Top

മുസ്സിരിസ് പൈതൃക പദ്ധതിയില്‍ ചേരമാന്‍ മസ്ജിദ് പുനരുദ്ധരിക്കുന്നു

മുസ്സിരിസ് പൈതൃക പദ്ധതിയില്‍ ചേരമാന്‍ മസ്ജിദ് പുനരുദ്ധരിക്കുന്നു

എഡി 629 ല്‍ കൊടുങ്ങല്ലൂരില്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തേയും അതിപുരാതനവുമായ ചേരമാന്‍ ജുമാ മസിജിദിനെ മുസ്സിരിസ് പൈതൃക പദ്ധതിയിലൂടെ പുനരുദ്ധരിക്കുന്നു. ടൂറിസം വകുപ്പിന്റെ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പദ്ധതി മസ്ജിദ് പരിസരത്ത് ഞായറാഴ്ച വൈകിട്ട് നാലിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബെഹനാന്‍ എംപി, വിആര്‍ സുനില്‍ കുമാര്‍ എംഎല്‍എ, ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, നോര്‍ക്ക റൂട്ടസ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, കൗണ്‍സിലര്‍ ആശ ലതാ, മുസ്സിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പിഎം നൗഷാദ്, ചേരമാന്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഡോ പിഎ മുഹമ്മദ് സയ്യിദ് എന്നിവര്‍ പങ്കെടുക്കും.

സുഗന്ധവ്യഞ്ജനങ്ങള്‍ മുതല്‍ അമൂല്യ രത്‌നങ്ങളുടെ വരെ വ്യാപാരകേന്ദ്രമായിരുന്ന മുസ്സിരിസ്സിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ചേരമാന്‍ ജുമാ മസ്ജിദിന് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. എഡി ഒന്‍പതുമുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളില്‍ ചേര രാജാക്കന്‍മാര്‍ക്കു കീഴില്‍ പെരുമാളുകള്‍ ഭരിച്ച തലസ്ഥാനമായിരുന്നു മഹോദയപുരമെന്നും മുയിരിക്കോടെന്നും അറിയപ്പെട്ടിരുന്ന ഈ സ്ഥലം.

ഏഴാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ അറേബ്യയിലെത്തി പ്രവാചകനെ കണ്ടുമുട്ടി ഇസ്ലാമിലേയ്ക്ക് മതം മാറിയതായും ഇന്ത്യയിലെത്തിയ പേര്‍ഷ്യന്‍ പണ്ഡിതനായ മാലിക് ഇബ്‌നു ദിനാറിന്റെ കയ്യില്‍ കത്തുകൊടുത്തുവിട്ടതായും രാജാവിന്റെ മരണശേഷം എഡി 629ല്‍ മാലിക് ഇബ്‌നു ദിനാര്‍ മസ്ജിദ് നിര്‍മ്മിച്ചതായും പറയപ്പെടുന്നു.ആദ്യ നൂറ്റാണ്ടുകളില്‍ വ്യാപാരികളുടെ കുടിയേറ്റ കേന്ദ്രമായ കൊടുങ്ങല്ലൂര്‍ വ്യത്യസ്ത വര്‍ഗങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമാകുകയും വിവിധ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായി മാറുകയുമായിരുന്നു. 1341 ലെ മഹാപ്രളയം ഈ പ്രദേശത്തെ കവര്‍ന്നെടുത്തു.


Next Story

Related Stories