TopTop
Begin typing your search above and press return to search.

അക്കിത്തം വൈരൂപ്യത്തിന്റെ സൗന്ദര്യത്തെ ആവിഷ്‌കരിച്ച കവി; എസ്. ജോസഫ് സംസാരിക്കുന്നു

അക്കിത്തം വൈരൂപ്യത്തിന്റെ സൗന്ദര്യത്തെ ആവിഷ്‌കരിച്ച കവി; എസ്. ജോസഫ് സംസാരിക്കുന്നു

ദീര്‍ഘായുസ്സായിരുന്ന ഒരു കവിയാണ് അക്കിത്തം. ഇഎംഎസിനൊപ്പം പ്രവര്‍ത്തിച്ച യോഗക്ഷേമ സമിതിയുടെ ഒരു അടിത്തറ അദ്ദേഹത്തിനുണ്ട്. പൊതുവെ മനുഷ്യരുടെയെല്ലാം ഇടയില്‍ മാറ്റം നമുക്ക് കാണാന്‍ സാധിക്കും. അത് അക്കിത്തത്തിലുമുണ്ട് . ആധുനികക കവികളുടെ ഇടയില്‍ പരിശോധിച്ചാലും അത് കാണാൻ കഴിയും. സച്ചിദാനന്ദനാണെങ്കിലും ബാലചന്ദ്രന്‍ ചുള്ളിക്കാട് ആണെങ്കിലും അയ്യപ്പനാണെങ്കിലും കെ ജി ശങ്കരപ്പിള്ളയാണെങ്കിലും മാറി. ഒരുകാലത്ത് അവരില്‍ പലരും നക്‌സലെറ്റുകളായിരുന്നു. പിന്നീട് അവരെല്ലാം മിതവാദികളായി മാറി. അതുപോലെ തന്നെ അക്കിത്തവും ആദ്യകാലത്ത് ഇടതുപക്ഷ അനുഭാവിയും യോഗക്ഷേമ സഭ പോലെ പുരോഗമനപരമായ ഒരു സംഘടനയുടെ ഭാഗമാകുകയും ചെയ്ത ആളാണ്.

തൊഴിലിടങ്ങളിലേക്ക് എന്ന നാടകത്തില്‍ അദ്ദേഹം ഗാനം എഴുതിയിട്ടുണ്ട്. പക്ഷെ ബ്രാഹ്‌മണ്യത്തിന്റെ ഭാഗമായി ആദിമമെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഉപനിഷത്തുകളുടെ ഭാഗത്തേക്ക് നീങ്ങി. അത് അദ്ദേഹത്തിന്റെ വീക്ഷണം മാത്രമാണ്. ഭാരത സംസ്‌കാരത്തിന്റെ ആദ്യ കാലങ്ങളില്‍ ദ്രാവിഡ സംസ്‌കാരവും ബൗദ്ധ സംസ്‌കാരവും ജൈന സംസ്‌കാരവും നിരീശ്വരവാദത്തിന്റെ ഘടകങ്ങളും എല്ലാം ഉള്‍പ്പെടുന്നുണ്ട്. പക്ഷെ അദ്ദേഹം പോയത് ഹൈന്ദവ ആത്മീയതയുടെ വശങ്ങളിലേക്കാണ്. അത് അടിസ്ഥാനപരമായി ബ്രാഹ്‌മണാ ത്മീയതയായിരുന്നു.

എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ട്. പൊതുസമൂഹം അംഗീകരിക്കാത്ത ആശയങ്ങളുള്ള കവിയായിരിക്കും ഒരുപക്ഷേ നല്ല കവി. ഫാസിസ്റ്റുകളായ നല്ല കവികളും ലോകത്തുണ്ടായിട്ടുണ്ട്. കവിതയുടെ ഉള്ള് മനസ്സിലാക്കിയവര്‍ക്ക് അക്കിത്തത്തിന്റെ കവിതയെ ഉപേക്ഷിക്കാന്‍ പറ്റുകയില്ല. അക്കിത്തം വിവര്‍ത്തനം ചെയ്ത പാബ്ലോ നെരൂദയുടെ ഒരു കവിതയുണ്ട്. ആന്‍ഡ് ഹൗ ലോംഗ് എന്നാണ് കവിതയുടെ പേര്. ഇങ്ങനെ എത്രകാലം എന്നാണ് അക്കിത്തം വിവര്‍ത്തനം ചെയ്തപ്പോൾ ഇട്ട പേര്. ശിഥില ചന്ദസില്‍ ആണ് അദ്ദേഹം അത് എഴുതിയത്. മലയാളത്തില്‍ നെരൂദയ്ക്കുണ്ടായിട്ടുള്ള ഏറ്റവും മികച്ച വിവര്‍ത്തനം ആണ് അത്. ഇതാണ് വൈരുദ്ധ്യം. പാബ്ലോ നെരൂദയുടെ വിവര്‍ത്തകരായി നമ്മള്‍ മലയാളത്തില്‍ കാണുന്നത് സച്ചിദാനന്ദനെയും ചുള്ളിക്കാടിനെയും ഒക്കെയാണ്. അവര്‍ അത് ചെയ്തപ്പോള്‍ അവരുടേതായ ശൈലിയിലേക്ക് മാറ്റിയാണ് ചെയ്തിരിക്കുന്നത്. അക്കിത്തം ആ വിവര്‍ത്തനം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയിലേക്ക് മാറ്റിയെഴുതുകയല്ല ചെയ്തത്. വളരെ നാളായി ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിച്ചു നടക്കുന്ന ഒരാളാണ് ആന്‍ഡ് ഹൗ ലോംഗിലെ കഥാപാത്രം.

അതുപോലെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത ഒരു കാലഘട്ടത്തിന്റെ ചരിത്രവും വിമര്‍ശനവും ആണ്. കുരുക്ഷേത്രം എന്ന കവിതയും ജീവിതത്തിന്റെ വിമര്‍ശനം തന്നെയാണ്. എല്ലാം പറഞ്ഞ് കഴിഞ്ഞിട്ട് നോക്കുകിൽ പിന്നെ എന്തുണ്ട് രാമന്റെ ജീവിത സഞ്ചിയില്‍ എന്ന് അയ്യപ്പപ്പണിക്കര്‍ എഴുതുന്ന അതേമട്ടില്‍ തന്നെ ആ കാലഘട്ടത്തിന്റെ ഓരോരോ സ്ഥാപനങ്ങളെയും മനുഷ്യന്റെ മൂല്യസങ്കല്‍പ്പങ്ങളെയും എല്ലാം മാനുഷികതയുടെ തലത്തില്‍ നിന്ന് വിചാരണ ചെയ്ത കവിതകളാണ് അക്കിത്തത്തിന്റെയും. ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ ചൊരിയവേ ഉദിക്കയാണെന്‍ ആത്മാവില്‍ ആയിരം സൗര മണ്ഡലം എന്നുള്ള വരികളും ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചിലവാക്കവേ ഹൃദയത്തില്‍ ഉലാവുന്നു നിത്യനിര്‍മ്മല പൗര്‍ണ്ണമി എന്നുള്ള വരികളും പോലെ ഉയരം ഉള്ള വരികള്‍ മലയാളത്തില്‍ ചുരുങ്ങും

ആധുനികതയെ നമ്മള്‍ പഠിക്കുമ്പോള്‍ രണ്ടുതരം സൗന്ദര്യ തലങ്ങളുണ്ട് എന്ന് കാണാം.സൗന്ദര്യത്തിന്റെ സൗന്ദര്യമാണ് അതിലൊന്ന്. വൈരൂപ്യത്തിന്റെ സൗന്ദര്യം മറ്റൊന്നും. ഓണ്‍ ബ്യൂട്ടിയെന്നും ഓണ്‍ അഗ്ലിനെസ് എന്നും പറയുന്ന രണ്ട് പുസ്തകങ്ങള്‍ ഉമ്പര്‍ട്ടോ എക്കോ എഴുതിയിട്ടുണ്ട്. ആധുനികത വൈരൂപ്യത്തിന്റെ കലയും സൗന്ദര്യത്തിന്റെ കലയുമാണ്. മലയാളത്തില്‍ ആദ്യമായി അഗ്ലിനസ് ശക്തമായി ആവിഷ്‌കരിച്ചത് അക്കിത്തമാണ്. നിരത്തില്‍ കാക്ക കൊത്തുന്നു, ചത്ത പെണ്ണിന്റെ കണ്ണുകള്‍, മുല ചപ്പി വലിക്കുന്നു നരവര്‍ഗ്ഗ നവാതിഥി എന്ന വരികള്‍ മലയാള കവിത ആധുനികതയിലേക്ക് വരുന്നതിന് മുമ്പുള്ളവയാണ്. വലിയൊരു മാറ്റമാണ് അദ്ദേഹം ആ കവിതയിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചത്. വൈരൂപ്യത്തിന്റെ സൗന്ദര്യത്തെയാണ് അവിടെ ആവിഷ്‌കരിക്കുന്നത്. വൈരൂപ്യത്തിനും ഒരു സൗന്ദര്യമുണ്ട്. വൈരൂപ്യത്തിന്റെ സങ്കല്‍പ്പം മാറിമാറി വരുന്നതോടെയാണ് നമ്മുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളും മാറി വരുന്നത്. വൈരൂപ്യത്തിന്റെ ഇടപെടലാണ് സൗന്ദര്യത്തെ പുനര്‍നിര്‍മ്മിക്കുന്നത്. പികാസോയുടെ ചിത്രങ്ങള്‍ പലപ്പോഴും കണ്ടാല്‍ വിരൂപമായി തോന്നും. വൈരൂപ്യം അപനിര്‍മ്മിക്കുന്ന പുതിയ സൗന്ദര്യം അതിലുണ്ടാകുമ്പോള്‍ നമുക്ക് അത് ഉള്‍ക്കൊള്ളാനാകും. നമ്മുടെ ജീവിത സൗന്ദര്യ ബോധത്തെ സംബന്ധിച്ചുള്ള പുതിയ വരികളായിരുന്നു നിരത്തില്‍ കാക്ക കൊത്തുന്നു എന്ന് തുടങ്ങുന്നത്.

അതുപോലെ മലയാളത്തിലെ ഏറ്റവും വലിയ വിരുദ്ധോക്തിയായി വരുന്നത് 'കരഞ്ഞു ചൊന്നേന്‍ ഞാനന്ന്, ഭാവി പൗരനോടിങ്ങനെ; വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന വരികളാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ വരികളിൽ ഉള്‍പ്പെടുന്നത് വെളിച്ചം ദുഃഖമാണുണ്ണി എന്നതാണെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ ആദ്യത്തെ മൂന്ന് ശ്ലോകങ്ങളാണ് നമുക്ക് ഏറ്റവുധികം സ്വാന്ത്വനം നല്‍കുന്നത്. കാറ് വാങ്ങണമച്ഛനെന്നോതും കിടാവിന്റെ മാറിലെ ചൂടാൽ ശീതം പോക്കി ഞാനിരിക്കുമ്പോള്‍ എന്നു തുടങ്ങുന്ന ഒരു കവിതയുണ്ട്. കൊച്ചിന്റെ ചൂടാണ് അച്ഛന് സുഖം നല്‍കുന്നത്. അത്തരത്തില്‍ പരുക്കനായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. കുതിച്ച് പായുന്ന വെടിയുണ്ട പോലും വിഴുങ്ങാമെന്ന് പറയുന്നതിന്റെ പവര്‍ ഭയങ്കരമാണ്. കടമ്മനിട്ടയൊക്കെ ആവിഷ്‌കരിച്ചതില്‍ കൂടുതൽ പവര്‍ അതിലുണ്ട്.

ആ ഒരു തലത്തില്‍ പറഞ്ഞാല്‍ ആധുനിക കവിതയുടെ ആമുഖമാണ് അക്കിത്തത്തിന്റെ കവിതകള്‍ എന്നു കരുതാം. റിയലിസ്റ്റിക് ആയിരുന്നു ആ കവിതകള്‍. ഇടശ്ശേരിയുടെ ശിഷ്യന്‍ ആണ് അദ്ദേഹം. ഇടശ്ശേരിയുടെ വീട്ടില്‍ കവിത പഠിക്കാന്‍ പോകുകയും അവിടെ നിന്നും ചോറ് ഉണ്ണണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ ഇടശ്ശേരി സമ്മതിക്കാതെ ഒരു പോറ്റിയുടെ ഹോട്ടലിൽ ചോറ് ഏര്‍പ്പാട് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായി പുരോഗമന വാദിയാണെങ്കിലും പിന്നീട് അദ്ദേഹം പോകുന്നത് ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ഒരു രീതിയിലാണ്. ആ രാഷ്ട്രീയം ശരിയല്ലെന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഫാസിസ്റ്റ് രാഷ്ട്രീയത്തില്‍ പെട്ടു പോയെങ്കിലും മികച്ച വരികള്‍ മലയാള കവിതയ്ക്ക് സംഭാവന ചെയ്ത റിയലിസ്റ്റിക് കവിയാണ് അക്കിത്തം. ലോകത്തിലെ ഏറ്റവും വലിയ റിയലിസ്റ്റിക് കവി വടക്കേ അരേിക്കയിലെ വാള്‍ട്ട് വിറ്റ്മാന്‍ ആണ്. മലയാളത്തില്‍ അത് ഇടശ്ശേരിയും അക്കിത്തവും ആണ്. ഇവരോട് ബന്ധപ്പെട്ടാണ് കക്കാടും വിഷ്ണു നാരായണന്‍ നമ്പൂതിരിയുമെല്ലാം വരുന്നത്. അവരെല്ലാം ബ്രാഹ്‌മണ കവികള്‍ ആണെങ്കിലും പൂര്‍ണ്ണമായും ബ്രാഹ്‌മണിക്കല്‍ ആണെന്ന് പറയാനാകില്ല. അവര്‍ മറ്റ് മനുഷ്യരെയും ഉള്‍ക്കൊള്ളുന്നുണ്ട്. വിഷ്ണു നാരായണന്‍ നമ്പൂതിരിക്കും കക്കാടിനും നിലനില്‍ക്കുന്ന പാരമ്പര്യത്തെ പൊളിക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു.

ആദ്യകാലത്ത് അതായത് കോഴിക്കോട് റേഡിയോയില്‍ ആയിരുന്ന കാലത്ത് അക്കിത്തം എഴുതിയ കവിതകളില്‍ വിരഹത്തിന്റെയും ഒക്കെ അംശങ്ങള്‍ ഉണ്ട്. അവയെല്ലാം അതിമനോഹരങ്ങളും ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും അദ്ദേഹം പറയുന്ന മതേതര വാദത്തെയും എല്ലാം ഞാന്‍ അവഗണിക്കുന്നു. അത് ഗാന്ധി പറയുന്നതിന് തുല്യമാണ്. അദ്ദേഹത്തിനുള്ളിലും ഒരു ഗാന്ധിയുണ്ട്. ഹിന്ദുവായി നിന്നു കൊണ്ട് മറ്റെല്ലാ മതങ്ങളെയും അംഗീകരിക്കുന്ന സംസ്‌കാരമാണ് അത്. ഒരു കവിയ്ക്ക് ഒരേസമയം പലതാകാന്‍ കഴിയണം. അക്കിത്തം പുലര്‍ത്തിയത് ഒരു മതത്തില്‍ നിന്നുകൊണ്ട് എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ഒരു പ്രത്യേകതരം മതേതരത്വമായിരുന്നു. പക്ഷെ ഇതിന്റെയൊക്കെ ആശയങ്ങള്‍ വഹിക്കുന്ന സാധാരണ മനുഷ്യര്‍ എങ്ങനെയാണ് കരുതുന്നതെന്ന് നമുക്ക് പറയാനാകില്ല. അതുകൊണ്ട് കവികള്‍ ഓരോ വാക്കും ശ്രദ്ധിച്ച് വേണം പറയാന്‍. എന്തായാലും ജ്ഞാനപീഠം കിട്ടാന്‍ അര്‍ഹനായ കവി തന്നെയാണ് അദ്ദേഹം


Next Story

Related Stories