TopTop

പരമ്പര കൊലയാളികളുടെ മാനസികാവസ്ഥ ആഴത്തിലവതരിപ്പിച്ച 1939ലെ നോവല്‍

പരമ്പര കൊലയാളികളുടെ മാനസികാവസ്ഥ ആഴത്തിലവതരിപ്പിച്ച 1939ലെ നോവല്‍

അടുത്ത കാലങ്ങളില്‍ നടന്ന കൊലപാതകങ്ങളിലെ അന്വേഷണങ്ങളുടെ ഘട്ടങ്ങള്‍ വളരെ കൗതുകത്തോടെയാണ് ആളുകള്‍ പിന്‍തുടര്‍ന്നത്. കൊലപാതകങ്ങളിലെ കാരണങ്ങള്‍ എന്തെല്ലാമാവും, എങ്ങനെയാവും കൊല നടത്തിയിട്ടുണ്ടാവുക, എന്തെല്ലാം മാനസികാവസ്ഥയിലൂടെയാവും അപ്പോള്‍ പ്രതി സഞ്ചരിച്ചിട്ടുണ്ടാവുക തുടങ്ങിയ കാര്യങ്ങളറിയാന്‍ സമൂഹത്തിന്റെ മനസ് എല്ലായിപ്പോഴും ഇണര്‍ന്നിരിക്കും. ഡിറ്റക്ടീവ് നോവല്‍ വായിക്കുന്ന വായനക്കാരും ഇത്തരത്തിലുള്ള കൗതുകം സൂക്ഷിക്കുന്നവരാണ്. എങ്ങനെയാണ് അന്വേഷണം നടക്കുന്നത്. എങ്ങനെ അത് പുരോഗമിക്കുന്നു, സൂക്ഷ്മമായ എന്തെല്ലാം തെളിവുകള്‍ കണ്ടെത്തും തുടങ്ങിയ കാര്യങ്ങള്‍ നോവല്‍ വായിച്ച് തീരുംവരെ വായനക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കും. ഇത്തരത്തില്‍ അഗതാക്രിസ്റ്റിയുടെ 'കൊലപാതകം എളുപ്പമാണ്' എന്ന നോവല്‍ വായിച്ച് കഴിഞ്ഞാലും വായനക്കാരുടെ ഹൃദയത്തില്‍ അസ്വസ്ഥത സമ്മാനിക്കുന്ന ഒന്നാണ്.

1939ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണെങ്കിലും murder is esay എല്ലാകാലത്തും വായിക്കപ്പെടുന്ന ഒന്നാണ്. ഇന്നും ഡിറ്റക്ടീവ് നോവലുകള്‍ വായിക്കുന്നവരുടെ പ്രീയപ്പെട്ട പുസ്തകമാണിത്. കൊലപാതകം എളുപ്പമാണ് എന്ന നോവലില്‍ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ ലൂക്ക് ഫിറ്റ്‌സ് വില്യമാണ് കേസ് അന്വേഷിക്കുന്നത്. തന്റെ ഗ്രാമമായ ആഷെ പര്‍വ്വതനിരക്ക് താഴെ നടന്ന കൊലപാതക പരമ്പരയെ പറ്റി പരാതി നല്‍കാന്‍ പോവുന്ന ഒരു സ്ത്രീ കഥാപാത്രത്തിലൂടെയാണ് നോവല്‍ തുടങ്ങുന്നത്.

തുടര്‍ച്ചയായി ആറുപേര്‍ കൊല്ലപ്പെട്ടതിന്റെ കാരണങ്ങളിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. അഗതാക്രിസ്റ്റിയുടെ നോവലുകളിലെ രസകരമായ ജീവിതവീക്ഷണങ്ങള്‍ ഒരു സാധാരണ ഡിറ്റക്ടീവ് നോവലുകളുടെ തലത്തില്‍നിന്ന് ഉയര്‍ന്നവയാണ്. സ്ത്രീ കൊലപാതകികള്‍ സാധാരണയായി ഉപയോഗിക്കുന്നത് വിഷമാണ് എന്ന ഒരു നിരീക്ഷണം അഗതാക്രിസ്റ്റി മുന്നോട്ട് വെക്കുന്നു.

കൊലപാതകത്തെ സംബന്ധിച്ച സൂക്ഷ്മമായ ചില നിരീക്ഷണങ്ങള്‍ അഗതാക്രിസ്റ്റി നോവലില്‍ അവതരിപ്പിക്കുന്നു. നിങ്ങളെ ആരും സംശയിക്കാത്തിടത്തോളം കൊല്ലാന്‍ പ്രയാസമില്ല എന്നതാണ് അതിലൊന്ന്, വാസ്തവത്തില്‍ വളരെയധികം കൊലപാതകരും സ്വബോധമുള്ള വ്യക്തികളാണ്, കൊലപാതക ഭ്രാന്തുള്ള ഒരാളെ ബാഹ്യപ്രകൃതിയിലൂടെ കണ്ടെത്താന്‍ കഴിയുകയില്ലെന്നും, ശാന്തനും നിരുപദ്രവകാരിയായ മനുഷ്യരുമാവും അവരെന്നും അഗതാക്രിസ്റ്റി പറയുന്നു.

ഇത്തരത്തില്‍ കൊലപാതക പരമ്പരകളുടെ കഥപറഞ്ഞുകൊണ്ട് ആളുകളേയും അവരുടെ ജീവിതത്തേയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അഗതാക്രിസ്റ്റി. ലോക ചരിത്രത്തില്‍ സീരിയല്‍ കില്ലര്‍മാര്‍ ധാരാളമുണ്ട്. പലതും നമ്മളെ ഭയത്തിന്റെ മുള്‍മുനയില്‍ എത്തിക്കുന്നവ. ഇത്തരത്തിലുള്ള സീരിയല്‍ കൊലപാതകികളുടെ മാനസിക അവസ്ഥകളിലൂടെയും ജീവിതസാഹചര്യങ്ങളിലൂടെയും ആഴത്തില്‍ കടന്നുചെല്ലാന്‍ സഹായിക്കുന്നതാണ് അഗതാക്രിസ്റ്റിയുടെ കൊലപാതകം എളുപ്പമാണ് എന്ന നോവല്‍.


ആര്‍ഷ കബനി

ആര്‍ഷ കബനി

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ്

Next Story

Related Stories