TopTop

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

ഇരുപത്തിമൂന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. അറിവും വിജ്ഞാനവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. അറിവും വിജ്ഞാനവും പകര്‍ന്ന് നല്‍കുകയും എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്ത മഹത്തായ പാരമ്പര്യമാണ് കേരളത്തിനുള്ളത്. അറിവിന്റെയും വിജ്ഞാനത്തിന്റെയും നാടായി ഇന്ത്യ അറിയപ്പെടുന്നതില്‍ മുഖ്യ പങ്ക് കേരളത്തിന് അവകാശപ്പെട്ടതാണ്. അറിവ് മാത്രമാണ് എക്കാലവും നിലനില്‍ക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുമുള്ളവര്‍ അവരുടെ പാരമ്പര്യങ്ങളെ കുറിച്ച് അറിയുന്നതിനായി ഇന്ത്യയിലേക്കാണ് എത്തുന്നത്. മറ്റ് സംസ്‌കാരങ്ങളെ കുറിച്ചും കലകളെക്കുറിച്ചും മതങ്ങളെ കുറിച്ചും ഏറെ അവഗാഹത്തോടെ പഠിക്കുന്നവരാണ് ഇന്ത്യക്കാര്‍. പുസ്തകങ്ങളാണ് അറിവ് വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം. അറിവിന്റെ നാടാണ് കേരളമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ചെയര്‍മാന്‍ ഡോ.എം.സി. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ അരുണ സായിറാം, ഹിന്ദി എഴുത്തുകാരി ചിത്ര മുദ്ഗല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എ. ജയകുമാര്‍ ആശംസയര്‍പ്പിച്ചു. ഇ.എം. ഹരിദാസ് സ്വാഗതവും പി. സോമനാഥന്‍ നന്ദിയും പറഞ്ഞു.

മുന്നൂറില്‍ പരം പ്രസാധകരും ഇരുന്നൂറോളം എഴുത്തുകാരും ഇത്തവണ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കുമെന്ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍ പറഞ്ഞു. . നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ, കേന്ദ്ര സാഹിത്യ അക്കാദമി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച് എന്നിവര്‍ പുസ്തകോത്സവത്തിന്റെ ഭാഗമാകും. ഡിസംബര്‍ നാല് മുതല്‍ എട്ട് വരെ കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കും. എന്‍.ബി.ടിയുടെ സഹകരണത്തോടെ 6, 7 തീയതികളില്‍ കുട്ടികളുടെ സാഹിത്യോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. കൊങ്കിണി സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച , ഇന്ദുലേഖയുടെ നൂറാം വര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നിവയും എല്ലാ ദിവസവും കലാപരിപാടികളും നടക്കും. നാഷണല്‍ ലൈബ്രറി കൊല്‍ക്കത്തയുമായി സഹകരിച്ച് മീറ്റ് വിത്ത് പബ്ലിഷേഴ്‌സ് എന്ന പരിപാടിയും പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.


Next Story

Related Stories