TopTop
Begin typing your search above and press return to search.

ചരിത്രം രേഖപ്പെടുത്താതെപോയ അവളുടെ യാത്രകളാണ് ലോകത്തെ മാറ്റി പണിതത്- ബെന്യാമിന്‍ അഭിമുഖം

ചരിത്രം രേഖപ്പെടുത്താതെപോയ അവളുടെ യാത്രകളാണ് ലോകത്തെ മാറ്റി പണിതത്- ബെന്യാമിന്‍ അഭിമുഖം

മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ബെന്യാമിന്റെ പുതിയ നോവല്‍ നിശബ്ദസഞ്ചാരങ്ങള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഒച്ചയും ബഹളങ്ങളും ആരവങ്ങളുമില്ലാതെ പുരുഷനുമുന്‍പേ ആഗോള സഞ്ചാരം ആരംഭിച്ച മലയാളി നേഴ്‌സുമാരുടെ ലോകജീവിതമാണ് ഈ നോവലില്‍ പകര്‍ത്തപ്പെട്ടിരിക്കുന്നത്. ലോക്ഡൗണും കൊറോണയുമെല്ലാം പരാമര്‍ശിക്കപ്പെടുന്ന നോവലിന്റെ എഴുത്തുകാലഘട്ടത്തെ കുറിച്ചും നോവലിനെ കുറിച്ചും ബെന്യാമിന്‍ സംസാരിക്കുന്നു.

സ്ത്രീ ജീവിത ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നേഴ്‌സിങ് ജോലിയുടെ ഭാഗമായി സ്ത്രീകള്‍ നടത്തിയ സഞ്ചാരം. ഇതിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പരിചയപ്പെട്ടവരാണോ ? ആടുജീവിതത്തിലെ നജീബിനെപ്പോലുള്ള കഥാപാത്രങ്ങള്‍ ഇതില്‍ ഉണ്ടോ?

ഒരു പ്രത്യേക കഥാപാത്രത്തെ ഇത്തരത്തില്‍ രൂപപ്പെടുത്തിയെടുത്തു എന്ന് പറയാന്‍ കഴിയുകയില്ല. എനിക്ക് പരിചയമുള്ള നിരവധി ആളുകളുടെ അനുഭവങ്ങള്‍ ഈ നോവലില്‍ ഓരോ കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്റെ കുടുംബത്തില്‍തന്നെ ഒരുപാട് നേഴ്‌സുമാര്‍ ഉണ്ട്. പലതരം അനുഭവങ്ങളിലൂടെ കടന്നുപോയവര്‍. അവരില്‍നിന്നൊക്കെ കഥാപാത്രങ്ങളിലേക്ക് യഥാര്‍ത്ഥ ജീവിത അനുഭവങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അതല്ലാതെ ആടുജീവിതത്തിലെ നജീബിനെപ്പോലെ ഡിക്‌റ്റോ ആയിട്ടുള്ള ഒരു കഥാപാത്രം ഇതിലില്ല.

വിദേശത്തുനിന്ന് കൊണ്ടുവരുന്ന മണമുള്ള സോപ്പ് ഉപയോഗിച്ച് കുളിക്കണം എന്നെല്ലാം ആഗ്രഹമുള്ള, അതിനായി മകളോട് നേഴ്‌സാവാന്‍ പറയുന്ന പ്രായമായ സ്ത്രീകളെയൊക്കെ നോവലില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. വളരെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ സൂക്ഷ്മതകള്‍ അടയാളപ്പെടുത്താന്‍ ഈ നോവലിന് കഴിയുന്നുണ്ട്. സ്വന്തം ജീവിതവുമായും ചുറ്റുപാടുമായും ഇതിന് ബന്ധമുണ്ടോ?

വളരെ പഴയകാലം മുതല്‍ തന്നെ പ്രവാസികള്‍ ധാരളമായി ഉണ്ടായിരുന്ന ഒരു ഗ്രാമമാണ് എന്റേത്. ഒരുപക്ഷേ രണ്ടാംലോക മഹായുദ്ധ കാലം മുതല്‍തന്നെ പല ഇടങ്ങളിലേക്ക് കുടിയേറി പോയിട്ടുള്ള നിരവധി മനുഷ്യര്‍ എന്റെ ദേശത്തുണ്ട്. അവരില്‍നിന്നൊക്കെ പലതരത്തിലുള്ള അനുഭവങ്ങള്‍ എനിക്ക് പലകാലങ്ങളിലായി വീണുകിട്ടിയിട്ടുണ്ട്. എന്ത് കാരണത്തിലാണ് ഇവര്‍ ഇത്തരത്തില്‍ പ്രവാസ ജീവിതങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതെന്ന് ചോദിച്ചാല്‍ ഇതുപോലുള്ള വളരെ വളരെ ചെറിയ സ്വപ്‌നങ്ങള്‍ക്ക് വേണ്ടിയാണെന്ന് കാണാന്‍ കഴിയും. അതല്ലാതെ ഇത്തരം യാത്രകളൊന്നും വലിയ സ്വപ്‌നങ്ങള്‍ പേറിക്കൊണ്ടായിരുന്നില്ല അവരോരോരുത്തരും പുറംദേശങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നതെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. നമുക്കറിയാം തൊണ്ണൂറുകള്‍ക്ക് മുന്‍പ് കേരളത്തില്‍ വിദേശ വസ്തുക്കളുടെ ലഭ്യത എന്നുപറയുന്നത് വളരെ ചുരുങ്ങിയരീതിയില്‍ മാത്രമായിരുന്നു. എപ്പോഴും വിദേങ്ങളില്‍നിന്നെല്ലാം കൊണ്ടുവരുന്ന ചില സൗന്ദര്യവസ്തുക്കളിലായിരുന്നു നമുക്ക് കമ്പമുണ്ടായിരുന്നത്. അത്തരത്തിലുള്ള ചില ഭ്രമങ്ങളാണ് ചിലരെയെല്ലാം ഇത്തരം യാത്രക്കള്‍ക്ക് പ്രേരിപ്പിച്ചിട്ടുള്ളതെന്ന തോന്നലില്‍നിന്നാണ് ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാവുന്നത്.

സോപ്പിന്റെ കാര്യം പറയുകയാണെങ്കില്‍ മക്കള്‍കൊണ്ടുവരുന്ന പിയേഴ്‌സ് സോപ്പിന്റെ മണം സ്വപ്‌നംകണ്ട് കഴിയുന്ന ഒരു അമ്മച്ചിയെ എനിക്ക് പരിചയം ഉണ്ടായിരുന്നു. അത്തരം അനുഭവങ്ങളില്‍നിന്നാണ് ഇത്തരം കഥാപാത്രങ്ങളുടെ സൂക്ഷ്മമായ വിവരങ്ങള്‍ ഒപ്പിയെടുത്തിട്ടുള്ളതെന്നും ഇതില്‍ ചേര്‍ത്തിട്ടുള്ളതെന്നും പറയാം.

വിദേശരാജ്യങ്ങളിലെ ജീവിതം പകര്‍ത്താന്‍ അത് അടുത്തറിഞ്ഞവര്‍ക്കാണ് കൂടുതലായി കഴിയുക. പ്രവാസ ജീവിതം തന്നെയാണോ ഈ നോവലിലേക്കെത്തിച്ചത്?

തീര്‍ച്ചയായും പ്രവാസജീവിതവും പ്രവാസജീവിതത്തിലെ അനുഭവങ്ങളും ഇല്ലായിരുന്നെങ്കില്‍ ഇത്തരത്തിലുള്ളൊരു നോവലിലേക്ക് ഞാന്‍ ഇറങ്ങിപ്പുറപ്പെടുമായിരുന്നു എന്ന് തോന്നുന്നില്ല. ആ ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ പരിചയങ്ങള്‍ ഒക്കെയാണ് ഈ നോവലിലേക്ക് പ്രേരിപ്പിച്ചിട്ടുള്ളതെന്നതിന് സംശയമില്ല. നമ്മള്‍ കേരളത്തിനുള്ളില്‍നിന്ന് ജീവിതങ്ങളെ കാണുന്നതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കേരളത്തിന് പുറത്തുപോയി അത്തരം ജീവിതങ്ങളെ മറ്റൊരു വീക്ഷണകോണില്‍ കാണുക എന്ന് പറയുന്നത്. പുറത്തേക്ക് പോയ പുരുഷന്മാരുടെ ജീവിതങ്ങള്‍ അടയാളപ്പെടുത്തുകയും നോവലുകളും ലേഖനങ്ങളുമായെല്ലാം പുറത്തുവരികയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ വളരെ കുറച്ച് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അത് പ്രവാസ ജീവിതത്തെ കുറിച്ച് പഠിക്കുമ്പോഴെല്ലാം എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമാണ്. സ്ത്രീകളുടെ അനുഭവങ്ങളും യാത്രാനുഭവങ്ങളുമെല്ലാം വളരെ കുറച്ച് മാത്രമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. നാല് തലമുറ സ്ത്രീകളുടെ അനുഭവങ്ങള്‍ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ നോവലില്‍ നടത്തിയിരിക്കുന്നത്. ആ ശ്രമം ഉണ്ടായിട്ടുള്ളത് പ്രവാസ ജീവിതത്തില്‍നിന്നും പ്രവാസ അനുഭവങ്ങളില്‍നിന്നും തന്നെയാണ്.

മുന്‍ നോവലുകളില്‍നിന്ന് നിശബ്ദസഞ്ചാരങ്ങള്‍ എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു ?

ഈ നോവലിന്റെ വിഷയംതന്നെയാണ് ഇതിന്റെ സവിശേഷതയായി പറയാന്‍ കഴിയുന്നത്. ഏറെയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു വിഷയത്തെ സമീപിക്കുന്നു എന്നുള്ളതാണ് ഈ നോവലിനെ സംബന്ധിച്ചുള്ള എനിക്കുള്ള ഒരു പ്രതീക്ഷ എന്ന് പറയുന്നത്. അതേസമയത്തുതന്നെ സമകാലികമായ പലതരം വിഷയങ്ങളെ ഈ നോവലില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. കോവിഡും ലോക്ഡൗണും പോലുള്ള ഏറ്റവും സമകാലികമായ ജീവിതാവസ്ഥകളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്റെ മറ്റ് നോവലുകളെ അപേക്ഷിച്ച് വ്യത്യസ്തമായൊരു രൂപത്തിലാണ് ഈ നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. ഇതിനെ ഞാന്‍ ഒരു ട്രാവല്‍ നോവല്‍ എന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. വിഷയം സഞ്ചാരമായിരിക്കെ ഈ നോവലിന്റെ രൂപവും ഒരു സഞ്ചാര രൂപത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഇത് വായനക്കാര്‍ക്ക് വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

Next Story

Related Stories