TopTop

'ഇന്നായിരുന്നെങ്കില്‍ ഞാന്‍ ജയിലിലായേനെ, അല്ലങ്കില്‍ കൊല്ലപ്പെട്ടേനെ'; 1994ല്‍ നിരോധിക്കപ്പെട്ട ദാവീദിന്റെ സങ്കീര്‍ത്തനത്തിന്റെ ഗ്രന്ഥകാരന്‍ സംസാരിക്കുന്നു

ദ് ആര്‍ട്ട് ഗ്രൂപ്പ് ഇന്ത്യന്‍ എഴുത്തുകാരുടെ രചനകള്‍ക്ക് ഏര്‍പ്പെടുത്തിയ 'കസാന്‍ദ്‌സാക്കിസ്' പുരസ്‌കാരത്തിന് നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച നോവലിസ്റ്റ് പള്ളിക്കുന്നന്റെ 'നര്‍മ്മദയുടെ പാലം' എന്ന നോവല്‍ അര്‍ഹമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കോവിലന്‍ പുരസ്‌കാരവും ഈ കൃതിക്കായിരുന്നു. മധ്യവര്‍ഗ്ഗ മലയാളി ജീവിതത്തെ രേഖപ്പെടുത്തുന്ന പള്ളിക്കുന്നന്റെ കൃതികള്‍ തീവ്രമായ രാഷ്ട്രീയ സാമൂഹിക വിമര്‍ശനങ്ങളാണ്. അമ്പതിലധികം വര്‍ഷം നീണ്ടു നിന്ന സാഹിത്യ ജീവിതത്തില്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട 'സാംസ് ഓഫ് ഡേവിഡ്' ഉള്‍പ്പെടെ 16 കൃതികളാണ് പള്ളിക്കുന്നന്റേതായുള്ളത്. 'ദാവീദിന്റെ സങ്കീര്‍ത്തനം', 'യമുനയിലേക്കൊരു തീര്‍ത്ഥയാത്ര', 'വേത്രകീയം', 'പതിനൊന്നാമന്‍', 'മേരി ലാവറന്നോസിന്റെ കുടീരം', 'നര്‍മ്മദയിലെ പാലം', 'ബാബാജി' എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 86ലാണ് പള്ളിക്കുന്നന്റെ ആദ്യ കഥാസമാഹാരമായ 'ദാവീദിന്റെ സങ്കീര്‍ത്തനം' പുറത്തിറങ്ങിയത്. എട്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ആ കൃതി പാലക്കാട് ഉപഭോക്തൃ കോടതി നിരോധിക്കുകയും ചെയ്തു. സമാഹാരത്തിലെ 'ആഭ്യന്തരം' എന്ന ചെറുകഥ നെഹ്രുവിനെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ആരോപണം. ഈ കൃതി 'സാംസ് ഓഫ് ദാവീദ്' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തപ്പോഴും നിരോധനം നേരിട്ടു. ഇത്തരത്തില്‍ നിരന്തരം വേട്ടയാടപ്പെട്ടതാണ് പള്ളിക്കുന്നന്റെ എഴുത്തു ജീവിതം. ഇടതുപക്ഷ ചിന്താഗതിക്കാരനായ ഈ എഴുത്തുകാരന്റെ രചനകളില്‍ മാനവികതയ്ക്ക് അസാധാരണമായ പ്രാധാന്യം നല്‍കുന്നുണ്ട്. തന്റെ കൃതികളില്‍ ഭൂരിഭാഗവും എഴുപതുകളില്‍ എഴുതിയ ഇദ്ദേഹം അടിയന്തരാവസ്ഥക്കാലത്തെ ഇന്നും വിശകലനം ചെയ്യുകയും സമകാലിക രാഷ്ട്രീയ സാഹചര്യത്തെ നിരീക്ഷിക്കുകയുമാണ്. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.

അമ്പത് വര്‍ഷം പിന്നിടുന്ന സാഹിത്യ ജീവിതത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ എത്രത്തോളമായിരുന്നു?

മുഖ്യധാരയില്‍ മനോരമയുടെ ഞായറാഴ്ചപ്പതിപ്പിലും ജനയുഗത്തിലും കലാകൗമുദിയുടെ കഥ മാസികയിലുമാണ് ഇടം ലഭിച്ചിട്ടുള്ളത്. പിന്നെ ദേശാഭിമാനി വാരികയിലും കഥകള്‍ വരാറുണ്ട്. കോഴിക്കോട് ദ്വീപുകാര്‍ക്ക് വേണ്ടി കഥ പറയാന്‍ പോകുന്ന ഒരു രീതിയുണ്ട്. കോഴിക്കോട് ജോലി ചെയ്തിരുന്നപ്പോള്‍ ഞാനും ഇത്തരത്തില്‍ ദ്വീപുകാര്‍ക്ക് വേണ്ടി കഥ പറയാന്‍ പോയിട്ടുണ്ട്. പിന്നെ സൂര്യാ ടീവിയിലും കഥ പറഞ്ഞിട്ടുണ്ട്. എഴുപതുകളില്‍ തുടങ്ങിയ കഥയെഴുത്താണ്. അന്ന് ധാരാളം എഴുതുകയും വായിക്കുകയും ചെയ്തിരുന്നു. സിവില്‍ സപ്ലൈസിലെ ഒരു ഉദ്യോഗസ്ഥനായാണ് ഞാന്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. റിട്ടയര്‍ ചെയ്തപ്പോള്‍ കൂടുതല്‍ സമയം കിട്ടി. പിന്നീട് നോവലുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

യമുനയിലേക്കൊരു തീര്‍ത്ഥയാത്രയാണ് ആദ്യ നോവല്‍. എന്റെ പുസ്തകങ്ങളിലധികവും എന്‍ബിഎസ് ആണ് പുറത്തിറക്കിയിട്ടുള്ളത്. പിന്നെ മള്‍ബറിയും ഇറക്കിയിട്ടുണ്ട്. മള്‍ബറി ഇറക്കിയ 'വേത്രകീയം' എന്ന നോവലിന്റെ രണ്ടാം പതിപ്പില്‍ അവതാരിക എഴുതിയത് കാക്കനാടന്‍ ചേട്ടനായിരുന്നു. വളരെയധികം വിറ്റഴിഞ്ഞ് പോയ പുസ്തകമാണ് അത്. വലിയ തോതില്‍ നിരൂപക ശ്രദ്ധയും നേടി. ഇപ്പോള്‍ തന്നെ 'നര്‍മ്മദയിലെ പാലം' എന്ന നോവലും നന്നായി വിറ്റഴിഞ്ഞ് പോയിട്ടുണ്ട്. നോവലുകള്‍ എളുപ്പത്തില്‍ വിറ്റഴിഞ്ഞ് പോകും.

സാധാരണ മനുഷ്യരുടെ ജീവിതം വായനാക്ഷമതയുള്ള ഭാഷയില്‍ നോവല്‍ രൂപത്തില്‍ അവതരിപ്പിച്ചിട്ടും ഡി സിയോ മാതൃഭൂമി ബുക്‌സോ ഒന്നും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്?

എനിക്ക് അങ്ങനെ പരാതിയൊന്നുമില്ല. ഇത്തരം അവഗണനകള്‍ എല്ലാക്കാലത്തും പ്രബലരായ എഴുത്തുകാര്‍ പോലും നേരിട്ടുണ്ട്. ഞാനെന്റെ കടമ ചെയ്യും. എഴുതി, അയക്കും. അവര്‍ക്ക് സ്വീകാര്യമാണെങ്കില്‍ എടുക്കട്ടെ. മുമ്പ് മാതൃഭൂമിയിലേക്കൊക്കെ സ്ഥിരമായി എഴുതി അയക്കുമായിരുന്നു. എന്നാല്‍ സ്വീകരിക്കപ്പെട്ടില്ല. എന്റെ പല സുഹൃത്തുക്കളും മാതൃഭൂമിയില്‍ എഡിറ്റോറിയല്‍ ജീവനക്കാരാണ്. ഞാനാരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. ആരോടും ഒരു പരാതിയും പറയാനും പോയിട്ടില്ല.

മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ പല എഴുത്താളരെയും ശ്രദ്ധിക്കാതെ പോയപ്പോഴാണ് സമാന്തര പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തിയുണ്ടായത്. സമാന്തരമായി സ്വന്തം ഇടമുണ്ടാക്കിയ മള്‍ബറിയിലെ ഷെല്ലിയുമായുള്ള ബന്ധം എങ്ങനെയായിരുന്നു?

പുസ്തക പ്രസാധക രംഗത്ത് ഒരു വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് ഷെല്ലി. ഡി സിയൊക്കെ പുസ്തക രൂപീകരണത്തില്‍ പുതുമ കൊണ്ടുവന്നത് അതിന് ശേഷമാണ്. അക്കാര്യത്തില്‍ ഷെല്ലിക്കുള്ള കഴിവ് അത്രമാത്രമായിരുന്നു. പക്ഷെ പെട്ടന്ന് പോകുകയും ചെയ്തു. നമ്മുടെ നല്ല കലാകാരന്മാര്‍ക്കെല്ലാം അങ്ങനെയൊരു അവസ്ഥയുണ്ടല്ലോ? മദ്യത്തിനടിമയായി പോകും. ചിലര്‍ മനസിക രോഗികളാകും. ഷെല്ലിക്കും അങ്ങനെ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

പട്ടത്തുവിളയുടെ കഥകള്‍ പുറത്തിറങ്ങുമ്പോള്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് യൂറോപ്യന്‍ സാഹിത്യ ലോകം ആലോചിച്ചിട്ട് പോലുമുണ്ടാകില്ല. ബഷീറിന്റെയും പത്മരാജന്റെയുമെല്ലാം എഴുത്തുരീതികളിലെ വൈവിധ്യവും നമുക്കുണ്ട്. അത് ലോകത്തെ പോലും അമ്പരിപ്പിക്കുന്നതാണ്. എന്നിട്ടും അതനുസരിച്ചുള്ള പ്രാധാന്യം മലയാള സാഹിത്യത്തിന് ലഭിക്കുന്നുണ്ടോ?

പട്ടത്തുവിള കരുണാകരനെല്ലാം അതിഗംഭീരമായ ക്ലാസിക്കുകള്‍ ആണ് എഴുതിയിരുന്നത്. ഇന്നും അദ്ദേഹത്തിന്റെ കഥകള്‍ വായിക്കപ്പെടുന്നത് അതിനാലാണ്. അദ്ദേഹം കൂടുതല്‍ എഴുതുമായിരുന്നു. മലയാളത്തിലെ എല്ലാ എഴുത്തുകാരും പ്രതിഭയുള്ളവര്‍ തന്നെയാണ്. ടി പത്മനാഭനൊക്കെ അത്തരത്തില്‍ സ്വന്തമായ ശൈലി രൂപപ്പെടുത്തിയവരാണ്. കഥകളെ അദ്ദേഹം സമീപിക്കുന്ന രീതി വളരെ ആകര്‍ശകമാണ്. ഇപ്പോഴത്തെ എഴുത്തുകാരില്‍ അര്‍ഷാദ് ബത്തേരിയെയാണ് കൂടുതല്‍ ഇഷ്ടം.

ടി പത്മനാഭനും എം ടിയും തമ്മിലുള്ള ശീതസമരത്തെക്കുറിച്ച്?

രണ്ട് പേരും രണ്ടു രീതിയില്‍ എഴുതുന്ന മികച്ച എഴുത്തുകാര്‍ തന്നെയാണ്. എങ്കിലും സാഹിത്യ ലോകം എം ടിയെ ഒരുപടി മുന്നിലാണ് കാണുന്നത്. അതിന് പല ഘടകങ്ങളുണ്ട്. എം ടി മാതൃഭൂമിയുടെ എഡിറ്ററായിരുന്ന ആളാണ്. അത്രമാത്രം ബന്ധങ്ങളുമുണ്ട്. ഇവര്‍ക്കൊക്കെ എം ടിയെ പുകഴ്ത്തിയാല്‍ മാത്രമേ നിലനില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അദ്ദേഹം പത്രത്തില്‍ നിന്നും ഇറങ്ങിച്ചെന്ന് കഴിഞ്ഞിട്ടും ഈയൊരു പ്രവണത തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. എം ടി ഒരു നല്ല എഴുത്തുകാരനാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഈ പുകഴ്ത്തല്‍ സംഘം അദ്ദേഹത്തെ അപ്രമാദിത്വമുള്ള എഴുത്തുകാരനായി മാറ്റിയെടുക്കുകയുമായിരുന്നു. എം ടി നല്ല എഴുത്തുകാരനാണെന്നിരിക്കെ തന്നെ അത്ര വലിയ എഴുത്തുകാരനായി ബിംബവല്‍ക്കരിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. ഇവിടെ മുകുന്ദനും പട്ടത്തുവിളയുമൊക്കെയുണ്ട്. തങ്ങള്‍ പരിചയിച്ച ഇടങ്ങളിലെ സ്വാഭാവിക കഥകള്‍ എഴുതുക മാത്രമാണ് അവര്‍ ചെയ്തത്. കാക്കനാടനൊക്കെ അസല്‍ കഥകളെഴുതിയിരുന്ന ആളുകളാണ്. കാക്കനാടന്‍ ജീവിച്ചിരുന്ന കാലത്ത് മഹത്തായ കൃതികളാണ് എഴുതിയത്. മലയാള സാഹിത്യശാഖ നിലനില്‍ക്കുന്നിടത്തോളം ആ കൃതികള്‍ സ്മരിക്കപ്പെടും. എന്നാല്‍ അതനുസരിച്ചുള്ള അംഗീകാരമൊന്നും അദ്ദേഹത്തിന് ലഭിച്ചതുമില്ല. ജ്ഞാനപീഠവും വയലാര്‍ അവാര്‍ഡും എഴുത്തച്ഛന്‍ പുരസ്‌കാരവുമെല്ലാം പലര്‍ക്കും വാരിക്കോരി കൊടുക്കുമ്പോഴാണ് ഇത്. ഇവര്‍ക്കൊന്നും കിട്ടാത്ത ചില ആനുകൂല്യങ്ങളാണ് എം ടിക്ക് വാരിക്കോരി കൊടുത്തത്. ഇപ്പോഴും കൊടുത്തു കൊണ്ടിരിക്കുകയാണ്. കവിതയില്‍ അത് ഒ എന്‍ വിക്ക് ലഭിച്ചിട്ടുണ്ട്. വരേണ്യതയോടുള്ള ഒരു കീഴടങ്ങല്‍ മനോഭാവമാണെന്നാണ് പറയപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ചില സ്തുതിപാഠകരാണ് ഇതിന് പിന്നില്‍.

പ്രതികരിക്കുന്നവര്‍ നിശബ്ദരാക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് നാമുള്ളത്. എഴുത്തുകാരും ചിന്താശേഷിയുള്ളവരും അറസ്റ്റിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ഈയൊരു സാഹചര്യത്തെ എങ്ങനെ തരണം ചെയ്യാനാകും?

ഹിറ്റ്‌ലര്‍ക്കും മുസോളിനിക്കുമെല്ലാം കാലം ദാരുണമായ അന്ത്യമാണ് കാത്തു വച്ചത്. എന്തിന് മുഷാറഫ് പോലും ഇപ്പോള്‍ വധശിക്ഷ കാത്തിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. ജനാധിപത്യ സംവിധാനങ്ങളെ തന്നെ അട്ടിമറിച്ച് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാണിച്ചാണ് അവരിത് നേടിയത്. ഈ വിഷയത്തെ അഡ്രസ് ചെയ്യാന്‍ മുഖ്യപ്രതി പക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന് സാധിച്ചതുമില്ല. പ്രതിഭകളായ നിരവധി നേതാക്കളുണ്ടായിട്ടും ബി ജെ പി സര്‍ക്കാരിന്റെ ഇത്തരം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോകുകയും ചെയ്തു. ഇതിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതാരും അറിയുന്നില്ല, അല്ലങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യങ്ങള്‍ ഓരോന്നായി ഹനിക്കപ്പെടുകയാണ്. പലതിനും നിയന്ത്രണം വന്നിരിക്കുന്നു. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മാത്രമാണുള്ളതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അവരതില്‍ പരാജയപ്പെട്ട സ്ഥിതിക്ക് ഒരു ബദല്‍ സംവിധാനം ഉണ്ടാകുകയാണ് വേണ്ടത്.

അവിടെ ഇടതുപക്ഷത്തിന്റെ പ്രസക്തി എത്രത്തോളമാണ്?

ഇടതുപക്ഷത്തിന് മാത്രമാണ് ഇവിടെ എന്തെങ്കിലും ചെയ്യാനാകുക. സമാന ചിന്താഗതിക്കാരായ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ത്ത് ഒരു മഹാ സഖ്യമുണ്ടാക്കുക തന്നെയാണ് വേണ്ടത്. അതിന് രാഷ്ട്രീയപരമായ ഒരുപാട് പരിമിതികളുണ്ടാകും. ഈ പരിമിതികളെ തരണം ആര്‍ എസ് എസിന്റെ വളര്‍ച്ച കൈയും കെട്ടി നോക്കി നില്‍ക്കാന്‍ മാത്രമേ സാധിക്കൂ. ജനങ്ങള്‍ അറിയാതെ തന്നെ അവരുടെ സ്വാതന്ത്ര്യം എടുത്തു കളഞ്ഞു കൊണ്ടിരിക്കുന്നു. ഭാവി ഭാരതത്തെക്കുറിച്ച് ഇന്ന് ആശങ്കയോടെ മാത്രമേ ചിന്തിക്കാനാകൂ. പലരും ആ വിധത്തില്‍ ചിന്തിച്ചു തുടങ്ങിക്കഴിഞ്ഞു. പുകമറ സൃഷ്ടിക്കുന്ന സമര രീതികള്‍ അവസാനിപ്പിക്കണം. എന്നിട്ട് ശക്തമായ പ്രതിഷേധങ്ങള്‍ കാമ്പസുകളില്‍ നിന്നും മറ്റും ആരംഭിക്കുകയും വേണം. അനാവശ്യ സമരങ്ങള്‍ ഒഴിവാക്കി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇവിടെ ആര്‍ എസ് എസ് വേരുപിടിക്കുന്നത് തടയാമായിരുന്നു.

താങ്കളുടെ ദാവീദിന്റെ സങ്കീര്‍ത്തനം എന്ന നോവല്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണ്. ആ സാഹചര്യവും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും ഒന്ന് താരതമ്യം ചെയ്യാമോ?

1986 ലാണ് ദാവീദിന്റെ സങ്കീര്‍ത്തനം എഴുതിയത്. 1994 ല്‍ അത് നിരോധിക്കുകയും ചെയ്തു. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ആണ് അന്ന് അധികാരത്തില്‍. കേന്ദ്രം നരസിംഹ റാവുവും കേരളം കരുണാകരനും ഭരിക്കുന്നു. നോവലില്‍ ഒരു ഭാഗത്ത് നെഹ്രുവിനെക്കുറിച്ച് തികച്ചും സാങ്കല്‍പ്പികമായ ഒരു ഭാഗമുണ്ട്. സ്വര്‍ഗലോകത്തില്‍ വച്ച് നടന്ന നേതാക്കളുടെ ഒരു യോഗത്തില്‍ നെഹ്രുവിനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടു എന്നാണ് ഇവിടെ പറയുന്നത്. കുട്ടികളോട് അദ്ദേഹത്തിനുണ്ടായിരുന്ന വൈകാരിക അടുപ്പം ചൂണ്ടിക്കാട്ടുകയാണ് അവിടെ ചെയ്തത്. എന്നാല്‍ നെഹ്രു ഭക്തനായ ഒരു പ്രവാസി മലയാളിക്ക് ഇത് മറ്റൊരു രീതിയിലാണ് തോന്നിയത്. അദ്ദേഹം കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി കൊടുത്തു. അതിന്റെ ഫലമായാണ് നോവല്‍ നിരോധിച്ചത്. അതോടെ രാജ്യത്തെവിടെയും പുസ്തകം വില്‍ക്കാനാകാതെ വന്നു.

ഭരണകൂടത്തിന് അതൃപ്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ഉടന്‍ നിരോധിക്കപ്പെടുന്നു. ഇന്നത്തെ സാഹചര്യത്തിലാണ് ഞാന്‍ അത്തരമൊന്ന് എഴുതുന്നതെങ്കില്‍ ഞാന്‍ ജയിലിലായേനെ, അല്ലങ്കില്‍ കൊല്ലപ്പെട്ടേനെ. ബംഗളൂരുവിലും നോര്‍ത്ത് ഇന്ത്യയിലും മറ്റും ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം അറസ്റ്റ് ചെയ്യപ്പെടുകയാണ്. ഇത് അടിയന്തരാവസ്ഥയുടെ മറ്റൊരു പതിപ്പാണ്. പൗരത്വ ബില്‍ ഏത് വിധേനയും നടപ്പാക്കുമെന്നാണ് നരേന്ദ്ര മോദി പറയുന്നത്. നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് മനസിലാക്കേണ്ടത്. അതേസമയം ഇതേച്ചൊല്ലി ബിജെപിക്കുള്ളില്‍ തന്നെ കലാപം രൂപപ്പെട്ടു കഴിഞ്ഞു. മോദിയും അമിത് ഷായും മറ്റുള്ളവരുടെ എതിര്‍പ്പ് മറികടന്ന് ഏകപക്ഷീയമായി തീരുമാനമെടുത്തത് ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് കരുതേണ്ടത്.


Next Story

Related Stories