TopTop
Begin typing your search above and press return to search.

കൊറോണക്കാലത്തും ആത്മവിശ്വാസം പകര്‍ന്ന് ലിനിയോര്‍മകള്‍-കെ.കെ ശൈലജ ടീച്ചര്‍

കൊറോണക്കാലത്തും ആത്മവിശ്വാസം പകര്‍ന്ന് ലിനിയോര്‍മകള്‍-കെ.കെ ശൈലജ ടീച്ചര്‍

കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മുന്‍പ് നമ്മള്‍ അതിജീവിച്ച നിപ കാലം ആത്മവിശ്വാസം പകരുന്നതാണ്. ജാഗ്രതയോടെ കോവിഡ് 19നേയും അതിജീവിക്കുമെന്ന് ഉറപ്പിക്കുമ്പോള്‍തന്നെ ആളുകള്‍ക്കുവേണ്ടി തങ്ങളുടെ ജീവന്‍ മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നമ്മെ അത്ഭുതപ്പെടുത്തുകയാണ്. ഈ ദിനങ്ങളില്‍ നമ്മള്‍ ലിനിയേയും ഓര്‍മ്മിച്ചിട്ടുണ്ടാവും. നിപ വൈറസ് ബാധയേറ്റ രോഗിയെ ചികിത്സിക്കുന്നതിനിടയില്‍ വൈറസ് കവര്‍ന്നെടുത്ത ലിനിയെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയുകയില്ല. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ രചിച്ച പ്രതിരോധത്തിന്റെ ദിനങ്ങള്‍, പാഠങ്ങള്‍ എന്ന പുസ്തകത്തില്‍ ലിനിയെ കുറിച്ചെഴുതിയ ഭാഗം നമുക്ക് കരുത്ത് പകര്‍ന്ന് നല്‍കുന്നവയാണ്.

പ്രതിരോധത്തിന്റെ ദിനങ്ങള്‍, പാഠങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നൊരു ഭാഗം:

ഇനി ലിനി ഞങ്ങളോടൊപ്പമില്ല. സാബിത്തിനെ പരിചരിച്ച പേരാമ്പ്ര ആശുപത്രിയിലെ ഞങ്ങളുടെ പ്രിയപ്പെട്ട നേഴ്സ് ലിനിയെ നിപ വൈറസ് കവര്‍ന്നെടുത്തിരിക്കുന്നു. രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഇതേ വൈറസ് മൂലം മരണമടയുക എന്നത് ഈ അത്യപൂര്‍വമായ വൈറസ് ബാധ നിയന്ത്രണപ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്ന് ഞങ്ങള്‍ക്കൊരു എത്തുംപിടിയും കിട്ടാത്തതായി.

രോഗം ബാധിച്ചപ്പോള്‍ത്തന്നെ ലിനിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു. അസാമാന്യധീരതയാണ് ആ പെണ്‍കുട്ടി കാണിച്ചത്. മരണത്തിനു കീഴടങ്ങേണ്ടി വരും എന്ന ബോധ്യത്തോടെ മറ്റാരിലേക്കും തന്നില്‍നിന്നും രോഗം പകരരുത് എന്ന നിര്‍ബന്ധം അവര്‍ പ്രകടിപ്പിക്കുകയും ഭര്‍ത്താവിനോടും മക്കളോടും തന്നെ കാണാന്‍ ആശുപത്രിയില്‍ വരരുതെന്ന കുറിപ്പ് കൊടുത്തയയ്ക്കുകയും ചെയ്തു. താന്‍ മരണപ്പെട്ടുപോയാല്‍ മക്കളെ നന്നായി സംരക്ഷിക്കണമെന്ന ലിനിയുടെ കുറിപ്പ് ഹൃദയഭേദകമായിരുന്നു.

ആശുപത്രി ഐ.സി.യുവില്‍ മരണവുമായി മല്ലിടവേ ലിനി ഭര്‍ത്താവിന് എഴുതിയ കത്തും ലിനിയുടെ ജീവിതവും മലയാളികളെ ഒന്നടങ്കം കരയിപ്പിച്ചു.

'സജീഷേട്ടാ... ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ... നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല... സോറി... നമ്മുടെ മക്കളെ നന്നായി നോക്കണേ. ലവന്‍, കുഞ്ഞു ഇവരെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്... വിത്ത് ലോട്സ് ഓഫ് ലവ്... ഉമ്മ...'

ചെമ്പനോട പുതുശ്ശേരിയില്‍ പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. ആറു വര്‍ഷമായി താലൂക്ക് ആശുപത്രിയില്‍ നേഴ്സാണ്. പറക്കമുറ്റാത്ത രണ്ടു മക്കളും അമ്മയും മാത്രമാണു ലിനിയുടെ വീട്ടിലുള്ളത്. നിപ വൈറസ് ബാധിതരാകുകയും പിന്നീട് മരിക്കുകയും ചെയ്ത മൂന്നു പേരും അവിടെ ചികിത്സയിലുണ്ടായിരുന്നു. രാത്രി മുഴുവന്‍ രോഗികളെ പരിചരിച്ചതു ലിനിയായിരുന്നു. രാവിലെ ലിനിക്കും പനി തുടങ്ങി. മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗള്‍ഫിലുള്ള സജീഷിനെ വീഡിയോ കോള്‍ ചെയ്തു. സുഖമില്ലെന്നു പറഞ്ഞെങ്കിലും ഇത്ര ഗുരുതരമാണെന്ന് അറിയിച്ചിരുന്നില്ല.

ആശുപത്രിയില്‍ കാണാനെത്തിയ അമ്മയെയും സഹോദരിമാരെയും അടുത്തേക്കു വരാനും ലിനി സമ്മതിച്ചില്ല. ലിനിയുടെ രോഗവിവരമറിഞ്ഞ് ഭര്‍ത്താവ് സജീഷ് വേഗം നാട്ടിലെത്തി. ഐസൊലേറ്റഡ് ഐ.സി.യുവില്‍ കയറി ലിനിയെ കണ്ട് സംസാരിക്കുകയും ചെയ്തു.

പക്ഷേ എല്ലാവരെയും സങ്കടത്തിലാഴ്ത്തി ലിനി യാത്രയായി. കുടുംബാംഗങ്ങളെയും കുട്ടികളെയും നിപ വൈറസില്‍നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മൃതദേഹം വിട്ടുകൊടുക്കാന്‍ കഴിയാത്തതിന്റെ സാഹചര്യം ബന്ധുക്കളോടു വിവരിച്ചു. തീവ്രദുഃഖത്തിലും, അവസാനമായി ഒരു നോക്കു കാണാന്‍പോലും കഴിയില്ലെന്നറിഞ്ഞിട്ടും ലിനിയുടെ ശരീരം ചടങ്ങുകളൊന്നും കൂടാതെ കോഴിക്കോട്ട് സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ സമ്മതം നല്കി.

നിപ വൈറസിനെതിരെ ആരോഗ്യരംഗം ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങളില്‍ ഒരംഗമായ ലിനിയെ നഷ്ടപ്പെട്ടത് അങ്ങേയറ്റം എന്നെ വേദനിപ്പിച്ചു. സ്വന്തം ആരോഗ്യംപോലും നോക്കാതെയാണ് ലിനിയെപ്പോലുള്ള നിരവധി നേഴ്സുമാര്‍ ആത്മാര്‍ഥസേവനം നടത്തുന്നത്. ലിനിയുടെ അവസാനത്തെ കത്ത് മലയാളികളെയൊന്നാകെ നൊമ്പരപ്പെടുത്തി. പിഞ്ചുകുഞ്ഞിന് പാല്‍ നല്കിയാണ് ലിനി ആശുപത്രിയിലേക്കു തിരിച്ചത്. പിന്നെ ആ രണ്ടു കുട്ടികള്‍ക്കും അമ്മയെ കാണാന്‍ കഴിഞ്ഞില്ല. ആരോഗ്യവകുപ്പുമന്ത്രി എന്ന നിലയിലുപരി ഒരു അമ്മ എന്ന നിലയില്‍ ഇതെന്നെ വല്ലാതെ സ്പര്‍ശിച്ചു. ഇനിയൊരു ജീവനക്കാര്‍ക്കും ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. ഒപ്പം ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ഉറപ്പും ലഭ്യമായിരുന്നു.

ലിനിയുടെ കുടുംബം ഒരിക്കലും അനാഥമായിരിക്കില്ലെന്ന് സൂചിപ്പിക്കാനും നേഴ്സുമാരുടെ മഹത്ത്വം ഓര്‍മിപ്പിക്കാനും അവര്‍ക്ക് കരുത്തേകാനും കൂടിയായിരുന്നു ലിനി അനുസ്മരണം പിന്നീട് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചത്. ആദരസൂചകമായി മന്ത്രിമാരടക്കം ചടങ്ങില്‍ പങ്കെടുത്തു. ലിനിയെപോലെയുള്ള നേഴ്സുമാരെ നമ്മള്‍ എക്കാലവും ഓര്‍ക്കും. കാരണം ഒരിക്കലും വിലമതിക്കാനാവാത്തതാണ് അവരുടെ മഹത്ത്വം. തങ്ങളുടെ കൂട്ടത്തിലൊരാള്‍ക്ക് രോഗബാധയുണ്ടായതായി കണ്ടപ്പോഴും മനഃസ്ഥൈര്യം വിടാതെ ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ ശുശ്രൂഷിക്കാന്‍ തയ്യാറായ നേഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ക്ലീനിങ് സ്റ്റാഫിന്റെയും മറ്റു ജീവനക്കാരുടെയും സേവനം ഒരിക്കലും മറക്കാവുന്നതല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ക്ലീനിങ് സ്റ്റാഫില്‍നിന്ന് ചിലര്‍ ഭയന്ന് മാറിനിന്നപ്പോള്‍ മരണം മുന്നില്‍ കണ്ടുകൊണ്ടുതന്നെ താത്കാലികതൊഴിലാളികളായി വന്ന സഹോദരങ്ങളുടെ സേവനങ്ങള്‍ ജനങ്ങള്‍ എക്കാലവും സ്മരിക്കും.


Next Story

Related Stories