TopTop
Begin typing your search above and press return to search.

ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ അന്തരിച്ചു

ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനും കേരള കലാമണ്ഡലം മുന്‍ സെക്രട്ടറിയുമായിരുന്ന ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ (75) അന്തരിച്ചു. ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ അയ്യന്തോളില്‍ മൈത്രിപാര്‍ക്കിലായിരുന്നു താമസം.

1945ലായിരുന്നു ജനനം. മേമുറി എല്‍.പി സ്‌കൂള്‍, കല്ലറ എന്‍.എസ്.എസ് ഹൈസ്‌കൂള്‍, തരിയോട് ഗവ ഹൈസ്‌കൂള്‍, കോഴിക്കോട് ദേവഗിരി കോളജ്, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലായിരുന്നു പഠനം. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളം എം.എ രണ്ടാം റാങ്കോടെ വിജയിച്ചു. മലയാള സാഹിത്യത്തിലെ ഗാന്ധിയന്‍ സ്വാധീനത്തെക്കുറിച്ചായിരുന്നു പിഎച്ച്ഡി ഗവേഷണം.

മാര്‍ അത്തനേഷ്യസ് കോളേജ്, തൃശൂര്‍ ശ്രീകേരളവര്‍മ കോളേജ്, ശ്രീശങ്കരാചാര്യ സംസ്‌കൃതം സര്‍വകലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1999ല്‍ കേരള വര്‍മ്മ കേളേജില്‍നിന്ന് വകുപ്പ് മേധാവിയായാണ് വിരമിച്ചത്. കൊച്ചിന്‍, കോഴിക്കോട് സര്‍വകലാശാലകളില്‍ സെനറ്റ് അംഗമായിരുന്നു.

കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട്, കൈരളി പ്രസ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് എന്നിവയിലും അംഗമായിരുന്നു.

ബാലാമണിയമ്മ സില്‍വര്‍ കപ്പ്, തൃശൂര്‍ ഏയ്‌സിന്റെ സാഹിത്യ പുരസ്‌കാരം, അയനം സാംസ്‌കാരിക വേദി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയ മലമുകളിലെ ദൈവം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ബാലകൃഷ്ണന്റേതായിരുന്നു. ശക്തന്‍ തമ്പുരാന്‍ എന്ന സിനിമയ്ക്കും തിരക്കഥയൊരുക്കി. കവിതകള്‍, നോവലുകള്‍, വിമര്‍ശനങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നീ ശ്രേണികളിലായി നിരവധി പുസ്തകങ്ങളും എഴുതി. ഭാര്യ ഡോ. കെ സരസ്വതി. മക്കള്‍: ജയ്‌സൂര്യ, കശ്യപ്, അപര്‍ണ.


Next Story

Related Stories