TopTop
Begin typing your search above and press return to search.

നാല് ദിവസത്തെ കഥയിലൂടെ ഒരാളുടെ ജീവിതം പറയുക, അതും 14 വര്‍ഷമെടുത്ത്; ബറേക്കയുടെ ജീവിതവഴികളെ കുറിച്ച് കെ ടി സതീശന്‍ സംസാരിക്കുന്നു

നാല് ദിവസത്തെ കഥയിലൂടെ ഒരാളുടെ ജീവിതം പറയുക, അതും 14 വര്‍ഷമെടുത്ത്; ബറേക്കയുടെ ജീവിതവഴികളെ കുറിച്ച് കെ ടി സതീശന്‍ സംസാരിക്കുന്നു

നാല് ദിവസത്തെ കഥയിലൂടെ ഒരാളുടെ ജീവിതം മുഴുവനായി ആവിഷ്‌ക്കരിക്കുക. അതും ഓര്‍മ്മകളെ പാട്ടുകളുടെ രൂപത്തില്‍ കോര്‍ത്തിണക്കിക്കൊണ്ട്. മലയാള നോവലുകളില്‍ അത്ര പരിചയമില്ലാത്തൊരു ആഖ്യാനരീതിയാണിത്. ഇത്തരമൊരു അവതരണരീതിയില്‍ 14 വര്‍ഷമെടുത്ത് കെ.ടി സതീശന്‍ എഴുതിയ നോവലാണ് ബറേക്ക. പാട്ടുകളിലൂടെ കഥ പറയുന്ന നോവല്‍. മാതൃഭൂമി ബുക്സാണ് നോവല്‍ പുറത്തിറക്കിയിരിക്കുന്നത്.

പല മനുഷ്യരെ കണ്ട്, നേരില്‍ അവരുടെ ജീവിതം കേട്ട് അത് പിന്നീട് നോവലിലേക്ക് പകര്‍ത്തുകയാണ് കെ ടി സതീശന്‍ ചെയ്തത്. ഇതിനായി എഴുത്തുകാരന് വേണ്ടിവന്നത് 14 വര്‍ഷങ്ങളാണ്. നോവലെഴുത്തിന്റെ അനുഭവത്തെ കുറിച്ച് കെ ടി സതീശന്‍ പറയുന്നത് ഇങ്ങനെയാണ്. 'കാലിന് സ്വാധീനം ഇല്ലാത്ത ഒരാള്‍ തന്റെ ചക്രവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ അയാള്‍ക്കൊരു ലക്ഷ്യമുണ്ടാവും. എത്തിച്ചേരേണ്ട ഒരിടം. ഈ സമയങ്ങളിലൊന്നും തന്നെ മറികടന്നുപോവുന്ന മറ്റ് വാഹനങ്ങള്‍ അയാള്‍ക്ക് പ്രശ്നമല്ല. ഇത്തരത്തിലാണ് ബറേക്കയും എഴുതിയിരിക്കുന്നത്. 14 വര്‍ഷമെടുത്ത് ഒരോ ദിവസങ്ങളിലായി പതുക്കെ.. പതുക്കെ... ഈ കാലയളവില്‍ പലതരം പണികള്‍ ചെയ്തു. എന്നാല്‍ അന്നെല്ലാം ലക്ഷ്യംവെച്ചിരുന്നത് എഴുത്ത് പൂര്‍ത്തിയാക്കുക എന്നത് തന്നെയായിരുന്നു'.

നോവലില്‍ കെ ടി സതീശന്‍ എഴുതുന്നു; "ബറേക്കയില്‍ പാതിര പതിനെട്ടാം നാഴിക ചെന്നിട്ടും പാട്ടുകേള്‍ക്കുമ്പോള്‍ കാറ്റ് അസൂയയോടെ കടലിനോട് പറയും നമുക്കും സംഗീതം കേള്‍ക്കാനുള്ള കാതുകളും ആനന്ദിക്കാനുള്ള മനസ്സുമുള്ള മനുഷ്യരായാല്‍ മതിയായിരുന്നു", ഇത്തരത്തില്‍ പാട്ടിലൂടെ സഞ്ചരിക്കുന്ന നോവലാണ് ബറേക്ക. പല പാട്ടുകള്‍ കേള്‍ക്കുന്നതിലൂടെ ഒഴുകിയെത്തുന്ന ഓര്‍മ്മകളിലൂടെ അനംഗന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതം അവതരിപ്പിക്കപ്പെടുന്നു.

നോവല്‍ എഴുതിയിരുന്ന ചില ഘട്ടങ്ങളില്‍ തനിക്ക് പണിയ്ക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അന്നെല്ലാം സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു എന്ന് സതീശൻ പറയുന്നു. "നീ എഴുതെന്ന് പറഞ്ഞുകൊണ്ട് അവര്‍ എനിക്കുവേണ്ട സാമ്പത്തിക സഹായങ്ങളെല്ലാം ചെയ്തു തന്നു. വീട്ടിലേക്ക് വേണ്ട കാര്യങ്ങളെല്ലാം അവര്‍ ചെയ്തു. ഇപ്പോള്‍ നോവല്‍ പുറത്തിറങ്ങിയിരിക്കുകയാണ് അതില്‍ എന്റെ ചുറ്റുമുള്ള മനുഷ്യരോടാണ് ഞാന്‍ നന്ദി പറയുന്നത്".

എഴുത്തെന്നത് ആലോചിച്ച് ഭാവനയില്‍ മാത്രം ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നല്ല. യഥാര്‍ത്ഥ മനുഷ്യരെ കേള്‍ക്കാന്‍ ചെവിയോര്‍ക്കുകയും അങ്ങനെ ലഭിച്ച കഥകളില്‍നിന്ന് എഴുത്തിനെ രൂപപ്പെടുത്തുകയും വേണം. ഇത്തരത്തില്‍ നടത്തിയ സഞ്ചാരത്തിന്റെ ഫലമായി ഒരുപാട് നാട്ടിടവഴികളും, നാട്ട് സസ്യങ്ങളും, കായല്‍ ജീവികളും കടല്‍ അനുഭവങ്ങളും എല്ലാം തിങ്ങിനിറഞ്ഞ ഒരു ആഘോഷമാണ് ബറേക്ക.

ബറേക്കയില്‍ എത്തുന്നതിന് മുന്‍പും എഴുത്തുകാരന്റെ ജീവിതം രസകരമായ അനുഭവങ്ങളിലൂടെയായിരുന്നു കടന്നുപോയത്. പണ്ട് കഥകള്‍ എഴുതിത്തുടങ്ങിയ ആദ്യകാലത്ത്, കഥകള്‍ പ്രസിദ്ധീകരിച്ച് വരുന്നതിനും മുന്‍പ് തിരൂരിലെ സാംസ്‌കാരിക പരിപാടികളില്‍ ചിത്രങ്ങള്‍ വരച്ച കവറുകളില്‍ കഥകള്‍വെച്ച് അത് പത്തുരൂപയ്ക്ക് ആളുകള്‍ക്ക് വിറ്റിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ശതീശന്റെ ജീവിതത്തില്‍. ഇത്തരത്തില്‍ കവറുകളില്‍ സൂക്ഷിച്ച ഒരു കഥയുമായി 2004-ല്‍ ഒ വി വിജയനെ കാണാന്‍ പോയതാണ് ജീവിതത്തെ മാറ്റിമറിച്ച മറ്റൊരനുഭവം. ആ അനുഭവത്തെ കുറിച്ച് ശതീശന്‍ പറയുന്നതിങ്ങനെയാണ്, "കവറിലാക്കിയ കഥ ഷര്‍ട്ടിന്റെ ഉള്ളില്‍വെച്ച് ഒ വി വിജയനെ കാണാന്‍ പോയി. അന്ന് പൊന്നാനിയില്‍ നിന്നാണ് വരുന്നതെന്ന് കേട്ടതിനാലാണോ എന്നറിയില്ല. അദ്ദേഹം മുന്‍പരിചയമില്ലാത്ത എന്നെ കാണാന്‍ തീരെ വയ്യാതിരുന്നിട്ടും തയ്യാറായി. അന്ന് രണ്ട് കഥകള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ നല്‍കി തിരികെ പോരുമ്പോള്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഒരാഴ്ച്ചയ്ക്ക് ശേഷം വീണ്ടും ചെന്ന എന്നെ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. സ്വന്തം കൈപ്പടയിലെഴുതിയ ഒരു കത്തും അന്നദ്ദേഹം തന്നിരുന്നു. അത് തിരുവനന്തപുരത്തെ എസ് ജയചന്ദ്രന്‍ നായര്‍ക്കുള്ള കത്തായിരുന്നു. അങ്ങനെ മലയാളം വരികയില്‍ ആദ്യത്തെ കഥ പ്രസിദ്ധികരിച്ചുവന്നു".

തുറമുഖ ഗ്രാമങ്ങളുടെ പാരമ്പര്യവും വ്യത്യസ്തതയുമുള്ള പൊന്നാനിയാണ് കെ ടി സതീശന്റെ നാട്. ഇവിടുന്നുതന്നെയാണ് ആ എഴുത്തിനുവേണ്ട വെള്ളവും ലവണങ്ങളും ലഭിച്ചത്. അതിനെ കുറിച്ച് കെ ടി ശതീശന്‍ പറയുന്നത് ഇങ്ങനെയാണ്. "ഏതൊരു തുറമുഖ നഗരവുംപോലെ പൊന്നാനിയിലും നിറയെ പാട്ടുകാരുണ്ടായിരുന്നു. പാട്ടുകാരെന്നാല്‍ പാട്ടുകള്‍ ഏറ്റുപാടുന്ന ആളുകള്‍. ഇവരുടെ ഗാനമേള സംഘങ്ങള്‍ക്കൊപ്പം കല്യാണ വീടുകളില്‍ സഹായിയായി പോകുമായിരുന്നു. ഇത്തരം യാത്രകളിലാണ് ഒരുപാട് മനുഷ്യരുടെ കഥകള്‍ കേട്ടത്. കഥ പറയൂ എന്ന് പറഞ്ഞാല്‍ ഒരിക്കലും അവരുടെ കഥ കിട്ടുകയില്ല. അത് കൂടെയിരുന്ന് അവര്‍ക്കൊപ്പം നടന്ന് ഭക്ഷണം കഴിച്ച് ഒരുപാട് സമയം ഒപ്പം ചിലവഴിക്കുമ്പോഴാണ് ഇത്തരം കഥകള്‍ ലഭിക്കുക.

പാട്ടുകളില്‍ ഈ കലാകാരന്മാര്‍ പേറുന്ന ദുരിതവും വേദനയുമുണ്ട്. അത് വരികളില്‍ പതിയിരിക്കുന്നു. അതിനെ ഞാന്‍ പതുക്കെ പതുക്കെ ചെവിവെച്ച് കേട്ടു. ജീവിതത്തില്‍ നഷ്ടങ്ങളും പരാജയങ്ങളും ഏറ്റ് ആ ദുഃഖമെല്ലാം മൗനത്തില്‍ ഒളിപ്പിച്ചിരിക്കുന്ന ഒരുപാട് ആളുകളുണ്ട് ലോകത്തില്‍. അവരുടെ സ്വപ്‌നങ്ങളും ഭാവനകളുമെല്ലാം അകത്തുതന്നെ മെരുക്കി വെച്ചിരിക്കുകയാണ്. ആകാശത്തെ സ്‌നേഹിച്ച മണ്ണിരയെപ്പോലെ അവര്‍ ആഴങ്ങളിലേക്ക് ഒളിക്കുകയാണ് ചെയ്യുന്നത്. പരവശമായ മുഖങ്ങളും തണുത്ത ഹൃദയങ്ങളുമെല്ലാമായി ഒന്നും ആവിഷ്‌കരിക്കപ്പെടാതെ അവരുടെ ജീവിതം നഷ്ടപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍നിന്ന് നമുക്കെങ്ങനെ കുതറിമാറാന്‍ കഴിയുമെന്നത് ഒരു ആലോചനയാണ്. സ്വന്തം കണ്ണുകൊണ്ട് ലോകത്തെ കാണണം. നമ്മള്‍ ജീവിക്കുന്ന ദേശവുമായിട്ടും കാലവുമായിട്ടും നിരന്തരം കൊടുത്ത് വാങ്ങി നില്‍ക്കുമ്പോള്‍ നിലതെറ്റുന്നിടത്തുവെച്ച് കുതറാനും കുതിക്കാനും ശ്രമിക്കുമ്പോള്‍ മാത്രമേ നമ്മുടെ വഴിയിലും പ്രകാശം ഉണ്ടാവുകയുള്ളൂ എന്ന ബോധ്യം ഉള്ളതിനാല്‍ ഞാന്‍ എഴുത്തിനെ വിട്ടില്ല"

കേരളത്തിന് നിരവധി കലാകാരന്മാരെ സമ്മാനിച്ച മണ്ണാണ് പൊന്നാനി. ഈ മണ്ണില്‍ പിറന്നതുതന്നെയാണ് തന്നെ കലയുമായി ചേര്‍ത്തുനിര്‍ത്താന്‍ കാരണമെന്ന് കെ ടി സതീശൻ പറ യുന്നു. 'ഒരുപാട് എഴുത്തുകാര്‍ പൊന്നാനിയില്‍നിന്നുണ്ടായിട്ടുണ്ട്. ഇവരുടെ സംഘമെന്നത് വൈകുന്നേരങ്ങളില്‍ കൂട്ടംകൂടുന്ന ആളുകളായിരുന്നു. അവരുടെ ഇടയില്‍ കഴിയുന്നതും ശ്രുതി ചേര്‍ത്ത് വാക്കുകള്‍ ഉപയോഗിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതനായിരുന്നു. എങ്ങനെയാണ് രുചിയോടുകൂടി നമ്മുടെ ഒരു ആശയത്തെ മറ്റൊരാളിലേക്ക് എത്തിക്കാന്‍ കഴിയുകയെന്ന വിചാരമുണ്ടായിരുന്ന ആളുകള്‍ക്കിടയില്‍ നമ്മള്‍ കരുതലുള്ള ആളായിമാറിയത്. ആ പൊന്നാനി ജീവിതം തന്നെയാണ് എഴുത്തിലേക്കെന്നെ ചേര്‍ത്തുവെച്ചത്".

Next Story

Related Stories