TopTop

'കടലെടുത്ത രാഷ്ട്രീയ ഭാഷയുടെ ഭൂപടം കവിതയായ് കരയ്ക്കടിയുമ്പോള്‍'

'കവിത ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കാരണം കവിതയെഴുതുക എന്നാല്‍ സത്യം പറയുക എന്ന് കൂടി അര്‍ത്ഥമുണ്ട്.' - ജോന്‍ ജോര്‍ഡന്‍

സാധ്യതകളുടെ കലയാണ് രാഷ്ട്രീയമെങ്കില്‍ സാഹചര്യങ്ങളുടെ കല എന്നൊന്ന് ഉണ്ടെങ്കില്‍ അത് കവിതയാവും. ജീവിതത്തിന്റെ ഏതു ഘട്ടത്തിലും ഒരു മനുഷ്യന് താദാത്മ്യം പ്രാപിയ്ക്കാന്‍ കഴിയുന്ന ചിലത് കവിത കാത്തുവയ്ക്കുന്നുണ്ട്. ഒരു ശിശുവിന് അത് നിദ്രയിലേക്കുള്ള വഴിയായ താരാട്ട് ആണെങ്കില്‍ ഒരു പുരോഹിതന് ഭക്തിയുടെ സാന്ദ്രതയായ വരിയാണ്. ഒരു കാമുകന് അത് പ്രണയഗീതകമെങ്കില്‍ ഒരു വിപ്ലവകാരിക്ക് ഒടുങ്ങാത്ത ഊര്‍ജ്ജത്തിന്റെ കണികയായ വാക്യങ്ങളാണ്. മറ്റേത് കലയ്ക്കാണ് മനുഷ്യനിമിഷങ്ങളുമായി അത്രയേറെ ഇടകലരാന്‍ ആവുന്നത്, അനുശീലനത്തിന്റെ കടല്‍ ദൂരങ്ങള്‍ അനുവാചക രാജ്യത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് . ശിവപ്രസാദ് എന്ന കവി സാമൂഹികവും , രാഷ്ട്രീയവുമായ പ്രതിബദ്ധതയെയാണ് തന്റെ തൂലിക തുമ്പിന്റെ പ്രഥമ പരിഗണനയായി കാണുന്നത് എന്ന് അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തെ കവിതകളും വായനക്കാരനോട് പറയുന്നു.

കറുത്ത കാലത്തും കവിതകള്‍ ഉണ്ടാവുകയും അത് കറുത്ത കവിതകള്‍ ആവുകയും ചെയ്യുമെന്ന ബ്രഹ്തിന്റെ സങ്കല്പവുമായി ശിവപ്രസാദ് എന്ന കവി ചേര്‍ന്ന് നില്‍ക്കുന്നു. പി. ശിവപ്രസാദ് 'മരിക്കാത്ത കോശങ്ങളുടെ സംഗീതം' എന്ന കവിതാ സമാഹാരത്തെ കവിതകള്‍ ഇതിന് ഉദാഹരണമാണ്.

കണ്ണുകള്‍ മൂടി നിരായുധരായി / മുനപ്പുകളുള്ള കരിങ്കല്‍പ്പാതയിലൂടെ / മനസ്സിന്റെ മൗനപുസ്തകം തുറന്നുപിടിച്ച് / മന്ത്രത്താല്‍ ഭാഷ കെട്ടപ്പെടാത്ത പാദങ്ങളോടെ / കാറ്റില്‍ ചിതറിയ പുരാതനവസ്ത്രവുമായി/ നിര്‍ലജ്ജം ഇതിലെ വരുക

- എന്ന ഈ സമാഹാരത്തിലെ ആദ്യ കവിതയിലൂടെ കവി തന്റെ നയം വ്യക്തമാക്കുന്നു.

കറുത്ത കാലത്ത് കവിയെന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള പ്രകടനപത്രികയാണ് ഈ കവിത.

ഇങ്ങനെ ഒരു സമാഹാരത്തിലെ പിന്നാലെ വരുന്ന കവിതകളുടെ വഴികാട്ടിയായി, വായനക്കാരനോട് ഒരല്പം അഹന്തയോടെ പെരുമാറുന്ന ആദ്യ കവിത വായിച്ച അനുഭവം നന്നേ കുറവുള്ള ഒരാളാണ് ഇതെഴുതുന്നത് എന്ന് പറയട്ടെ.

ഇരുവട്ടം നായകനെപ്പറ്റി / അവന്റെ ഖരഭാഷയുടെ ഗരിമയെപ്പറ്റി/ ഓണത്തെ, പെരുന്നാളിനെ, മലകയറ്റത്തെ/ പൂക്കളെ, പുണ്യശരീരരെ, പ്രണയത്തെ/ മറവിയെ, മഞ്ഞുവീഴ്ചയെ, മരണത്തെ / തീപ്പെട്ട രാജാവിനെ, തീര്‍ത്ഥാടനത്തെ / അന്യഗ്രഹ സഞ്ചാരങ്ങളെയൊക്കെപ്പറ്റി..വായിക്കാന്‍ കാത്തു നില്‍ക്കുന്ന ഒരു വായനക്കാരനെ സന്തോഷപൂര്‍വം തന്റെ ആദ്യ കവിതയിലൂടെ തന്നെ കവി മടക്കിയയക്കുന്നു.

എന്നാല്‍ മറ്റൊരു കവിതയായ ' കവിയല്ലാത്ത ഒരാള്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നത്' മറ്റൊരു തരത്തിലുള്ള ഇടപെടലാണ് നടത്തുന്നത്. ഒരാള്‍, മണ്ണുമനുഷ്യന്‍ എങ്ങനെയാണ് സ്വയം കവിതയായി വിവര്‍ത്തനം ചെയ്യപ്പെടുന്നതെങ്ങനെയെന്ന് പ്രതിപാദിക്കുന്നു. അയാള്‍ തന്റെ കാലുകളെ മണ്ണോടു ചേര്‍ത്ത് ഒരു മരമായി പരിണമിക്കുന്നു. ചലിക്കാത്ത ,അനക്കമറ്റ അയാള്‍ കാറ്റിന് ചീകാനായി നില്‍ക്കുന്നു. വെയിലിന്റെ അടുപ്പില്‍ തിളയ്ക്കുന്ന അയാള്‍ മഴയെ ആകാശത്തിന്റെ സ്വരജതിയായി ആസ്വദിക്കുന്നു.

അപ്പോള്‍ -

പൊഴിയുന്ന ഇലയോരോന്നും / മോക്ഷത്തിന്റെ കവിതയാകും.

തളിര്‍ക്കുന്ന ഇലയോരോന്നും / ജീവിതപ്രണയത്തിന്റെ ജലതരംഗമാകും.

കിളിര്‍ക്കുന്ന വിത്തോരോന്നും / ശലഭസംഗീതത്തിന്റെ പൂമ്പൊടിയാകും.

സ്വന്തം പ്രവര്‍ത്തികളും ചിന്തയും വാക്കുകളും കൊണ്ട് ജീവിതം ഒരാളെ കവിയെന്നു വിളിക്കുന്നതിന്റെ തുടക്കമാണത്.

വാക്കുകളുടെ നാനാര്‍ത്ഥങ്ങള്‍

പൂത്തും കൊഴിഞ്ഞും തുടരുന്ന

ജീവിതമെന്ന രൂപകം ക്രമത്തില്‍ അയാളെ

'കവി' എന്ന് വാത്സല്യപൂര്‍വ്വം നൊന്തു വിളിക്കും

കവിയും കവിതയും ഒരാളാവുന്ന രാസവിദ്യ. ഈ വരികളിലൂടെ ശിവപ്രസാദ് എന്ന കവിയെ വായനക്കാരന്‍ നൊന്തല്ലാ അതീവ പ്രണയപൂര്‍വ്വം കവിയെന്ന് വിളിക്കേണ്ടി വരുന്നു.

ഈ കവിത കവി വീരാന്‍ കുട്ടിയ്ക്ക് സമര്‍പ്പിച്ചതാണ്.

കവിതയുടെ രണ്ടു ധ്രുവങ്ങളെ, ജാഗ്രത്തിന്റെയും ധ്യാനത്തിന്റെയും അടരുകളെയാണ് ഈ രണ്ടു കവിതകള്‍ പരിചയപ്പെടുത്തുന്നത്.

ശിവപ്രസാദിന്റെ രണ്ടാമത്തെ കവിതാസമാഹാരമാണ് ഈ പുസ്തകം. മരിക്കാത്ത കോശങ്ങളുടെ സംഗീതം എന്ന സമാഹാരത്തിന്റെ പേര് തന്നെയായ കവിതയും ഒരു രാഷ്ട്രീയ കവിതയാണ്.

കോശങ്ങളില്‍ മുഴുവന്‍ രാഷ്ട്രീയജാഗ്രത നിറഞ്ഞ ഒരു മനുഷ്യന്റെ ജനാധിപത്യ ബോധത്തിന്റെ അടയാളമായി വായിക്കേണ്ട കവിതയാണ് മരിക്കാത്ത കോശങ്ങളുടെ സംഗീതം.വീണ്ടും ചിന്തിപ്പിക്കാന്‍ പോവുന്ന ചില പ്രയോഗങ്ങള്‍ / അലങ്കാരങ്ങള്‍ ഈ കവിതയുടെ ഭാഗമാണ്.

തിരയടങ്ങിയ ചാവുകടലില്‍ / നീയിപ്പോള്‍ നടക്കാനിറങ്ങും,

വായു ജനിച്ചിട്ടില്ലാത്ത ആകാശത്തില്‍ / നീയിപ്പോള്‍ യൂറി ഗഗാറിനാകും.

ഉടഞ്ഞുവീണ സോയൂസില്‍ ചിതറും / സ്വച്ഛകളുടെ പെരുങ്കണ്ണാടികള്‍.

ഗോതമ്പ് മൂത്ത കര്‍ണാലിലെ പാടങ്ങളില്‍ / നീയിപ്പോള്‍ കല്പന ചാവ്‌ലയാകും.

വിമാനങ്ങള്‍ വരച്ചു വരച്ച് വീടാകെ / ഉരുക്കുയന്ത്രങ്ങളുടെ പൂന്തോട്ടമാക്കും.

സ്വപ്നങ്ങളില്‍ പറക്കാന്‍ കൊതിച്ച് / പുഷ്പകത്തില്‍ ഒരുനാള്‍ കുതിച്ചുയരും.

- കവിതയുടെ ഈ വരികള്‍ വായിച്ചു തുടങ്ങുന്ന ഒരാള്‍ ഒരു പ്രണയ കവിതയെയാവും പ്രതീക്ഷിക്കുക. എന്നാല്‍ മധ്യഭാഗം പിന്നിടുന്ന കവിത തീരെ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക്, വ്യോമപാതയില്‍ കാറ്റിന്റെ ചതിയിലേക്ക് വീണ വിമാനം എന്നത് പോലെ വായനക്കാരനില്‍ അപ്രതീക്ഷിതമായ ഒരു ആഘാതം ഏല്‍പ്പിക്കുകയാണ്.

- മരിക്കാത്ത കോശങ്ങളുടെ സംഗീതം / ഏകാന്തമായ ആലാപനത്താല്‍

തീമഴ പോലെ പെയ്തിറങ്ങും .

അപ്പോള്‍....../ വ്യാളീമുഖമുള്ള സിംഹാസനങ്ങളുടെ / മൂലക്കല്ലുകള്‍ ഒന്നാകെ ഇളകും.

മനുഷ്യന്റെ ആത്മബോധത്തിലെ / പുലരിവെട്ടത്തിനപ്പുറം കതിരിടുന്ന

യാതൊന്നുമില്ലെന്ന് തിരിച്ചറിവുണ്ടാകും.

അപ്പോഴും നീ... പ്രതിജ്ഞയോടെ, / ജനാധിപത്യവേദത്തിന്റെ കാവലായി /

യന്ത്രജീവിതത്തിന്റെ പല്‍ച്ചക്രങ്ങളില്‍ / സ്വയം അരഞ്ഞുകൊണ്ടെങ്കിലും...

ഉലയിലെ ചുട്ടുപഴുത്ത ഇരുമ്പ്തുണ്ടിനെ/ ആവര്‍ത്തിച്ച് പ്രഹരിച്ചുകൊണ്ടേയിരിക്കും.

- ഒരു പക്ഷെ മറ്റേത് കാലത്തേക്കാളും ഏറെയായി ഒരു തലമുറ ജനാധിപത്യത്തെ പ്രണയിക്കുകയും സ്വാതന്ത്ര്യവും മനുഷ്യത്വവും സമഭാവനയും പുലരുന്ന ദിനങ്ങള്‍ തുടരുമെന്നു വെറുതെ ആശിക്കുകയും ചെയ്യുന്ന ഒരു കാലത്ത് ഈ കവിത, ഇതിന്റെ വരികള്‍ പ്രസക്തമാവുകയാണ്. തനിക്കു ചുറ്റുമുള്ളതെല്ലാം, ഭൂപടാതിര്‍ത്തികളില്ലാതെ, കലയും സാഹിത്യവും, സംഗീതവും നൃത്തവും ഒക്കെ മനുഷ്യനും അവന്റെ ജനാധിപത്യ ചിന്തകളുമായി ഒരു കവിക്ക് /എഴുത്തുകാരന് എങ്ങനെ വിളക്കിച്ചേര്‍ക്കാനാവുമെന്നതിന്റെ ഒരു മികച്ച ഉദാഹരണം കൂടിയാണ് ഈ കവിത.

ഒരു സാഹിത്യ സൃഷ്ടിയെ വാഹനത്തോട് ഉപമിച്ചാല്‍ ആ വാഹനത്തിന്റെ നിര്‍മ്മിതി ഭാവനയും ആ ഭാവനയോടു ചേര്‍ന്ന ആശയവും കൊണ്ടാണെങ്കില്‍ അതിനു കൃത്യമായ സഞ്ചാരം സാധ്യമാക്കുന്ന ഇന്ധനം ഭാഷയാവും. നിരന്തരം തേച്ചു മിനുക്കപ്പെട്ട തന്റെ ഭാഷയുടെ വ്യതിരിക്തതയാണ് ഒരു എഴുത്തുകാരന്റെ സ്വത്വം. രാഷ്ട്രീയമായ ജാഗ്രത, സമഭാവന , ചരിത്രപരമായ സത്യസന്ധത, തുടങ്ങിയ സ്വഭാവവിശേഷങ്ങളുടെ പ്രത്യക്ഷ പ്രകടനത്തിലൂടെ എഴുത്തില്‍ തന്റെ സ്വത്വം വെളിവാക്കുന്ന ഓരോ എഴുത്തുകാരനും. തന്റെ കവിതകളിലെ ഭാഷാസൂക്ഷ്മതയും സ്വത്വബോധത്തിന്റെ അടയാളങ്ങളുമാണ് ശിവപ്രസാദിന്റെ കവിതകളെ വേറിട്ടതാക്കുന്നത്. സ്ഫുടം ചെയ്ത വാക്കുകളുടെ ഒരു ഖനിയുടെ ഉടമയാണ് ഈ കവി എന്ന് പറയാതെ വയ്യ. കൃത്യതയോടെ പ്രയോഗങ്ങളാല്‍ സമ്പന്നമാണ് പല കവിതകളൂം. ചാരം ,മൗനബുദ്ധന്‍ തുടങ്ങി പല കവിതകളും ഇതിനു ഉദാഹരണമാണ്.

മൗനബുദ്ധന്‍ ഇടത് പക്ഷ കവിതയാണ്. ഹൃദയപക്ഷത്ത് നില്‍ക്കുന്ന, ഭാഷ കൈമോശം വന്ന ഒരു ജനതയുടെ വിലാപം കൂടിയാണ് അത്. ദ്രാവിഡീയവും തദ്ദേശീയവുമായ ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കവിത. ഒരൊറ്റ ജനത, ഒരൊറ്റ ഭാഷ എന്ന് പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ സര്‍വാധിപത്യ മേല്‍ക്കോയ്മ അപടകരമാവും വിധം അധീശത്വം നേടാന്‍ ഒരുങ്ങുന്ന ഒരു കാലഘട്ടത്തില്‍ എവിടെയും എനിക്ക് ഒരു വീടുണ്ട് എന്നെഴുതിയ ഓ.എന്‍ വിയുടെ ഓര്‍മ്മ ഈ കവിതയുടെ വരികളില്‍ ഉണ്ട്. ചരിത്രവും ഓര്‍മ്മയും ഇല്ലാതാവുന്ന ഒരു ജനതയോട് -

ഭാഷയുടെ ഭൂപടം കടലെടുക്കുമ്പോള്‍

നിനക്ക് കരയാന്‍

ഏത് വാക്കാണ് കൂട്ടുള്ളത്?

എന്ന് കവി ചോദിക്കുന്നു.

പ്രിയ വായനക്കാരാ, ഏതു വാക്കാണ് നിന്റെ അവസാനത്തെ കരച്ചിലില്‍ ബാക്കിയാവുക?

ശിവപ്രസാദിന്റെ രാഷ്ട്രീയ കവിതകള്‍ പലപ്പോഴും ഉത്തരാധുനിക കവിതയുടെ ദര്‍ശനങ്ങളെയും സ്വഭാവങ്ങളെയും പിന്തുടരുന്നവയാണ്. സാമൂഹികമായ തന്റെ പ്രതിബദ്ധതയെ നേരിട്ട് വായനക്കാരനോട് പറയുന്ന ഒരു ശൈലി ഇത്തരത്തിലുള്ള കവിതകളില്‍ ആവര്‍ത്തിച്ചു കാണാനാകും. പുതിയ കാലത്ത് കവികള്‍ പിന്തുടരുന്ന അലിഗറികളുടെ സാധ്യതകളെ ഉപയോഗിക്കാന്‍ ഈ കവി വിമുഖത കാട്ടുന്നതായി തോന്നുന്നു. അത് ഈ കവിതകളുടെ ഒരു ന്യൂനതയായി അനുഭവപ്പെടുന്നു. ഒരേ സാമ്യം കൃത്യമായ വൃത്തത്തിലും താളനിബദ്ധവുമായ കവിതകളൂം പൂര്‍ണ്ണമായ ഗദ്യ കവിതകളൂം എഴുതാനുള്ള കവിയുടെ ശ്രമത്തിന്റെ അടയാളങ്ങള്‍ ഈ കവിതകളില്‍ ഉണ്ട്. പുതുകവിത ഗദ്യ സ്വഭാവമുള്ള ഹൃസ്വാഖ്യാനകങ്ങളുടേതാണ്. എന്നാല്‍ സ്വാഭാവികമായ ഒരു താളം ആ ഗദ്യകവി തകളില്‍ കാണാനാവും. ജീവിതത്തിന്റെ റിഥം ആണ് പ്രത്യക്ഷമല്ലാത്തതും മാധുര്യമില്ലാത്തതുമായ ഈ കവിതകളുടെ താളവും. ഈ സമാഹാരത്തിലെ ഗദ്യ കവിതകളില്‍ അത്തരത്തിലുള്ള ഒരു താളത്തിന്റെ സാധ്യതകള്‍ വളരെ കുറവായി അനുഭവപ്പെടുന്നു. പല കവിതകളും വര്‍ത്തമാന കാല രാഷ്ട്രീയസംഭവങ്ങളുടെ പ്രതികരണം എന്നോണം എഴുതപ്പെട്ടതാണ്. വിഷയത്തോടു പ്രത്യക്ഷമായി സംവദിക്കുന്ന ഈ കവിതകളുടെ ഭാവി നിലനില്‍പ്പ് ഒരു പക്ഷെ കുറഞ്ഞു പോയേക്കാം. അത്തരം സംഭവങ്ങളെ, സ്ഥലങ്ങളോടും ജനതയോടും ചേര്‍ത്ത് എഴുതുന്നതില്‍ ഉപരി ഫലപ്രദമായ ബിംബങ്ങളുടെ ഉപയോഗത്തോടെ എഴുതുന്നത് സ്ഥലത്തിനും കാലത്തിനും ഉപരിയായ ഒരു നിലനില്‍പ്പ് ഈ കവിതകളില്‍ പലതിനും ഉണ്ടായേനെ എന്ന് ചിന്തിക്കുന്നു. തീവ്ര വലത് വശത്തുകൂടി ഓടിക്കൊണ്ടിരിക്കുന്ന ലോകം അനുഭവിയ്ക്കുന്നത് ഒരേ രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളാണല്ലോ.

ചരിത്രത്തോടുള്ള ആഭിമുഖ്യം കൊണ്ട് എഴുത്തിന്റെ പുതുക്കപ്പെടലിന്റെ അഭാവത്തെ മറികടക്കാന്‍ ഈ കവിക്ക് കഴിയുന്നുണ്ട്. പുരോചനന്‍ എന്ന കവിത, പുരോചനന്‍ എന്ന മഹാഭാരത കഥാപാത്രത്തിന്റെ വര്‍ത്തമാനകാല പ്രസക്തിയെ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നുണ്ട്. ഇവിടെ പുരോചനന്‍ എന്ന അധികാരമാണ്. അരക്കില്ലത്തിലേക്ക് നയിക്കപ്പെടുന്നത് രാഷ്ട്രീയ ജാഗ്രതയില്ലാത്ത മധ്യവര്‍ഗ്ഗ ഉപഭോക്താക്കളാണ്. അവര്‍ മതപരമായ വിഘടനത്തില്‍ സന്തോഷിക്കുകയും ഭക്തിയുടെ കറുപ്പില്‍ മയങ്ങുകയും ചെയ്തിരിക്കുന്നു.

കുരുജനാധിപത്യ സ്മാര്‍ട്ട്‌ഫോണില്‍ /

വിദേശ ആപ്പിലേക്ക് കയറി / ഇന്നത്തെ സ്പെഷ്യല്‍ പിസ /

എനിക്കും അവള്‍ക്കും വെജ് / മക്കള്‍ക്കെല്ലാം ബീഫും...

നാല് സെറ്റ് ഓര്‍ഡര്‍ ചെയ്ത് / ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടു.

സ്വന്തം ഫോണിന്റെ റിങ് ടോണ്‍ പോലും ഭക്തിഗീതങ്ങളും വിഭജന മന്ത്രങ്ങളുമാക്കിയ, ഓര്‍മ്മകളില്‍ നിന്നും വിഘടിച്ചു, ലോകാ സമസ്താ സുഖിനോ ഭവന്തു എന്നത് തങ്ങള്‍ക്ക് മാത്രം സുഖം വരുന്നതിനുള്ള ഒരു പ്രാര്‍ത്ഥനയാണെന്ന് കരുതുന്ന ഒരു സമൂഹത്തെ കാത്തിരിക്കുന്നത് അരക്കില്ലത്തിലേക്കുള്ള പുരോചനന്റെ ക്ഷണമാണെന്നു കവിത പറയുന്നു.

- പെട്ടെന്ന് ഫോണ്‍ ബെല്ലടിക്കയായി/ പരിചിതമേതോ നമ്പറില്‍നിന്ന്...!/ 'ഓര്‍മ്മയുണ്ടാകുമോ, / മഹാത്മന്‍... / പുരാതനന്‍ ഞാന്‍, പുരോചനന്‍./

അങ്ങേയ്ക്കും കുടുംബത്തിനും / വാരണാവതത്തിലേക്ക് സ്വാഗതം.'

വര്‍ത്തമാനകാലം ലോകം, പ്രത്യേകിച്ചും ഭാരതം ഒരു വാരണാവതനിര്‍മ്മിതിയുടെ ഘട്ടത്തിലാണെന്ന് ഈ കവിത ഓര്‍മ്മിപ്പിക്കുന്നു.

അതീവ പ്രതികരണരീതിയതും പ്രതിബദ്ധതാപ്രസക്തിയും തന്റെ എഴുത്തുപകരണങ്ങള്‍ ആയി ഉപയോഗിക്കുമ്പോഴും ഓര്‍മ്മ, പിന്നിട്ട കാലം, സമകാലീനര്‍ - ഒന്നും തന്റെ വിസ്മരിക്കാത്ത കവി ഈ സമാഹാരത്തിലെ ചിലകവിതകള്‍ മറ്റു കവികള്‍ക്ക് സമര്‍പ്പിക്കുന്നുണ്ട്. കവികള്‍ ഒരു കുലമാണെന്നും ആ കുലം പാലിക്കേണ്ട ചില ചിട്ടകള്‍ ഉണ്ടെന്നും ആദ്യ കവിതയില്‍ വ്യക്തമാക്കിയത് പോലെ, ജലരാശിയില്‍ കാലം എന്ന കവിതയില്‍ തന്റെ നെറുകയില്‍ തൊടുന്ന കാറ്റില്‍ അച്ഛന്റെ സ്വരം തിരിച്ചറിയുന്നു.

വസ്ത്രം എന്ന കവിത ഒരു സ്ത്രീപക്ഷ രചനയാണ്. അഞ്ചു പുരുഷസിംഹങ്ങളും /

വസ്ത്രവ്യാപാരികളായതില്‍ / ഞാന്‍ വിവസ്ത്ര. / ഉടുപുടവയ്ക്ക് കിട്ടുന്ന പ്രിയം

ഉടുക്കാപ്പുടവയ്ക്കില്ല. എന്ന് കവിത ആരംഭിക്കുന്നു. ആദ്യത്തെ സ്ത്രീ പീഡനം മഹാഭാരത കഥയിലാവണം. രാവണന്‍ സീതയെ തൊട്ട് അശുദ്ധയാക്കിയെന്നു രാമായണം പറയുന്നില്ല. ആധുനിക മഹാഭാരതം സ്ത്രീയ്ക്ക് സ്വന്തം വീട്ടില്‍ പോലും സുരക്ഷിതമല്ലാത്ത ഒരിടമാണ്. സുരക്ഷയ്ക്ക് കോടിക്കണക്ക് ഫണ്ട് വിനിയോഗിക്കുന്ന രാജ്യത്ത്, പങ്കുവയ്ക്കാനും ലേലം വിളിക്കാനുമുള്ള വിപണീമൂല്യമുള്ള വസ്തു മാത്രമായി സ്ത്രീ മാറിയിരിക്കുന്നു. പിതാവിനെയും മക്കളെ തന്നെയും ഭയക്കേണ്ടി വരുന്ന സ്ത്രീയ്ക്ക് ചുറ്റുമുള്ളതെല്ലാം കീചകന്മാരാണ്.

ശിവപ്രസാദിന്റെ പല കവിതകളിലും പ്രകൃതി ഒരു വിഷയമാണ്. ഓര്‍മ്മകളുടെ തടാകം എന്ന കവിത ശാസ്താംകോട്ട കായലിന്റെ ഓര്‍മ്മയെ പറ്റിയാണ്. 'മണലൂറ്റും മറുതകളേ, മല തോണ്ടും പരിഷകളേ / ചുടലത്തീ പിടികൂടും നിങ്ങളെയെല്ലാം. / മണ്ണിത് പാഴ്മരുഭൂവായ്ത്തീരും മുമ്പേ / മരണക്കളി വിളയാട്ടം നിര്‍ത്തൂ നിങ്ങള്‍..!' എന്ന് കവിത മുന്നറിയിപ്പ് കൊടുത്തത് അനുഭവത്തിലൂടെ വാസ്തവമായി അനുഭവിച്ച ഒരു ജനതയ്ക്ക് ഇപ്പോള്‍ കൂടുതല്‍ ഈ കവിത ഹൃദയത്തോട് ചേര്‍ക്കാനാവും എന്ന് തോന്നുന്നു.

ജാഗ്രതയുടെ അടയാളങ്ങളാണ് ഈ സമാഹാരത്തിലെ കവിതകള്‍. കവിത എന്ന സാഹിത്യരൂപം രാഷ്ട്രീയ ജാഗ്രതയ്ക്കും മാനവികതയുടെ നിലനില്‍പ്പിനും വേണ്ടിയുള്ള ഒരു ആയുധമായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ കവിതകള്‍ .

കടലെടുത്തു പോയ ഭാഷകളുടെ ഭൂപടങ്ങളില്‍ മറ്റൊരു തീരത്ത് കവിതകളുടെ എക്കലുകളായി തിരികെയെത്തുന്നുണ്ടാകുമെന്ന പ്രത്യാശ ഈ കവിതകളുടെ വായന പങ്കു വയ്ക്കുന്നുണ്ട്. കവി ഒരു കുടിയേറ്റക്കാരനായായിരിക്കുമ്പോഴും കുടിയേറ്റജീവിതത്തെ പറ്റിയല്ല, നേരെ മറിച്ച് വിശാലമായ ലോകത്തിന്റെ കാഴ്ചകളെ പറ്റിയാണ് ഈ കവിക്ക് പറയാനുള്ളത്. അയാളുടെ കവിതകളിലെ രാഷ്ട്രീയം ചുറ്റുമുള്ള അതിരുകളില്ലാത്ത ലോകത്തിന്റെ രാഷ്ട്രീയമാണ്.

ഒരാള്‍ ജീവിക്കുന്നു എന്നതിന്റെ അടയാളം അയാള്‍ ജീവിക്കുന്ന കാലത്തെ രാഷ്ട്രീയവുമായി അയാള്‍ എത്രത്തോളം ഇടപഴകുന്നു എന്നതാണ് എന്നതാണെന്ന യഹൂദ അമിചൈയുടെ നിരീക്ഷണവുമായി ചേര്‍ന്ന് പോവുന്നതാണ് ഈ സമാഹാരത്തിലെ കവിത എന്ന മാധ്യമത്തിലൂടെയുള്ള ശിവപ്രസാദിന്റെ രാഷ്ട്രീയ ഇടപെടലുകള്‍.

ആ ഇടപെടലുകള്‍ പങ്കുവയ്ക്കാനുള്ള ഭാഷ മലയാളമാണ്. ആ ഭാഷയുടെ ഏറ്റവും മികച്ച പ്രയോഗമാണ് ഈ കവിതകളുടെ രാഷ്ട്രീയേതര പ്രത്യേകതയും


Next Story

Related Stories