവളില്ല അവളില്ല/എന്ന രാഗം വായിച്ച്‌/എന്നെയും കൊണ്ട് പോകുന്നു/ട്രെയിന്‍ പോലെയുള്ള വയലിന്‍ എന്നാണ് ഈ കവിതയില്‍ പറയുന്നത്. ഇതില്‍ സ്‌കൂള്‍ വിട്ടുവരുന്ന കുട്ടി വരമ്ബത്ത് നിന്ന് വാതിലില്‍ നില്‍ക്കും രണ്ട് കാലുള്ള ഗിറ്റാറിനെ നോക്കി കൈവീശുന്നുണ്ട്.

'അവന്‍

ഏതു വീട്ടിലെ പാട്ട്?

ഞാനിപ്പോള്‍

ഏത സ്‌റ്റേഷനില്‍

നിലയ്ക്കുന്ന പാട്ട്?' എന്ന് ചോദിക്കുമ്ബോള്‍ കവിതയ്ക്കുള്ളിലെ പ്രണയഭംഗം പൂര്‍ണമാകുന്നു. ചെന്ന് കയറുന്ന ലോഡ്ജ് മുറികളിലെല്ലാം തനിക്ക് മുമ്ബേ കയറി താമസിക്കുന്ന അവളെയാണ് 'വാടകക്കാരി'യെന്ന കവിതയില്‍ കൊണ്ടുവരുന്നത്. ഇരുളില്‍ കണ്മിഴിച്ചാല്‍ ഉടല്‍ നിറയെ മുറികളുള്ള ഒരു ലോഡ്ജായി മുന്നിലെത്തുന്നവള്‍ ഉള്ളിലൊളിപ്പിച്ച പ്രണയം തന്നെയാണ്.

ഈ കവിതകളിലെല്ലാം വിബിന്‍ പ്രണയഭംഗം നിറയ്ക്കുന്നുവെങ്കില്‍ 'മടിയില്‍ക്കിടന്ന് മൊഴിഞ്ഞു', 'കശുമാങ്ങാ മണം' എന്നീ കവിതകള്‍ മറ്റൊരു പ്രണയമാണ് കാണിച്ചു തരുന്നത്. മണ്‍വഴി നിറയെ കശുമാങ്ങാ മണമൊഴുക്കി കുന്നുകയറി പോകുമായിരുന്ന അവള്‍ക്കായുള്ള കാത്തുനില്‍പ്പ് ഒടുവില്‍ അവസാനിക്കുന്നത് ഒരു കശുമാവിന്‍ ചുവട്ടിലാണ്. അന്നാദ്യമായി കശുമാങ്ങാ മണമില്ലാതെ അയാള്‍ അവളെ കണ്ടു, മറ്റുള്ളവര്‍ക്കൊപ്പം മൂക്ക് പൊത്തി. 'ഇതുപോലൊരു വീട്', 'മുടിയിഴ' എന്നീ കവിതകളും ഇത്തരത്തില്‍ മറ്റൊരു അനുഭവത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഒരിക്കല്‍ തൂക്കിപ്പിടിച്ച്‌ ഈ മുടിഞ്ഞ മുടിയെന്ന് അറപ്പോടെയലറിയിരുന്നപ്പോള്‍ അതിന്‍ തുമ്ബിലെ കുരുക്കില്‍ തൂങ്ങി മരിച്ചിരുന്ന അമ്മ മണത്തെ, ആ വിശുദ്ധിയുടെ അവസാനത്തെ ഇലയെ മണത്തുനോക്കി എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് ഇവിടെ. 'ഇതുപോലൊരു വീട്' എന്ന കവിതയിലും കാഴ്ചയും അമ്മ മണവും ഒത്തുചേരുന്നുണ്ട്. 'അകച്ചുമരിന്റെ മൂലയില്‍/മെഴുകുചായത്താല്‍ വരഞ്ഞ കുടില്‍/മേലെ, ഒരു കഷ്ണം മേഘം/നിലത്ത്,/അരികില്ലാത്ത സ്ലൈറ്റില്‍/മാഞ്ഞു തുടങ്ങും 'അമ്മ'' എന്നാണ് ഈ കവിതയില്‍ പറയുന്നത്.

പ്രണയത്തെ ഒളിഞ്ഞുനിന്ന് നോക്കുന്ന വെസ്റ്റ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് 'കൈകളില്‍ മാത്രം ഇടാനുള്ളതല്ല വിലങ്ങ്' എന്ന കവിത. എന്തെങ്കിലും തമ്മില്‍ കൂട്ടിയുരച്ചാല്‍ തീയുണ്ടാകുമെന്ന ആലോചനകളുടെ തുടക്കം ഒരു ചുംബനത്തില്‍ നിന്നാകുമെന്ന് ഈ കവിതയില്‍ പറയുന്നു. പൊതുസ്ഥലത്തെ കണ്ണുകള്‍ കൊണ്ടുള്ള ഉമ്മ വയ്ക്കലോളം തരിപ്പുണ്ടാക്കില്ല അടച്ചിട്ട മുറിയില്‍ കെട്ടിപ്പിടിച്ചുള്ള ഉമ്മകള്‍ക്കെന്നും ഈ കവിതയില്‍ അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മഞ്ഞയിലകളുള്ള മരച്ചുവട്ടിലെ ബഞ്ചിലിരിക്കുന്ന പ്രണയികള്‍ ഈ പകല്‍വെട്ടത്തില്‍, ഇത്രമാത്രം തുറസ്സില്‍ ഉമ്മവയ്ക്കുന്നത് ഒന്നു കണ്ടിട്ട് തന്നെ കാര്യം. സര്‍ക്കാര്‍ മാസാവസാനം എനിക്ക് പുളുങ്കുരുവൊന്നുമല്ലല്ലോ എണ്ണിത്തരുന്നത് എന്നാണ് കവിതയിലെ ആഖ്യേതാവായ കോണ്‍സ്റ്റബിള്‍ പറയുന്നത്.

'ഓരോ ചുംബനത്തിലും

പുറത്ത്

ഒരു പൂവ് വിരിയും

ഒടുക്കം

ജനല്‍ തുറക്കുമ്ബോള്‍

ഒരു പൂന്തോട്ടം കാണണം' എന്നാണ് 'ഡിസംബറേ എന്നെ കൊന്നാലും നിനക്കൊരു മുഴുവന്‍ കവിത തരില്ല' എന്ന കവിതയില്‍ പറയുന്നത്.

പാട്ടുകളാണ് വിബിന്റെ കവിതകളില്‍ നിറയുന്ന മറ്റൊരു ഘടകം. എല്ലാ കവിതകളിലും ഏതെങ്കിലും വിധത്തില്‍ പാട്ട് കടന്നുവരുന്നുണ്ടെങ്കിലും ചില കവിതകളിലെ ആ വരവ് അത്ഭുതപ്പെടുത്തുന്നതാണ്. 'രണ്ടേ രണ്ട് പെഗ്', എന്ന കവിതയിലും 'പാട്ടുവെട്ടുകാരന്‍' എന്ന കവിതയും ഇതിന് ഉദാഹരണങ്ങളാണ്.

'സീബ്രാ ക്രോസ്

പിയാനോ എന്ന് പറഞ്ഞ്

വായിച്ച്‌ കൊണ്ടേയിരിക്കുന്നു

ഒരു മുഴുക്കുടിയന്‍.

നല്ല സംഗീതജ്ഞന്‍ തന്നെ

അതുകൊണ്ടാണല്ലോ

വാഹനങ്ങള്‍

നിര്‍ത്താതെ

കയ്യടിക്കുന്നത്' എന്നാണ് രണ്ടേ രണ്ട് പെഗിലെ ഉപകവിതയായ സിംഫണി. ഒരു ഇറച്ചിവെട്ടുകാരന്‍ എങ്ങനെയാണ് തന്റെ ഗ്രാമത്തില്‍ പാട്ടുവിരിയിച്ചതെന്നും തങ്ങള്‍ക്കെങ്ങനെയാണ് അയാളെ ഒടുവില്‍ മടുത്തതെന്നും 'പാട്ടുവെട്ടുകാരന്‍' എന്ന കവിതയില്‍ വരച്ചുകാട്ടുന്നു. ഒരു പാട്ടുണ്ടാകും പോലെ ഗ്രാമത്തില്‍ പൊട്ടിവീണ അയാള്‍

'തബലയില്‍ വിരലുപായും

താളത്തോടെ

വെട്ടി നുറുക്കി പൊതിഞ്ഞു തന്നു

ഇറച്ചിത്തുണ്ടുകള്‍

അല്ലല്ല..

പാട്ടിന്‍ തുണ്ടുകള്‍' എന്നാണ് പറയുന്നത്. പ്രിയപ്പെട്ട പാട്ടുവെട്ടുകാരാ.. ഞങ്ങള്‍ മറന്നു പോയ ഭാഷയും കൊണ്ട് പുതിയ പാട്ടുപോലെ ഇനിയാരെങ്കിലും വരും വരെ മടുപ്പന്‍ പാട്ടുകള്‍ പാടുന്ന ശൂന്യതയുടെ ഈ നാട്ടില്‍ അങ്ങ് വെട്ടിക്കൊണ്ടേയിരിക്കൂ.. പാട്ട്! എന്നാണ് കവിത അവസാനിക്കുന്നത്.

കാഴ്ചയുടെ മറ്റൊരു അത്ഭുതമാണ് 'ക്രൈം നമ്ബര്‍ 628' എന്ന കവിതയിലും വിബിന്‍ ഒളിപ്പിച്ചുവയ്ക്കുന്നത്. 'വീടിന്റെ വരാന്തയില്‍ നിന്നും മുറ്റത്തേക്ക് തുപ്പുന്നത് പോലെയല്ല പത്താം നിലയില്‍ നിന്ന്..'. തുപ്പലിന് പകരം 72 കിലോ ആകുമ്ബോള്‍ തീര്‍ച്ചയായും അങ്ങനെയല്ലെന്ന് പറയുന്നതില്‍ നിന്ന് തന്നെ പത്താം നിലയില്‍ നിന്നും താഴേക്കുള്ള ഒരു യാത്രയിലാണ് ഈ കവിതയെന്ന് മനസിലാക്കാം. ഓരോ നിലകളിലെയും കാഴ്ചകളും കണ്ട് ഒരു വവ്വാലിനെ പോലെ താഴേക്ക് പറക്കുമ്ബോള്‍ കുറച്ചുനേരത്തേക്കെങ്കിലും എല്ലാം തലകീഴായി കാണിച്ചു തന്നതിന് വിബിനോടും നന്ദി പറഞ്ഞുപോകും.

സീസോ

എംആര്‍ വിബിന്‍

പാപ്പാത്തി പുസ്തകങ്ങള്‍

വില: 110 രൂപ


Next Story

Related Stories