TopTop
Begin typing your search above and press return to search.

ഓര്‍മ്മകളെന്നത് കേവലാഹ്ലാദമല്ല, അത് പടപ്പുറപ്പാടുകളുടെ ഇന്ധനമാണ്; മനു മാധവന്റെ കവിതകളുടെ വായന

ഓര്‍മ്മകളെന്നത് കേവലാഹ്ലാദമല്ല, അത് പടപ്പുറപ്പാടുകളുടെ ഇന്ധനമാണ്; മനു മാധവന്റെ കവിതകളുടെ വായന

'പ്രയാണരൂപി'യായ ഭൂരിപക്ഷനേര ജീവിതത്തിന് അഭിമുഖം നല്‍കാനും/ ജലനീലകള്‍ക്കിടയിലൂടെ പ്രത്യക്ഷ/ അപ്രത്യക്ഷ പ്രതിഭാസസ്വഭാവത്തില്‍ സാധ്യമാവുന്ന കാഴ്ച്ചകളെ മെരുക്കി വളര്‍ത്താനും, തന്റെ തന്നെ അനുഭവജ്ഞാന മണ്ഡലത്തെ നിരന്തരം പുനഃസംഘടിപ്പിക്കാനുമുള്ള വിപുലയത്നത്തിന്റെ 'വാക്ക് വാങ് മൂല'ങ്ങളാണ് മനു മാധവന് കവിത.

'ഏക സംസ്‌കാരത്തിന്റെ ജൈവീക സത്യസന്ധതയില്‍ രാസപ്പെട്ട വാക്കുകള്‍.' 'ബ്ലാക്ക് ന്യൂറോണുകളുടെ' ബഹുലതയും, സൂഷ്മതയില്‍ മാത്രം ശ്രവ്യമാവുന്ന 'നിശബ്ദ ബഹള'ത്തിന്റെ പോരാട്ടവും, മനു മാധവന്റെ കവിതകളെ വേറിട്ട വായനക്ക് പ്രേരിപ്പിക്കുന്നുണ്ട.് പ്രകൃതിയുടെ ജീവിതത്തിലോ/ ജീവിതത്തിന്റെ പ്രകൃതിയിലോ തിരിച്ചറിവിന്റെ ഓര്‍മ്മകളെ ഈ കവി തുറന്ന് പിടിക്കുകയും, അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അസാധ്യമായ സാധ്യതകളിലേക്കും, അസാധാരണമായ അസാന്നിദ്ധ്യങ്ങളിലേക്കും, വായനക്കാരനെ കൈപിടിച്ചു നടത്തിക്കാന്‍, സ്നേഹോത്സുക മാംസപേശികളുള്ള കവിതകളാണ്. 'ഓര്‍മ്മ ഒരു ഔദ്യോഗിക രേഖ' യിലുള്ളത്.

പോരാട്ടത്തിന്റെ മൃദുല ഭാവുകത്വം/ പ്രതിരോധങ്ങളുടെ സ്വകാര്യ ഭാഷണങ്ങള്‍, 'ഒരോര്‍മ്മ കുതിപ്പന്‍' പുകവലിച്ചു കൊണ്ടോടുമ്ബോള്‍ മനു മാധവന്റെ കവിതകള്‍, ഈക്കാലത്തിന് പ്രസക്തിപൂര്‍വ്വം സമര്‍പ്പിക്കപ്പെടുന്ന ജീവിതരേഖയാണ്. വായനപ്പെടുന്ന ഓര്‍മ്മകള്‍, ജീവിതവും, ആകുലതയും, ആനന്ദവും, മഴയും, പ്രണയവും, നേരും, നെറിയും, മാറി മാറി തെളിയപ്പെടുന്ന ഔദ്യോഗിക രേഖകള്‍ തന്നെയാവുന്നിടത്താണ്, കവിതകളുടെ പ്ലാറ്റ്ഫോമില്‍' മനു മാധവന്‍ എന്ന കവി, തനിച്ചു നില്‍ക്കലിന്റെ തത്വശാസ്ത്രവും, പൊട്ടി തൂളുന്ന മൗനത്തിന്റെ ശാസ്ത്രീയതയാവുന്നതും, ഭാഷ ഒരു ടൂളാവുമ്ബോള്‍, ഈ കവിതകള്‍ പലയിടത്തും നമ്മെ വിസ്മയിപ്പിക്കപ്പെടുത്തുന്നുണ്ട്, നൂതന ബിംബങ്ങളും, പുനര്‍നിര്‍മ്മിക്കപ്പെടുന്ന പ്രയോഗങ്ങളും, പുതുതായി ഉണ്ടാക്കപ്പെടുന്ന വാക്കുകളും കൊണ്ട് സമ്ബന്നമാവുന്ന കവിതകള്‍. തീര്‍ച്ചയായും ഈ കവിതകള്‍ ഭാഷയിലിടപെടുക തന്നെയാണ്, ഒരു ഭാഷ മറ്റൊരു ഭാഷയെ കൊടുക്കല്‍ വാങ്ങലുകളാല്‍ എങ്ങിനെ പരിഷ്‌കരിക്കുന്നു എന്നതിന് മാതൃകകളാവുക കൂടിയാണ് മനു മാധവന്റെ കവിതകള്‍.

'തെറ്റി വരയ്ക്കപ്പെടുന്ന ഒരു ചിത്രം പറയുന്നത്' എന്ന ആദ്യ കവിതയില്‍, ഒരു ചിത്രം മാത്രമല്ല, അത് ഓര്‍മ്മയുടെ ചരിത്രം ആവുകയാണ്. മഴയുടെ 'നാനാര്‍ത്ഥമുള്ള വിഭവപ്പെടല്‍' 'ജലരഥവും, മഴ മുറിയും' അങ്ങിനെ നിരവധികളായി മാറിമറയുന്ന മഴയിലൂടെ, ഓര്‍മ്മകളുടെ ഔദ്യോഗിക രേഖ വരയ്ക്കുകയാണ് കവി, ഇന്ധനമാവുന്ന ഓര്‍മ്മയും, ഭൂതകാലത്തിന്റെ നനനടപ്പും, മനോഹരമായി പറയുന്നിടത്ത്, കവിത ഒരു പൊതുഓര്‍മ്മയുടെ സ്വത്താവുകയാണ്, 'മുറിയും' 'മഴയും' മനു മാധവനെ, വിടാതെ പിന്‍തുടരുന്ന ബിംബങ്ങളാണ്.

മനുഷ്യര്‍/ വീട്/ രാജ്യം, സര്‍വ്വതും കംപാര്‍ട്ടുമെന്റുകളായി തിരിക്കപ്പെട്ട, വ്യവസ്ഥയിലെ ജീവിനക്കാരന്‍, തന്റെ കാവ്യദര്‍ശനി ഉറപ്പിച്ചു നിറുത്തിയിരിക്കുന്നത് സ്വ അനുഭവങ്ങളിലാക്കപ്പെടുമ്ബോള്‍ 'മുറി' എന്നത് ആഴമുള്ള ആന്തരികാര്‍ത്ഥം വഹിക്കുന്ന ബിംബമാണ്, 'പുതിയ ജവ മൂല്യം' എന്ന ഒറ്റ പ്രയോഗത്താല്‍ തന്നെ 'ചുവന്ന ലിറ്റമ്സ' എന്ന കവിത, ആധുനികതയിലേക്ക് കാലു കുത്തുകയും, നവീന പ്രയോഗത്തിന്റെ സാധ്യത കണ്ടെത്തുകയുമാണ്. 'മഞ്ഞ നിറമുള്ള അടുക്കള' എന്ന് കവി പറയുന്നിടത്ത്' അവളോട് പറഞ്ഞ നുണകള്‍' എന്ന കവിതയുടെ, ബാഹ്യ താളത്തെ അട്ടിമറിക്കുന്ന, ആന്തരിക വ്യവഹാരം തന്നെ സംഭവിക്കുന്നുണ്ട്.

മനു മാധവന്റെ, കവിതയുടെ പേരുകളില്‍ തന്നെ മറ്റൊരു കവിതയുടെ 'പദപ്രശ്നങ്ങള്‍' ഒളിഞ്ഞിരിക്കുന്നുണ്ട്, എന്നത് കൗതുകകരമായ വസ്തുതയാണ്, 'ഇംഗ്ലീഷ് തലക്കെട്ടുള്ള മലയാള കവിതകള്‍' നടപ്പു സമ്ബ്രദായങ്ങളില്‍ എളുപ്പം കണ്ടെത്താനാവുന്നതല്ല,'ഭാഷ' വായനയുടെ തടസ്സവാദങ്ങളെ പൊട്ടിച്ചെറിയുകയും, വൈകാരികസാക്ഷരതയിലൂടെ, കവിത അനുഭൂതിയിലേക്ക്, വായനക്കാരനെ ആനയിക്കുകയും ചെയ്യുകയാണ്. 'കരയൊരു കടലാണ്' ഒരു കവിതയുടെ പേര് അങ്ങിനെയാണ്. ഒരു വിചിത്രഭാവനയ്ക്കപ്പുറത്ത്, അസാധാരണമായ കാല്‍പ്പനികതയിലേക്കും, അതിന്റെ സൂഷ്മ ഭാവങ്ങളിലേക്കും കടന്ന് ചെല്ലുന്ന കവിത 'കര ഒതുക്കിപ്പിടിച്ച നീലത്താമരയാണ് കടല്‍' എന്നു പറയുന്നിടത്ത് എത്തുമ്ബോള്‍, ഭാവനയുടെ വിദ്യുത് പ്രവാഹം അനുഭവിക്കേണ്ടി വരുന്നു. 'നിഴലേണി' പേരിന്റെ കൗതുകം പോലെ തന്നെ, വിരുദ്ധ ആശയങ്ങളുടെ പാരസ്പര്യത്തില്‍ അത്ഭുതപ്പെടുത്തുന്നുണ്ട്, നെടുകയും, കുറുകയും ബന്ധപ്പെട്ടിരിക്കുന്ന വാക്കുകള്‍, 'മുഖത്തഴമ്ബുകള്‍,/ അകക്കുന്നുകളുടെ നാഭി തുരന്ന്/ കൂണുകളുടെ രാജ്യം പ്രത്യക്ഷ ബിംബങ്ങളുടെ പുതുമയില്‍, തലചോറിനു പുറകില്‍ വായനയ്ക്കു ശേഷവും സഞ്ചരിക്കുന്ന, കവിതയാണിത്.

വാക്കിന്റെ ശാസ്ത്രം എന്ന കവിതയെ ഒറ്റ കൂട്ടിചേര്‍ക്കലില്ലാണ്ട്, വിശദീകരിക്കാനാവില്ല, വാക്കിന്റെ 'തച്ചു ശാസ്ത്രം.' അളവിന്റെയും കണിശതയുടെയുടെയും കലയാണ് മനു മാധവന്റെ കവിത, 'ലളിത ലാവണ്യങ്ങളുടെ ലവണരസങ്ങള്‍' വാക്കുകള്‍, കുറുക്കി ഉപയോഗിക്കുന്ന തിലൂടെ ഒരു കവിക്കുണ്ടാവേണ്ട 'വാക്ക് പിശുക്ക്' എന്ന സവിശേഷത ഈ കവിക്കുണ്ട്, എന്ന് തെളിയക്കപ്പെടുകയാണ്, കവിതയുടെ യൂണിവേഴ്സല്‍ സ്വഭാവം, ഏത് കാലത്തിലും, ലോകത്തിലുമിരുന്ന് വായനക്കാരന് കവിത ആസ്വദിക്കാമെന്ന രീതിശാസ്ത്രത്തെ കൂടി ഉല്പാദിപ്പിക്കുകയും, പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നുണ്ട് വാക്കിന്റെ ശാസ്ത്രം എന്ന കവിത, 'കവി ഒരു ശാസത്രജ്ഞനാണ് എന്ന സമീപവാദത്തിലേക്ക് ഏറെ അടുത്ത് നില്ക്കുന്നുണ്ട്.

CONTROVERSY, എന്ന കവിതയിലെത്തുമ്ബോള്‍... 'കൂട്ടു കാലത്തിന്റെ ചൂട്ടുകെടുത്തി/ ഒട്ടകവാമനനായവന്‍ എന്നു കവി എഴുതുമ്ബോള്‍, ചവിട്ടി താഴ്ത്തപ്പെട്ടൊരു സംസ്‌കാരത്തിന്റെ 'സ്പൈനല്‍ കോഡ്' കാണാനാവുന്നു, മരുഭൂമികളുടെ സ്നേഹം, ഒരു വരള്‍ച്ചയെ മുന്‍കൂറായി തരുന്നതു പോലെ, വെളിച്ചം കെടുത്തപ്പെട്ട, സൗഹൃദങ്ങളേയും, ചതിയുടെ ഈഫല്‍ ഗോപുരങ്ങളെയും, അടയാളപ്പെടുത്തുന്ന വരികള്‍ 'ഏമ്ബക്ക മീശ' എന്നൊരു പ്രയോഗവും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. എന്നിട്ടുമെന്നിട്ടും/ രണ്ടാളും തേടുന്ന ജാലകത്തില്‍/ ഭൂമിയേക്കാള്‍ മണത്തില്‍/ ആകാശത്തിലേക്ക് പറക്കുന്ന/ നീലിച്ച നേരുകള്‍. എന്നെഴുതി കവിത അവസാനിക്കുന്നിടത്ത്, ബൗദ്ധപാരമ്ബര്യത്തിന്റെ മൗനസ്ഫോടനങ്ങള്‍ വെളിവാക്കപ്പെടുന്ന സൂഷ്മ ദാര്‍ശനികത അനുഭവപ്പെടുന്നു.

THE DARK LOVE, നല്ലതില്‍ നല്ലതായ, മൈര്, രാവണനേര് തുടങ്ങീ നിരവധിയായ കവിതകളുടെ ഒരു വ്യത്യസ്തമായ ഗ്യാലറിയാണ്, ഈ പുസ്തകത്തിലെ എല്ലാ കവിതയെയും, വിശകലനം ചെയ്യുക എന്നത് പ്രയാസകരമെന്നിരിക്കെ, കുറച്ച്‌ കവിതകളിലൂടെ മാത്രമാണ് കടന്നു പോവുന്നത്, വായനക്കാരന്റെ സവിശേഷ സ്വാതന്ത്ര്യത്തിലൂടെ, ഒരു, 'രണ്ടാം ടെക്സ്റ്റ്' സൃഷ്ടിക്കപ്പെടാന്‍ കാമ്ബും, കരുത്തുമുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്, എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

'ഓര്‍മ്മ ഔദ്യോഗിക രേഖയാണ്' എന്ന ഗ്രന്ഥനാമമുള്ള കവിതയിലൂടെ നാം കടന്നു പോവുമ്ബോള്‍, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ നേര്‍നേരങ്ങളിലേക്കും, അതിന്റെ കറുപ്പച്ചകളുടെ ഇലതളിര്‍പ്പുകളിലേക്കും, പോരാട്ടത്തിന്റെ പായ നിവര്‍ത്തിക്കെട്ടുകയാണ് കവി, 'വില്ലുവണ്ടി' എന്നെഴുതുമ്ബോള്‍ തന്നെ അതൊരു പൊട്ടിത്തെറിയുടെ ഭാവുകത്വം നിര്‍വഹിക്കപ്പെടുന്നുണ്ട്, പോര്‍വിളിയുടെയും പ്രതിരോധത്തിന്റെയും, മണി കിലുക്കം പ്രകടിപ്പിക്കുന്നുണ്ട്, കറുപ്പനൂറ്റങ്ങള്‍, ദ്രോണനുറുമ്ബുകള്‍, മഴപ്പ്, ഒരു സംസ്‌കൃതിയുടെ, പൊടിപ്പും, മുനപ്പും പ്രതിഫലിപ്പിക്കുന്ന പ്രയോഗങ്ങള്‍, കാവ്യ അന്തരീക്ഷത്തിലേക്ക് തുളഞ്ഞ് കയറുന്ന ദയനീയ ജീവിത പരിസരങ്ങളില്‍ നിന്ന് വാക്കിന്റെ അമ്ബുകള്‍ പുറപ്പെടാന്‍ തുടങ്ങുന്നു, എന്ന മുന്നറിയിപ്പായും, ഈ കവിത മാറുകയാണ്, ഓര്‍മ്മകളെന്നത് കേവലാഹ്ലാദമല്ലെന്നും അത്, പടപ്പുറപ്പാടുകളുടെ, ഇന്ധനമാണെന്നന്നും, ഭൂത/ വര്‍ത്തമാന/ ഭാവി കാലങ്ങളുടെ സ്പന്ദന/ സാദൃശ്യ സ്വപ്നങ്ങളുടെ, വാക്കുരക്കങ്ങളും, മുരള്‍ച്ചകളും ആണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ടീ കവിത, ഓര്‍മ്മകളുടെ സ്പര്‍ശനങ്ങളാല്‍ ബോധപ്പെടുന്ന ജീവിതങ്ങള്‍, ഓര്‍മ്മ ഒരു ഔദ്യോഗിക രേഖയാണ്, എന്ന കാവ്യസമാഹാരം, മലയാള കവിതയില്‍, വര്‍ത്തമാനകാല അന്തരീക്ഷത്തില്‍, നന്നായി വായിക്കപ്പെടണമെന്നും, ജീവിത യാത്രയുടെ 'സമയമില്ലായ്മകളിലും' അടക്കി നിറുത്താവനാതെ കാവ്യപ്രതികരണങ്ങളാലും, ആന്തരിക ചോദനകളാലും സംഭവിച്ചു പോവുന്ന കവിതകളാണിതെന്നും വിനയപൂര്‍വ്വം അറിയിച്ചുകൊണ്ട്, മനു മാധവന്‍, എന്ന കവി, ഏറെ വായിക്കപ്പെടുന്ന കാലം, ഒട്ടു വിദൂരമല്ല എന്ന ശുഭാപ്തി വിശ്വാസത്തോടെ.

ഓര്‍മ്മ ഒരു ഔദ്യോഗിക രേഖയാണ്

മനു മാധവന്‍

പാപ്പാത്തി പുസ്തകങ്ങള്‍

വില- 130 രൂപ


Next Story

Related Stories