TopTop
Begin typing your search above and press return to search.

മതഗ്രന്ഥങ്ങളിൽ നിന്ന് ഏതെങ്കിലുമൊരു പേജ് തുറന്ന് വായിക്കുന്നതുപോലെ ഇന്ന് ഇതിഹാസം തുറന്ന് പതിനേഴാം അധ്യായം വായിച്ചു, ഫലം എന്താവുമെന്നറിയില്ല; ഒവി വിജയന്റെ ജന്മദിനത്തില്‍ ഖസാക്ക് വായന

മതഗ്രന്ഥങ്ങളിൽ നിന്ന് ഏതെങ്കിലുമൊരു പേജ് തുറന്ന് വായിക്കുന്നതുപോലെ ഇന്ന് ഇതിഹാസം തുറന്ന് പതിനേഴാം അധ്യായം വായിച്ചു, ഫലം എന്താവുമെന്നറിയില്ല; ഒവി വിജയന്റെ ജന്മദിനത്തില്‍ ഖസാക്ക് വായന

1968ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്തു തുടങ്ങിയ കാലം മുതൽ 'ഖസാക്കിന്റെ ഇതിഹാസം' മലയാളത്തിലെ അത്ഭുതമാണ്.വിമർശനത്തെ അപ്രസക്തമാക്കുന്ന,ഒരു സംവാദാത്മക വായനയെ അസാധ്യമാക്കുന്ന മഹാരചനയാണ് ഖസാക്ക് എന്ന് കരുതുന്നവരാണ് വായനക്കാരിൽ മഹാഭൂരിപക്ഷവും.ഖസാക്കിനെ വിമർശിക്കാൻ പുറപ്പെട്ട ഏതാനും ചിലരാകട്ടെ ആ കൃതി വിമർശനത്തിലും അനിവാര്യമാക്കിത്തീർക്കുന്ന സർഗാത്മകതയുമായി നേരിയ മുഖപരിചയം മാത്രം ഉള്ളവരായിരുന്നു.അരനൂറ്റാണ്ടിനുമുമ്പ് എഴുതപ്പെട്ട 'ഇതിഹാസ'ത്തിൽ ഇപ്പോഴും വായനക്കാരെ മാത്രമല്ല എഴുത്തുകാരെയും കൊതിപ്പിക്കുന്ന പലതുമുണ്ട് എന്നത് വസ്തുതയാണ്. എങ്കിലും സംശയിക്കാതിരിക്കാനാവുന്നില്ല. ഖസാക്കിന് വിധേയത്വപൂർണമല്ലാത്തതും അതെ സമയം തീർത്തും സത്യസന്ധവും സർഗാത്മകവുമായ ഒരു വായന ഇതേ വരെ ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? ഖസാക്കിനപ്പുറത്ത് മലയാളനോവലിൽ ഒന്നും ഉണ്ടായിട്ടില്ലെന്ന് തങ്ങളുടെ ഭാവുകത്വത്തിന് നവീകരണം സാധ്യമാക്കില്ല എന്ന് വാശി പിടിക്കുന്നതിൽ അഭിമാനിക്കുന്നവർ തൊട്ട് ഏറ്റവും പുതിയ തലമുറയിലെ ധീരരും ധിക്കാരികളുമായ എഴുത്തുകാരിൽ വരെ വളരെയേറെപ്പേർ കരുതുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ അമ്പതുവർഷക്കാലത്തിനിടയിൽ ഖസാക്ക് നൽകിയതിനേക്കാൾ പ്രസക്തമായിത്തോന്നിയ ഒരനുഭവവും മലയാളത്തിലെ വായനക്കാരിൽ മഹാഭൂരിപക്ഷത്തിനും ലഭിച്ചിട്ടില്ലേ?നമ്മുടെ സാഹിത്യവായനയ്ക്ക് ചലനശേഷി നഷ്ടമായിട്ട് ഇത്രയും കാലമായോ? അതല്ല ഖസാക്കിന് ഖസാക്കിന്റെ സൗന്ദര്യം മറ്റൊരു നോവലിന് അതിന്റെ സൗന്ദര്യം എന്ന ഉദാരതയിലാണോ വായനക്കാർ നിൽക്കുന്നത്? എന്തായാലും, ഖസാക്കിന്റെ ഇതിഹാസം ഒരിക്കൽക്കൂടി വായിക്കാൻ ഒ.വി.വിജയന്റെ തൊണ്ണൂറാം ജന്മവാർഷികം പ്രേരണയാവുന്നതിൽ സന്തോഷം. മതഗ്രന്ഥങ്ങളിൽ നിന്ന് ഏതെങ്കിലുമൊരു പേജ് തുറന്ന് വായിക്കുന്നതുപോലെ ഇന്ന് ഇതിഹാസം തുറന്ന് പതിനേഴാം അധ്യായം ,ശ്ലഥാക്ഷരങ്ങൾ, വായിച്ചു. ഫലം എന്താവുമെന്നറിയില്ല.*ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories