TopTop
Begin typing your search above and press return to search.

'ദാര - സമന്വയങ്ങളുടെ പ്രവാചകന്‍'; പ്രണയത്തിന്റെ ചരിത്രം പകര്‍ത്തിയ നോവല്‍

ദാര - സമന്വയങ്ങളുടെ പ്രവാചകന്‍; പ്രണയത്തിന്റെ ചരിത്രം പകര്‍ത്തിയ നോവല്‍

ദാര - സമന്വയങ്ങളുടെ പ്രവാചകന്‍ (നോവല്‍)
മംഗള കരാട്ടുപറമ്പില്‍
ടെല്‍ബ്രെയിന്‍ ബുക്സ്
250 രൂപ

പ്രണയത്തിന്റെ ചരിത്രം പകര്‍ത്തുന്ന രീതി മലയാള നോവലില്‍ കൂടുതലായി അവതരിപ്പിക്കപ്പെടാത്ത ഒന്നാണ്. യഥാര്‍ത്ഥ ചരിത്രത്തില്‍ നിന്ന് പ്രണയചരിത്രത്തെ വേര്‍തിരിച്ച് അവതരിപ്പിച്ചുകൊണ്ടോ അല്ലെങ്കില്‍ ചരിത്രത്തിന്റെ അരികിലൂടെ പ്രണയത്തെ അവതരിപ്പിച്ചുകൊണ്ടോ ഇത്തരത്തിലൊരു നോവല്‍ രചിക്കപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണാന്‍ കഴിയുക. എന്നാല്‍ ഇത്തരം എഴുത്ത് സമവാക്യങ്ങളെയെല്ലാം പുതുക്കി ഒരു പുതിയ വഴിയിലൂടെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് അധ്യാപിക കൂടിയായ മംഗള കരാട്ടുപറമ്പിലിന്റെ 'ദാര - സമന്വയങ്ങളുടെ പ്രവാചകന്‍' എന്ന നോവല്‍. ഇതില്‍ വ്യക്തികളുടെ പ്രണയ ചരിത്രം സമൂഹികചരിത്രത്തിനൊപ്പം തന്നെ ചേര്‍ത്ത് നിര്‍ത്തപ്പെട്ടിരിക്കുന്നു. മുഗള്‍രാജകുമാരന്‍ ദാരാ ഷുക്കോവും നര്‍ത്തകിയും തെരുവ് ഗായികയുമായ റാണാ ദില്ലും തമ്മിലുള്ള പ്രണയത്തിനൊപ്പമാണ് ഈ നോവലില്‍ ചരിത്രം സഞ്ചരിക്കുന്നത്.

ലണ്ടനിലെ ഒരു സര്‍വകലാശലയിലെ വായനശാലയില്‍ നിന്ന് യാത്രയാരംഭിക്കുന്ന പീറ്ററിനൊപ്പം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദില്ലി നഗരത്തിലേക്ക് വായനക്കാരും വീണ് പോകുന്നു. പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യന്‍ കൊട്ടാരങ്ങള്‍ക്കിടയിലൂടെ പ്രണയമേറ്റുകൊണ്ടുള്ള ആ യാത്ര അങ്ങനെ ആരംഭിക്കുകയാണ്. പിതാവായ ഷാജഹാന്‍ ചക്രവര്‍ത്തിയെ തടവിലാക്കി അധികാരത്തിലേറിയ ഔറംഗസേബിന്റെ വാക്കുകളില്‍ നിന്നു തന്നെയാണ് ദാരയുടേയും റാണയുടേയും പേരുകള്‍ വായനക്കാര്‍ ആദ്യമായി കേള്‍ക്കുക. "ലോകം മുഴുവനുമുള്ള പ്രണയം കോരിയൊഴിച്ചാണ് റാണ അവനുള്ള പ്രണയകവിതകള്‍ എഴുതിപാടിയിട്ടുള്ളത്. തെരുവുകളില്‍ ജനം എപ്പോഴും അത് പാടിനടന്നു. കര്‍ഷകരും കച്ചവടക്കാരും പടയാളികള്‍പോലും" എന്നീ വരികളിലൂടെ കവിതപോലെ റാണയുടേയും ദാരയുടേയും പ്രണയവും വായനക്കാരിലേക്ക് പതുക്കെ കടന്നുവരുന്നു.

"റാണ, ഹിന്ദുസ്ഥാന്‍ എന്ന മഹാസാമ്രാജ്യത്തേക്കാളും വലുതാണ് മഹാരാജന്‍, അവളുടെ ആഴങ്ങളെ ആര്‍ക്കും അറിയില്ല. അവളുടെ ഉയരങ്ങളിനിയാര്‍ക്കും കയറുവാനും കഴിയില്ല. അത് കയറിയവന്‍ ദാരയാണ്", എന്നിങ്ങനെയുള്ള കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ നമ്മളും ദാരയുടേയും റാണയുടേയും പ്രണയത്തിലേക്ക് പ്രവേശിക്കുന്നു. ദില്ലിയിലെ കലാപങ്ങളും യുദ്ധവും സംഗീതവും ആഘോഷങ്ങളുമെല്ലാം നോവലില്‍ റാണയുടേയും ദാരയുടേയും പ്രണയത്തിലൂടെതന്നെ സഞ്ചരിക്കുന്നു. പ്രണയത്തിന്റെ നിഴലേറ്റുനിന്നുകൊണ്ടുതന്നെ നോവലിലെ കഥാപാത്രങ്ങള്‍ തത്വചിന്തകളിലൂടെയും തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെയും സഞ്ചരിക്കുന്നു. സത്യാന്വേഷിയായ ഒരാളുടെ ജീവിതത്തിലൂടെ അങ്ങനെ വായനക്കാരും നടന്നുനീങ്ങുന്നു.

നോവലിലെ സൂഫിസ ചിന്തകളും വായനക്കാരിലേക്ക് കടന്നു വരുന്നു. "അഹങ്കാരം തിരിച്ചറിയുന്നവനാരോ അവന്‍ വിജയിച്ചുകഴിഞ്ഞു. തന്നത്താന്‍ നഷ്ടപ്പെടുത്തുന്നവന്‍ അവനെ കണ്ടെത്തും. തന്നിലല്ലാതെ അവനെ തിരയുന്നവന്‍ അന്വേഷണവും വഹിച്ച് ജീവന്‍ വെടിയും", എന്നിങ്ങനെയുള്ള ജീവിതത്തെ തൊടുന്ന വാക്കുകളിലൂടെ നമ്മള്‍ വായനക്കാരും നോവലിലൂടെ കടന്നുപോകും. ഞാനൊരു സൂഫിയാണ്. "ഞാനൊരു പ്രണയിനിയാണ്. പ്രണയം വാതില്‍ക്കല്‍ മുട്ടി കാത്തുനിന്ന് വരട്ടെ എന്നുചോദിക്കുന്ന വിനയാന്വിതനായ അതിഥിയല്ല. മറിച്ച് വാതില്‍പാളികളേയും കോട്ടകളേയും തകര്‍ത്തെറിഞ്ഞ് മുന്നോട്ടെറിയാന്‍ അകത്തുനിന്നും പുറത്തേക്ക് വരുന്ന കൊടുങ്കാറ്റാണ്. y ആതിഥേയനോ അല്ല. അതാണ്, അതുമാത്രം; എന്റെ വാതില്‍പ്പാളികള്‍ ഇളകിത്തുടങ്ങി" എന്നിങ്ങനെ പ്രണയത്തിന്റെ വ്യത്യസ്ത പ്രതലങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുന്നു. ഒരു വ്യക്തിയില്‍നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്ന പ്രണയത്തിന്റെ ആത്മീയ വശങ്ങളും നോവലില്‍ അവതരിപ്പിക്കപ്പെടുന്നത് ഇത്തരത്തില്‍ കാണാന്‍ കഴിയും.

നോവലിലുടനീളം റാണ പാടുന്ന പ്രണയഗാനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. തെരുവിലും തടവറയിലുമായി റാണ ഈ പ്രണയഗാനങ്ങള്‍ പാടിക്കൊണ്ടേയിരിക്കുന്നു. നോവല്‍ വായിച്ച് അവസാനിപ്പിച്ചതിനുശേഷവും നമ്മളിലൂടെ ആ പ്രണയ ഗാനങ്ങള്‍ സഞ്ചരിക്കുന്നു. ഒരിക്കലും വായിച്ചവസാനിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ നമ്മള്‍ റാണയിലും ദാരയിലും അകപ്പെട്ടുപോകുന്നു.

"പീറ്റര്‍ എന്ന അന്വേഷകനെ ജീസസില്‍ നിന്നും തുടങ്ങിയതു പോലെ ദാരയെ അക്ബറിന്റെ പാരമ്പര്യത്തില്‍ നിന്നും തുടങ്ങാനാണ് ഫത്തേപൂരിലെത്തിച്ചത്. വളര്‍ന്നു പന്തലിച്ച മരങ്ങളുടെ വേരുകള്‍ തുടങ്ങുന്ന മണ്ണിലേക്കും നീങ്ങി. നാരായണ ഗുരു ദാരയെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നതിലെ വിസ്മയവും ഈ രചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്" എന്ന് എഴുത്തുകാരി മുഖവുരയില്‍ കുറിക്കുന്നു.

കാട്ടൂര്‍ ഗവ. സ്കൂള്‍ അധ്യാപികയായ മംഗളയുടെ പ്രസിദ്ധീകൃതമാകുന്ന മൂന്നാമത്തെ പുത്സകമാണിത്. ഒരധ്യാപികയുടെ ദേശക്കാഴ്ച്ചകള്‍ (ചരിതം), മൃതസഞ്ജീവനി തളിര്‍ക്കുന്ന വഴികളിലൂടെ (യാത്ര) എന്നിവയാണ് മുമ്പ് പുറത്തിറങ്ങിയ പുസ്തകങ്ങള്‍.


Next Story

Related Stories