Top

ബില്‍ ക്ലിന്റനുമായുള്ള വിവാഹം ജീവിതത്തില്‍ എടുത്ത ഏറ്റവും ധീരമായ തീരുമാനമെന്ന് ഹിലരി ക്ലിന്റണ്‍

ബില്‍ ക്ലിന്റനുമായുള്ള വിവാഹം ജീവിതത്തില്‍ എടുത്ത ഏറ്റവും ധീരമായ തീരുമാനമെന്ന് ഹിലരി ക്ലിന്റണ്‍

ബില്‍ ക്ലിന്റനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് തന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും ധീരമായ തീരുമാനമെന്ന് ഹിലരി ക്ലിന്റണ്‍. മകള്‍ ചെല്‍സി ക്ലിന്റണിനൊപ്പം ചേര്‍ന്ന് എഴുതിയ 'ഗട്ട്‌സി വുമണ്‍' എന്ന പുസ്തകത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും ധീരമായ കാര്യമെന്തെന്ന ചോദ്യത്തിന് 'വ്യക്തിപരമായി, വിവാഹം കഴിക്കാനുള്ള തീരുമാനം എന്നും, പൊതുവായി, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനം, എന്നുമാണ് അവര്‍ മറുപടി നല്‍കിയത്. അമ്മയുടെ ഉത്തരത്തില്‍ അമ്പരന്നു പോയെന്നാണ് ചെല്‍സി ക്ലിന്റണ്‍ പറഞ്ഞത്.

അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ ഇംപീച്ച് ചെയ്യപ്പെട്ട രണ്ടു പ്രസിഡന്റുമാരില്‍ ഒരാളാണ് ബില്‍ ക്ലിന്റണ്‍. 1990 കളുടെ അവസാനത്തില്‍ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെ ചൊല്ലി അദ്ദേഹത്തിന് കിരീടവും ചെങ്കോലും നഷ്ടപ്പെട്ടപ്പോഴും പ്രഥമ വനിതയായ ഹിലരി ക്ലിന്റണ്‍ അദ്ദേഹത്തിന് സര്‍വ്വ പിന്തുണയുമായി കൂടെ നിന്നിരുന്നു. 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ട്രംപിനുമുന്നില്‍ ഹിലാരിക്ക് അടിപതറി. ആ തെരഞ്ഞെടുപ്പിലാണ് ട്രംപിനെ റഷ്യ സഹായിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നത്.

ട്രംപിനെതിരായ ഇംപീച്ച്മെന്റ് അന്വേഷണത്തെക്കുറിച്ച് ശബ്ദമുയര്‍ത്തിക്കൊണ്ട് കഴിഞ്ഞ കുറച്ച് ദിവസമായി ഹിലരി പ്രചാരണത്തിലാണ്. ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിക്കാനുള്ള നാന്‍സി പെലോസിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് അവര്‍ പറഞ്ഞു. വഞ്ചകനും അഴിമതിക്കാരനുമായ ബിസിനസുകാരനാണ് ട്രംപെന്ന് ആക്ഷേപിച്ച ഹിലരി ക്ലിന്റണ്‍ അദ്ദേഹം അര്‍ഹിക്കുന്ന നടപടിക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നീങ്ങുന്നതെന്നും പറഞ്ഞു.

അതിനിടെ, ഇംപീച്ച്‌മെന്റ് നടപടിയാവശ്യപ്പെട്ട ഡെമൊക്രാറ്റുകള്‍ക്കെതിരെ അമേരിക്കന്‍ ട്രംപ് പ്രതികാര നടപടികള്‍ ശക്തമാക്കി. ഹിലരി ക്ലിന്റണെയാണ് അദ്ദേഹം ആദ്യം തന്നെ നോട്ടമിട്ടിരിക്കുന്നത്. 2016-ലെ തെരഞ്ഞെടുപ്പിനു ശേഷം ഹിലരിക്കെതിരെ ഉയര്‍ന്ന ഇ-മെയില്‍ ആരോപണം അന്വേഷിക്കാന്‍ ട്രംപ് ഉത്തരവിട്ടിരിക്കുകയാണ്. ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായിരുന്നപ്പോള്‍ ഔദ്യോഗിക കത്തിടപാടുകള്‍ സ്വകാര്യ ഇമെയിലിലൂടെ നടത്തിയെന്നതു സംബന്ധിച്ചു എഫ്ബിഐ അന്വേഷണം നടത്തിയെങ്കിലും റിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തപ്പെട്ടിരുന്നില്ല. എന്നാല്‍, ഇതു സംബന്ധിച്ച അന്വേഷണം വീണ്ടും നടത്തുന്നതിനായി 130 ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ചകളില്‍ ബന്ധപ്പെട്ടുവെന്നാണ് വിവരം.


Next Story

Related Stories