TopTop
Begin typing your search above and press return to search.

ഇഎംഎസ്സിന്റെ ആത്മകഥ കേട്ടെഴുതി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന പട്ടവും കിട്ടി, അക്കിത്തത്തിന്റെ അന്വേഷണ വഴികള്‍

ഇഎംഎസ്സിന്റെ ആത്മകഥ കേട്ടെഴുതി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന പട്ടവും കിട്ടി, അക്കിത്തത്തിന്റെ അന്വേഷണ വഴികള്‍

പരമാനന്ദവും, പരമദുഃഖവും കവിതയാണെന്ന് പറഞ്ഞ കവി അക്കിത്തം ജ്ഞാനപീഠ പ്രഖ്യാപനം ഉണ്ടായതിന്‌ശേഷവും കണ്ണീരിന്റെ അന്വേഷണമാണ് സാഹിത്യ ജീവിതം എന്നുതന്നെ പറഞ്ഞു. കമ്യൂണിസ്റ്റ് അനുഭാവത്തിൽ നിന്നും ആത്മീയതയുടെ ഹിന്ദുത്വ പരിസരങ്ങളിലേക്കാണ് കവി സഞ്ചരിച്ചതെന്ന് ചിലർ പറയുമ്പോൾ മാനവികത മാത്രമായിരുന്നു അക്കിത്തത്തിന്റെ കവിതകളിലും അന്വേഷണങ്ങളിലും നിറഞ്ഞതെന്ന് മറ്റൊരു വലിയ വിഭാഗവും അഭിപ്രായപ്പെടുന്നു.

ഇ.എം.എസിന്റെ ആത്മകഥയിലെ മൂന്നധ്യായം പകര്‍ത്തിയെഴുതിയ സെക്രട്ടറി, സാമുദായിക വിപ്ലവങ്ങളുടെ തുടര്‍ച്ചയില്‍ പങ്കുചേര്‍ന്ന ഉണ്ണിനമ്പൂതിരി, ഭാര്യയാണ് ജീവിതം പഠിപ്പിച്ചതെന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലാണ് നമുക്ക് അക്കിത്തത്തിന്റെ ജീവിതത്തേയും എഴുത്തിനേയും കാണാന്‍ കഴിയുക. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്റെ സ്‌നേഹാനുഭവമാണെന്ന അറിവാണ് അക്കിത്തം കാലത്തിന് കൈമാറിയത്.

ഋഗ്വേദം പന്ത്രണ്ടാമത്തെ വയസ്സില്‍ പഠിച്ച വ്യക്തിയായിരുന്നു അക്കിത്തം. അതില്‍ തുടര്‍ച്ചയായി ഉപയോഗിച്ച 'സമാനം' എന്ന പദം തന്നെ ചിന്തിപ്പിച്ചിരുന്നുവെന്നും, അതിനോട് ചേര്‍ന്നാണ് ഇ.എം.എസിന്റെ സോഷ്യലിസത്തെ കുറിച്ചുള്ള ലേഖനവും, സി അച്യുതന്റെ സോവിയറ്റ് നാട് എന്ന എന്ന പുസ്തകവും, കാള്‍മാക്‌സിന്റെ കൃതികളും വായിച്ചതെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. ഭാരതീയമായി കാണാവുന്ന ഒരു സമത്വ ദര്‍ശനത്തെ ആധുനികകാലത്ത് ലോകജീവിതത്തെ സമത്വപൂര്‍ണമാക്കാന്‍ ശാസ്ത്രീയമായി രൂപപ്പെടുത്തിയെടുത്ത ആളാണ് മാക്‌സെന്ന് അക്കിത്തം അക്കാലങ്ങളില്‍ വിശ്വസിച്ചിരുന്നു. ഋഗ്വേദത്തിലെ സംവാദസൂക്തമാണ് ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് കൃതിയെന്നും അദ്ദേഹം പറയുന്നു.

കുട്ടിക്കാലത്തുതന്നെ താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അക്കിത്തം. ഹൈസ്‌ക്കൂള്‍ കാലത്ത് യോഗക്ഷേമ സഭയിലും പ്രവര്‍ത്തിച്ചിരുന്നു. 1950ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൃത്താല ഫാല്‍ക്കയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ക്ഷണിച്ചിട്ടും അക്കിത്തം അത് നിരസിക്കുകയായിരുന്നു ചെയ്തത്. ഇടക്കാലം ഇ.എം.എസിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇ.എം.എസിന്റെ ആത്മകഥയിലെ മൂന്നദ്ധ്യായം പകര്‍ത്തി എഴുതിയത് അദ്ദേഹമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയ്ക്കുനേരെ പാര്‍ട്ടി വിരുദ്ധകൃതി എന്ന പേരില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ കാവ്യരചനയില്‍ അന്നും ഇന്നും മനസ്ഥാപമില്ലെന്ന് ഇന്നും അക്കിത്തം പറഞ്ഞിട്ടുണ്ട്.

പ്രേരണവരാതെ, കാശ് എന്ന ഉദ്ദേശ്യംവെച്ച് കവിതയെഴുതുക വയ്യ. കഥയുടെയും കവിതയുടെയും കാതല്‍ ആനന്ദമാണ്. എഴുതുമ്പോള്‍ കവിക്കും വായിക്കുമ്പോള്‍ വായനക്കാരനും ആനന്ദമുണ്ടായാലേ 'പകര്‍ന്നുകൊടുക്കല്‍' സാധ്യമാകൂ എന്നാണ് അക്കിത്തം എഴുത്തിനെ കുറിച്ച് പറയാറുള്ളത്.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചു. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ നാല്‍പ്പത്താറോളം കൃതികളും മഹാകവി രചിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ , നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക , കളിക്കൊട്ടിലില്‍ ,സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍.

ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം,2012 ലെ വയലാര്‍ അവാര്‍ഡ് (അന്തിമഹാകാലം) എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. 2017 ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചു.


Next Story

Related Stories