TopTop
Begin typing your search above and press return to search.

'സെളിമെ കാല' ഗോത്രഭാഷയെ വീണ്ടെടുക്കുമ്പോള്‍

അട്ടപ്പാടിയിലെ ഗോത്ര വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നം ഭാഷയാണ്. മാതൃഭാഷയിലല്ലാതെ പഠനം നടത്തേണ്ടി വരുന്ന സാഹചര്യം വിദ്യാഭ്യാസത്തില്‍നിന്ന് ഇവര്‍ അകന്നു നില്‍ക്കാന്‍ കാരണവുമാകുന്നു. ഇതിന് അടിസ്ഥാന പ്രശ്‌നമെന്നത് വൈവിധ്യപൂര്‍ണമായ പ്രാദേശിക സംസാരഭാഷയെ മാനകഭാഷയിലേക്ക് പരിമിതപ്പെടുത്തുന്നു എന്നതാണ്. പ്രാദേശികമായ വാക്കുകളും പ്രയോഗങ്ങളും അവശേഷിപ്പുകളില്ലാതെ നിഷ്‌കാസിതമാവുകയും ചെയ്യുന്നു.

ഗോത്രസാഹചര്യത്തില്‍ വളരുന്ന കുട്ടികളുടെ മാതൃഭാഷ യഥാര്‍ഥത്തില്‍ മലയാളത്തില്‍നിന്ന് ഏറെ ദൂരെയാണ്. പഠനം ലളിതമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗോത്രവിഭാഗങ്ങളിലെ പദങ്ങളും കഥകളും കവിതകളും ഒക്കെ 'സെളിമെ കാല'എന്ന കൈപ്പുസ്തകത്തില്‍ ശേഖരിച്ചിരിക്കുന്നത്. ഗോത്ര വിഭാഗക്കാര്‍ക്ക് വ്യത്യസ്തമായൊരു മാതൃഭാഷയുണ്ടെന്ന തിരിച്ചറിവുകൂടിയാണിത്. സെളിമെ കാല എന്നാല്‍ സമൃദ്ധിയുടെ കാലം എന്നര്‍ഥം.

കേരളത്തിലെ ആദിമ ഗോത്രവിഭാഗങ്ങളില്‍ ചിലതിന്റെ ഭാഷകള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളായ ഇരുള, മുഡുഗ, കുറുമ്പ എന്നിവരുടെ തനതായ ഭാഷങ്ങള്‍ ശേഖരിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. ലിപി സ്വന്തമായിട്ടില്ലെങ്കിലും അസ്ഥിത്വമുള്ള ഈ ഭാഷകളെ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യുക എന്ന ലക്ഷ്യവും 'സെളിമ കാലക്കുണ്ട്.'

അട്ടപ്പാടിയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ വെല്ലുവിളി നേരിടുന്ന ഭാഷാ പ്രശ്‌നത്തെ നേരിടുന്നതിന് സെളിമെ കാല സഹായകമാകും. ഗവേഷക വിദ്യാര്‍ഥികള്‍ക്കുകൂടി ഉപയോഗപ്രദമാകുന്നതാണ് ഗോത്രഭാഷയുടെ ഈ കൈപുസ്തകം. അഗളി ബിആര്‍സിയുടെ ഏറെക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഈ പുസ്തകം. അഗളി ബിപിഒ ടി രവിയാണ് ഇതിന് നേതൃത്വം നല്‍കിയത്. ബിആര്‍സി ട്രെയിനറും എഴുത്തുകാരിയും ആയ സിന്ധു എ വി യുടെ ദീര്‍ഘനാളത്തെ ഗോത്രഭാഷാ ഗവേഷണഫലം കൂടിയാണ് ഇത്. അഗളിയിലെ അധ്യാപകരായ രങ്കന്‍ ആര്‍, രവീന്ദ്രന്‍ കെ വി എന്നിവരും ഇതില്‍ ക്രിയാത്മകമായി ഇടപെട്ടിരിക്കുന്നു. ബിആര്‍സിയിലെ മറ്റധ്യാപകര്‍ക്കുപുറമെ എസ്എസ്എ സ്റ്റേറ്റ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എ പി കുട്ടികൃഷ്ണന്‍, ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജയരാജന്‍ എം, ഡിപിഒ സുരേഷ് സി, മുന്‍ ഡിപിഒ പി കെ വിജയന്‍, ഡിപിഒ എം കെ നൗഷാദലി, ചിത്രകാരിയും അധ്യാപികയുമായ ശ്രീജാ പള്ളം എന്നിവരും സെളിമെ കാല യാഥാര്‍ഥ്യമാകാന്‍ പ്രയത്നിച്ചു. നിശ്ശബ്ദരാക്കപ്പെടുന്ന ഒരു ജനതയുടെ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് സെളിമെ കാല.


Next Story

Related Stories