TopTop
Begin typing your search above and press return to search.

വെര്‍ച്വല്‍ യുവജനോത്സവത്തില്‍ പങ്കാളികളായി കേരളവും

വെര്‍ച്വല്‍ യുവജനോത്സവത്തില്‍ പങ്കാളികളായി കേരളവും

കേന്ദ്ര യുവജനകാര്യ മന്ത്രാലയം വെര്‍ച്വലായി സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തില്‍ കേരളവും പങ്കാളികളായി. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലാണ് കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ കലാപ്രകടനങ്ങള്‍ കാഴ്ചവെച്ചത്. കോവിഡിനെത്തുടര്‍ന്നാണ് കലോത്സവം വെര്‍ച്വലായി സംഘടിപ്പിക്കാന്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം തിരുമാനിച്ചത്. ഓരോ സംസ്ഥാനത്തു നിന്നുമുള്ള മത്സരാര്‍ഥികളുടെ പ്രകടനങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി പ്രത്യേക ലിങ്കിലേക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ലിങ്കില്‍ അപ്‌ലോഡ് ചെയ്ത വിഡിയോകള്‍ കണ്ടായിരിക്കും വിധികര്‍ത്താക്കള്‍ ഫലം പ്രഖ്യാപിക്കുക.

ഇന്നലെ ടാഗോര്‍ തിയറ്ററില്‍ നടന്ന കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതം, വീണ, പ്രസംഗം, ഭരതനാട്യം, നാടന്‍ പാട്ട്, നാടോടി നൃത്തം, നാടകം, ചിത്രരചന, ശില്‍പ നിര്‍മാണം എന്നീ ഇനങ്ങളില്‍ കേരളം പങ്കെടുത്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനായിരുന്നു പരിപാടിയുടെ സംഘാടനച്ചുമതല. കോവിഡിനെത്തുടര്‍ന്ന് ഇത്തവണ പ്രാഥമികതലം മുതല്‍ സംസ്ഥാനതലം വരെയുള്ള കേരളോത്സവ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനതല കേരളോത്സവത്തില്‍ വിജയിച്ച്, ദേശീയ തലത്തില്‍ മത്സരിച്ച മത്സരാര്‍ഥികളെത്തന്നെ ഇത്തവണയും ദേശീയ കലോത്സവത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാണികളെ പ്രവേശിപ്പിക്കാതെയാണ് ടാഗോര്‍ തിയെറ്ററില്‍ കലോത്സവം സംഘടിപ്പിച്ചത്.

മാധവ് ദേവ് (ശാസ്ത്രീയ സംഗീതം), ആര്യ രാജ് (വീണ), അനശ്വര. പി (ഭരതനാട്യം), സ്റ്റെഫി അക്കര (പ്രസംഗം), പ്രേംജിത് പ്രദീപ് (ചിത്രരചന), അഭിനവ് ഉല്ലാസ് (ശില്‍പ നിര്‍മാണം) എന്നിവരായിരുന്നു കേരളത്തില്‍ നിന്നുള്ള മത്സരാര്‍ഥികള്‍. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രഞ്ജിത്തും സംഘവും നാടോടി നൃത്തത്തിലും, ആലപ്പുഴയില്‍ നിന്നുള്ള സുറുമി കെ മുഹമ്മദും സംഘവും നാടന്‍പാട്ടിലും, കാസര്‍ഗോഡ് നിന്നുള്ള ശിവകുമാറും സംഘവും നാടക മത്സരത്തിലും കേരളത്തിന്റെ പ്രതിനിധികളായി. കലോത്സവത്തിനു മുന്നോടിയായി മത്സരാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ദിവസത്തെ പരിശീലന ക്യാംപും സംഘടിപ്പിച്ചിരുന്നു. ഈ മാസം 12 മുതല്‍ 16വരെയാണ് മത്സരങ്ങളുടെ വിധി നിര്‍ണയം.


Next Story

Related Stories