TopTop

വിമതശബ്ദങ്ങളെ രാജ്യദ്രോഹമായി കാണുന്ന കാലത്ത് ഓള്‍ഗ തൊകാര്‍ചുക്കിനെ തേടി നൊബേല്‍ സാഹിത്യ പുരസ്കാരം എത്തുമ്പോള്‍

വിമതശബ്ദങ്ങളെ രാജ്യദ്രോഹമായി കാണുന്ന കാലത്ത് ഓള്‍ഗ തൊകാര്‍ചുക്കിനെ തേടി നൊബേല്‍ സാഹിത്യ പുരസ്കാരം എത്തുമ്പോള്‍

'സൈക്കോളജിസ്റ്റായി ജോലി ചെയ്യുമ്പോഴാണ് ആ തിരിച്ചറിവുണ്ടാവുന്നത്, രോഗികളെക്കാള്‍ അസ്വസ്ഥയാണ് ഞാന്‍.' സാഹിത്യ നൊബേല്‍ ലഭിച്ച പതിനഞ്ചാമത്തെ വനിതയായ ഓള്‍ഗ തൊകാര്‍ചുക്കിന്റെ വാക്കുകളാണിത്. പോളിഷ് എഴുത്തുകാരിയായ തൊകാര്‍ചുക്ക് ഈ അസ്വസ്ഥതയില്‍നിന്ന് രക്ഷപെടാനായിരുന്നു എഴുത്തിലേക്ക് കടന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ അസ്വസ്ഥതകളില്‍നിന്ന് രക്ഷപെടാനായി തൊകാര്‍ചുക്ക് അക്ഷരങ്ങളെ കൂട്ടുപിടിക്കുകയായിരുന്നു.

ഇത്തരം അസ്വസ്ഥതകള്‍തന്നെയാണ് ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദിക്കാന്‍ തൊകാര്‍ചുക്കിനെ പ്രാപ്തയാക്കിയത്. രണ്ടാംലോക യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങിയ അടിച്ചമര്‍ത്തപ്പെട്ട ജനതയായ പോളണ്ടിനോട് രാജ്യം കൊടിയ ദ്രോഹങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തൊകാര്‍ചുക്ക് വിളിച്ച് പറഞ്ഞു. ഇതിന്റെ പേരിലായിരുന്നു 'രാജ്യസ്‌നേഹി'കള്‍ അവരെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി അവരുടെ രക്തത്തിനായി മുറവിളി കൂട്ടിയത്.

ആരെയും ഭയക്കാതെ ഓള്‍ഗ തൊകാര്‍ചുക്ക് തനിക്ക് പറയാനുള്ളതെല്ലാം എഴുതിക്കൊണ്ടിരുന്നു. ഭരണകൂട ഫാസിസത്തേയും, പുരുഷമേല്‍ക്കോയ്മയേയും നിരന്തരം വെല്ലുവിളിക്കുന്ന കൃതികള്‍. മനുഷ്യാവസ്ഥകളുടെ വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കൃതികള്‍ വായനക്കാരെ അസ്വസ്ഥരാക്കുന്നതിനൊപ്പം എതിരാളികളെ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിമതശബ്ദങ്ങളെല്ലാം രാജ്യദ്രോഹമായി കാണുന്ന ഈ കാലഘട്ടത്തിലാണ് തൊകാര്‍ചുക്കിനെ തേടി നൊബേല്‍ സമ്മാനം എത്തുന്നത്. ഭരണകൂടത്താല്‍ ജനത ദ്രോഹിക്കപ്പെടുന്ന സാഹചര്യത്തില്‍ അടിച്ചമര്‍ത്തലുകളുടേയും, പലായനങ്ങളുടേയും, കുടിയേറ്റത്തിന്റേയും കഥ പറഞ്ഞ ഈ എഴുത്തുകാരിക്ക് കിട്ടുന്ന നൊബേല്‍ ഫാസിസത്തിനെതിരെ പോരാടുന്നവര്‍ക്കുള്ള ഊര്‍ജ്ജമായി മാറുകയാണ്.

ഹിറ്റ്‌ലറുടെ ജൂതക്കൂട്ടക്കൊലയുടെ മുറിവുകളായി മാറിയ ഓഷ്വിറ്റ്‌സും, ട്രെബ്ലിന്‍കയും, മാജ്ഡനേക്കും അതിജീവിച്ച പോളണ്ടാണ് ഓള്‍ഗ തൊകാര്‍ചുക്കിന്റെ ജന്‍മദേശം. യുദ്ധാനന്തര പോളണ്ടില്‍ 1962ല്‍ അവര്‍ ജനിച്ചു. സുലെചോവില്‍ അധ്യാപക ദമ്പതികളുടെ മകളായിട്ടായിരുന്നു ജനനം. തൊകാര്‍ചുക്കിന്റെ പിതാവ് സ്‌കൂള്‍ ലൈബ്രേറിയനായും പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ത ന്നെ സ്‌കൂള്‍ലൈബ്രറിയിലായിരുന്നു ഓള്‍ഗ തൊകാര്‍ചുക്ക് കൂടുതല്‍ സമയം ചിലവഴിച്ചത്. സാഹിത്യത്തോടുള്ള അവരുടെ താല്‍പ്പര്യം വളര്‍ന്നത് അവിടെ വെച്ചാണ്.

വാഴ്സാ സര്‍വകലാശാലയില്‍ മനശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ഓള്‍ഗ തൊകാര്‍ചുക്ക് ആദ്യം കൈവെച്ചത് കവിതകളിലായിരുന്നു. 'സിറ്റീസ് ഇന്‍ മിറേഴ്‌സ്' എന്ന പേരില്‍ 1989ല്‍ ഓള്‍ഗ തൊകാര്‍ചുക്കിന്റെ കവിതാ സമാഹാരം പുറത്തിറങ്ങുകയുണ്ടായി. 1993ല്‍ 'ദി ജേര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍' എന്ന ആദ്യ നോവല്‍ പുറത്തിറക്കി. ഈ പുസ്തകത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 1993-94 ല്‍ പുതുമുഖ എഴുത്തുകാര്‍ക്കുള്ള പോളിഷ് പബ്ലിഷേഴ്‌സ് പ്രൈസ് ഓള്‍ഗ തൊകാര്‍ചുക്കിന് ലഭിച്ചു.

2000ല്‍ പോളന്റിലെ മികച്ച സാഹിത്യ സമ്മാനമായ നൈക്ക് അവാര്‍ഡ് ഓള്‍ഗ തൊകാര്‍ചുക്കിന്റെ 'ഫ്രൈറ്റ്‌സ്' എന്ന പുസ്തകത്തിനാണ് ലഭിച്ചത്. 2015ല്‍ വീണ്ടും നൈക്ക് അവാര്‍ഡ് അവാര്‍ഡ് ലഭിച്ചു. 2018ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരിയും ഓള്‍ഗ തൊകാര്‍ചുക്കാണ്. അസാധാരണമായ പ്രമേയത്തെ സൂക്ഷ്മതയോടെ അവതരിപ്പിച്ച രചനയായിരുന്നു 'ഫ്രൈറ്റ്‌സ്'. വേറിട്ടൊരു രചനാരീതിയിലൂടെ മനുഷ്യാവസ്ഥകളുടെ വ്യത്യസ്തമായ തലങ്ങള്‍ അവതരിപ്പിക്കാന്‍ ഈ കൃതിയില്‍ ഓള്‍ഗ തൊകാര്‍ചുക്കിന് കഴിഞ്ഞു.

യാഥാര്‍ത്ഥ്യവും ഭാവനയും ഇടകലര്‍ന്നതാണ് ഓള്‍ഗ തൊകാര്‍ചുക്കിന്റെ ആഖ്യാനരീതി. വേദനയുടേയും, അതിജീവനത്തിന്റേയും ലോകത്തിലൂടെ ഓള്‍ഗ തൊകാര്‍ചുക്കിന്റെ അക്ഷരങ്ങള്‍ മാറി മാറി സഞ്ചരിക്കുന്നു. ചരിത്രത്തിലേക്കും മനുഷ്യന്റെ വേദനയിലേക്കും ഓള്‍ഗ തൊകാര്‍ചുക്ക് നിരന്തരം തിരികെ നടക്കുന്നു. ഭ്രമിപ്പിക്കുന്നതോ, ഭയപ്പെടുത്തുന്നതോ ആയ ഒരു ലോകമല്ല തൊകാര്‍ചുക്ക് അവതരിപ്പിക്കുന്നത്. ചിന്താശേഷിയെ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഈ കൃതികള്‍ സ്വന്തം രാജ്യത്തിന്റെ വ്യത്യസ്തമായ മുഖം ലോകത്തിന്റെ മുന്‍പില്‍ തുറന്ന് വെക്കുകയാണ്. പോളണ്ടിന്റെ വര്‍ത്തമാന അവസ്ഥകളെ ആഴത്തില്‍ അവതരിപ്പിക്കുന്നതാണ് ഈ കൃതികള്‍.

നിരന്തരം വ്യത്യസ്ത രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന എഴുത്തുകാരിയാണ് ഓള്‍ഗ തൊകാര്‍ചുക്ക്. നടോടിയെ മനുഷ്യരെത്തേടി അവര്‍ നിരന്തരം സഞ്ചരിക്കുന്നു. കാലുകള്‍ക്കൊപ്പം തൊകാര്‍ചുക്കിന്റെ മനസും അസ്വസ്ഥതയോടെ അലഞ്ഞു നടക്കുന്നു. ഈ അലച്ചിലുകളാണ് പിന്നീട് 15 നോവലുകളായി രൂപമെടുത്തത്. വര്‍ത്തമാന കാലത്തിലൂടെ ഓള്‍ഗ തൊകാര്‍ചുക്കിന്റെ ഈ കൃതികള്‍ എഴുത്തുകാരിക്കൊപ്പം അസ്വസ്ഥതയോടെതന്നെ സഞ്ചരിക്കുന്നു.


ആര്‍ഷ കബനി

ആര്‍ഷ കബനി

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ്

Next Story

Related Stories