ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി സ്നേഹവും വളര്‍ത്താനും, പ്രകൃതിയോടുള്ള ഉത്തരവാദിത്വം കൂട്ടാനുമായി കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡും ഇന്ത്യാ സ്മാര്‍ട്ട് സിറ്റി ഫെലോഷിപ്പും ഒരുമിച്ചു നടത്തുന്ന സെര്‍വ് റ്റു പ്രിസെര്‍വ് എന്ന ക്യാമ്പയിന് ഫോര്‍ട്ടുകൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള വാര്‍ഡുകളില്‍ ട്രീ മാപ്പിംഗ് നടത്തിയാണ് ഈ ക്യാമ്പയിന് തുടക്കം കുറിച്ചത്
കൊച്ചി കോര്പ്പറേഷന് ഡെപ്പ്യൂട്ടി മേയര്‍ കെ എ അന്‍സിയ മരം മാപ്പുചെയ്തുകൊണ്ട് സെര്‍വ് റ്റു പ്രിസെര്‍വ് ക്യാമ്പയിന്റെ ഉദ്ഘാടനം നടത്തി. ജനങ്ങളുടെ പങ്കാളിത്തത്തോടെ കൊച്ചിയിലെ ഹരിത ഇടങ്ങള്‍ നിലനിര്‍ത്തുകയും ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ കൊച്ചിയില്‍ ഒരു ഹരിത മേഖല സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഇപ്പോള്‍ നിലവിലുള്ള മരങ്ങളുടെ എണ്ണം നിലനിര്‍ത്തുന്നതിനും പുതുതായി നട്ട മരങ്ങളെ കണ്ടെത്താനും ഇതുവഴി കഴിയും.ഇതൊരു പുതിയ തുടക്കമാണെന്നും ഇനിയും ഇത്തരത്തിലുള്ള പരിപാടികള്‍ കൊച്ചിയില്‍ നടത്തണമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്ത 30 വോളന്റീര്മാരാണ് ഫോര്‍ട്ടുകൊച്ചിയിലെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള വാര്‍ഡുകളിലെ മരങ്ങളെ ഡിജിറ്റലി മാപ് ചെയ്തത്. 170 മരങ്ങളുടെ കണക്കെടുപ്പാണ് സ്മാര്‍ട്ട് കൊച്ചി ആപ്പ് വഴി രണ്ടുമണിക്കൂര്‍ കൊണ്ട് വളണ്ടിയര്‍മാര്‍ നടത്തിയത്. ഈ കണക്കുകള്‍ ഡിജിറ്റലായി രേഖപ്പെടുത്തും. കൊച്ചി മുഴുവന്‍ ഈ ക്യാമ്പയിന് വ്യാപിപ്പിക്കാനാണ് സി എസ എം എലും സ്മാര്‍ട്ട് സിറ്റി ഫെല്ലോസും ശ്രമിക്കുന്നത് കൊച്ചി നഗരത്തിലെ ഓരോഭാഗത്തേയും മരങ്ങളുടെ കണക്കെടുത്തു മരങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ഡാറ്റ തയ്യാറാക്കും. ഈ ഡാറ്റ ഉപയോഗിച്ച് ഭാവിയില്‍ എവിടെ ഒക്കെയാണ് മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ സാധിക്കും. എവിടെയാണ് കൂടുതല്‍ മരങ്ങള്‍ ഉള്ളത്,കൂടുതല്‍ മരങ്ങള്‍ ഉള്ളവയെ സംരക്ഷിച്ചു മരങ്ങള്‍ കുറവുള്ളിടത്തു എങ്ങനെ കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാമെന്നും മനസ്സിലാക്കാന്‍ സാധിക്കും. കൊച്ചിയിലെ തരിശായികിടക്കുന്ന പ്രദേശങ്ങളില്‍ (പൊതു ഇടങ്ങളിലോ / സ്വകാര്യ വ്യക്തികളുടെയോ) സ്ഥലപരിമിതിക്കനുസരിച്ചു കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചു കൊച്ചിയെ ഒരു ഹരിതാഭ നഗരമാക്കി മാറ്റുക എന്നതുകൂടി പദ്ധതിയുടെ ലക്ഷ്യം.
ഡിവിഷന് കൗണ്‍സിലര്‍ ഇസമുദ്ദിന്, കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ ആര്. രാജി, ഇന്ത്യ സ്മാര്‍ട്ട് സിറ്റി ഫെല്ലോഷിപ്പ് അംഗം ശില്പ ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.