TopTop
Begin typing your search above and press return to search.

മലയാളകവിത.ഇന്‍; കവിത വായിക്കുന്നവര്‍ക്കും എഴുതുന്നവര്‍ക്കുമായി ഒരിടം

മലയാളകവിത.ഇന്‍; കവിത വായിക്കുന്നവര്‍ക്കും എഴുതുന്നവര്‍ക്കുമായി ഒരിടം

സമകാലീന കവിതയ്ക്കായുള്ള ഓണ്‍ലൈന്‍ ജേണല്‍ മലയാളകവിത ഡോട്ട് ഇന്‍ ഉദ്ഘാടനം ചെയ്തു. www.malayalakavitha.in എന്ന വെബ് വിലാസത്തില്‍ ലഭ്യമാകുന്ന ഈ ജേണല്‍, ആഴമേറിയ കവിതാവായനയും അത്തരമൊരു സംസ്‌കാരം പ്രചരിപ്പിക്കുന്നതും ലക്ഷ്യമാക്കിയാണ് ആരംഭിച്ചിരിക്കുന്നത്. മലയാള കവിതകള്‍, വിവിധ ഭാഷകളില്‍ നിന്നുള്ള പരിഭാഷകള്‍, കവികളുമായുള്ള അഭിമുഖങ്ങള്‍, കവിതാസംബന്ധിയായ ലേഖനങ്ങള്‍, കവിതാപുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നിവമുതല്‍ ഓരോ കവിയും തങ്ങള്‍ക്ക് എന്താണ് കവിത എന്നു വ്യക്തമാക്കുന്ന 'എന്റെ കവിത' എന്ന പംക്തിയും ഒരു ഇതരഭാഷാകവിതയുടെ അനേകം മലയാള പരിഭാഷകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'ഒരു കവിത, പല പരിഭാഷ' എന്ന പംക്തിയും ഈ ജേണലിന്റെ പ്രധാന സവിശേഷതയാണ്. ഇതോടൊപ്പം കവികളുടെ ശബ്ദത്തില്‍ കവിത കേള്‍ക്കാനായി പോയട്രി റേഡിയോയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

യുവകവികളായ സുജീഷ്, രാഹുല്‍ ഗോവിന്ദ് എന്നിവരാണ് ഈ സംരംഭത്തിനു പിന്നില്‍. 'ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ രൂപകല്‍പ്പന കവിതയുടെയോ കഥയുടെയോ നോവലിന്റെയോ വായനയ്ക്കു സഹായകമാകും വിധത്തിലല്ല. അനന്തമായി നീളുന്ന സ്‌ക്രോളിങ്, ഇടയ്ക്കിടെ വരുന്ന നോട്ടിഫിക്കേഷന്‍സ്, പരസ്യങ്ങള്‍, ചാറ്റ് എല്ലാം കൂടി ചേര്‍ന്ന് വായനയ്ക്കു ആവശ്യമായ അന്തരീക്ഷം ഇല്ലാതാക്കുന്നു. ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന കവിതകള്‍ക്ക് അങ്ങനൊന്ന് ലഭിക്കാതെ വരുന്നു. ഈ സാഹചര്യത്തിലാണ് കവിതയ്ക്ക് ഒരിടം ഓണ്‍ലൈനില്‍ തന്നെ ഒരുക്കുന്നതിനെപ്പറ്റി ആലോചിച്ചത്' - സുജീഷ് പറയുന്നു.

സോഷ്യല്‍ മീഡിയയുടെ സ്വാധീനം കവിതയുടെ സ്വഭാവം തന്നെ മാറ്റുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പണിക്കുറ്റമറ്റ കവിതകള്‍ കുറയുന്നു. കൂടുതല്‍ ലൈക്കും ഷെയറുമല്ല, കുറച്ചെങ്കില്‍ കുറച്ച്, ആഴമുള്ള വായനകളാണ് ഓരോ കവിതയ്ക്കും ആവശ്യം. ഒരിക്കല്‍ വായിച്ച കവിത ഒരു വായനക്കാരന് ഇവിടെയത് വീണ്ടും കണ്ടെത്താന്‍ ചിലപ്പോള്‍ നന്നേ പാടുപെടേണ്ടി വന്നേക്കും. ഇതോടൊപ്പം തന്നെ സമകാലീന കവിതയിലെ വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന ഒരു പ്ലാറ്റ്‌ഫോം മലയാളത്തില്‍ ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്നുമാണ് മലയാളകവിത ഡോട്ട് ഇന്‍ സാധ്യമായതെന്നും ഇവര്‍ വ്യക്തമാക്കി.


Next Story

Related Stories