TopTop
Begin typing your search above and press return to search.

'ഓര്‍ഗനൈസര്‍ പറയുന്നത് നുണ; ഞാന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നപ്പോള്‍ അക്കിത്തത്തിന്റെ പേര് വന്നിട്ടില്ല, ഒഎന്‍വിക്ക് മുമ്പേ അദ്ദേഹത്തിന് ജഞാനപീഠം കിട്ടേണ്ടതായിരുന്നു'; ആരോപണം തള്ളി സച്ചിദാനന്ദന്‍

ഓര്‍ഗനൈസര്‍ പറയുന്നത് നുണ; ഞാന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നപ്പോള്‍ അക്കിത്തത്തിന്റെ പേര് വന്നിട്ടില്ല, ഒഎന്‍വിക്ക് മുമ്പേ അദ്ദേഹത്തിന് ജഞാനപീഠം കിട്ടേണ്ടതായിരുന്നു; ആരോപണം തള്ളി സച്ചിദാനന്ദന്‍

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനം പീഠ പുരസ്‌കാരം ലഭിക്കുന്നത് തടഞ്ഞു എന്ന ആര്‍എസ്എസ്‌ മുഖപത്രം ഓര്‍ഗനൈസറിന്റെ വിമര്‍ശനം ശുദ്ധ നുണയാണെന്ന് കവി കെ സച്ചിദാനന്ദന്‍. കമ്യൂണിസ്റ്റ് സഹചാരിയായിരുന്ന ഒ എന്‍ വി കുറുപ്പിന് ജ്ഞാനപീഠം ലഭിക്കാന്‍ വേണ്ടി കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന അക്കിത്തത്തിന്റെ പേര് സച്ചിദാനന്ദന്‍ വെട്ടിയെന്നാണ് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ താന്‍ അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന മൂന്നുവര്‍ഷ കാലത്ത് ഒരിക്കല്‍ പോലും അക്കിത്തത്തിന്റെ പേര് പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്നില്ലെന്നാണ് സച്ചിദാനന്ദന്‍ അഴിമുഖത്തോട് വ്യക്തമാക്കി. ഒ എന്‍ വിക്കു മുന്നേ ജ്ഞാനപീഠം ലഭിക്കേണ്ട കവിയാണ് അക്കിത്തം അന്നും ഇന്നും വിശ്വസിക്കുന്നൊരാളാണ് താനെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. വ്യാഴാഴ്ച്ചായായിരുന്നു അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയായ അക്കിത്തത്തിന് കുമാരനെല്ലൂരുള്ള വീട്ടിലെത്തി സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉത്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഇതിനു പിന്നാലെയായിരുന്നു കെ സച്ചിദാനന്ദനെതിരേ ഗുരുതര ആരോപണവുമായി ഓര്‍ഗനൈസറില്‍ ലേഖനം വരുന്നത്.

"ശുദ്ധ നുണയാണ് അവര്‍ പറയുന്നത്. അക്കിത്തത്തിന് ജഞാനപീഠം കിട്ടണമെന്ന് എല്ലാക്കാലത്തും ആഗ്രഹിച്ചിരുന്നൊരാളാണ് ഞാന്‍. ഒ എന്‍വി കുറുപ്പിനും മുന്‍പേ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ആ അഭിപ്രായം ഇന്നും ഞാന്‍ തിരുത്തിയിട്ടുമില്ല. ഞാന്‍ ജ്ഞാനപീഠ പുരസ്‌കാര സമിതിയില്‍ അംഗമായിരിക്കെ ഒരിക്കല്‍ പോലും അക്കിത്തത്തിന്റെ പേര് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം. വിവിധ ഭാഷകളിലെ ഉപദേശക സമിതികളില്‍ നിന്നും ശുപാര്‍ശ ചെയ്യുന്ന പേരുകളാണ് പുരസ്‌കാര നിര്‍ണ സമിതി പരിഗണിക്കുന്നത്. കേരളത്തില്‍ നിന്നുള്ള സമിതിയാണ് മലയാളികളുടെ പേര് ശുപാര്‍ശ ചെയ്യേണ്ടത്. മൂന്നു വര്‍ഷമാണ് ഞാന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ആ മൂന്നു വര്‍ഷവും ഒ എന്‍ വി കുറുപ്പിന്റെ പേര് മാത്രമാണ് പരിഗണനയ്ക്ക് വന്നത്. അക്കിത്തത്തിന്റെ പേര് വന്നിട്ടില്ല. കേരളത്തിലെ കമ്മിറ്റിയില്‍ നിന്നും പേര് വന്നാല്‍ മാത്രമേ പരിഗണിക്കാന്‍ കഴിയൂ. 2009 ല്‍ ജ്ഞാനപീഠം പുരസ്‌കാര സമിതി തന്നെ നല്‍കുന്ന മൂര്‍ത്തീദേവി പുരസ്‌കാരം അക്കിത്തത്തിനു സമ്മാനിച്ചിരുന്നു. അന്ന് എന്നോടന്വേഷിച്ചപ്പോള്‍, വളരെ വലിയൊരു കവി, ജ്ഞാനപീഠം കിട്ടേണ്ടയാള്‍ എന്നായിരുന്നു ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജ്ഞാനപീഠ പുരസ്‌കാരത്തിന് പേര് വരാത്തതുകൊണ്ടാണ് അന്നദ്ദേഹത്തിന് മൂര്‍ത്തിദേവി പുരസ്‌കാരം ലഭിക്കുന്നത്. ഇതാണ് പൂര്‍ണമായ സത്യം" സച്ചിദാനന്ദന്‍ പറയുന്നു.

താന്‍ അക്കിത്തത്തിന്റെ പേര് വെട്ടി, ഒ എന്‍ വിയ്ക്ക് വേണ്ടി വാദിച്ചു എന്ന ആരോപണം പുരസ്‌കാര സമിതിയുടെ രേഖകള്‍ പരിശോധിച്ചാല്‍ തകര്‍ന്നു വീഴുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. അക്കിത്തത്തെ ഒഴിവാക്കി മറ്റൊരു കവിക്കു വേണ്ടിയും താന്‍ വാദിച്ചിട്ടില്ലെന്നും, അക്കിത്തം കഴിഞ്ഞിട്ടേ മറ്റൊരാള്‍ക്ക് കൊടുക്കാവൂ എന്നു പറയുകയും അതാണ് ശരിയെന്നു വിശ്വസിക്കുകയും ചെയ്‌തൊരാളാണ് താനെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നു. "കേരളത്തിലെ കമ്മിറ്റിയില്‍ നിന്നും വരുന്ന പേരുകള്‍ മാത്രമെ പരിഗണിക്കാന്‍ സാധിക്കൂ എന്നിരിക്കെ അക്കിത്തത്തിന്റെ പേര് ഒരിക്കലും അവിടെ നിന്നും വന്നിട്ടില്ല എന്നതുകൊണ്ടാണ് അദ്ദേഹത്തെ പരിഗണിക്കാന്‍ കഴിയാതെ പോയത്. കേരളത്തില്‍ നിന്നുള്ള കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന പേര് ദക്ഷിണേന്ത്യയിലെ നാല് ഭാഷകളും ചേര്‍ന്നുള്ള മറ്റൊരു കമ്മിറ്റിയിലെത്തി അവിടെ നിന്നും ശുപാര്‍ശ ചെയ്യണം. ആ കൊല്ലം ഒ എന്‍ വി യുടെ പേര് മാത്രമായിരുന്നു ദക്ഷിണേന്ത്യന്‍ കമ്മിറ്റിയില്‍ നിന്നും വന്നത്. ദക്ഷിണേന്ത്യക്ക് പുരസ്‌കാരം കൊടുക്കാന്‍ ആ വര്‍ഷം പുരസ്‌കാര സമിതിയില്‍ തീരുമാനവും ഉണ്ടായി. അങ്ങനെയാണ് ഒ എന്‍ വിയ്ക്ക് ജ്ഞാനപീഠം ലഭിക്കുന്നത്. അവിടെ വേറെ ചോയ്‌സുകള്‍ ഇല്ല, നമുക്കൊരു പേര് നിര്‍ദേശിക്കാനുള്ള പ്രൊവിഷന്‍ അവിടെയില്ല. ഇവിടെ നിന്നും വരുന്ന പേരുകളില്‍ നിന്നൊരാളെ തെരഞ്ഞെടുക്കാനെ കഴിയൂ".

"പി.ഗോവിന്ദ പിള്ളയായിരുന്നു അന്ന് കേരളത്തിലെ കമ്മിറ്റിയുടെ തലവന്‍ എന്നാണോര്‍മ. തുടര്‍ച്ചയായിട്ട് ഒ എന്‍ വിയുടെ പേര് വരുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, ഒ എന്‍ വി കിട്ടേണ്ടതായതുകൊണ്ട് വേറെയാരുടെയും പേര് പരിഗണിച്ചില്ലെന്നായിരുന്നു തനിക്കു കിട്ടിയ മറുപടി" എന്നും സച്ചിദാനന്ദന്‍ പറയുന്നു. അക്കിത്തത്തിന്റെ പേര് പരിഗണിക്കാതെ ഒ എന്‍ വിയെ മാത്രം ശുപാര്‍ശ ചെയ്തതില്‍ കമ്മിറ്റി അവരുടെതായ ന്യായങ്ങള്‍ പറഞ്ഞിരുന്നുവെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഒരാള്‍ വിചാരിച്ചാല്‍ ഇന്നയാള്‍ക്ക് കൊടുക്കേണ്ട, ഇന്നയാള്‍ക്ക് കൊടുക്കാം എന്നൊന്നും തീരുമാനം എടുക്കാന്‍ കഴിയില്ലെന്നാണ് സച്ചിദാനനന്ദന്‍ ചൂണ്ടിക്കാണിക്കുന്നത്. "ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്പത് അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ജ്ഞാനപീഠ പുരസ്‌കാര നിര്‍ണയ സമിതി. അവിടെ ഒരാള്‍ക്ക് മാത്രമായി തീരുമാനമൊന്നും എടുക്കാന്‍ കഴിയില്ല. ദക്ഷിണേന്ത്യന്‍ കമ്മിറ്റിയില്‍ നിന്നും ഒ എന്‍ വി കുറുപ്പിന്റെ പേര് വന്നപ്പോള്‍ പുരസ്‌കാര സമിതിയില്‍ ഒ എന്‍ വിയുടെ പേര് നിര്‍ദേശിച്ചതുപോലും ഞാനായിരുന്നില്ല, ഹിന്ദിയില്‍ നിന്നുള്ള ഒരംഗമായിരുന്നു. ഞാന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന സമയത്ത് എപ്പോഴും ശ്രദ്ധിച്ചിരുന്നത് മലയാളത്തില്‍ നിന്നും ആരെങ്കിലും ഉണ്ടോയെന്നായിരുന്നു. ആരുടെ പേരു വന്നാലും സ്വഭാവികമായും ഞാന്‍ പിന്തുണയ്ക്കും. ഒ എന്‍ വിയുടെ കാര്യത്തിലും അതു മാത്രമാണ് ചെയ്തത്. പക്ഷേ, അന്നും ഇന്നും ഞാന്‍ പറയുന്ന കാര്യമാണ് ഒ എന്‍ വിക്ക് മുന്നേ ജ്ഞാനപീഠം കിട്ടേണ്ട കവി തന്നെയയിരുന്നു അക്കിത്തം. ഞാന്‍ എല്ലാക്കാലത്തും അക്കിത്തത്തിന്റെ കവിതയുടെ വലിയൊരു ആരാധകനാണ്. ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചതിനു പിന്നാലെയും ഞാന്‍ അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചിരുന്നു".


Next Story

Related Stories