Top

അജിതയുടെ ഫെമിനിസ്റ്റ് ജീവിതം പറഞ്ഞ് ഓര്‍മ്മയിലെ തീനാളങ്ങള്‍

അജിതയുടെ ഫെമിനിസ്റ്റ് ജീവിതം പറഞ്ഞ് ഓര്‍മ്മയിലെ തീനാളങ്ങള്‍

ഓര്‍മ്മയിലെ തീനാളങ്ങള്‍ എന്ന ആത്മകഥയ്ക്ക് ആമുഖമായി അജിത എഴുതുന്നു, 'എന്റെ ഫെമിനിസ്റ്റ് കാലഘട്ടം ഇനിയും തീര്‍ന്നു എന്നെനിക്കു തോന്നുന്നില്ല. എന്റെ മരണംവരെ ഒരുപക്ഷേ, അത് തുടര്‍ന്നേക്കാം. പക്ഷേ, സ്ത്രീവിമോചനപ്രസ്ഥാനത്തില്‍ ഞാന്‍ സജീവാംഗമാവുകയും അതിന്റെ പ്രധാന സംഘാടകരിലൊരാളായി മാറുകയും ചെയ്തപ്പോള്‍ അത് രേഖപ്പെടുത്തണമെന്നും അതിലെ അനുഭവങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കണമെന്നും ഞാന്‍ ആലോചിച്ചിരുന്നില്ല.

സംഭവബഹുലമായ എന്റെ ഫെമിനിസ്റ്റ് കാലഘട്ടം ചരിത്രമാക്കപ്പെടണമെന്നും രേഖപ്പെടുത്തണമെന്നും എന്നോടു നിര്‍ബന്ധിച്ചത് എന്റെ മകള്‍ ഗാര്‍ഗിതന്നെയാണ്. പുതിയ തലമുറയ്ക്ക് നിങ്ങളുടെ നക്സലൈറ്റ് ചരിത്രം മാത്രമേ അറിയൂ. ഫെമിനിസ്റ്റ് ചരിത്രം അറിയില്ല. മാത്രമല്ല, നിങ്ങളാ പഴയ പാതയില്‍തന്നെ ഉറച്ചു നില്‍ക്കുകയല്ല, ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുകയാണ് എന്നുകൂടി അവരറിയണമെന്ന് അവള്‍ പറഞ്ഞു. ആ അഭിപ്രായം ശരിയാണെന്ന് എനിക്കും തോന്നി. കാരണം, ഞാന്‍ സജീവമായി സംഘടിപ്പിക്കുകയും കേരളം മുഴുവന്‍ ഓടി നടക്കുകയും ചെയ്ത ആ കാലത്തിനൊരു വിരാമം ഇതിനിടയ്ക്ക് വന്നിരുന്നു. രണ്ട് വാഹനാപകടങ്ങള്‍ എന്റെ ശരീരത്തെ തളര്‍ത്തിയിരുന്നു. ഇപ്പോഴും മാനസികമായി സജീവമാണെന്നുതന്നെയാണ് എനിക്കു പറയാനുള്ളത്. പക്ഷേ, മുമ്പത്തെപ്പോലെ യാത്രകള്‍ എനിക്ക് പറ്റുന്നില്ല. അതുകൊണ്ടുതന്നെ എന്റെ കാലശേഷം വരുന്ന തലമുറയ്ക്ക് ഒരു ചരിത്രകാലഘട്ടത്തെ മാറ്റിമറിക്കാന്‍ ഞാന്‍ വഹിച്ച പങ്കിനെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണെന്നു തോന്നി.'

1968 മുതല്‍ 1983 വരെ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയായ അജിതയുടെ രാഷ്ട്രീയ ജീവിതത്തിന്റേയും, സാമൂഹിക ജീവിതത്തിന്റേയും ചരിത്രമെന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകമാണ് ഓര്‍മയിലെ തീനാളങ്ങള്‍. ഒരു വ്യക്തിയെ വിലയിരുത്തുംപോലെ അത്ര എളുപ്പമല്ല ഒരു പ്രസ്ഥാനമായി മാറിയ വ്യക്തിയെ വിലയിരുത്താന്‍. സത്യസന്ധമായ തുറന്നെഴുത്തിലൂടെ തന്റെ ജീവിതവും രാഷ്ട്രീയവും സാമൂഹിക ഇടപെടലുകളും സമൂഹത്തിന് മുന്നില്‍ തുറന്ന് വെക്കുകയാണ് അജിതയെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ സാറാ ജോസഫ് പറയുന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനം, അന്വേഷി, ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുടങ്ങിയ അദ്ധ്യായങ്ങള്‍ ശ്രദ്ധേയമാണ്.


Next Story

Related Stories