TopTop
Begin typing your search above and press return to search.

ടൈപ്പിസ്റ്റായി തുടക്കം, ആറ് മണിക്കൂര്‍ കൊണ്ട് ഇന്ത്യാ വിഭജനത്തിന്റെ രൂപരേഖ, സര്‍ദാര്‍ പട്ടേലിന്റെ വലം കൈ; വി പി മേനോന്‍ തമസ്കരിക്കപ്പെട്ടതെങ്ങനെ?

ടൈപ്പിസ്റ്റായി തുടക്കം, ആറ് മണിക്കൂര്‍ കൊണ്ട് ഇന്ത്യാ വിഭജനത്തിന്റെ രൂപരേഖ, സര്‍ദാര്‍ പട്ടേലിന്റെ വലം കൈ; വി പി മേനോന്‍ തമസ്കരിക്കപ്പെട്ടതെങ്ങനെ?

സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തന ഘട്ടത്തിലും ആദ്യ കാലങ്ങളിലും രാജ്യത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് വി പി മേനോന്റെത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സെക്രട്ടറിയെന്നതിലപ്പുറമായിരുന്നു വിവിധ മേഖലകളില്‍ അദ്ദേഹം നടത്തിയ സംഭാവനകള്‍. എന്നാല്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ പിന്നീടുളള ചരിത്രത്തില്‍ തമസ്‌ക്കരിക്കപ്പെടുകയാണ് ചെയ്തത്. രാജ്യത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ വ്യത്യസ്ത മേഖലകളില്‍ വി പി മേനോന്‍ നടത്തിയ സംഭാവനകള്‍ എന്തൊക്കെയായിരുന്നുവെന്ന് കണ്ടെത്തുകയാണ് ചരിത്രകാരിയും വിദേശകാര്യ വിദഗ്ദയുമായ നാരായണി ബസു. സ്വതന്ത്ര്യ ഇന്ത്യയില്‍ പ്രധാന്യം കിട്ടാതെ പോയ വ്യക്തിത്വത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ് വി പി മേനോന്‍ അണ്‍ സങ് ആര്‍കിടെക്റ്റ് ഓഫ് മോഡേണ്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ നാരായണി ബസു. വി പി മേനോന്റ പ്രപൗത്രി കൂടിയായ അവരുടെ പുസ്തകത്തില്‍നിന്നുള്ള ഒരു ഭാഗമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. നാരായണി ബസുവിന്റെ രണ്ടാമത്തെ പുസ്തകമാണ് ഇത്. The United States and China: Competing Discourses of Regionalism in East Asia 2015 ആണ് ആദ്യ പുസ്തകം.

1914ലെ ഒരു തെളിഞ്ഞ ദിവസം ഇന്ത്യ ഗവണ്‍മെന്റിന്റെ വേനല്‍ക്കാല ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഗോര്‍ട്ടന്‍ കാസിലിലേയ്ക്ക് മലയാളിയായ ഒരു യുവാവ് കയറിച്ചെന്നു. വെറും 19 വയസ്സ് മാത്രമുണ്ടായിരുന്ന വാപ്പാല പങ്കുണ്ണി മേനോന്‍ എന്ന ആ യുവാവ് അന്നെല്ലാവര്‍ക്കും അപരിചിതനായിരുന്നു. ആഭ്യന്തര വകുപ്പില്‍ ടൈപ്പിസ്റ്റ് ജോലിയ്ക്കായുള്ള ഒരു ശുപാര്‍ശക്കത്തു മാത്രമാണ് അയാളുടെ കൈയ്യിലുണ്ടായിരുന്നത്. പിന്നീടുള്ള നാലു പതിറ്റാണ്ടുകളില്‍, സ്വാതന്ത്ര്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയില്‍ മുന്‍പന്തിയിലുണ്ടായിരുന്നു, പില്‍ക്കാലത്തു വി.പി എന്ന വിളിപ്പേരില്‍ പ്രശസ്തനായ ആ യുവാവ്. മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയ മുഖ്യ ടൈപ്പിസ്റ്റ് വി.പിയായിരുന്നു. 1924ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉപവിഭാഗമായിരുന്ന റിഫോംസ് ഓഫീസില്‍ വി.പി ജോലിയ്ക്കു കയറി. സ്വയംഭരണത്തിലേയ്ക്കുള്ള ഇന്ത്യയുടെ വളര്‍ച്ചയില്‍ ക്രിയാത്മക പങ്കു വഹിച്ച ആ സ്ഥാപനത്തില്‍ അദ്ദേഹം 1947 വരെ തുടര്‍ന്നു.

വി.പി ഇന്ന് പ്രധാനമായും ഓര്‍മ്മിക്കപ്പെടുന്നത്, സ്വാതന്ത്ര്യാനന്തരം പലതായി നിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കുന്നതിനായി സര്‍ദാര്‍ പട്ടേലിന്റെ വലം കൈയായി നിന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്. എന്നാല്‍ 1914 മുതല്‍ 1951 വരെയുള്ള കാലയളവില്‍ വി.പി ഇന്ത്യന്‍ ചരിത്രത്തില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ അതുല്യമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒട്ടും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. 1930ലെ ആദ്യ വട്ടമേശ സമ്മേളനത്തിന് ഇന്ത്യയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോയ സെക്രട്ടറിയേറ്റിന്റെ ഭാഗമായിരുന്നു വി.പി. ആ യാത്രയിലാണ് വോട്ടവകാശത്തിനു വേണ്ടി അക്കാലത്തു നടന്നിരുന്ന പോരാട്ടങ്ങളുടെ പ്രസക്തി അദ്ദേഹം തിരിച്ചറിഞ്ഞത്. 5 വര്‍ഷങ്ങള്‍ക്കു ശേഷം, 1937ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന സമയത്ത്, വിവാഹമോചിതരായവരടക്കമുള്ള എല്ലാ സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിക്കാന്‍ വി.പി മുന്‍കൈയ്യെടുത്തു. ഒരു ശരാശരി വോട്ടര്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത താഴ്ത്തി നിശ്ചയിക്കാന്‍ പ്രവിശ്യാ സര്‍ക്കാരുകളോട് ആവശ്യപ്പെട്ട വി.പി, ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നവും അതനുസരിച്ചുള്ള നിറമുള്ള കള്ളികളും ഉള്‍പ്പെടുത്തി നിരക്ഷരരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി. രാജ്യത്തെ നിരവധിയായ റെയില്‍വേ കോളനികളിലെ താമസക്കാര്‍ക്ക് വോട്ടവകാശം നേടാനായതും ഗ്രാമീണ-നഗര പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടേണ്ട പ്രതിനിധികളുടെ എണ്ണത്തെ സംബന്ധിച്ച് വ്യക്തത വന്നതും മണ്ഡല പുനര്‍നിര്‍ണയത്തിന് നടപടിയായതും വി.പിയുടെ ശ്രമഫലമായാണ്. അക്കാലത്തു തന്റെ നാല്പതുകളിലായിരുന്ന വി.പി രാജ്യത്തെ ഭരണഘടനാ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഏറെക്കുറെ ഒറ്റയ്ക് തന്നെ നടപ്പിലാക്കിയെടുത്തു. ഇന്ത്യന്‍ ഭരണഘടനയുടെ സാങ്കേതികത്വങ്ങളുടെ യാന്ത്രികതയില്‍ ഇത് വിസ്മരിക്കപ്പെട്ടെങ്കിലും ആ സംഭാവനകള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇതൊരു തുടക്കം മാത്രമായിരുന്നു. ഫെഡറല്‍ ഘടനയെ സംബന്ധിച്ചുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള ധാരണ കാരണം ഇന്ത്യ ഒരു ഫെഡറല്‍ രാജ്യമായി നില്‍ക്കുന്നതാകും ഉചിതമെന്നു വി.പിക്ക് ബോധ്യമായി. ബ്രിട്ടീഷ് രാജില്‍ നിന്നും സ്വതന്ത്ര ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റം സംബന്ധിച്ച് വി.പി മൂന്ന് തവണ-1936, 1941,1946 എന്നീ വര്‍ഷങ്ങളില്‍- തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതികളുടെയും കേന്ദ്ര ആശയം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ വിഷയങ്ങള്‍ കേന്ദ്രത്തിന്റെ അധികാരപരിധിയിലും ബാക്കി വിഷയങ്ങള്‍ നാട്ടുരാജ്യങ്ങള്‍ക്കും വിട്ടുകൊടുത്തുകൊണ്ട് ഫെഡറല്‍ ഘടനയുള്ള ഒരു രാജ്യം രൂപീകരിക്കാമെന്നായിരുന്നു വി.പി കണക്കുകൂട്ടിയത്. ഇതുവഴി നാട്ടുരാജ്യങ്ങള്‍ക്കു അഭിമാനക്ഷതം സംഭവിക്കാതെ തന്നെ രാജ്യത്തിന്റെ മൊത്തത്തിലുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍ വന്നുചേരുമായിരുന്നു. വി.പിയുടെ ഈ പദ്ധതി രണ്ടു വൈസ്രോയിമാര്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും രണ്ടു തവണയും അവ സ്വീകരിക്കപ്പെട്ടില്ല. ഒടുവില്‍, 1947ലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കായുള്ള 'മേനോന്‍ പ്ലാന്‍' നടപ്പിലായത്. വി.പിയുടെ ആശയങ്ങള്‍ തുടര്‍ച്ചയായി തഴയപ്പെട്ടെങ്കിലും ഇന്ത്യയുടെ വിഭജനം തടയാനുള്ള ശ്രമത്തില്‍നിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനകക്ഷികളെ ഒരുമിച്ചു കൊണ്ടുവന്നാല്‍ ഒരു കൂട്ടുമുന്നണി രൂപീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഈ ലക്ഷ്യത്തിലേക്കുള്ള ശ്രമമെന്ന നിലയ്ക്കാണ് 1945ല്‍ സിംല കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ വി.പി വേവല്‍ പ്രഭുവിനെ നിര്‍ബന്ധിച്ചത്. സിംലയിലെ വൈസ്‌റീഗല്‍ ലോഡ്ജില്‍ സംഘടിപ്പിക്കപ്പെട്ട കോണ്‍ഫറന്‍സ് അതില്‍ പങ്കെടുത്ത ഇന്ത്യന്‍ രാഷ്രീയത്തിലെ അതികായന്മാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഒരു പരാജയമായി മാറിയത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ കോണ്‍ഫറന്‍സിനു വേണ്ട അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഇത്തരമൊരു സമ്മേളനത്തിലൂടെ ഭാരതത്തിന്റെ ഭാവി സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കേണ്ടത് വേവല്‍ പ്രഭുവിന്റെ കടമയാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതും വി.പി ആണെന്നത് അധികമാര്‍ക്കും അറിയാത്ത വസ്തുതയാണ്.

1947ലെ വേനലില്‍ ഒരു നാള്‍, ഇന്ത്യയുടെ അവസാന വൈസ്രോയി തന്റെ റിഫോംസ് കമ്മീഷണറും ഭരണഘടനാ ഉപദേഷ്ടാവും ആയ വി.പിക്ക് ഇന്ത്യന്‍ വിഭജനത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ആറു മണിക്കൂര്‍ സമയം കൊടുത്തു. തെക്കേ ഏഷ്യയുടെ ഘടന തന്നെ മാറ്റിമറിക്കാന്‍ പോന്ന ആ രൂപരേഖ കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും തൃപ്തിപ്പെടുത്തുന്നതാകണം എന്നതായിരുന്നു വി.പിക്ക് കിട്ടിയ നിര്‍ദേശം. എണ്ണമില്ലാത്തത്ര സിഗരറ്റുകള്‍ പുകഞ്ഞു തീര്‍ന്ന ആ ദിവസം രാത്രിയായപ്പോഴേക്കും വി.പി അത്തരമൊരു രൂപരേഖ ഉണ്ടാക്കിയെടുത്തു. തന്റെ പദ്ധതി സാമാന്യം മോശമല്ലാത്തതാണ് എന്നൊരു വിശ്വാസം അന്നേദിവസം ഉണ്ടായിരുന്നതായി വി.പി പിന്നീട് ഓര്‍ക്കുന്നുണ്ട്. എന്നാല്‍ വി.പി അന്ന് ആശങ്കപ്പെട്ടതു തന്റെ രേഖയിലെ വ്യാകരണത്തെക്കുറിച്ചാണ് എന്നതാണ് രസകരം. 1947ല്‍ സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം നെഹ്റു സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാനങ്ങള്‍ക്കായുള്ള വകുപ്പില്‍ വി.പി തന്നെ സെക്രട്ടറി ആയി വരണമെന്ന് പട്ടേല്‍ നിര്‍ബന്ധം പിടിച്ചു. ദേശീയോദ്ഗ്രഥനത്തിനുള്ള എല്ലാ ഖ്യാതിയും പട്ടേലിന് ലഭിക്കുമ്പോഴും നാട്ടുരാജ്യങ്ങളുമായി ഒപ്പിട്ട ഓരോ ലയന കരാറിലുമുള്ളത് വിപിയുടെ കൈയൊപ്പുകളാണ്. പട്ടേലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം പകരംവയ്ക്കാനില്ലാത്ത ഒരു മുതല്‍ക്കൂട്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വി.പിയ്ക്ക് ഉണ്ടായിരുന്നത്ര ആഴത്തിലുള്ള പാണ്ഡിത്യം വേറെയാര്‍ക്കും അന്ന് അവകാശപ്പെടാന്‍ കഴിയുമായിരുന്നില്ല. നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരോട് ഒരേസമയം കൗശലവും കാര്‍ക്കശ്യവും കലര്‍ന്ന നിലപാടാണ് വി.പി സ്വീകരിച്ചത്. 1948ല്‍ നൗഗോങ്ങിലെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ച വി.പിയുടെ പ്രകടനം കണ്ടു സരിലയിലെ രാജാവ് അത്ഭുതപ്പെട്ടതായി പറയപ്പെടുന്നു. 1951ല്‍ പട്ടേലിന്റെ മരണത്തോടെ വാപ്പാല പങ്കുണ്ണി മേനോന്‍ എന്ന വി.പി രാഷ്ട്രീയപരമായും ഉദ്യോഗപരമായും മറച്ചുവെക്കപ്പെട്ടു. 1966ല്‍ വി.പിയുടെ മരണം വരെ അതങ്ങനെ തന്നെ തുടര്‍ന്നു. ദൗര്‍ഭാഗ്യകരമായ ആ അവസ്ഥയ്ക്ക് മാറ്റം വരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ( 'വി പി മേനോൻ അൺസങ് ആർക്കിടെക്റ്റ് ഓഫ് മോഡേൺ ഇന്ത്യ' വാങ്ങാൻ

ഇവിടെ ക്ലിക്ക് ചെയ്യുക

)

Next Story

Related Stories