TopTop
Begin typing your search above and press return to search.

പുരുഷന്മാരുടെ പ്രിവിലേജാണ് ഈ അരാജകജീവിതം; എച്ച്മുക്കുട്ടി/അഭിമുഖം

പുരുഷന്മാരുടെ പ്രിവിലേജാണ് ഈ അരാജകജീവിതം; എച്ച്മുക്കുട്ടി/അഭിമുഖം

ലോക്ക്ഡൗണ്‍ ദിനങ്ങളിലൊന്നിലാണ് എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയുടെ 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക' എന്ന പുസ്തകം വായിക്കാനിടയായത്. 316 പേജുകളില്‍ 118 അധ്യായങ്ങളിലായി എഴുതപ്പെട്ട ആത്മകഥ. മൂന്നര വയസ്സുള്ള മകളുടെ സംരക്ഷണ ചുമതലക്കായി ഒരമ്മ വര്‍ഷങ്ങളോളം നടത്തിയ നിയമ പോരാട്ടവും, സമൂഹം പട്ടങ്ങള്‍ ചാര്‍ത്തി നല്‍കിയ പ്രമുഖർ അവരുടെ ജീവിതത്തില്‍ വരുത്തിയ തിക്താനുഭവങ്ങളുമാണ് ഈ പുസ്തകം. എച്ച്മുക്കുട്ടിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

? ഈ ആയുസ്സില്‍ താങ്കള്‍ അനുഭവിച്ചു തീര്‍ത്ത ദുരിത ജീവിതം 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക' എന്ന കൃതിയിലൂടെ മലയാളി മനസ്സിലാക്കി, അതിനു ശേഷമുള്ള ജീവിതം പറയാമോ?

ഞാന്‍ ആത്മകഥ എഴുതിയതിനു ശേഷം ആദ്യമായാണ് ആ പുസ്തകത്തെ അധികരിച്ച് ഒരു ഇന്റര്‍വ്യൂ ഉണ്ടാകുന്നത്. പുസ്തകം വന്നതുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനവധി പേര്‍ എന്നെ വിളിക്കുന്നുണ്ട്. അവരില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ട്. ഇപ്പോള്‍ ഞാന്‍ പലയിടത്തും ഒരു തിരിച്ചറിയുന്ന മുഖമായി. സ്ത്രീകള്‍ പൊതുവെ എന്നോട് കൂടുതല്‍ സംസാരിക്കാന്‍ താല്പര്യപ്പെടുന്നു. പല കോളേജുകളിലും ഞാന്‍ സെമിനാറുകളില്‍ പങ്കെടുത്തു. ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലാകുന്നത് നമ്മുടെ കുടുംബങ്ങള്‍ അതിരില്ലാത്ത സഹനത്തിന്റെ പുറത്ത് മാത്രമാണ് നിലകൊള്ളുന്നതെന്നാണ്. സമൂഹത്തിന്റെ നിയമങ്ങളും ആചാരങ്ങളും മതങ്ങളും ശീലങ്ങളും വിശ്വാസങ്ങളും എന്നു വേണ്ട എല്ലാം തന്നെ കുടുംബത്തിലെ ഈ സഹനത്തിന് എല്ലാതരത്തിലും ചൂട്ടു പിടിക്കുന്നു. സഹിക്കുന്നവര്‍ സഹിച്ച് സഹിച്ച് ഭ്രാന്തിനേയോ ആത്മഹത്യയേയോ വാരിപ്പുണരുന്നു. നമ്മുടെ കുടുംബ ബന്ധങ്ങളില്‍ യാതൊരു ജനാധിപത്യ മര്യാദകളുമില്ല. അതൊരു കൃത്യമായ ഫാസിസ്റ്റ് യൂണിറ്റാണ്. അതില്‍ പോറ്റി വളര്‍ത്തപ്പെടുന്നതുകൊണ്ടാവണം ജനങ്ങള്‍ക്ക് ഫാസിസമെന്ന രാഷ്ട്രീയത്തോട് എപ്പോഴും ഒരു ചായ്വുണ്ടാവുന്നത്.

ഞാനും എന്റെ ഭര്‍ത്താവായ കണ്ണനും തമ്മില്‍ പിരിഞ്ഞു എന്ന കഥ ഞങ്ങള്‍ ഒരുമിച്ച ദിനം മുതല്‍ കേട്ടു തുടങ്ങീട്ടുണ്ട്. അതുകൊണ്ട് ആത്മകഥ എഴുതിയപ്പോള്‍ ഉണ്ടായ സൈബര്‍ ലിഞ്ചിംഗിന്റെ ഭാഗമായി ഈ വാദവും ഉയര്‍ന്നു വന്നിരുന്നു. കുറേപ്പേര്‍ പുസ്തകം വായിച്ചിട്ടും കണ്ണന്‍ കൂടെയുണ്ടോ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. 'കണ്ണന്‍ പോയില്ലേ എന്നെ വിട്ട് 'എന്നു ചോദിച്ചവരും എത്രയോ ആണ്. അമേരിക്കയില്‍ നിന്ന് ചില മലയാളികള്‍ പുസ്തകം വായിച്ച ശേഷം ഞങ്ങളുടെ പോങ്ങുമ്മൂടുള്ള വീട്ടില്‍ വന്നു കണ്ടിരുന്നു. അവര്‍ ഒത്തിരി സംസാരിച്ചു. അവരുടെ ഒരു പ്രധാന ചോദ്യം, എനിക്കേറ്റ പരിക്കുകളേയും ആഘാതങ്ങളേയും ഞാന്‍ അതിജീവിച്ചു കഴിഞ്ഞോ എന്നതായിരുന്നു. ഞാന്‍ ചിരിച്ചു. കണ്ണനാണ് അതിന് മറുപടി പറഞ്ഞത്. അതിജീവിക്കാന്‍ പരിശ്രമിക്കുന്നു. ഇന്നും. ഈ അനുഭവങ്ങള്‍ ആത്മാഭിമാനത്തില്‍ ഉണ്ടാക്കിയ വടുക്കള്‍ എളുപ്പത്തില്‍ മാറുമെന്ന് കരുതുന്നുവോ? അത് നിത്യേനയുള്ള പരിശ്രമമാണ്. ഞാന്‍ എന്നാല്‍ ആവുന്ന വിധം സഹായിക്കുന്നു. എന്റെ പരിമിതികളില്‍ നിന്നുകൊണ്ട്. എനിക്ക് ബഹുമാനം തോന്നി ആ മനുഷ്യനോട്. അന്നേരം അവര്‍ അടുത്ത ചോദ്യം അദ്ദഹത്തിന്റെ നേര്‍ക്കാണ് നീട്ടിയത്. എന്തുകൊണ്ട് ഇവരെ സഹായിക്കണമെന്ന് തോന്നി? സമൂഹത്തില്‍ നിത്യവും അപവദിക്കപ്പെടാവുന്ന ഒരു കാര്യം ചെയ്തു പോലും അവരെ സഹായിക്കാന്‍ ശ്രമിച്ചതെന്തിന്?

കണ്ണന്റെ മറുപടി ഉറച്ചതായിരുന്നു: ആ ബുദ്ധിമുട്ടുകള്‍ കണ്ടു നില്‍ക്കുന്നത് പ്രയാസകരമായിരുന്നു. ഞാന്‍ തന്നെയാണ് ബുദ്ധിമുട്ടുന്നതെന്ന് തോന്നി. അതുകൊണ്ട് എന്നാല്‍ പറ്റുന്ന വിധം ആ വേദനകള്‍ കുറയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പൊതുവെ സമൂഹത്തിന്റെ അധിക പങ്കു മനുഷ്യരും പുരുഷനെന്ന നിലയില്‍ എനിക്ക് ത്യാഗിയുടെയും നന്മ നിറഞ്ഞവന്റേയും ആദര്‍ശവാന്റേയും നെറ്റിപ്പട്ടമാണ് കെട്ടിത്തരുന്നത്. അപ്പോഴും കുറ്റക്കാരിയാവുന്നത്, കുറഞ്ഞവളാവുന്നത് എന്റെ ഈ കൂട്ടുകാരിയാണ്. അങ്ങനൊരു പാര്‍ശ്വവീക്ഷണം മാത്രമുള്ള സമൂഹത്തിന്റെ ആദരമോ അംഗീകാരമോ ഓര്‍ത്ത് അന്നും തലപുണ്ണാക്കാനുണ്ടായിരുന്നില്ല, ഇന്നും അതില്ല.

അപ്പോഴും എനിക്ക് വലിയ ബഹുമാനവും ആദരവും തോന്നി. ഈ ലോക്ഡൗണ്‍ കാലത്ത് ഞാനും കണ്ണനും തനിച്ചാണ് വീട്ടില്‍. ഇരുവര്‍ക്കും തിരക്കുകള്‍ നന്നേ കുറഞ്ഞു. അതിഥികള്‍ ഇല്ല. മകളും അവളുടെ ഭര്‍ത്താവും അവരുടെ കുഞ്ഞും ലോക്ഡൗണില്‍പ്പെട്ട് അകലെയാണ്.

? 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക' എന്ന കൃതി കേരളം വേണ്ട പോലെ ചര്‍ച്ച ചെയ്തില്ലെന്ന് തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നുവെങ്കില്‍ അതെന്തു കൊണ്ടായിരിക്കും?

2008-ല്‍ ബ്‌ളോഗ് എഴുതാന്‍ തുടങ്ങിയ എന്റെ ഒരു കഥ മാതൃഭൂമി വാരികയുടെ ബ്‌ളോഗനയില്‍ വന്നു. കുങ്കുമം മാസിക ചില കഥകള്‍ പ്രസിദ്ധീകരിച്ചു. മാധ്യമം പത്രത്തിന്റെ കുടുംബമാധ്യമം പേജില്‍ സ്വകാര്യം എന്ന പേരില്‍ ഞാന്‍ രണ്ടര വര്‍ഷം ഒരു കോളം എഴുതി. മാധ്യമം ദിനപത്രത്തിലും മാധ്യമം വാരികയിലും ചില കുറിപ്പുകള്‍ വന്നു. സമകാലിക മലയാള വാരികയും കുറച്ചു കഥകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്കിലും എന്റെ ആത്മകഥയെ സാഹിത്യകേരളം കണ്ടതേയില്ല. പ്രമുഖര്‍ ആരും പുസ്തകത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. അതിനൊക്കെ കാരണമായി എനിക്കു തോന്നുന്ന ചില കാര്യങ്ങള്‍ പറയാം. സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഒരെഴുത്തുകാരന്‍, അധ്യാപകന്‍, ചന്ദ്രകിരണം പോലെ ശീതളിമ തോന്നിപ്പിക്കുന്ന സൗമ്യന്‍... അങ്ങനെ പുറമേ പ്രത്യക്ഷപ്പെടുന്ന ഒരാളാണ് ജോസഫ് എന്ന മാമ്മോദീസപ്പേരില്‍ ഞാന്‍ ആത്മകഥയില്‍ എഴുതിയ എന്റെ ആദ്യപങ്കാളി. ആ ആളുടെ ഇരട്ടമുഖങ്ങളെക്കുറിച്ച് പറയുമ്പോള്‍ ജോസഫിന്റെ ശിഷ്യന്മാരും ശിഷ്യകളും സുഹൃത്തുക്കളും അധികാരികളായിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

എഴുത്തുകാരൊന്നും പുസ്തകത്തെ കണ്ട മട്ട് കാണിച്ചില്ല. സുന്ദരി ആണെങ്കില്‍ ബുക്ക് വിറ്റുപോകുമെന്നും 'മീ ടൂ' ഒക്കെ മൂന്നാഴ്ചക്കുള്ളില്‍ വെളിപ്പെടുത്തണമെന്നും ഇണ്ടാസുകള്‍ ഇറക്കി പ്രസിദ്ധര്‍. അയ്യപ്പനേയും വിനയചന്ദ്രനേയും ഒക്കെ പ്രതിസ്ഥാനത്ത് നിറുത്തുന്നത് ഏതെങ്കിലും തരത്തില്‍ അംഗീകരിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ക്കൊന്നും കഴിയില്ല. ഇത്തരം തുറന്നു പറച്ചിലുകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്ന് പ്രസിദ്ധരായ എഴുത്തുകാര്‍ക്ക് ശരിക്കും അറിയാം. സ്ത്രീ എഴുത്തുകാരും സ്ത്രീവാദികളായ എഴുത്തുകാരും ഈ പുസ്തകം കണ്ടതേയില്ല.

പെണ്‍പൊരുതല്‍ എല്ലാവര്‍ക്കും ഫിക്ഷനുള്ള വിഷയമാണ്. പൊരുതിയ പെണ്ണിനെ കണ്ടാല്‍ അവള്‍ക്ക് 'ചാരിത്ര്യ'മില്ലെന്നും ആണിനെ 'തേച്ചിട്ടു പോയവളാ'ണെന്നും അതുകൊണ്ടു തന്നെ അവള്‍ അകറ്റപ്പെടേണ്ടവളാണെന്ന് ഉറപ്പിച്ചു പറയാനുമാണ് എഴുത്തുകാരില്‍ അധികം പേര്‍ക്കും ഇഷ്ടം.

പ്രൊഫ. ഷാജി ജേക്കബ് നല്ലൊരു റിവ്യൂ പ്രസിദ്ധീകരിക്കുകയും അഷ്ടമൂര്‍ത്തി ഒരു നല്ല കുറിപ്പ് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. അതല്ലാതെ, സാഹിത്യലോകത്തെ മറ്റാരും തന്നെ ഈ പുസ്തകത്തെപ്പറ്റി എഴുതീട്ടില്ല. പക്ഷേ സാധാരണ മനുഷ്യര്‍ എന്റെ ആത്മകഥ വായിക്കുന്നുണ്ട്. ഓരോ ദിവസവും ആരെങ്കിലും ഒക്കെ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ ഇടുന്നുണ്ട്.

? താങ്കളുടെ ജീവിതത്തില്‍ വില്ലന്‍ വേഷം കെട്ടിയ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അവരില്‍ ആരെങ്കിലുമായി ഇപ്പോള്‍ നല്ല സൗഹൃദ ബന്ധം പുലര്‍ത്തുന്നുണ്ടോ. ?

എന്നും ജോസഫിന്റെ സുഹൃത്തായിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി ഇപ്പോഴും നല്ല സൗഹൃദമാണ്. ബാലന്‍ എല്ലാവരോടും നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. അതിനെക്കുറിച്ച് ആറു വിരലുകളുള്ള കുട്ടി എന്ന പുസ്തകം എഴുതിയ സുധക്കുട്ടി ഫേസ്ബുക്കില്‍ കൃത്യമായ ഒരു പോസ്റ്റ് ഇട്ടിരുന്നു. എപ്പോള്‍ വേണമെങ്കിലും എനിക്കു സംസാരിക്കാന്‍ കഴിയുന്ന ഒരാളാണ് ബാലന്‍.

എന്റെ അച്ഛന്‍ മരിക്കുന്നതിന് മുമ്പേ ഒരേയൊരു വാചകം പറഞ്ഞു. നിന്റെ വിഷമങ്ങള്‍ ഒന്നും വേണ്ട സമയത്ത് വേണ്ടതുപോലെ എനിക്ക് മനസ്സിലായില്ല എന്ന്.

മകളുടെ ജീവിതം തുലച്ചില്ലേ? എല്ലാം സത്യമാണെങ്കില്‍ ജോസഫിന്റെ പേരില്‍ പോ‌ക്സോ കേസ് കൊടുക്കാത്തതെന്താണ്? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചില എഴുത്തുകാരികളും കവയത്രികളും സ്ത്രീവാദികളും ചോദിച്ചു. ഫെമിനിസ്റ്റ് അനലിസ്റ്റുകളും സൈദ്ധാന്തികരും, 'വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യപങ്കാളിയോട് പ്രതികാരം തീര്‍ക്കുന്ന'തായി സൈബര്‍ ലിഞ്ചിംഗ് നടത്തി.

? നിങ്ങളുടെ ജീവിതത്തിലെ പ്രധാന വില്ലന്‍ കഥാപാത്രമായ ജോസഫിനെ പുസ്തകം പുറത്തിറങ്ങിയതിന് ശേഷം എപ്പോഴെങ്കിലും കാണാന്‍ ഇടവന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആ സാഹചര്യം എങ്ങിനെ മാനേജ് ചെയ്തു?

എന്റെ ആദ്യ കഥാക്കുറിപ്പ് സമാഹാരമായ അമ്മീമ്മക്കഥകളുടെ പ്രകാശനം നടന്നത് തൃശൂര്‍ സാഹിത്യ അക്കാദമിയിലാണ്. 2014 ജനുവരിയിലായിരുന്നു അത്. അന്ന് സുഹൃത്തായ ഷണ്‍മുഖദാസിനൊപ്പം ജോസഫ് വന്നിരുന്നു. കുറച്ചു നേരം ഇരുന്നിട്ടു പോയി. ബുക്ക് ഇറങ്ങിയ ശേഷം കണ്ടിട്ടില്ല. എന്നെ വിളിക്കുന്നുണ്ടെങ്കില്‍ ആ പരിപാടിക്ക് വരില്ലെന്ന് ജോസഫും മിസ്സിസ് ജോസഫും പറഞ്ഞതായി ചില സംഘാടകര്‍ അറിയിക്കാറുണ്ട്. അതുപോലെ മാഷേയും മലയാളത്തിലെ പ്രഗത്ഭ കവികളേയും മോശമായി ചിത്രീകരിച്ച എന്നെ പരിപാടികള്‍ക്ക് വിളിക്കരുതെന്ന് ശഠിക്കുന്ന സംഘാടകരുമുണ്ട്.

?ഇനി എപ്പോഴെങ്കിലും കാണാന്‍ അവസരം ലഭിച്ചാല്‍... എങ്ങനെ നേരിടും, പ്രതികരിക്കും?

എനിക്ക് ജോസഫിനെ കാണാനോ നേരിടാനോ യാതൊരു പ്രയാസവുമില്ല. ഞാന്‍ കളവൊന്നും പറഞ്ഞിട്ടില്ല. തെളിവുകള്‍ ഉള്ള ആത്മകഥയാണ് എന്റേത്. തെളിവുകള്‍ പുറത്തുവിടുന്നതിലൂടെ മറച്ചുവെച്ച ആ പേര് സുവ്യക്തമായി മാറും. എന്റെ മകളെ എനിക്ക് മടക്കിക്കിട്ടാന്‍ ഒരു പ്രധാന കാരണമായ മിസ്സിസ് ജോസഫിനേയും അവര്‍ പ്രസവിച്ച രണ്ട് പെണ്‍കുട്ടികളേയും വിചാരിച്ചാണ് ഞാന്‍ അങ്ങനെ ചെയ്യാത്തത്. മറ്റൊരു സ്ത്രീ കൂടിയുണ്ട്. കാന്തിച്ചേച്ചി എന്ന് ആത്മകഥയില്‍ ഞാന്‍ പേരുകൊടുത്ത ടീച്ചര്‍. അവര്‍ തനിച്ചായിപ്പോയ ഒരു സ്ത്രീയാണ്. തെളിവുകള്‍ നിരത്തുമ്പോള്‍ ആ പേര് കൂടി പുറത്തു വരും. ജീവിതത്തില്‍ തികച്ചും ഏകയായ അവര്‍ ആ വേദന കൂടി സഹിക്കേണ്ടതില്ല.

? ജോസഫ് എന്ന വ്യക്തിയെ താങ്കള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല, അതിനാല്‍ പലരേയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയല്ലെ നിങ്ങള്‍ ചെയ്തിരിക്കുന്നത്?

ഞാന്‍ സംശയത്തിന്റെ മുള്‍മുനയില്‍ ആരേയും നിറുത്തീട്ടില്ല. എന്റെ വേദനകള്‍ക്ക് പരിഹാരമില്ല. അത് എന്റെ അനുഭവമാണ്. എന്നാല്‍ ജോസഫിന്റെ ഭാര്യയേയോ അവര്‍ പ്രസവിച്ച ഇരു പെണ്‍കുട്ടികളേയോ കാന്തിച്ചേച്ചിയേയോ പേരുകള്‍ വിളിച്ചു പറഞ്ഞ് കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. പേരു പറഞ്ഞാല്‍ മാനനഷ്ടക്കേസു കൊടുക്കാനാവുമെന്ന ഭീഷണിയില്‍ അവര്‍ ആശ്വസിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. എന്നെ അപവദിക്കുകയോ ചീത്ത വിളിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്ന ആരോടും എനിക്കൊരു വഴക്കുമില്ല. കാരണം എന്റെ ജീവിതം ഞാന്‍ അനുഭവിച്ചതാണ്. എന്റെ മുറിവുകളും ചോരയും കണ്ണീരും എന്റെയാണ്. അത് മറ്റാരെങ്കിലും മാറ്റിപ്പറഞ്ഞതുകൊണ്ടോ അവിശ്വസിച്ചതുകൊണ്ടോ മാറിപ്പോവുകയില്ല.

? കവി അയ്യപ്പന്‍ മരിച്ചതിനു ശേഷമാണ് താങ്കള്‍ അദ്ദേഹത്തിനെതിരേയുള്ള 'മീ ടൂ' വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇതിനെന്തെങ്കിലും പ്രത്യേക കാരണം?

ഒരച്ചടി മാധ്യമവും എന്റെ വേദന അച്ചടിക്കുമായിരുന്നില്ല. ആരാധക ബാഹുല്യമുള്ള അയ്യപ്പനായാലും വിനയചന്ദ്രനായാലും പ്രതിസ്ഥാനത്ത് വരുമ്പോള്‍ എല്ലാവരും മടിക്കും. മരിച്ചിട്ട് എഴുതീട്ട് പോലും ആരാധകര്‍ക്ക് സഹിക്കാന്‍ വയ്യ. അനുഭവിച്ച എന്നേക്കാള്‍ ഉറപ്പാണ് കവിത വായിച്ച ആരാധകര്‍ക്ക്. അരാജകജീവിതം, കവി എന്ന പ്രശസ്തി, മദ്യപാനം, ഏതു സ്ത്രീയോടും ഇഷ്ടപ്പെട്ട രീതിയില്‍ പെരുമാറാം, ഒന്നിനോടും യാതൊരു ഉത്തരവാദിത്തവുമില്ലാതെ ജീവിക്കാം എന്നതൊക്കെ പൊതുവെ മിക്കവാറും എല്ലാ പുരുഷന്മാര്‍ക്കും രുചിക്കുന്ന കാര്യമാണ്.

എന്നാല്‍ അരാജകജീവിതത്തിന്റെ എന്തും സംഭവിക്കാമെന്ന അനിശ്ചിതത്വമാണ് പലരേയും അതു തെരഞ്ഞെടുക്കുന്നതില്‍ നിന്ന് ഭയപ്പെടുത്തി നിറുത്തുന്നത്. അരാജകജീവിതം നയിക്കുന്നവരോടുള്ള ആകര്‍ഷണം കൊണ്ട്, തനിക്ക് പറ്റാത്തത് ചെയ്യുന്നവരോടുള്ള ആരാധന കൊണ്ട്, പലരും അത്തരം അരാജകവാദികളെ വാഴ്ത്തിപ്പാടും.

പി. കുഞ്ഞിരാമന്‍ നായരെ പോലെ ഒരു സ്ത്രീ കവയത്രി ജീവിച്ചാല്‍...?

അയ്യപ്പനെപ്പോലെ ഒരു സ്ത്രീ കവയിത്രി ജീവിച്ചാല്‍...?

ജോണ്‍ എബ്രഹാമിനെപ്പോലെ ഒരു സ്ത്രീ ഫിലിം മേക്കര്‍ ജീവിച്ചാല്‍...?

ഓര്‍ത്തു നോക്കീട്ടുണ്ടോ... ആരാധകര്‍ ഉണ്ടാകുമോ?

പുരുഷന്മാരുടെ പ്രിവിലേജ് ആണ് ഈ അരാജകജീവിതം...

? കവി കുഞ്ഞുണ്ണി മാഷിനെ താങ്കള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്, ജോസഫിന്റെ പ്രതികരണത്തിലൂടെ. ഇത് വായനക്കാര്‍ക്ക് മാഷെക്കുറിച്ച് സംശയം ഉണ്ടാക്കുന്നതാണ്.

കുഞ്ഞുണ്ണി മാഷ് ഒട്ടും സ്ത്രീ അനുഭാവമില്ലാത്ത ആളായിരുന്നുവെന്ന് എനിക്ക് തോന്നീട്ടുണ്ട്. 'പണ്ട് പേറ്... ഇന്ന് കീറ്' എന്ന മാഷുടെ പ്രയോഗം എന്നില്‍ അറപ്പുണ്ടാക്കീട്ടുണ്ട്. സ്ത്രീ എത്ര പ്രയാസപ്പെട്ടിട്ടാണ് ഒരു കുഞ്ഞിനെ പെറ്റിടുന്നതെന്നും അതിനോടനുബന്ധിച്ച് എന്തെല്ലാം നൂലാമാലകള്‍ ഉണ്ടാവാമെന്നും ഒരു സെക്കന്റ് ആലോചിക്കാന്‍ മെനക്കെടാത്ത തികഞ്ഞ പുരുഷപക്ഷത്തിലുള്ള അനുതാപരഹിതമായ ഈ വരികള്‍ എനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. 'ഞാന്‍ വിവാഹം കഴിച്ചിട്ടില്ല... അതുകൊണ്ട് ഞാനൊരു സ്ത്രീയേയും പീഡിപ്പിച്ചിട്ടില്ല' എന്ന് സ്ത്രീപീഡനങ്ങളെ നിസ്സാരവത്ക്കരിച്ച് കുഞ്ഞുണ്ണി മാഷ് പറയുന്നതും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ജോസഫ് പറഞ്ഞത്രയുമേ എനിക്കറിയൂ. കൂടുതല്‍ തിരക്കീട്ടില്ല. എനിക്ക് ഒട്ടും തന്നെ ആരാധന തോന്നാത്തതാവാം കാര്യം. വന്നപ്പോഴൊക്കെ ജോസഫുമൊത്ത് സമയം ചെലവാക്കുകയും എന്നോട് കൂട്ടാന്‍ വെക്കൂ എന്നു മാത്രം പറയുകയും ചെയ്യുന്നതില്‍ എനിക്ക് ബോറടി തോന്നീരുന്നു. ഞാന്‍ ജോസഫിന്റെ ഒരു അടുക്കളക്കാരി മാത്രമായിരുന്നു കുഞ്ഞുണ്ണി മാഷുടെ കണ്ണില്‍.

? എന്തുകൊണ്ട് എച്ച്മുക്കുട്ടി എന്ന പേര്?

കല എന്ന എന്റെ പേര് എനിക്ക് സങ്കടം മാത്രമേ തന്നുള്ളൂ. കോടതിക്കടലാസ്സുകളും കേസുകളും നിന്ദാപമാനങ്ങളും ഞാന്‍ ആ പേരിനോട് ചേര്‍ന്നു കാണുന്നുണ്ട്. എഴുതാനായി ആ വേദനയൂറുന്ന പേര് വേണ്ട എന്ന തീരുമാനമാണ് എന്നെ എച്ച്മുക്കുട്ടി ആക്കിയത്. എന്റെ അമ്മയുടെ വീടായ തൃക്കൂര്‍ മഠത്തില്‍ വളരെക്കാലം ജോലി ചെയ്തിരുന്ന ഒരു അമ്മൂമ്മയുണ്ട്. അവരുടെ പേര് എച്ച്മു എന്നാണ്. ലക്ഷ്മിക്കുട്ടി എന്ന പേര് താഴ്ത്തപ്പെട്ട ജാതിക്കാര്‍ ഇട്ടാല്‍ ലക്ഷ്മീ പൂജ ചെയ്യുന്ന സവര്‍ണര്‍ അവരെ എച്ച്മുക്കുട്ടി, എച്ചിക്കുട്ടി, എച്ചുക്കുട്ടി എന്നൊക്കെ വിളിച്ച് വികൃതമാക്കുമായിരുന്നു പഴയ കാലങ്ങളില്‍. അമ്മയുടെ മഠത്തില്‍ ജോലി ചെയ്തിരുന്ന ആ അമ്മൂമ്മയുടെ പേരാണ്, ഏറെ വയസ്സു ചെന്ന ആ അമ്മൂമ്മയോടുള്ള ആദരവാണ്, എന്റെ ബ്രാഹ്മണ വേരുകള്‍ ചെയ്തിട്ടുണ്ടെന്ന് എനിക്കുറപ്പുള്ള അനീതികളിലെ പ്രതിഷേധമാണ് എച്ച്മുക്കുട്ടി.


Next Story

Related Stories