TopTop
Begin typing your search above and press return to search.

'വിവാദങ്ങള്‍ പുസ്തകത്തിന് ദോഷമേ ചെയ്യൂ'; ജെസിബി പുരസ്കാര ലബ്ധിയില്‍ മീശ; എസ്. ഹരീഷ് സംസാരിക്കുന്നു

വിവാദങ്ങള്‍ പുസ്തകത്തിന് ദോഷമേ ചെയ്യൂ; ജെസിബി പുരസ്കാര ലബ്ധിയില്‍ മീശ; എസ്. ഹരീഷ് സംസാരിക്കുന്നു
ഇന്ത്യയില്‍ സാഹിത്യത്തിന് ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ജെസിബി പുരസ്‌കാരം എസ് ഹരീഷിന്റെ മീശ എന്ന നോവലിന് ലഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഇംഗ്ലീഷ് നോവലുകള്‍ക്കും പ്രാദേശിക ഭാഷകളിലെ നോവലുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനുമാണ് ജെസിബി പുരസ്‌കാരം നല്‍കുന്നത്. മൂന്നാമത് ജെസിബി പുരസ്‌കാരമാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. രണ്ട് തവണയും മലയാളത്തില്‍ നിന്നുള്ള നോവലുകളുടെ ഇംഗ്ലീഷ് മൊഴിമാറ്റത്തിനാണ് പുരസ്‌കാരം ലഭ...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

ഇന്ത്യയില്‍ സാഹിത്യത്തിന് ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ജെസിബി പുരസ്‌കാരം എസ് ഹരീഷിന്റെ മീശ എന്ന നോവലിന് ലഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഇംഗ്ലീഷ് നോവലുകള്‍ക്കും പ്രാദേശിക ഭാഷകളിലെ നോവലുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനുമാണ് ജെസിബി പുരസ്‌കാരം നല്‍കുന്നത്. മൂന്നാമത് ജെസിബി പുരസ്‌കാരമാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. രണ്ട് തവണയും മലയാളത്തില്‍ നിന്നുള്ള നോവലുകളുടെ ഇംഗ്ലീഷ് മൊഴിമാറ്റത്തിനാണ് പുരസ്‌കാരം ലഭിച്ചതെന്നതില്‍ നമുക്ക് അഭിമാനിക്കാവുന്ന ഘടകമാണ്. 2018ല്‍ പ്രഖ്യാപിച്ച ആദ്യ ജെസിബി പുരസ്‌കാരം ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ (ജാസമിന്‍ ഡെയ്‌സ്) എന്ന നോവലിനായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗളൂരു സ്വദേശിയായ മാധുരി വിജയുടെ ദി ഫാര്‍ ഫീല്‍ഡ് പുരസ്‌കാരത്തിന് അര്‍ഹമായി. ജയശ്രീ കളത്തില്‍ ആണ് മീശ 'മസ്റ്റാഷ്' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. 25 ലക്ഷം രൂപയാണ് ജെസിബി പുരസ്‌കാര തുക. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠത്തിന് നല്‍കുന്നത് 11 ലക്ഷം രൂപയും.

മലയാളികള്‍ക്കിടയില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് എസ്. ഹരീഷ്. ഇപ്പോള്‍ അംഗീകാരം നേടിയ മീശയിലൂടെ തന്നെ മലയാളികള്‍ക്ക് അദ്ദേഹം സുപരിചിതനാണ്. 2005 മുതല്‍ ചെറുകഥകള്‍ എഴുതുന്ന ഹരീഷ്, 'മീശ' സൃഷ്ടിച്ച വിവാദത്തിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. അദ്ദേഹവുമായി അഴിമുഖം നടത്തിയ സംഭാഷണം.

? രണ്ട് വര്‍ഷം മുമ്പ് ഏതാണ്ട് ഇതേസമയത്താണ് മീശയെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നത്. മീശയ്ക്ക് കിട്ടിയ ഈ അംഗീകാരത്തെക്കുറിച്ച് തന്നെ ആദ്യം പറയാമോ.

ജെസിബി പുരസ്‌കാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്‍കുന്ന പുരസ്‌കാരമാണ്. ഇംഗ്ലീഷില്‍ എഴുതപ്പെടുന്ന നോവലുകള്‍ക്കും പ്രാദേശിക ഭാഷകളിലെഴുതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്ന നോവലുകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാര തുകയാണ് ഇത്. മൂന്ന് വര്‍ഷമായി ഈ അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയിട്ട്. ആദ്യത്തെ തവണ ബെന്യാമിന് ആയിരുന്നു പുരസ്‌കാരം ലഭിച്ചത്. രണ്ടാമത്തെ തവണ ഇംഗ്ലീഷില്‍ തന്നെ എഴുതപ്പെട്ട ഒരു നോവലിനാണ് ലഭിച്ചത്. ഇപ്പോള്‍ എനിക്കും. മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്. കാരണം, മൂന്ന് തവണ നല്‍കിയതില്‍ രണ്ട് തവണയും മലയാളത്തിലാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഇംഗ്ലീഷ് വായനക്കാരുടെ ഇടയില്‍ ലോകനിലവാരത്തില്‍ തന്നെ ബഹുമാനിക്കപ്പെടുന്ന പുരസ്‌കാരമാണ് ജെസിബി. സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചര്‍ പ്രൈസ് പോലും അത്രയും തുക വരുന്നില്ല.

പത്ത് നോവലുകളുടെ ഒരു ബിഗ് ലിസ്റ്റാണ് ആദ്യം ഇതിനായി തയ്യാറാക്കുന്നത്. പിന്നീട് അഞ്ച് പുസ്തകങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റും. അതുകഴിഞ്ഞ് ജേതാവിനെ തെരഞ്ഞെടുക്കുന്നതു വരെയുള്ള ഒരു ദീര്‍ഘകാല പ്രക്രിയയാണ് ഇതിന് പിന്നിലുള്ളത്. തേജസ്വിനി നിരഞ്ജനയുടെ നേതൃത്വത്തിലുള്ള, ഇവിടെ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ജൂറി ആണ് ഇതിനുള്ളത്.

? നീണ്ടൂര്‍ മുതല്‍ കൈപ്പുഴ വരെയെന്ന രീതിയില്‍ കുട്ടനാടാണ് മീശയുടെ പശ്ചാത്തലം. കുട്ടനാടിനെക്കുറിച്ചുള്ള ഏറ്റവും ആദ്യത്തെ പ്രധാനപ്പെട്ട കൃതി കയര്‍ ആണെന്ന് തോന്നുന്നു. കയറ് ഒരു നൂറ്റാണ്ട് മുമ്പത്തെ ജാതി വ്യവസ്ഥയെക്കുറിച്ചാണ് പറയുന്നതെങ്കില്‍ മീശ അരനൂറ്റാണ്ട് കാലം മുമ്പത്തെ ജാതി വ്യവസ്ഥയെക്കുറിച്ച് പറയുന്നു. കുട്ടനാട്ടിലെ ജാതി വ്യവസ്ഥയെക്കുറിച്ച് വിശദമാക്കാന്‍ സാധിക്കുമോ.

ഞാന്‍ ജനിച്ചു വളര്‍ന്നത് നീണ്ടൂരിലും പരിസരങ്ങളിലുമാണ്. അത് വടക്കന്‍ കുട്ടനാടിന്റെ ഭാഗമാണ്. അവിടുത്തെ പ്രകൃതിയും അവിടുത്തെ മനുഷ്യരും ജീവജാലങ്ങളുമൊക്കെയാണ് എനിക്ക് പരിചയമുള്ളത്. എല്ലാ എഴുത്തുകാരുടെയും എഴുത്തുകളില്‍ അവരുടെ നാട് കടന്നുവരും. ഞാന്‍ എഴുതിയ ആദ്യ നോവലില്‍ സ്വാഭാവികമായും എന്റെ നാട് കടന്നുവന്നു. മീശ ജാതി വ്യവസ്ഥയെക്കുറിച്ച് മാത്രമല്ല പറയുന്നത്. അവിടുത്തെ മനുഷ്യര്‍, ഭൂപ്രകൃതി അങ്ങനെ കുറെക്കാര്യങ്ങള്‍ അതിനുള്ളിലുണ്ട്. ജാതി കേരളത്തിലെ ഒരു വലിയ യാഥാര്‍ത്ഥ്യം തന്നെയാണ്. ജാതി പോയിയെന്നൊക്കെ നമ്മള്‍ വെറുതെ പറയുന്നുണ്ട്. പക്ഷെ ജാതി എവിടെയും പോയിട്ടില്ല. പക്ഷെ നമ്മുടെ മനസ്സിലും നിത്യജീവിതത്തിലുമെല്ലാം ജാതിയുണ്ട്. ഇവിടെ മനുഷ്യര്‍ കല്യാണം കഴിക്കുന്നതും എന്തിന് വോട്ട് ചെയ്യുന്നത് പോലും ജാതി നോക്കിയാണ്. എല്ലാ നിത്യജീവിത വ്യവഹാരങ്ങളിലും ജാതിയുണ്ട്. അപ്പോള്‍ അത് ഇല്ലെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ജാതി പറയുക തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം. നാട്ടിന്‍പുറങ്ങളില്‍ ഒരാളെ അന്വേഷിച്ച് മറ്റൊരാള്‍ വന്നാല്‍ അന്വേഷണത്തിലെ രണ്ടാമത്തെ സ്വത്വം ജാതിയാണ്. ആദ്യം ജോലിയും പിന്നീട് അച്ഛന്റെ പേരും ആയിരിക്കും ചോദിക്കുക. അതില്‍ ജാതിയാണ് ഒളിഞ്ഞിരിക്കുന്നത്.

അരനൂറ്റാണ്ട് മുമ്പ് ജന്മി വ്യവസ്ഥ ഏറ്റവും പ്രബലമായി നിന്ന സ്ഥലമാണ് കുട്ടനാട്. കൃഷി പോലും ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് നിന്നത്. മനുഷ്യര്‍ ആഹാരമുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്ന കൃഷി പോലും ജാതിയുമായി ബന്ധപ്പെട്ടായിരുന്നതിനാല്‍ അതിനെക്കുറിച്ച് നമുക്ക് പറയാതിരിക്കാന്‍ ആകില്ല. ജാതികള്‍ തമ്മിലുള്ള ശാരീരികമായ ഇടപെടല്‍ ആവശ്യമായ സ്ഥലമാണ് കുട്ടനാട്. സ്ഥലം ഉടമ ഒരാള്‍, പാട്ടത്തിനെടുത്തിരിക്കുന്നത് വേറെ ഒരാള്‍ - ഇവര്‍ രണ്ടും രണ്ട് ജാതിക്കാരാണ്. പിന്നെ കൃഷിപ്പണി ചെയ്യുന്നത് വേറെയൊരു ജാതിയായിരിക്കും. ഇവര്‍ തമ്മില്‍ മറ്റുള്ള സ്ഥലങ്ങളെ സംബന്ധിച്ച് ശാരീരികമായ അകലം കുറവായിരുന്നു. അതേസമയം ജാതി ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട് താനും. എന്നാല്‍ പരസ്പരം സഹകരിക്കാതെ അവിടെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ലായിരുന്നു. ഒന്നിച്ചു നിന്നാല്‍ മാത്രമേ അവര്‍ക്ക് പാടത്ത് കൃഷിയിറക്കാന്‍ പറ്റുമായിരുന്നുള്ളൂ. ഒന്നിച്ച് ഉഴവുകയും തേവുകയും വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന കൂട്ടുകൃഷിയേ അവിടേ സാധ്യമാകൂ. ആ രീതിയിലുള്ള ജാതി വ്യവസ്ഥയാണ് കുട്ടനാട്ടില്‍ ഉണ്ടായിരുന്നതും എന്നാണ് എനിക്ക് തോന്നുന്നത്.

? മീശ ഒരു ദേശത്തിന്റെ കഥയാണോ അതോ വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ കഥയാണോ.

അത് വായനക്കാരാണല്ലോ തീരുമാനിക്കേണ്ടത്. പക്ഷെ എങ്കിലും ഞാനെഴുതിയത് വാവച്ചന്റെ കഥയാണ്. അതോടൊപ്പം അതിലെ ദേശമെന്നത് നീണ്ടൂരോ കൈപ്പുഴയോ മാത്രമല്ലല്ലോ, അപ്പര്‍ കുട്ടനാടാണ്. വാവച്ചനാണ് പ്രധാന കഥാപാത്രമെങ്കിലും വാവച്ചന്റെ കഥ വികസിക്കുന്നത് മറ്റുള്ളവരിലൂടെയാണ്. മറ്റുള്ളവര്‍ പറഞ്ഞു പറഞ്ഞാണ് വാവച്ചനെ വിവരിക്കുന്നത്. അതുകൊണ്ട് വാവച്ചന്റെ കഥയാകുന്നതോടൊപ്പം ആ സ്ഥലത്തിന്റെയും അവിടെ ജീവിക്കുന്ന ആളുകളുടെയും ജീവജാലങ്ങളുടെയും കഥയാണ് മീശ.

? ശ്രീരാമന്‍ ജീവിച്ചിരിക്കെയാണ് രാമായണം രചിക്കപ്പെടുന്നതെന്നും വാവച്ചന്‍ ജീവിച്ചിരിക്കെ ഇതിഹാസമായെന്നും നോവലില്‍ തന്നെ പറയുന്നുണ്ട്. വാവച്ചനെക്കുറിച്ച് വിശദമാക്കാമോ.

വാവച്ചന്‍ ഞങ്ങളുടെ നാട്ടില്‍ ജീവിച്ചിരുന്ന മനുഷ്യനാണ്. നാടകത്തില്‍ പോലീസ് വേഷം അഭിനയിച്ച ശേഷമാണ് അയാള്‍ മീശ വയ്ക്കാന്‍ ആരംഭിച്ചത് എന്നാണ് ഞാന്‍ കേട്ടത്. അങ്ങനെയാണ് ആ കഥയുടെ സ്പാര്‍ക്ക് എനിക്ക് ഉണ്ടായതും.

ഈ നോവലില്‍ മറ്റുള്ളവരിലൂടെയാണ് മീശയെ ആഖ്യാനം ചെയ്യുന്നത്. മീശയുടെ ആത്മഗതം പോലും ഉപയോഗിച്ചിട്ടില്ല. ഞാന്‍ ഈ നോവലിന് തെരഞ്ഞെടുത്ത ക്രാഫ്റ്റും അത്തരത്തിലായിരുന്നു. എനിക്ക് പരിചയമുള്ള മീശയും അത്തരത്തിലായിരുന്നതിനാലാണ് അത്തരമൊരു ആഖ്യാന ശൈലി തെരഞ്ഞെടുത്തത്. അദ്ദേഹം അധികമൊന്നും സംസാരിക്കാത്ത, ആര്‍ക്കും ഒരുപദ്രവും ചെയ്യാത്ത മനുഷ്യന്‍ ആയിരുന്നു. എന്നാല്‍ ആളുകള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് കഥകള്‍ പറയാനുമുണ്ടായിരുന്നു. അതിലൂടെയാണ് മീശയുടെ കഥയും വികസിക്കുന്നത്. നോവലിലെ വാവച്ചന്‍ സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഇറങ്ങിയ മനുഷ്യനാണ്. അയാളെ സമൂഹം പിന്തുടരുകയാണ് ചെയ്യുന്നത്. മീശ ഒരു പുറംകാഴ്ചയാണ്. അതൊരിക്കലും ദളിത് നോവല്‍ അല്ല. കാരണം ഞാന്‍ ദളിതന്‍ അല്ല. അതുകൊണ്ടാണ് മീശ ഒരിക്കലും ഉള്ളില്‍ നിന്നുള്ള കാഴ്ചയല്ലെന്ന് പറയുന്നത്. പുറത്തുനിന്നും മാത്രമേ എനിക്ക് വാവച്ചന്റെ കഥ പറയാനാകൂ. അതിന്റെ കുഴപ്പങ്ങളും അതിന് കാണും.

? വാവച്ചനാലും മറ്റ് പലരാലും ബലാത്ക്കാരം ചെയ്യപ്പെടുന്ന സീതയെക്കുറിച്ച് മീശയില്‍ പറയുന്നുണ്ട്. അമ്പത് വര്‍ഷം മുമ്പത്തെ സാഹചര്യങ്ങള്‍ അതായിരുന്നു. ആ സമൂഹിക സാഹചര്യം തുറന്നുകാട്ടുകയും ഈ നോവലിന് ലക്ഷ്യമായിരുന്നോ.

അങ്ങനെ എന്തെങ്കിലും ആശയം ആസൂത്രണം ചെയ്തല്ല ഞാന്‍ നോവല്‍ എഴുതുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും എനിക്ക് വെളിപ്പെടുത്താനുള്ളതുകൊണ്ടുമല്ല ഞാന്‍ നോവല്‍ എഴുതുന്നത്. എനിക്ക് കഥ പറയാന്‍ താല്‍പര്യമുണ്ട്. അതിന്റെ ഭാഗമായി സീതയുടെ കഥ പറഞ്ഞൂ എന്നേ ഉള്ളൂ. അല്ലാതെ ഇന്ന സംഭവം കൊണ്ടുവരണം അല്ലെങ്കില്‍ വെളിപ്പെടുത്തണം എന്ന് ഞാന്‍ കരുതിയിട്ടില്ല. എനിക്ക് കഥ പറയാനാണ് താല്‍പര്യമെന്ന് നോവലില്‍ തന്നെ ഞാന്‍ പറയുന്നുണ്ട്. അതിന്റെ ഭാഗമായി സീതയുടെ കഥയും വാവച്ചന്റെ കഥയും ഞാന്‍ പറയുന്നു. പിന്നെ അന്നത്തെ കാലത്ത് ഇത്തരം സംഭവങ്ങള്‍ സാധാരണമായിരുന്നു. സ്ത്രീകള്‍ക്ക് എന്നല്ല, ഏതൊരു മനുഷ്യനും യാതൊരു വിലയുമില്ലാത്ത സമൂഹമായിരുന്നു അത്. പുരുഷനേക്കാള്‍ എത്രയോ മടങ്ങ് വില കുറവായിരുന്നു അക്കാലത്ത് സ്ത്രീകള്‍ക്ക്. വളരെ അടിച്ചമര്‍ത്തപ്പെട്ട നിലയിലായിരുന്നു സ്ത്രീകള്‍.

? ജീവിതം കാലത്തിലൂടെ ആവര്‍ത്തിക്കപ്പെടുകയാണെന്ന് പറയാറുണ്ട്. ദേശത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍ അത് മനസ്സിലാകുകയും ചെയ്യും. എന്തുകൊണ്ടായിരിക്കും ദേശത്തിന്റെ കഥകളില്‍ കഥാപരിസരം മാറിയാലും കഥാപാത്രങ്ങള്‍ തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതായി മാറുന്നത്.

തീര്‍ച്ചയായും അത്തരമൊരു ബന്ധം കാണും. കാരണം ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് നമ്മള്‍ എഴുതുന്നത്. നമ്മുടെ ജീവിത ചുറ്റുപാട്, വായിക്കുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ് നമ്മെ രൂപപ്പെടുത്തുന്നത്. ഇതെല്ലാം നമ്മെ സ്വാധീനിക്കുകയും ചെയ്യും. അല്ലാതെ എല്ലാത്തിനെയും മറികടന്നുകൊണ്ടുള്ള എഴുത്ത് ഒരിക്കലും നമുക്ക് സാധിക്കില്ല. ഒരുപക്ഷെ നമ്മള്‍ ശ്രമിക്കുമെങ്കില്‍ പോലും. ദേശത്തിന്റെ എഴുത്തില്‍ കഥാപാത്രങ്ങള്‍ ഒരുപോലെ വരാം പലപ്പോഴും. കാരണം, അത്തരം എഴുത്തുകളില്‍ നാടന്‍ കഥാപാത്രങ്ങളെയാകുമല്ലോ പലപ്പോഴും ഉപയോഗിക്കുന്നത്. അവരുടെ സ്വഭാവ സവിശേഷതകള്‍ പലപ്പോഴും ഒരുപോലെ ഇരിക്കും. കേരളത്തിലെ ഓരോ ഗ്രാമങ്ങളും ഓരോ തരത്തില്‍ വ്യത്യസ്തമാണെങ്കിലും ചില സാമ്യങ്ങളും ഉണ്ട്. അതിന്റേതായ സാമ്യങ്ങള്‍ ആ കഥാപാത്രങ്ങളിലും ഉണ്ടാകും. പിന്നെ കഥ പറച്ചിലിന്റെ രീതികളില്‍ മാറ്റം വരുത്താന്‍ നമുക്ക് ശ്രമിക്കാം. അത്ര തന്നെ.

?കച്ചിത്തുറുവില്‍ സൂചി തപ്പും പോലെയാണ് പുലയനെ പാടത്ത് പിടിക്കുന്നത് എന്നൊരു പരാമര്‍ശം മീശയിലുണ്ട്. വിവാദമായത് സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നതിനെക്കുറിച്ചുള്ള പരാമര്‍ശമാണ്.

ദളിതനെക്കുറിച്ച് ആരാണ് ആ നോവലില്‍ അങ്ങനെ പറയുന്നത്? ഒരു പോലീസുകാരന്‍ ആണ്. അയാള്‍ ദളിത് വിരുദ്ധനാണ്. അതുപോലെ സ്ത്രീകളെക്കുറിച്ച് പറഞ്ഞ ആ കഥാപാത്രം സ്ത്രീവിരുദ്ധനുമാണ്. നോവലിലെ അത്തരം രാഷ്ട്രീയ ശരികളെക്കുറിച്ച് ആലോചിക്കാനാകില്ല. കാരണം, മനുഷ്യര്‍ പലവിധമാണ്. നിത്യജീവിതത്തില്‍ ദളിത് വിരുദ്ധരും സ്ത്രീ വിരുദ്ധരും മുസ്ലീം വിരുദ്ധരും ആയ ആളുകളുണ്ട്. കള്ളന്മാരും കൊള്ളക്കാരും ഒക്കെ ജീവിതത്തിലുമുണ്ട്. അതുകൊണ്ട് തന്നെ നോവലിലും ഉണ്ടാകും. സാഹചര്യവശാല്‍ നോവലില്‍ ഇവരും ഇവരുടെ സംഭാഷണങ്ങളും കടന്നുവരും. ചില പിന്തിരിപ്പന്‍ ചിന്താഗതികള്‍ വരും. അതൊരിക്കലും എഴുത്തുകാരുടെ ചിന്താഗതി ആകണമെന്നില്ല. ചിലപ്പോള്‍ എഴുത്തുകാരുടെ ചിന്താഗതി ആകുകയും ചെയ്യും. കാരണം, എല്ലാ എഴുത്തുകാരും ഒരേ ചിന്താഗതിക്കാര്‍ ആകണമെന്നില്ലല്ലോ. പക്ഷെ ഇതെല്ലാം ചേരുന്നതാകും ഒരു നോവല്‍. അല്ലാതെ വളരെ കൃത്യമായ ഒരു ആശയപരിസരമുണ്ടാക്കാന്‍ വേണ്ടിയല്ല നോവല്‍ എഴുതുന്നത്. കഥ പറയുകയാണ് നോവലിന്റെ ഉദ്ദേശം.

? രണ്ട് വര്‍ഷം മുമ്പ് മീശ വിവാദമായപ്പോള്‍ പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതിക്ക് മുമ്പാകെ വന്നു. എന്നാല്‍ എഴുത്തുകാരന്റെ അവകാശത്തില്‍ കൈകടത്താനാകില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. അന്ന് ആ പുസ്തകം നിരോധിക്കപ്പെട്ടിരുന്നെങ്കില്‍ മലയാളത്തിന് അഭിമാനമാകാമായിരുന്ന ഒരു പുസ്തകം ഇല്ലാതാകുമായിരുന്നു. ഇപ്പോള്‍ എന്താണ് ആ വിവാദത്തെക്കുറിച്ച് തോന്നുന്നത്.

അത് കൃത്രിമമായി സൃഷ്ടിച്ച വിവാദമാണ്. അതിന്റെ ലക്ഷ്യം ഞാന്‍ ആയിരുന്നില്ല; മാതൃഭൂമിയായിരുന്നു. കാരണം സംഘപരിവാര്‍ വിചാരിക്കുന്നത് അവരുടെ പ്രസിദ്ധീകരണമാണ് മാതൃഭൂമി എന്നാണ്. പക്ഷെ അതിന്റെ ഭാഗമായി ഒരുപാട് വ്യക്തിപരമായ ആക്രമണം എന്റെ നേരെയും ഉണ്ടായി. ഇപ്പോഴും എന്നോട് അതിന്റെ പേരില്‍ സംസാരിക്കാത്തവരുണ്ട്, തരം കിട്ടിയാല്‍ ഉപദ്രവിക്കാന്‍ നോക്കിയിരിക്കുന്നവരുണ്ട്. വിവാദങ്ങള്‍ എല്ലായ്‌പ്പോഴും പുസ്തകത്തിന് ദോഷമേ ചെയ്യൂ. പുസ്തകത്തിന് വായനയുണ്ടാക്കുമായിരിക്കും, പക്ഷെ നല്ല വായനയെ അത് തടസ്സപ്പെടുത്തും. പിന്നീട് വിവാദത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വായനക്കാര്‍ പുസ്തകത്തെ സമീപിക്കൂ. ഗൗരവകരമായ പഠനങ്ങള്‍ അതിനെക്കുറിച്ച് പിന്നീട് നടക്കാതെ വരും. പക്ഷെ ഇംഗ്ലീഷിലേക്ക് ഈ പുസ്തകം വന്നപ്പോള്‍ ആരും ഇത്തരം മുന്‍വിധികളൊന്നും വച്ചിരുന്നില്ല. കാരണം, അവര്‍ ഈ വിവാദത്തെക്കുറിച്ച് കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിലെ പ്രധാന പ്രസിദ്ധീകരണങ്ങളിലെല്ലാം നോവലിനെക്കുറിച്ച് നിരൂപണങ്ങള്‍ ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇംഗ്ലീഷ് വായനക്കാരില്‍ പലരും ഈ വിവാദത്തെക്കുറിച്ച് കേട്ടിട്ട് തന്നെയുണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് ഇതിനെക്കുറിച്ച് അറിയാവുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും ഹിന്ദുസ്ഥാന്‍ ടൈംസിലും സ്‌ക്രോള്‍, വയര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും എല്ലാം മീശയെക്കുറിച്ച് നിരൂപണങ്ങള്‍ വന്നിരുന്നു. ആ നിരൂപണങ്ങള്‍ ഒന്നും മലയാളത്തില്‍ വന്ന നിരൂപണങ്ങള്‍ പോലെ ആയിരുന്നില്ല. മീശയുടെ ആഖ്യാനത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെയായിരുന്നു ആ നിരൂപണങ്ങള്‍. മീശ വളരെ സങ്കീര്‍ണ്ണമായ നോവല്‍ ആണ്. പക്ഷെ ഇംഗ്ലീഷിലും അത് വായിക്കപ്പെട്ടു. മലയാളത്തില്‍ നിന്ന് കിട്ടിയ സ്വീകാര്യതയുടെ മറ്റൊരു വശമായിരുന്നു ഇംഗ്ലീഷില്‍ മീശയ്ക്ക് കിട്ടയത്.

? ഇന്ത്യന്‍ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ നേരിട്ട് ഒരാളുടെ കഥ പറഞ്ഞുപോകുന്ന രീതിയാണ് പൊതുവെ കണ്ടിട്ടുള്ളത്. മീശ ഒരിക്കലും അങ്ങനെയല്ല. ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ അത്തരം പേടികളുണ്ടായിരുന്നില്ലേ.

എനിക്ക് ആ ആശങ്ക നന്നായി ഉണ്ടായിരുന്നു. ഇന്ത്യന്‍ ഇംഗ്ലീഷ് ഞാന്‍ അത്ര നന്നായി വായിക്കാറില്ല. കൂടുതല്‍ താത്പര്യം ലോകസാഹിത്യത്തിലാണ്. അതുകൊണ്ട് തന്നെ വലിയ ഐഡിയ ഉണ്ടായിരുന്നില്ല. മീശ തര്‍ജ്ജമ ചെയ്യപ്പെടുമ്പോള്‍ പ്രാദേശികമായ പേരുകളും സ്ഥലപ്പേരുകളും പാടങ്ങളുടെ പേരുകളും ഒക്കെയുണ്ട്. ഇതൊക്കെ ആളുകള്‍ക്ക് എങ്ങനെ മനസ്സിലാകും എന്ന പേടി നന്നായി ഉണ്ടായിരുന്നു. ശ്രീനാരായണ ഗുരുവിനെക്കുറിച്ചോ എന്‍.എന്‍ പിള്ളയെക്കുറിച്ചോ പറയുമ്പോള്‍ കേരളത്തിന് പുറത്ത് പലര്‍ക്കും മനസ്സിലാകണമെന്നില്ല. നാരായണ ഗുരുവിനെക്കുറിച്ച് പറയുമ്പോള്‍ നമുക്കുണ്ടാകുന്ന ആവേശം കേരളത്തിന് പുറത്തുള്ള വായനക്കാര്‍ക്ക് ഉണ്ടാകണമെന്നില്ല. ജെസിബി ഷോര്‍ട്ട് ലിസ്റ്റില്‍ വന്ന അഞ്ച് നോവലുകളില്‍ നാലെണ്ണവും ഇന്ത്യന്‍ ഇംഗ്ലീഷ് ആയിരുന്നു. അതില്‍ രണ്ടെണ്ണം ഞാന്‍ വായിച്ചു. അതില്‍ ഒരെണ്ണം അമേരിക്കന്‍ മലയാളി ദീപ ആനപ്പാറ എന്ന മലയാളിയുടേതാണ്. അത് വളരെ സ്‌ട്രെയിറ്റ് ആയി കഥ പറയുന്ന നല്ല നോവലാണ്. അടുത്തത് മലയാളം അറിയാത്ത ധരണി ഭാസ്‌കറിന്റെ നോവല്‍ ആണ്. അവര്‍ ബോംബെയിലോ മറ്റോ ആണ് ജീവക്കുന്നത്. വളരെ സങ്കീര്‍ണ്ണമായ ഒരു കഥ പറച്ചില്‍ രീതിയാണ് അവരുടേത്. ദേശ കഥയല്ല പറയുന്നത്. മീശയുടെ തര്‍ജ്ജമ ഏറ്റവും നന്നായി ചെയ്തതിന് ഞാന്‍ ജയശ്രീ കളത്തിലിനോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ എഴുത്ത് അന്യഭാഷയില്‍ സ്വീകരിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം തര്‍ജ്ജമയുടെ മേന്മ കൂടിയാണ്. മലയാളത്തിലെ പുതിയ തലമുറ പരിഭാഷകരില്‍ പ്രധാനപ്പെട്ട ആളാണ് ജയശ്രീ.

ദേശ കഥ പറയുമ്പോള്‍ ഈ പറയുന്നത് പോലെ സങ്കീര്‍ണ്ണമായ കഥാപാത്രങ്ങള്‍ വേണമെന്നില്ല. ബുക്കര്‍ പ്രൈസ് കിട്ടിയ ഡിസ്‌കംഫര്‍ട്ട് ഓഫ് ദി ഈവനിംഗ് എന്ന നോവല്‍ ഡച്ച് ഭാഷയില്‍ എഴുതപ്പെട്ടതാണ്. ഒരു ഫാംഹൗസില്‍ ജീവിക്കുന്ന ഒരു കുട്ടി അവന്റെ ലോകവും അവന്റെ സ്ഥലത്തെക്കുറിച്ചും പറയുന്നതാണ് ആ നോവല്‍. വളരെ കുറച്ച് കഥാപാത്രങ്ങളെ ഉള്ളൂ അതില്‍. അങ്ങനെയും നമുക്ക് ദേശത്തിന്റെ കഥ പറയാം.

? മീശയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഇവിടെ പ്രളയം വന്നു. അധികം വൈകാതെ ശബരിമല വിഷയവും. വിശ്വാസ ലംഘനമാണ് താങ്കള്‍ക്കെതിരെയും ആരോപിക്കപ്പെട്ടത്.

മനുഷ്യന്‍ അവന്റെ ഗോത്രസ്വഭാവം എപ്പോഴും കാണിക്കും. മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട് പതിനായിരം വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് പറയപ്പെടുന്നത്. അതിന് മുമ്പ് നമ്മള്‍ ഗോത്രമനുഷ്യന്‍ ആയാണ് ജീവിച്ചിരുന്നത്. ജാതി, മത ചിന്തകളെല്ലാം ആദിമ മനുഷ്യനില്‍ തന്നെയുണ്ടായിരുന്നു. എപ്പോഴാണ് അത് പുറത്ത് ചാടുന്നതെന്ന് നോക്കിയാല്‍ മതി. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ശേഷമാണ് ഈ ചിന്തകള്‍ക്കെല്ലാം പുറത്ത് നില്‍ക്കുന്ന മനുഷ്യനായി നമ്മള്‍ ജീവിക്കാന്‍ തുടങ്ങിയത്. പക്ഷെ എപ്പോഴും മറ്റവന്‍ പുറത്ത് ചാടും. ശാസ്ത്രീയ ചിന്തയ്ക്കും സ്വതന്ത്ര ചിന്തയ്ക്കുമെല്ലാം വിലയുള്ള കാലമായിരുന്നു അടുത്തിടെയുള്ള കുറച്ച് കാലം. അത് കേരളത്തില്‍ മാത്രമല്ല, ഒരു ആഗോള പ്രതിഭാസമാണ്. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് മാറിയത് വംശീയത പറഞ്ഞിട്ടാണ്. വലതുപക്ഷത്തിന് മേല്‍ക്കൈ ഉള്ള സമൂഹമാണ് ഇവിടെയുള്ളത്.

? അമേരിക്കയുടെ ഒരു തിരുത്തല്‍ പ്രക്രിയയാണോ ട്രംപിന് പകരം ജോ ബിഡനെ തെരഞ്ഞടുത്തത്.

അമേരിക്കയിലെ കാര്യം ആധികാരികമായി എനിക്ക് പറയാനാകില്ല. പക്ഷെ എനിക്ക് വളരെ സന്തോഷം തോന്നിയ കാര്യമാണ് ട്രംപിന്റെ പരാജയം. കുറച്ചുകാലമായി ലോകം മുഴുവന്‍ ഭരണത്തിലിരിക്കുന്നത് വിഡ്ഢികളാണ്. ഇംഗ്ലണ്ടില്‍ ബോറിസ് ജോണ്‍സണ്‍, ബ്രസീലില്‍ ജെയര്‍ ബോല്‍സനാരോ ഇവരൊക്കെയാണ് ഈ ലോകം ഭരിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യം അമേരിക്കയുടേതാണ്. വേണമെങ്കില്‍ മുതലാളിത്ത രാഷ്ട്രമാണെന്നൊക്കെ നമുക്ക് പറയാം. അതേസമയം പ്രാഥമിക ജനാധിപത്യ അവകാശങ്ങള്‍ എല്ലാമുള്ള രാജ്യമാണ് അമേരിക്ക. വര്‍ണ്ണ വിവേചനമൊക്കെയുണ്ടെങ്കില്‍ തന്നെയും.അവര്‍ ട്രംപിനെ മാറ്റിയതിന്റെ പ്രതിഫലനം ലോകം മുഴുവന്‍ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.

? ഇന്ത്യയിലും ആ പ്രതിഫലനം കാണുമോ.

അത്തരം പ്രതീക്ഷകള്‍ ഇന്ത്യയില്‍ സൂക്ഷിക്കാനാകില്ല. ഇവിടുത്തെ സവര്‍ണ്ണ മേധാവിത്വത്തിന് 1500-2000 വര്‍ഷത്തെ പഴക്കമുണ്ട്. ഇക്കാലമത്രയും യഥാര്‍ത്ഥ ഫാസിസം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആര്‍എസ്എസ് രൂപീകരിച്ചിട്ട് നൂറ് വര്‍ഷം ആകാന്‍ പോകുന്നു. എല്ലാ അര്‍ത്ഥത്തിലും അവരുടെ രാഷ്ട്രീയം ഇവിടുണ്ടാകും. ട്രംപ് മാറിയാല്‍ അമേരിക്കയിലെ ട്രംപിസം കുറെയെങ്കിലും അവസാനിക്കും. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ പോയപ്പോള്‍ നാസിസം അവസാനിച്ചത് പോലെ മുസോളിനി പോയപ്പോള്‍ ഫാസിസം അവസാനിച്ചു. ഇന്ത്യയില്‍ അങ്ങനെയല്ല. നരേന്ദ്ര മോദി പോയാല്‍ പകരം വരാന്‍ ഇഷ്ടം പോലെ ആളുകള്‍ ഉണ്ട്. യോഗി ആദിത്യനാഥ് ഉണ്ട്, പിന്നെ ആര്‍എസ്എസ് എന്ന സംഘടന തന്നെയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ കാര്യത്തില്‍ വളരെ പരിതാപകരമായ അവസ്ഥയാണ് ഉള്ളത്.


Next Story

Related Stories