TopTop
Begin typing your search above and press return to search.

ആര്‍ത്തവം 'ഒരു കുഞ്ഞ് മുറിവ്', 'എഴുത്ത് എന്റെ തിരഞ്ഞെടുപ്പ്', കവിതയിലും വരയിലും അതിജീവിച്ച് പത്താം ക്ലാസ്സുകാരി നന്ദിത-വനിതാ ദിന സ്പെഷ്യല്‍ (വീഡിയോ)

'ആര്‍ത്തവത്താല്‍ ഞാന്‍ അശുദ്ധയാണെന്ന് പറഞ്ഞപ്പോഴെല്ലാം,
നിന്നോടെനിക്ക് തീര്‍ത്തും പുച്ഛമായിരുന്നു.
ഒരു കുഞ്ഞു മുറിവിനെ ഭയക്കുന്ന നീ
ഏഴുദിനം തുടര്‍ച്ചയായി രക്തം ചിന്തുന്ന
ഞാനെന്ന സര്‍പ്പത്തെ അത്രയും ഭയക്കണം.'

എഴുതാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് നന്ദിത കൂടുതലായും കവിതയിലേക്ക് എത്തിച്ചേരുന്നത്. ഹൃദയത്തിലെ മുറിവായി മാറിയ വാളയാറിലെ പെണ്‍കുട്ടികളുടെ മരണം, ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീയെ അശുദ്ധയാക്കപ്പെടുന്നവര്‍ എന്നിങ്ങനെ സ്ത്രീകളുടെ വേദനകളെന്തും നന്ദിതയെ കവിതയിലേക്കെത്തിച്ചു. നിയമ വ്യവസ്ഥിതിക്കുപോലും തുല്യതയോടെ കാണാന്‍ കഴിയാത്ത സ്ത്രീ ജീവിതത്തിലേക്ക് നന്ദിത അക്ഷരങ്ങളിലൂടെ കടന്നുചെന്നു. തിരുവനന്തപുരം പനവൂര്‍ പിഎച്ച്എം കെഎംവിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ നന്ദിതയ്ക്ക് കവിതകളും, ചിത്രങ്ങളും അതിജീവനവും പ്രതിരോധവുമാണ്.

"എനിക്കു തോന്നുന്നതാണ് ഞാന്‍ എഴുതുന്നത്. എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് എഴുത്തും വരയും" നന്ദിത പറയുന്നു.

എട്ട് വയസുള്ളപ്പോള്‍ ആഡം വൈറസ് നന്ദിതയുടെ നട്ടെല്ലിനെ ബാധിച്ചു. 2012 സെപ്റ്റംബര്‍ മാസത്തിലെ പ്രഭാതങ്ങളിലൊന്നില്‍ ശരീരത്തിനനുഭവപ്പെട്ട വേദന മകള്‍ കളിയായി പറയുന്നതായിരിക്കുമെന്നാണ് നന്ദിതയുടെ അമ്മ ബിന്ദു കരുതിയത്. എന്നാല്‍ അത് ലക്ഷങ്ങളില്‍ ഒരാള്‍ക്ക് വരുന്ന പോളിയോ രോഗത്തിന്റെ വകഭേദമായ രോഗമാണെന്ന് തിരിച്ചറിഞ്ഞ ദിവസം ആ അമ്മയ്ക്ക് ഇന്നും നിറകണ്ണുകളോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയുകയില്ല.

എന്നാല്‍ ആ അവസ്ഥയില്‍ തളര്‍ന്നുപോവാന്‍ ആ കുടുംബം ഒരുക്കമല്ലായിരുന്നു. വെന്റിലേറ്ററില്‍നിന്ന് ഒരുകൂട്ടം ഡോക്ടര്‍മാരുടെ പരിശ്രമത്താല്‍ നന്ദിത ജീവിതത്തിലേക്ക് തിരികെയെത്തി.
വീല്‍ചെയറിലാണ് പിന്നീട് നന്ദിത സ്‌കൂളില്‍ പോയത്. വലതു കൈയ്ക്ക് സ്വാധീനശേഷി കുറഞ്ഞതിനാല്‍ നന്ദിത ഇടതു കൈകൊണ്ട് എഴുതാന്‍ പഠിച്ചു. വലത് കൈവിരലിനാല്‍ പേപ്പറുകള്‍ മടിത്തട്ടില്‍ ചേര്‍ത്തുവെച്ച് ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി.

രാത്രി ചിലപ്പോള്‍ വൈകിയാലും നന്ദിത ഉറങ്ങാന്‍ കൂട്ടാക്കുകയില്ല അവള്‍ ഒരു ചിത്രമോ കവിതയോ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാവും. ഓരോ വാര്‍ത്തകള്‍ വായിക്കുമ്പോഴും പലതും കേള്‍ക്കുമ്പോഴുമൊക്കെ തനിക്കുണ്ടാവുന്ന അസ്വസ്ഥതകളെ കുറക്കുവാനാണ് എഴുതുന്നത്.

"ഞങ്ങള്‍ക്ക് പി ടി പിരിയഡ് വ്യാഴാഴ്ചയാണ്. അപ്പോ എല്ലാവരും കളിക്കാന്‍ പോകും. ക്ലാസില്‍ ഞാന്‍ മാത്രമാകും. അപ്പോഴാണ് പലതും കുത്തിക്കുറിക്കുന്നത്." നന്ദിത പറയുന്നു.

ഇംഗ്ലീഷിലും മലയാളത്തിലും നന്ദിത എഴുതിക്കൊണ്ടേയിരിക്കുന്നു. നിശബ്ദയായിരിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ലോകത്തോട് വിളിച്ചുപറയാനുള്ളതെല്ലാം അവള്‍ കവിതകളാക്കുന്നു. സ്വപ്‌നങ്ങളെല്ലാം ചിത്രങ്ങളും. എഴുത്ത് തന്റെ തിരഞ്ഞെടുപ്പാണെന്നും പോരാട്ടമാണെന്നും നന്ദിത പറയുന്നു. എഴുതുന്നതിനൊപ്പം ജീവിതത്തിന്റെ അതിജീവന സാധ്യതകളെ അതിലൂടെ കണ്ടെത്തുക കൂടിയാണ് നന്ദിത.

ആര്‍ത്തവം എന്ന കവിതയില്‍ നന്ദിത ഇങ്ങനെ എഴുതുന്നു.

' സ്വന്തം ജീവനുവേണ്ടി കെഞ്ചുന്നൊരീ നിമിഷം ഞാന്‍ പറയട്ടെ-
തലോടിയ കൈകൊണ്ടുതന്നെ തലയെടുക്കാന്‍ ഞാന്‍ പഠിച്ചിരുന്നു.'

ഒപ്പമുള്ള കുഞ്ഞുങ്ങളെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മനുഷ്യര്‍ മാറുമ്പോള്‍ നന്ദിതയുടെ കവിതകള്‍ മൂര്‍ച്ചയോടെ അതിനെതിരെ ശബ്ദിക്കുകയാണ്. ഇരുട്ടിനെതിരെ കത്തിച്ചുവെക്കാനുള്ള പ്രകാശത്തിന്റെ ഒരു കിരണമായി മാറുകയാണ് ഈ കവിതകള്‍.

"അമ്മയാണ് എന്റെ ബിഗ്ഗെസ്റ്റ് ഇന്‍സ്പിരേഷന്‍, അത്രയ്ക്ക് തകരുന്നെങ്കില്‍ മാത്രമേ ആള് കരയുകയുള്ളൂ. എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട് എന്നുള്ള രീതിയിലാണ് അമ്മ ജീവിക്കുന്നത്." നന്ദിത പറയുന്നു.

അവള്‍ എന്ന കവിതയില്‍ നന്ദിത ഇങ്ങനെ എഴുതുന്നു.

'അവളുടെ കുരുന്നിളം കണ്ണിലെ വെളിച്ചം മാഞ്ഞുപോയി.
പുഞ്ചിരികള്‍ കണ്ണീര്‍ത്തുള്ളികളായി,
ഇന്നവള്‍ ഒരു യുവതിയല്ലോ,
എല്ലാം അറിയുന്ന പാവയല്ലോ? '

കുടുംബത്തിലും സമൂഹത്തിലും സ്ത്രീ എത്തരത്തില്‍ അടിമപ്പെടുന്നു. എന്തെല്ലാം വേദനകള്‍ അനുഭവിക്കുന്നു എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വരികളാണിത്. പെണ്ണിനെ പാവയാക്കി തീര്‍ക്കാനുള്ള സമൂഹത്തിനോടാണ് ഇത്തരം കവിതകളിലൂടെ നന്ദിത പോരാടുന്നത്. ഈ പോരാട്ടം നന്ദിതയുടെ മകള്‍ എന്ന കവിതയിലും കാണാന്‍ കഴിയും.

'മകളെ നീ എവിടേക്ക് മറഞ്ഞു,
നിനക്കായി ഞാന്‍ പാവകളെ വാങ്ങി കാത്തിരിക്കുന്നു.'

സ്ത്രീ ജീവിതത്തിന്റെ വേദനകളെ പകര്‍ത്തുന്നതിനൊപ്പം സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളെ ചോദ്യം ചെയ്യുന്ന കവിതകളും നന്ദിത എഴുതുന്നു.

കറുപ്പ് എന്ന കവിതയിലെ വരികള്‍ ഇങ്ങനെയാണ്,

' ഏഴ് വര്‍ണ്ണങ്ങളും ചാലിച്ച നിറമല്ലേ നീ,
എന്നിട്ടുമെന്തേ നീ അശുഭത്തിന്‍ നിറമായി,
എന്തിന് നിന്നെ മരണത്തിന്‍ നിറമായി കാണുന്നു.'

"കാനഡയില്‍ പോയി പീഡിയാട്രിക് ന്യൂറോളജി പഠിച്ചു ഡോക്ടറാകണം, കലയിലും എന്റെ അസുഖത്തെ കുറിച്ചുമൊക്കെ റിസെര്‍ച്ച് നടത്തണം." നന്ദിത പറഞ്ഞു നിര്‍ത്തുന്നില്ല, അവള്‍ വീണ്ടും ഞങ്ങള്‍ക്ക് വേണ്ടി കവിത ചൊല്ലി.

"ഇറ്റ്സ് മൈ ചോയിസ് സിറ്റ് ഹീയര്‍ ആന്‍ഡ് റൈറ്റ് ദിസ് പോയം
ഇറ്റ്സ് മൈ ചോയിസ് ടു ലെറ്റ്സ് ഗോ പാസ്റ്റ് ആന്‍ഡ് ലീവ് ദ പ്രെസന്‍റ്"


ആര്‍ഷ കബനി

ആര്‍ഷ കബനി

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ്

Next Story

Related Stories