TopTop

'കുറ്റകൃത്യങ്ങളുടെ കാല്‍പ്പനിക വത്കരണമാണ് കുറ്റാന്വേഷണ എഴുത്തുകള്‍'; ലോക്‌നാഥ് ബെഹ്‌റ

പല കേസുകളും പോലീസുകാര്‍ക്ക് വിരസമായിരിക്കാം എന്നാല്‍ എഴുത്ത്കാരന്‍ അതിലെ ആത്മാവിനെ സ്പര്‍ശിക്കുന്നുവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു കുറ്റരംഗത്തെ സമീപിക്കുന്നത് തികച്ചും സ്വന്തം അനുമാനങ്ങളെ കേന്ദ്രീകരിച്ചാവുമ്പോള്‍ ഒരു എഴുത്ത്കാരന്‍ അതിനെ വായനക്കാരുടെ കണ്ണുകളിലൂടെ നോക്കി കാണുന്നുവെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കെഎല്‍എഫില്‍ 'ഇന്ത്യന്‍ ക്രൈം റൈറ്റിംഗ് സീന്‍/ സിറ്റീസ് ആന്‍ഡ് ദേര്‍ ഡാര്‍ക്ക് സൈഡ്' എന്ന സെക്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത കുറ്റാന്വേഷണ എഴുത്തുകാരനായ എസ്.വെങ്കിടേഷ്, ബിന്ദു ആമാട്ട് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു. യഥാര്‍ഥ കുറ്റാന്വേഷണങ്ങളും അതിനെ സംബന്ധിയായ നോവലുകളും എഴുത്തുകളും തമ്മിലുള്ള അന്തരങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമായി പരിണമിച്ച ഈ സെഷന്‍ ശ്രോതാക്കളെ കാല്‍പ്പനിക കുറ്റാന്വേഷണ കഥകളുടെയും യഥാര്‍ത്ഥ കുറ്റാന്വേഷണ സംഭവങ്ങളുടെയും മധ്യത്തില്‍ ഇരുത്തി.

ബിന്ദു ആമാട്ട് നിയന്ത്രിച്ച സെഷന്‍ നാഗരികസങ്കല്പങ്ങളിലെ കുറ്റാന്വേഷണ കഥകളുടെ പ്രത്യേകതകളും ലോകനാഥ് ബെഹ്‌റയുടെ അനുഭവങ്ങളും പങ്ക് വെച്ചു.

ഒരു പോലീസ് ഓഫീസറും ക്രൈം റൈറ്ററും ഒരു കുറ്റകൃത്യത്തെ എങ്ങനെ സമീപിക്കുന്നുവെന്നും സത്യവും സങ്കല്‍പ്പവും ഇത്തരമൊരു സന്ദര്‍ഭത്തില്‍ എങ്ങനെ വേറിട്ട് നില്‍ക്കുന്നുവെന്നും ചര്‍ച്ച വിശകലനം ചെയ്തു. കുറ്റകൃത്യങ്ങളുടെ കാല്‍പ്പനികവത്കരണമാണ് അത്തരം എഴുത്തുകള്‍ എന്ന് അഭിപ്രായപ്പെട്ട ഡി.ജി.പി, എന്നാല്‍, ഇന്ത്യയില്‍ നിലവിലുള്ള കുറ്റാന്വേഷണ സാഹിത്യങ്ങളുടെ നിലവാരം പാശ്ചാത്യലോകത്തെ ഇത്തരം സാഹിത്യങ്ങളുടെ ഒപ്പം ഇനിയും ഉയരാനുണ്ടെന്ന് അഗതാ ക്രിസ്റ്റി, ആര്‍തര്‍ കോനന്‍ ഡോയല്‍ എന്നിവരെ ഉദ്ധരിച്ച് അഭിപ്രായപ്പെട്ടു. സൈബര്‍ ലോകം നീട്ടി വെക്കുന്ന സാധ്യതകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

പാശ്ചാത്യ ലോകത്തെ സാഹിത്യങ്ങളുടെ പ്രധാന പ്രത്യേകത അവ നായകാ കഥാപാത്രത്തിന്റെ ചിന്തകള്‍ക്കൊപ്പം സഞ്ചരിച്ചു എന്നുള്ളതാണെന്നു ഓര്‍മ്മിപ്പിച്ച എസ് വെങ്കിടേഷ് ഒരു കുറ്റാന്വേഷണ ത്രില്ലര്‍ എഴുതുന്നതിനായി ഒരു എഴുത്തുകാരന്‍ ഒട്ടേറെ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അതിനായി ബൗദ്ധിക അധ്വാനം ഏറെ വേണമെന്നും പറഞ്ഞു. ഒപ്പം തന്നെ ഓരോ താളുകളിലും ആകാംഷ നിറച്ചു വെച്ചാല്‍ മാത്രമേ ഇന്നത്തെ കാലത്ത് വായനക്കാര്‍ ഉണ്ടാവുകയുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും തീവ്രത കുറവാണെന്ന് നിരീക്ഷിച്ച കേരള ഡി.ജി.പി, എന്നാല്‍, ഇപ്പോള്‍ ആശങ്കജനകമാം വിധം വര്‍ദ്ധിച്ച് വരുന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഓര്‍മിപ്പിക്കുകയും, വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശിച്ചു.


Next Story

Related Stories