TopTop

'ഉള്ളിലുള്ള അമ്മയുടെ ഓര്‍മ്മകളെ പുറത്ത് വെക്കാനാണ് ആത്മകഥ എഴുതിയത്'-പെരുമാള്‍ മുരുകന്‍

1950ല്‍ വിജയിച്ച ഓരോരുത്തരുടെ പിന്നിലും ഒരു അമ്മ ഉണ്ടായിരുന്നുവെന്നും തന്റെ ഉള്ളിലുള്ള അമ്മയുട ഓര്‍മ്മകളെ പുറത്ത് വെക്കാനാണ് ആത്മകഥ എഴുതിയതെന്നും തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു പെരുമാള്‍ മുരുകന്‍.

2010ല്‍ പുറത്ത് വന്ന 'മാതൊരുഭാഗന്‍' എന്ന പുസ്തകത്തെ പ്രതി, എഴുത്തില്‍ നിന്ന് സ്വയം വിരമിക്കേണ്ടി വന്ന പെരുമാള്‍ പിന്നീട് മുഖ്യധാരാ എഴുത്തിലേക്ക് വീണ്ടും തിരിച്ചു വരികയായിരുന്നു. പെരുമാള്‍ മുരുകന്റെ ആത്മകഥയായ അമ്മയെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച നടന്നത്.

തമിഴ് സാഹിത്യ ലോകത്തില്‍ വേറിട്ടൊരു വഴിയെ സഞ്ചരിച്ച എഴുത്തുകാരനാണ് മുരുഗനെന്ന് സദസ്സിനെ പരിചയപ്പെടുത്തി തുടങ്ങിയ എ. ആര്‍. വെങ്കിട്ടചലപതി 'അമ്മ'യുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിലൂന്നിയുള്ളതായിരുന്നു.

താന്‍ വളര്‍ന്ന സാമൂഹത്തില്‍ കൃഷി കുറവായിരുന്നുവെന്നും, കന്നുകാലി വളര്‍ത്തല്‍ പ്രധാനമായിരുന്നുവെന്നും ഓര്‍മിച്ച അദ്ദേഹം, ചെറിയ കുട്ടികള്‍ പോലും അവിടെ ഒരു ജോലി ഉറപ്പായും ചെയ്തിരിക്കുമെന്ന് തുടര്‍ന്നു. പുരുഷന്മാര്‍ മിക്ക സമയവും മദ്യത്തിന്റെ ലഹരിയില്‍ കഴിയുന്നതിനാല്‍ അവിടെ സ്ത്രീകളായിരുന്നു പ്രധാനമായും വീട് നിയന്ത്രിച്ചിരുന്നതെന്ന് മുരുഗന്‍ പറഞ്ഞു.

അമ്മയോടുള്ള സ്നേഹം എന്തുകൊണ്ട് അച്ഛനോടില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം തന്റെ ആത്മകഥയിലുണ്ടാകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. റിയലിസ്റ്റിനെക്കാള്‍ നല്ലത് നാച്ചുറലിസ്റ് ആണെന്ന് അഭിപ്രായപെട്ട മുരുഗന്‍ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതത്തില്‍ നിന്നെടുത്ത സംഭവങ്ങളാണ് വാക്കുകളായി 'അമ്മ'യില്‍ ഉള്ളതെന്ന് പറഞ്ഞു നിര്‍ത്തി.


Next Story

Related Stories