തന്റെ കൃതികള്‍ക്ക് മലയാളി വായനക്കാര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ടെന്ന് നൊബേല്‍ പുരസ്കാര ജേതാവും വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനുമായ ഓര്‍ഹന്‍ പാമുക്. കഴിഞ്ഞ 15 വര്‍ഷമായി ഡി സി ബുക്സിലൂടെയാണ് തന്റെ കൃതികള്‍ മലയാളികള്‍ വായിക്കുന്നത്. ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും പാമുക് വ്യക്തമാക്കി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പാമുകിന്റെ പ്രതികരണം.
''അടുത്തിടെ തന്റെ രണ്ട് നോവലുകള്‍ കൂടി ഡി സി ബുക്സ് പുറത്തിറങ്ങിയിട്ടുണ്ട്. ഇവയുടെ വായനാനുഭവത്തെക്കുറിച്ച് മലയാളികളുടെ പ്രതികരണം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ഞാന്‍.'' പാമുക് പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ അതിഥിയായെത്തിയ പാമുക് ഡി സി ബുക്സിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുകയും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത തന്റെ പുസ്തകങ്ങളെ കൗതുകപൂര്‍വ്വം വീക്ഷിക്കുകയും ചെയ്തു.
ചുവപ്പാണെന്റെ പേര്, വൈറ്റ് കാസില്‍, മഞ്ഞ്, കറുത്ത പുസ്തകം, നിഷ്കളങ്കതയുടെ ചിത്രശാല, പുതു ജീവിതം, മൗനവീട്, ഇസ്താംബുള്‍, നിറഭേദങ്ങള്‍, നോവലിസ്റ്റിന്റെ കല, ചുവന്നമുടിയുള്ള സുന്ദരി, പ്രണയനൊമ്പരങ്ങള്‍ തുടങ്ങി പാമുക്കിന്റെ 12-ഓളം കൃതികള്‍ ഡി സി ബുക്സ് മലയാളത്തിലേക്ക് ഇതുവരെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.