TopTop

'ഇഷ്ടങ്ങളുടെ ലോകത്ത് കെട്ടഴിച്ചു വിടുമ്പോള്‍ നഷ്ടങ്ങളേറുന്നത് രസമില്ലാത്തൊരു സത്യമാണ്'; ജാഗ്രതയുടെ നിമിഷങ്ങളില്‍ സൂസന്നയുടെ ഗ്രന്ഥപ്പുരക്കൊരു വായന

കൊവിഡ് 19വൈറസിനെ പ്രതിരോധിക്കുന്നതിനായുള്ള അതീവ ജാഗ്രതയിലാണ് ഇപ്പോള്‍ മലയാളികള്‍. പലരും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങുന്നത്. മുന്‍കരുതലുകളുടെ ഭാഗമായി ഇത്തരത്തില്‍ വീട്ടിലിരിക്കുകയാണെങ്കിലും ഭയന്നിരിക്കാന്‍ ആരും ഒരുക്കമല്ല. തങ്ങളുടെ ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കാനും കാണാന്‍ കഴിയാതിരുന്ന സിനിമകള്‍ കാണുവാനും ആളുകള്‍ സമയം ചിലവഴിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ജാഗ്രതയോടെ വീട്ടിലിരിക്കുമ്പോള്‍ വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള വായനാനുഭവങ്ങള്‍ ആളുകള്‍ പങ്കുവെക്കുന്നു. മാധ്യമ പ്രവര്‍ത്തകയായ സീന സണ്ണി എഴുതിയ സൂസന്നയുടെ ഗ്രന്ഥപ്പുരയെ കുറിപ്പ് ഇത്തരത്തില്‍ ഹൃദ്യമായൊരു അനുഭവമാണ് പകര്‍ന്ന് നല്‍കുന്നത്.

അജയ് പി. മങ്ങാട്ട് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സൂസന്നയുടെ ഗ്രന്ഥപ്പുരയെ കുറിച്ച് സീന ഇങ്ങനെ എഴുതുന്നു;

'സൂസന്നയുടെ ഗ്രന്ഥപ്പുര' പുസ്തകങ്ങളുടെ ആത്മാവില്‍ നിന്നുയര്‍ന്നു നീണ്ട ഒരു നിലവിളിയായിരുന്നു. ഗ്രന്ഥപ്പുരയുടെ വാതില്‍ തെളിമയോടെ തുറന്നിട്ട എഴുത്തുകാരന് ആദ്യം തന്നെ എന്റെ സ്‌നേഹം അറിയിക്കട്ടെ.

വായനയുടെയും എഴുത്തിന്റെയും ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും എത്ര കൃത്യതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്! ഈയടുത്ത് വായിച്ചതില്‍ ഇത്രയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു കൃതി ഉണ്ടായിട്ടില്ല. കഥയുടെ ഒഴുക്കിനോട് അഭി, അലി, വെള്ളത്തൂവല്‍ ചന്ദ്രന്‍, കൃഷ്ണന്‍, അമുദ ഫാത്തിമ, ജല, അക്ബര്‍ എന്നിവരെല്ലാം കൈവഴികളായി വന്നുചേരുന്നുവെങ്കിലും എന്തുകൊണ്ടോ സൂസന്നയില്‍ മാത്രം ഉടക്കി നില്‍ക്കുകയാണ് ഞാന്‍. സൂസന്ന മാത്രമായിരുന്നെങ്കിലെന്നാശിച്ചുപോയി.

ആദ്യാന്തം എന്നില്‍ തറഞ്ഞു നിന്ന ഒരേയൊരു ഘടകം തണ്ടിയേക്കന്റെ അയ്യായിരത്തോളം അമൂല്യ ഗ്രന്ഥങ്ങള്‍ പേറുന്ന മറയൂരിലെ വീട്.. പാമ്പാറിനോട് ചേര്‍ന്ന് നിബിഡവനം പോലെ പോലെ തോന്നിപ്പിക്കുന്ന തണ്ടിയേക്കന്‍ മകള്‍ സൂസന്ന വാഴുന്നയിടം. പാഷന്‍ ഫ്രൂട്ട് വള്ളികള്‍ പടര്‍ന്നുകിടക്കുന്ന എടുപ്പുകള്‍. മരക്കുറ്റികള്‍ കൊണ്ടുള്ള ഇരിപ്പിടങ്ങള്‍.. ഭാവിയില്‍ എനിക്ക് ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന വീടിനോട് ചില സാമ്യങ്ങള്‍ ഒക്കെ ഉണ്ട് ഇതിന്. വൃത്താകൃതിയിലുള്ള ഒരു മണ്‍വീട്. എല്ലാ മുറികളും നടുമുറ്റത്തേയ്ക്ക് തുറക്കുന്നതാവണം. വൃത്താകൃതിയിലുള്ള വരാന്തയുടെ ഭിത്തികള്‍ പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള അലമാരകളാകണം. എന്റെ മാത്രമിടം. ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു കിടന്ന് അക്ഷരങ്ങളിലേയ്ക്കൂളിയിടാന്‍ മുല്ലപ്പന്തലുകള്‍ മേലാപ്പിടുന്ന നടുമുറ്റം.

പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്ന സൂസന്നയെ കാത്തിരുന്നത് പക്ഷേ മറ്റൊന്നായിരുന്നു. സൂസന്നയുടെ വായനാശീലത്തോട് അതൃപ്തിയുണ്ടായിരുന്ന ജോസഫ് പുസ്തകങ്ങളെ കഠിനമായി വെറുത്തിരുന്നു. തന്റെ കുഞ്ഞിനെയും സൂസന്നയെയും തനിച്ചാക്കി കലഹിച്ചിറങ്ങിപ്പോയ ജോസഫ് വര്‍ഷങ്ങള്‍ക്കുശേഷം കഥാന്ത്യത്തില്‍ ഒരു തിരിച്ചു വരവ് നടത്തുന്നു. അയാള്‍ സൂസന്നയോട് ചോദിക്കുന്നു: 'എല്ലാ പുസ്തകങ്ങള്‍ക്കും എല്ലാ അക്ഷരങ്ങള്‍ക്കുമപ്പുറം ദുര്‍ബലവും ദുസ്സഹവുമായ വികാരങ്ങളുടെ കെട്ടുപാടുകള്‍ക്കപ്പുറം നിനക്ക് ശാന്തിയുണ്ടാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഏറ്റവും സ്‌നേഹിക്കുന്നതിനെ ഒരു നാള്‍ നാം വിട്ടു കൊടുക്കണം സൂസന്നാ, ഞാന്‍ നിന്നെ നിനക്കു വിട്ടു തന്നല്ലോ. നീ എന്താണ് എന്നെ എനിക്ക് വിട്ടു തരാത്തത് ? നീയെന്താണ് നിന്റെ പുസ്തകങ്ങളെ സ്വതന്ത്രമാക്കാത്തത്?'

ഈ ചോദ്യം പലവട്ടം ഞാന്‍ വായിച്ചു; പലവട്ടം. 'വിട്ടുകൊടുക്കുക ' , 'സ്വതന്ത്രമാക്കുക' എന്നീ വാക്കുകള്‍ തികട്ടിവന്നു. പിടിച്ചുവയ്ക്കലിന്റെ ഇരകളാകുന്നവര്‍ ഈ ചോദ്യം കേട്ടുലയുമെന്നതില്‍ തര്‍ക്കമില്ല. ഇഷ്ടങ്ങളുടെ ലോകത്ത് കെട്ടഴിച്ചു വിടുമ്പോള്‍ നഷ്ടങ്ങളേറുന്നത് അത്ര രസമില്ലാത്തൊരു സത്യമാണ്.

ആ ചോദ്യത്തിന്റെ ഉലച്ചില്‍ സൂസന്ന കുടഞ്ഞു കളഞ്ഞത് വിട്ടുകൊടുത്തു കൊണ്ടായിരുന്നു. വീടിനു പുറകില്‍ കുഴിയിലേയ്ക്ക് ആ ഗ്രന്ഥങ്ങള്‍ എറിയപ്പെട്ടു. മൂന്ന് കൊള്ളികള്‍ കൊണ്ട് തുടങ്ങിയ സ്വതന്ത്രമാക്കല്‍ പിറ്റേന്ന് ഉച്ചയ്ക്കാണ് കഴിഞ്ഞത്. ആളിപ്പടര്‍ന്ന തീക്കൂനയ്ക്ക് മുന്‍പില്‍ ശബ്ദമില്ലാതെ നിന്ന സൂസന്നയുടെ മനസ്സില്‍ എന്തായിരുന്നിരിക്കാം?

പുസ്തകങ്ങള്‍ കത്തിച്ചാമ്പലായ ദിവസം ഉച്ചകഴിഞ്ഞ് വലിയ മഴ പെയ്തു. മണിക്കൂറുകള്‍ നീണ്ട മഴയില്‍ പാമ്പാര്‍ സൂസന്നയുടെ തോട്ടത്തിലൂടെ ഒഴുകി. ഓര്‍മ്മകളുടെ ചാരം നെഞ്ചേറ്റി നിശബ്ദം നീങ്ങി.. ആ രാത്രി സൂസന്നയും യാത്രയായി..!


Next Story

Related Stories