TopTop

'600 കൊല്ലത്തോളം സാമൂതിരി ഭരിച്ചതുപോലെ ഒരേ രാജകുടുംബം ഭരിച്ച മറ്റൊരു നഗരവും ഇന്ത്യയിലില്ല'; ഒരു മുന്‍ സൈനികന്‍ കോഴിക്കോടിന്റെ ചരിത്രമെഴുതുന്നു

കടല്‍ കടന്നെത്തിയ വ്യാപാരികളെ ആകര്‍ഷിച്ച ലോകത്തിന്റെ സുഗന്ധ വ്യഞ്ജന തലസ്ഥാനമായി അറിയപ്പെട്ടിരുന്ന കോഴിക്കോടിന്റെ പൈതൃക വഴിത്താരകള്‍ പകര്‍ത്തിയ ക്യാപ്റ്റന്‍ രമേഷ് ബാബുവിന്റെ പുസ്തകം ശ്രദ്ധേ നേടുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'Calicut Heritage Trails' എന്ന പുസ്തകത്തിലാണ് കോഴിക്കോടിന്റെ ഇതുവരെ അടയാളപ്പെടുത്തപ്പെടാത്ത ചരിത്ര വഴികള്‍ കണ്ടെടുക്കപ്പെടുന്നത്.

കോഴിക്കോട് മിലിട്ടറി ഓഫ് ഡിഫന്‍സിന്റെ റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്ത് ഹോബിയായി തുടങ്ങിയ ചരിത്രന്വേഷണമാണ് Calicut Heritage Trails എന്ന പുസ്തകത്തിലേക്ക് നയിച്ചതെന്ന് ക്യാപ്റ്റന്‍ രമേഷ് ബാബു അഴിമുഖത്തോട് പറഞ്ഞു.

മൂന്ന് വര്‍ഷത്തോളമെടുത്ത ഗവേഷണത്തിന് ശേഷമാണ് പുസ്തകം പൂര്‍ത്തിയാക്കിയത്. ഒന്നര വര്‍ഷമെടുത്താണ് പുസ്തകം എഴുതിയതെന്നും, ചരിത്രം പഠിച്ചിട്ടില്ലെങ്കിലും ചരിത്രത്തോട് താല്‍പ്പര്യം ജനിച്ചത് മുത്തശ്ശി പറഞ്ഞു നല്‍കിയ കഥകളില്‍ നിന്നാണെന്നും രമേഷ് ബാബു പറഞ്ഞു. സാമൂതിരിയുടെ കഥകളും കോഴിക്കോടിന്റെ ചരിത്രകഥകളുമെല്ലാം മുത്തശ്ശി പറഞ്ഞുകൊടുക്കുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

600 കൊല്ലത്തോളം സാമൂതിരി ഭരിച്ചതുപോലെ ഒരേ രാജകുടുംബം ഭരിച്ച മറ്റൊരു നഗരവും ഇന്ത്യയിലില്ല. ചൈന, ആഫ്രിക്ക, പോര്‍ച്ചുഗീസ്, ഡച്ച്, ടിപ്പു സുല്‍ത്താന്‍ എന്നിവരെയെല്ലാം ഒരു പോലെ ആകര്‍ഷിച്ച ഈ പൈതൃക നഗരത്തിന്റെ വ്യാപാരബന്ധങ്ങളുടേയും അധിനിവേശങ്ങളുടേയും പ്രതിരോധത്തിന്റേയും കഥയാണ് Calicut Heritage Trails എന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ ചരിത്ര ഗ്രന്ഥങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങളേയും പോര്‍ച്ചുഗീസുകാരുടെ കാലഘട്ടത്തില്‍ എഴുതപ്പെട്ട കൈയ്യെഴുത്ത് രേഖകളേയും അടിസ്ഥാനമാക്കിയാണ് ഈ ചരിത്ര പുസ്തകം എഴുതിയിരിക്കുന്നത്.

ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സും നഗരത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഒരു വിവരണവുമാണ് Calicut Heritage Trails. ഹോട്ടല്‍ മലബാര്‍ പാലസില്‍ 27ന് നടന്ന ചടങ്ങില്‍ സൗത്തേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ലാഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ലയാണ് പുസ്തകം പ്രകാശനം ചെയ്തത്.

അഴിമുഖം കോളമിസ്റ്റാണ് ക്യാപ്റ്റന്‍ രമേഷ് ബാബു. തിരുവല്ല സ്വദേശി.




ആര്‍ഷ കബനി

ആര്‍ഷ കബനി

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ്

Next Story

Related Stories