TopTop
Begin typing your search above and press return to search.

തക്കിയുദ്ദീന്‍ വാഹീദ് : ആകാശത്തിന് വേണ്ടി നടത്തിയ യുദ്ധങ്ങള്‍

തക്കിയുദ്ദീന്‍ വാഹീദ് : ആകാശത്തിന് വേണ്ടി നടത്തിയ യുദ്ധങ്ങള്‍

രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിമാന കമ്ബനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്‍്റെ സ്ഥാപകനായ തഖിയുദ്ദീന്‍ വാഹദിനെ കൊലപ്പെടുത്തിയ കേസില്‍ കാല്‍നൂറ്റാണ്ടിന് ശേഷം അറസ്റ്റ് നടന്നിരിക്കുന്നു. കേസില്‍ മുഖ്യപ്രതി ഇജാദ് ലക്ഡാവാല കഴിഞ്ഞ ദിവസം പാറ്റ്നയില്‍ അറസ്റ്റിലായതോടെ ദുരൂഹമായ കൊലപാതക കേസില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നുവെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.

തക്കിയുദ്ദീന്‍ വാഹിദിന്‍്റെ വളര്‍ച്ചയും അദ്ദേഹത്തിന്‍്റെ കമ്ബനി നേരിട്ട ആരോപണങ്ങളും പലതാണ്. അധികാരത്തിന്‍്റെ ഇടനാഴികളില്‍ വലിയ സ്വാധീനമുണ്ടായിരുന്ന വാഹിദിനെതിരെ അധോലോക ബന്ധങ്ങളും ആരോപിക്കപ്പെട്ടു. ഈസ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്‍്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും വഴികളെക്കുറിച്ചും ജെറ്റ് എയര്‍ലൈന്‍സില്‍നിന്ന് നേരിട്ട് കടുത്ത മല്‍സരങ്ങളുടെയും ഉള്ളുകള്ളികള്‍ വെളിച്ചത്ത കൊണ്ടുവന്ന പുസ്തകമാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിന്‍്റെ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്. തഖിയുദ്ദീന്‍ വാഹിദിനെക്കുറിച്ച്‌ അദ്ദേഹം നടത്തിയ കണ്ടെത്തലുകള്‍ ഉള്‍പ്പെട്ട പുസ്തകത്തിലെ ഭാഗം ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്‍്റെ അവകാശവാദങ്ങള്‍ ജോസി ജോസഫിന്‍്റെ പുസ്തകത്തിലെ കണ്ടെത്തലുകളുമായി യോജിക്കുന്നതുമല്ല.

പുസ്തകത്തിന്‍്റെ മലയാള പരിഭാഷ ആമസോണിന്‍്റെ പ്രസിദ്ധീകരണവിഭാഗം അഴിമുഖവുമായി ചേര്‍ന്ന് ഉടന്‍ പ്രസിദ്ധീകരിക്കും.

'ദൈവമേ, രക്ഷപെട്ടു'. ഒടുവില്‍ ആ ഇരുണ്ട നീല നിറത്തിലുള്ള മെഴ്‌സിഡെസ് ബെന്‍സിന് ജീവന്‍ വച്ചപ്പോള്‍ ഫാറൂഖ് അഹമ്മദ് ബര്‍ക്കത്തലി ആശ്വസിച്ചു. 1995 നവംബര്‍ 13-ലെ ഒരു വൈകുന്നേരമായിരുന്നു അത്. അറേബ്യന്‍ സമുദ്രത്തില്‍ നിന്നുള്ള നനുത്ത കാറ്റ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ ബോംബെയെ തഴുകുന്നുണ്ടായിരുന്നു. ബാന്ദ്രയിലേക്കുള്ള റോഡിനിരുവശവും വിളക്കുകള്‍ പതിയെ കണ്ണു തുറക്കുന്ന സമയവും. നഗരത്തിലെ പുരാതനമായ താമസ സ്ഥലങ്ങളിലൊന്നായ ബാന്ദ്ര ഇപ്പോള്‍ ചലച്ചിത്ര താരങ്ങളുടേയും മറ്റ് സമ്ബന്നരുടേയുമൊക്കെ വാസസ്ഥലമാണ്.

പുതിയതായി ഇറക്കുമതി ചെയ്ത മെഴ്‌സിഡെസ് സ്റ്റാര്‍ട്ടാകാന്‍ മടിച്ചതില്‍ ചെറുപ്പക്കാരനായ ബര്‍ക്കത്തലി അസ്വസ്ഥനായിരുന്നു. കാരണം, തന്റെ ബോസ്, ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ തക്കിയുദ്ദീന്‍ വാഹിദ് ഓഫീസില്‍ നിന്നിറങ്ങുന്ന സമയമാണത്. അപ്പോഴേക്കും ആ വിമാനക്കമ്ബനിയിലെ ഉദ്യോഗസ്ഥര്‍ മറ്റൊരു വാഹനം തയാറാക്കിയിരുന്നു. അവിടെ നിന്ന് താഴേക്ക് ഒരു വളവ് കഴിഞ്ഞ്, ഒരു കിലോമീറ്റര്‍ മാത്രമേയുള്ളൂ തക്കിയുദ്ദീന്റെ വീട്ടിലേക്ക്. അറേബ്യന്‍ സമുദ്രത്തിന് അഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ബഹുനില കെട്ടിടത്തിലെ, നിറയെ കണ്ണാടി ഗ്ലാസുകള്‍ പതിച്ച ഒരു ഡ്യുപ്ലെക്സ് അപ്പാര്‍ട്ട്മെന്റിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഒടുവില്‍ തക്കിയുദ്ദീന്‍, ബര്‍ക്കത്തലിക്കൊപ്പം തന്നെ പുറപ്പെട്ടു.

തിരക്കു പിടിച്ച മറ്റൊരു ദിവസം കൂടി അവസാനിപ്പിച്ച്‌ ഇറങ്ങുകയായിരുന്നു 40-കാരനായ വാഹിദ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്ബനി കൂടുതല്‍ മേഖലകളിലേക്ക് വികസിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു. വിമാനങ്ങള്‍ പാട്ടത്തിന് നല്‍കുന്ന സ്വീഡിഷ് കമ്ബനിയായ കോള്‍ഡിംഗില്‍ (Kolding) നിന്ന് രണ്ട് ബോയിംഗ് 737-400 വിമാനങ്ങള്‍ കൂടി പാട്ടത്തിന് എടുക്കുന്നതു സംബന്ധിച്ച്‌ തന്റെ പൈലറ്റുമാരുമായി നടത്തിയ നീണ്ട ചര്‍ച്ചയായിരുന്നു അന്നത്തെ അവസാനത്തെ യോഗം. വൈകിട്ട് എട്ടു മണിയോടെ ഇളയ സഹോദരനും കമ്ബനിയുടെ ഡയറക്ടര്‍മാരിലൊരാളുമായ ഫൈസലുമായി അന്ന് രണ്ടാം വട്ടം തക്കിയുദ്ദീന്‍ സംസാരിച്ചു. ആ രണ്ടു വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് യൂറോപ്പിലായിരുന്ന ഫൈസല്‍, ഡബ്ലിനിലെ- അവിടെയായിരുന്നു വിമാനം സര്‍വീസ് നടത്താന്‍ ആവശ്യമായ അവസാനവട്ട അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്- വിരസമായ തണുപ്പുകാലം അകറ്റാന്‍ ലണ്ടനില്‍ എത്തിയതായിരുന്നു. വിമാനം എത്താന്‍ വൈകുന്നതില്‍ അസ്വസ്ഥനും അക്ഷമനുമായിരുന്നു ആ അഞ്ചു മിനിറ്റ് നീണ്ട സംസാരത്തില്‍ തക്കിയുദ്ദീന്‍. വിമാനത്തില്‍ നടത്താനുള്ള അവസാനവട്ട ആഡംബര പണികളൊക്കെ പിന്നീടാക്കാമെന്നും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിമാനം ഇന്ത്യയിലെത്തിക്കാനും അദ്ദേഹം ഫൈസലിനോട് നിര്‍ദ്ദേശിച്ചു. 13 കോടിയോളം രൂപ മുന്‍കൂറായി നല്‍കി പാട്ടത്തിനെടുത്ത ആ രണ്ടു വിമാനങ്ങളിലൂടെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് തങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയായിരുന്നു.

ഏകദേശം എട്ടരയോടെ സജീന തന്റെ ഭര്‍ത്താവിനെ വിളിച്ചപ്പോഴും അത്താഴത്തിനു മുമ്ബായി പൈലറ്റുമാരുമായുള്ള യോഗം അവസാനിപ്പിച്ച്‌ താന്‍ വീട്ടിലെത്തുമെന്ന് തക്കിയുദ്ദീന്‍ ഉറപ്പു നല്‍കി. അവരുടെ മക്കള്‍ എട്ടുവയസുകാരന്‍ ഷെഹ്‌നാസും എഴുവയസുകാരന്‍ സാഹിലും അപ്പ വീട്ടിലെത്താനായി കാത്തിരിക്കുന്നുണ്ടായിരുന്നു. വാത്സല്യനിധിയായ പിതാവായിരുന്നു തക്കിയുദ്ദീന്‍.

അപ്പോള്‍ സമയം രാത്രി ഒമ്ബതരയോടടുത്തിരുന്നു. ഡോ. അബ്ബാസ് സജൂനിന്റെ ക്ലിനിക്കിന് സമീപമുള്ള ചെറിയൊരു തിരിവിലെത്തിയതോടെ ഇടവഴികളിലൊന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ചുവന്ന നിറത്തിലുള്ള മാരുതി വാന്‍ പിറകോട്ടെടുത്ത് മെഴ്‌സിഡെസിന്റെ വഴി തടഞ്ഞു. വാനില്‍ നിന്ന് ആയുധധാരികളായ മൂന്നു പേര്‍ പുറത്തിറങ്ങി. കൈയില്‍ ചുറ്റികയേന്തിയ ഒരാള്‍ വാഹിദിന്റെ കാറിനു നേര്‍ക്കടുത്തു. കാറിന്റെ മുമ്ബിലെ ചില്ലില്‍ ആഞ്ഞടിച്ചു. മറ്റു രണ്ടു പേര്‍ കാറിനുള്ളിലേക്ക് വെടിയുതിര്‍ത്തു. വാഹിദ് സീറ്റിനടിയിലേക്ക് വീണു കിടക്കാന്‍ ശ്രമിച്ചെങ്കിലും ബുള്ളറ്റുകള്‍ പ്രവഹിക്കുകയായിരുന്നു. വണ്ടി പുറകോട്ടെടുക്കാന്‍ അദ്ദേഹം ഡ്രൈവറോട് അപ്പോഴും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ആ ഇടുങ്ങിയ റോഡില്‍ അതിനുള്ള സ്ഥലമുണ്ടായിരുന്നില്ല.

നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ വാനിലേക്ക് ഓടിക്കയറി, അത് ഓടിച്ചു പോയി. ആദ്യത്തെ നടുക്കം ഒന്ന് വിട്ടതോടെ ബര്‍ക്കത്തലി തങ്ങളുടെ വാഹനം ആ വാനിനു നേര്‍ക്ക് ഓടിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും അതപ്പോഴേക്കും അവിടെ നിന്ന് കടന്നിരുന്നു. അപ്പോഴാണ് തന്റെ ബോസ് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ബര്‍ക്കത്തലി കാണുന്നത്. കഴിയുന്നത്ര വേഗത്തില്‍ അവിടെയിട്ടു തന്നെ വാഹനം തിരിച്ച്‌ അയാള്‍ ഉറക്കെക്കരഞ്ഞു കൊണ്ട് ഓഫീസിലേക്ക് തന്നെ ഓടിച്ചു. ഓഫീസിലെത്തിയ പാടെ, ഈസ്റ്റ് വെസ്റ്റിലെ ഒരു ജോലിക്കാരന്‍ കൂടി കാറില്‍ കയറി, ബര്‍ക്കത്തലി അടുത്തുള്ള ഭാഭ ജനറല്‍ ആശുപത്രിയിലേക്ക് കാര്‍ പായിച്ചു. 9.55-ഓടു കൂടി തക്കിയുദ്ദീനെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിക്കുമ്ബോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

അവിശ്വസനീയമായി ഉയര്‍ന്നുവന്ന ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ആ കൊലപാതകത്തോടെ മൂക്കുകുത്തി വീണു. ഒപ്പം, ബോംബെയെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ക്രിമിനല്‍ അധോലോകത്തെക്കുറിച്ചുള്ള തെളിവുകളും കൂടിയായിരുന്നു അത്. ബോംബെ പോലീസിലെയും ഇന്ത്യന്‍ ഇന്റലീജന്‍സ് ഏജന്‍സികളിലേയും പലര്‍ക്കും ആ കൊലപാതകം അത്ര വലിയ അത്ഭുതമൊന്നും ഉണ്ടാക്കിയില്ല എന്നതാണ് വാസ്തവം. ദാവൂദ് ഇബ്രാഹിമാണ് ആ വിമാനക്കമ്ബനിക്കു പിന്നിലെ ധനസ്രോതസ് എന്ന് അവരില്‍ പലരും സംശയിച്ചിരുന്നു. 257 പേര്‍ കൊല്ലപ്പെട്ട 1993-ലെ 13 സ്‌ഫോടനങ്ങളുടെ സൂത്രധാരനെന്ന നിലയില്‍ കുറ്റം ചുമത്തപ്പെട്ട ആ അധോലോക നായകന്‍ അപ്പോള്‍ പാക്കിസ്ഥാനില്‍ ഒളിവിലായിരുന്നു.

ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സില്‍ ദാവൂദ് ഭാഗികമായി ധനസഹായം ചെയ്തിരുന്നു എന്ന് തങ്ങള്‍ക്ക് നിരവധി തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് കൊലപാതക അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നോട് വ്യക്തമാക്കി. സ്‌ഫോടന പരമ്ബരകള്‍ക്ക് പിന്നാലെ മുസ്ലീമായ ഒരു അധോലോക നായകനുമായി തെറ്റിപ്പിരിഞ്ഞ, അയാളുടെ സംഘത്തിലെ ഹിന്ദുക്കളായവര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘത്തിന്റെയും ലക്ഷ്യങ്ങളിലൊന്ന് തക്കിയുദ്ദീനായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന കാര്യം കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ബോംബെ പോലീസ് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. 1990-കള്‍ മുതലുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഫയല്‍ ആ ഉദ്യോഗസ്ഥന്‍ തുറന്നു. അതില്‍ രേഖപ്പെടുത്തിയിരുന്ന ഒരു കാര്യം, ദാവൂദിന്റെ പ്രധാന ശത്രുവായ ഛോട്ടാ രാജന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തക്കിയുദ്ദീന്‍ വാഹിദ് ആയിരുന്നു എന്നാണ്.

തിരിഞ്ഞു നോക്കുമ്ബോള്‍, ഇന്ത്യന്‍ സാമ്ബത്തിക ഉദാരവത്ക്കരണത്തിന്റെ ചില ഇരുണ്ട വശങ്ങള്‍ കൂടിയാണ് ആ കൊലപാതകം മുന്നോട്ടു വയ്ക്കുന്നതെന്നത് വ്യക്തമായിരുന്നു. നിരവധി അടരുകളുള്ള ഒരുപാട് കുഴപ്പങ്ങള്‍ അതിന്റെ ഭാഗമായി ഉണ്ടായിരുന്നു. രണ്ടു ദശകങ്ങള്‍ കടന്നു പോയി. ഇന്ത്യന്‍ സുരക്ഷാ എസ്റ്റാബ്ലിഷ്‌മെന്റുകളുടെ രഹസ്യ അറകളില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ അപ്പോഴാണ് പുറത്തു വരുന്നത്. അതുവരെ മറ്റൊരു അധോലോക കൊലപാതകം മാത്രമായി കണക്കാക്കിയിരുന്ന അതിനു പിന്നില്‍, ക്രിമിനില്‍ ഘടകങ്ങളും ക്രിമിനല്‍ സംഘങ്ങളും, അധാര്‍മികമായ രാഷ്ട്രീയവും, സംശയാസ്പദമായ പണവും ഒക്കെക്കൂടി രൂപം കൊടുത്ത ഒരു ഘടനയില്‍ നിന്നുയര്‍ന്നു വന്ന സാമ്ബത്തിക ഉദാരവത്ക്കരണത്തിന്റെ പങ്കു കൂടി വെളിപ്പെട്ടു. വിവര സാങ്കേതികവിദ്യാ മേഖലയുടെ വളര്‍ച്ചയെ പിന്‍പറ്റി ഉയര്‍ന്നുവന്ന ഒന്നാം തലമുറ വ്യവസായികളുടെ അത്ഭുതാവഹമായ കഥകളും വ്യവസായ തലവന്‍മാരുടെ മുന്‍കൈയില്‍ ഉയര്‍ന്നു വരുന്ന കാര്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുമൊക്കെ ഇതിന്റെ ഭാഗമാണ്. അതാകട്ടെ, ക്രിമിനല്‍ മേഖലയുമായുള്ള ബന്ധവും, ക്രിമിനല്‍ നടപടികളുമൊക്കെയായി തളിര്‍ക്കുന്ന, ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്തതുമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഏറ്റവും വിജയികളായ വ്യവസായികള്‍ ലോകത്തിലെ തന്നെ വലിയ വ്യവസായികളാവുന്നു എന്നത് മാത്രമല്ല, അവരൊക്കെ കേന്ദ്ര, സംസ്ഥാന നിയന്ത്രണ ഏജന്‍സികളിലും ഓഡിറ്റ് സ്ഥാപനങ്ങളിലും അന്വേഷണ ഏജന്‍സികളിലുമൊക്കെ ഉള്ളവരുമായി അടുത്ത ബന്ധമുള്ളവരാകുന്നതും യാദൃശ്ചികമല്ല എന്നു സാരം.

പലവിധത്തിലും, അഞ്ചു ദശകങ്ങളായി ഇന്ത്യ തുടര്‍ന്നു വന്നിരുന്ന സോഷ്യലിസത്തിന്റെ പാതയില്‍ നിന്ന് അക്ഷമയോടെ പുറത്തു വന്ന പുതുതുലമുറ വ്യവസായികളിലെ മുന്‍ഗാമികളില്‍ ഒരാള്‍ തന്നെയായിരുന്നു തക്കിയുദ്ദീന്‍ വാഹിദ്. അവര്‍ ഒരേ സമയം ഉത്കര്‍ഷേച്ഛുക്കളും വിജയത്തിനു വേണ്ടി എല്ലാ വിധത്തിലും ദാഹിക്കുന്നവരുമായിരുന്നു. തങ്ങള്‍ക്ക് മുന്നേ സോഷ്യലിസ്റ്റ് പാതയില്‍ ചലിച്ചവര്‍ ഉണ്ടാക്കി വച്ച നിയമങ്ങളും മറ്റും മറികടക്കുന്നതിനും തകര്‍ക്കുന്നതിനുമൊക്കെ അവര്‍ തയാറുമായിരുന്നു, അതിന് അവര്‍ക്ക് കൂടുതല്‍ അവസരങ്ങളും ആവശ്യമായിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും, ദുര്‍ബലമായ നിയമ, നിയന്ത്രണ സംവിധാനങ്ങളും, നിഗൂഡ മാര്‍ഗങ്ങളില്‍ നിന്നുള്ള പണസ്രോതസുകളും പുതിയ വിത്തിറക്കുന്നതിനുള്ള മാര്‍ഗമായി അവര്‍ കണ്ടു.

ഉദാരവത്ക്കരണത്തിനു ശേഷം തങ്ങളുടെ ഭാഗ്യം കണ്ടെത്തിയവരാണ് ഇന്നത്തെ സമ്ബന്നരായ മിക്ക സ്ത്രീ, പുരുഷ വ്യവസായികളും. ഒരു പെട്രോള്‍ പമ്ബ് ജോലിക്കാരനില്‍ നിന്ന് റിലയന്‍സ് ഗ്രൂപ്പിന്റെ കോടീശ്വരനായ ഉടമസ്ഥനായി വളര്‍ന്ന ധീരുഭായി അംബാനിയുടെ കഥ, ആ സിസ്റ്റം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച്‌ എല്ലാവര്‍ക്കും മനസിലാകുന്ന ഒന്നാണ്. അത്തരത്തില്‍ വളര്‍ന്ന പുതിയകാല ധനാഡ്യന്മാരിലെ മുമ്ബനാണ് അംബാനിയെങ്കിലും അയാള്‍ മാത്രമല്ല ആ കൂട്ടത്തിലുള്ളത്. 1988-ല്‍ ഒരു കമോഡിറ്റി ട്രേഡിംഗ് (Commoditty Trading) കമ്ബനി തുടങ്ങിയ ഗൗതം അദാനി പിന്നീട് തുറമുഖങ്ങള്‍ നിര്‍മിക്കുന്നതിലേക്കും വൈദ്യുതോത്പാദന മേഖലയിലേക്കും അടക്കം നിരവധി ബിസിനസുകളിലേക്ക് കടന്നു. 2000-ത്തിലെ 3,300 കോടി രൂപയില്‍ നിന്ന് അയാളുടെ വാര്‍ഷിക വരുമാനം 2013 ആകുമ്ബോഴേക്ക് 47,000 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഗ്രാന്ധി മല്ലികാര്‍ജുന റാവു 1978-ല്‍ ആരംഭിച്ച ജി.എം.ആര്‍ ഗ്രൂപ്പിന്റെ ബിസിനസ്, 1991-ല്‍ സമ്ബദ്‌വ്യവസ്ഥ ഉദാരീകരിച്ചതോടെ 28 വിവിധ മേഖലകളിലായി ഇന്ന് വ്യാപിച്ചു കിടക്കുന്നു. റാവുവിന്റെ ജി.എം.ആര്‍ ഗ്രൂപ്പ് ഇന്ന് റോഡ്, ഊര്‍ജ പദ്ധതികള്‍, വിമാനത്താവള മേഖലകളിലെ ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്നാണ്.

ജി.എം റാവുവിനെ പോലുള്ള അളവിലല്ലെങ്കില്‍ പോലും ഉദാരവത്ക്കരണത്തിനു മുന്നേ തന്റെ കരിയര്‍ ആരംഭിച്ച ആളുകളിലൊരാളാണ് തക്കിയുദ്ദീന്‍ വാഹിദും.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ 50 കിലോമീറ്ററോളം അകലെയുള്ള

ഓടയം എന്ന മത്സ്യബന്ധന ഗ്രാമത്തിലാണ് താക്കി എന്ന് സ്‌നേഹപൂര്‍വം വിളിച്ചിരുന്ന തക്കിയുദ്ദീന്‍ വാഹിദ് ജനിച്ചത്, 11 മക്കളിലൊരാള്‍. സഹോദരങ്ങളില്‍ മിക്കവരും പിന്നീട് ഭാഗ്യം തേടി ഗള്‍ഫിലേക്കും ബോംബെയിലേക്കും ഒക്കെ പോയി. ഇസ്ലാമിക് പണ്ഡിതനും, ഒരു പ്രധാന പ്രാദേശിക വ്യാപാരിയുമായിരുന്നു പിതാവ് ഹാജി അബ്ദുള്‍ വാഹിദ് മുസലിയാര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങള്‍ തുടങ്ങി ശ്രീലങ്കയില്‍ വരെ മത്സ്യവും കശുവണ്ടിയും മറ്റ് പ്രാദേശിക വിഭവങ്ങളുമൊക്കെ അദ്ദേഹം വ്യാപാരം ചെയ്തിരുന്നു. വന്‍തോതില്‍ മത്സ്യം വാങ്ങി അത് ഉണക്കി അന്നു തന്നെ കപ്പലില്‍ കയറ്റി അയയ്ക്കുന്നതായിരുന്നു മുസലിയാരുടെ പ്രധാന വ്യാപാരം. വെയിലത്തിട്ടുണക്കുന്ന മത്സ്യം അന്നു തന്നെ കപ്പലില്‍ കയറ്റി അയയ്ക്കണം എന്നതിനാല്‍ ഒരുതരത്തില്‍ ഞാണിന്മേല്‍ക്കളി തന്നെയായിരുന്നു ആ ബിസിനസ്. പക്ഷേ, ആ വിധത്തില്‍ ഉണക്കിയ മത്സ്യം കയറ്റി അയയ്ക്കുന്ന ദിവസങ്ങളില്‍ മുസലിയാര്‍ വന്‍തോതില്‍ ലാഭവും കൊയ്തു. അല്ലാത്ത ദിവസങ്ങളില്‍ വാങ്ങിക്കുന്ന മത്സ്യം മുഴുവന്‍ നശിച്ചു പോവും. പക്ഷേ, ആ ബിസിനസ് മാതൃക മുസലിയാര്‍ വിജയിപ്പിച്ചെടുത്തു. ആ ഗ്രാമത്തില്‍ ആദ്യമായി ഒരു കാര്‍ സ്വന്തമാക്കിയ ആള്‍ മുസലിയാരാണ്.

പരിശ്രമശാലിയായ കുട്ടിയായിരുന്നു തക്കിയുദ്ദീന്‍്. സ്‌കൂള്‍ വിട്ടു വന്നാല്‍ തക്കിയുദ്ദീന്‍് പിതാവിന്റെ, മരം കൊണ്ടു പണിത രണ്ടു നില കെട്ടിടത്തിലേക്ക് (Warehouse) പോകും. അവിടെയാണ് ഉണങ്ങിയ മത്സ്യങ്ങള്‍ സൂക്ഷിക്കുന്നതും പിന്നീട് ട്രക്കുകളിലേക്ക് മാറ്റി കപ്പലില്‍ എത്തിക്കുന്നതും. ആ കെട്ടിടത്തിനു മുന്നിലായി, കടല്‍ത്തീരത്തുടനീളം മത്സ്യം ഉണങ്ങാനായി വിരിച്ചിട്ടിരിക്കും. ഇതിനിടെ, ബിസിനസ് കൂടുതല്‍ വികസിപ്പിക്കുന്നതിനായി മുസലിയാര്‍ ഈ വെയര്‍ഹൗസ് ഒരു ബന്ധുവിന് പണയപ്പെടുത്തി. അതോടെ, വെയര്‍ഹൗസും അവിടെയുണ്ടായിരുന്ന ഓഫീസും നഷ്ടപ്പെട്ടു. ഒപ്പം മുസലിയാരുടെ സമ്ബത്തും കൂടെ ഒഴുകിപ്പോയി, കുടുംബം കഷ്ടപ്പാടിലുമായി. അവിടെ ഇന്നൊരു ചെറിയ റിസോര്‍ട്ട് ഉണ്ട്.

കഷ്ടപ്പാടിന്റെ നാളുകള്‍ അധികകാലം തുടര്‍ന്നില്ല. 1960-കളോടെ ഗള്‍ഫ് മേഖലയില്‍ അഭിവൃദ്ധിപ്പെട്ട എണ്ണ വ്യാപാരത്തെ തുടര്‍ന്ന് അവിടുത്തെ നിര്‍മാണ മേഖലയിലും എണ്ണ പര്യവേഷണത്തിനും നിരവധി തൊഴിലാളികളെ ആവശ്യമായി വന്നു. ഇത്തരത്തില്‍ ഷെയ്ക്കുമാര്‍ ജോലിക്കാരെ കണ്ടെത്തിയ ആദ്യ നാടുകളിലൊന്നാണ് കേരളം. അവരില്‍ ആദ്യം ജോലി ലഭിച്ച ആളുകളിലൊന്ന് ഊടയത്തെ മുസ്ലീങ്ങളായിരുന്നു. അവരില്‍ തന്നെ ഏറ്റവും ആദ്യത്തേത് വാഹിദ് സഹോദരങ്ങളും. 1970-കളോടെ ഗള്‍ഫ് നാടുകളിലെത്തി അവിടെ നിന്നുള്ള സമ്ബത്തുമായി തിരികെയെത്താത്ത പുരുഷന്മാര്‍ ഓടയത്ത് ഇല്ലായിരുന്നു എന്നു തന്നെ പറയാം. ചെറിയ മത്സ്യക്കുടിലുകള്‍ പതിയെ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് വഴിമാറി. ഒരു സാധാരണ മത്സ്യബന്ധന ഗ്രാമം പതിയെ ആഗോള സമ്ബദ്‌വ്യവസ്ഥയുടെ ഭാഗമായി മാറി, രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് ആ നിലയിലേക്ക് എത്താന്‍ പിന്നെയും ഒരുപാട് കാലങ്ങള്‍ വേണ്ടി വന്നു.

1970-കളുടെ ആദ്യം, ബോംബെയിലെ അന്നത്തെ തിരക്കുപിടിച്ച പഴയ വിമാനത്താളത്തില്‍ വച്ച്‌ ഒരുച്ച തിരിഞ്ഞാണ് വാഹിദ് കുടുംബത്തിന്റെ കഥ മാറി മറിയുന്നത്. വിമാനത്താവളത്തിന്റെ വാതില്‍ക്കലേക്ക് നടക്കുകയായിരുന്ന ഒരു അറബ് വംശജനു പിന്നാലെ, നിലത്തു വീണുകിടന്ന ഒരു ലെതര്‍ പേഴ്‌സുമായി മീശ വച്ച ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി. അറബിയെ തടഞ്ഞു നിര്‍ത്തി, പഴ്‌സ് കൈമാറിക്കൊണ്ട് അയാള്‍ പറഞ്ഞു, 'സര്‍, ഇത് താഴെപ്പോയിരുന്നു'. ആദ്യം ഒരു നന്ദി വാക്ക് പറഞ്ഞുകൊണ്ട് നടന്നകലാന്‍ തുടങ്ങിയ അറബി, പെട്ടെന്നെന്തോ ചിന്തിച്ചിട്ട് പോക്കറ്റില്‍ നിന്ന് ഒരു വിസിറ്റിംഗ് കാര്‍ഡ് എടുത്തു നീട്ടി. 'നിനക്ക് എന്തെങ്കിലും സഹായം ആവശ്യമുള്ളപ്പോള്‍ എന്നെ വിളിക്കൂ'- ഇത്രയും പറഞ്ഞിട്ട് ബഹറിനിലേക്കുള്ള തന്റെ ഫ്‌ളൈറ്റ് പിടിക്കാനായി അയാള്‍ നടന്നകന്നു. ആ കൂടിക്കാഴ്ചയില്‍ പ്രചോദിതനും ആകാംഷാഭരിതനുമായ ആ ചെറുപ്പക്കാരന്‍ നഗരത്തിലേക്ക് തിരിച്ചെത്തി.

'സര്‍, ഇത് നാസിറുദ്ദീനാണ്,' ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ വിസിറ്റിംഗ് കാര്‍ഡിലെ നമ്ബറിലേക്ക് വിളിച്ചിട്ട് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. അധികം മുഖവുരയൊന്നുമില്ലാതെ ആ അറബ് വംശജന്‍ ചോദിച്ചത് നാസറുദ്ദീന് ബഹറിനിലേക്ക് വരാന്‍ കഴിയുമോ എന്നാണ്. നാസിറുദ്ദീന് അത് സമ്മതമായിരുന്നു. ഒരു വിസിറ്റിംഗ് വിസയ്ക്ക് വേണ്ട രേഖകളൊക്കെ ഉടനടി അയാള്‍ ശരിപ്പെടുത്തി. അതുമായി തന്റെ ആദ്യ വിദേശ യാത്ര- അഹമ്മദ് മന്‍സൂര്‍ അല്‍ ആ അലിയെ കാണാനായി നാസിറുദ്ദീന്‍ പുറപ്പെട്ടു. അല്‍ ആ അലിയുടെ കൊട്ടാരം പോലെയുള്ള ഓഫീസില്‍ എത്തിയപ്പോള്‍ മാത്രമാണ്, താന്‍ ബന്ധപ്പെട്ട വ്യക്തി ബഹറിനിലെ രാജകുടുംബത്തിലെ ഒരാളും, അവിടുത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ കമ്ബനിയുടെ ചെയര്‍മാന്റെ മരുമകനുമാണെന്ന് നാസിറുദ്ദീന്‍ തിരിച്ചറിയുന്നത്. അവിടെ വലിയ സ്വാധീന ശേഷിയുള്ള അഹമ്മദ് മന്‍സൂര്‍ അല്‍ ആ അലിയുടെ ഗ്രൂപ്പും ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളിലൊന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ അത്തരത്തിലൊരു റിക്രൂട്ടിംഗ് പരിപാടി കഴിഞ്ഞ് ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകുന്ന വേളയിലായിരുന്നു അല്‍ ആ അലി, നാസിറുദ്ദീനുമായി കണ്ടുമുട്ടുന്നതും. ഓഫീസിലെത്തി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നാസിറുദ്ദീന് അവിടുത്തെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ അല്‍ ആ അലി ജോലി ശരിയാക്കി. എന്നാല്‍, കമ്ബനിക്ക് വേണ്ടി ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തനിക്ക് കഴിയുമെന്നാണ് നാസിറുദ്ദീന്‍ പ്രതികരിച്ചത്. 'നിനക്ക് ലൈസന്‍സ് ഇല്ല, നിക്ഷേപമില്ല, ഒരു ഓഫീസ് പോലുമില്ല; ഒന്നുമില്ല. പിന്നെങ്ങനെ നീയിത് ചെയ്യും?'. എല്ലാം താന്‍ ശരിയാക്കാമെന്നും എത്രയും വേഗം അക്കാര്യങ്ങളുമായി പുതിയ ബോസിനെ കാണുമെന്നും നാസിറുദ്ദീന്‍ വാക്ക് കൊടുത്തു.

ബോംബെയില്‍ തിരികെയെത്തിയ നാസിറുദ്ദീന്‍, പൊതുമേഖലാ കമ്ബനിയായ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഒരാളെ കൂട്ടാളിയായി കണ്ടെത്തുകയും അയാളുടെ സഹായത്തോടെ ഒരു വായ്പയും ആവശ്യമായ ബന്ധങ്ങളും ഉണ്ടാക്കിയെടുക്കുകയും ചെയ്തു. സര്‍ക്കാരിലെ വിവിധ ആളുകളുമായി ഇയാള്‍ക്ക് ശക്തമായ ബന്ധങ്ങളുണ്ടായിരുന്നു. ഉത്സാഹിയും ചെറുപ്പവുമായ നാസിറുദ്ദീന്‍ ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠം ഉടന്‍ തന്നെ പഠിച്ചെടുത്തു. 'ശരിയായ ആളുകളെ' നിങ്ങള്‍ക്ക് അറിയാമെങ്കില്‍ എന്തും സാധ്യമാണ്. അയാള്‍ അധികം വൈകാതെ ലൈസന്‍സ് നേടി.

അതുമായി ബഹറിനില്‍ തിരികെയെത്തിയ നാസിറുദ്ദീന്‍, അല്‍ ആ അലി ഗ്രൂപ്പുമായി ഒരു കരാറില്‍ ഒപ്പുവച്ചു. വിസ തയാറാക്കുന്നതും വിമാന ടിക്കറ്റ് ശരിയാക്കുന്നതും മുതല്‍ ബോംബെ വിമാനത്താവളത്തില്‍ നിന്ന് കയറ്റി വിടുന്നതു വരെയുള്ള ജോലികള്‍ ഏറ്റെടുത്തുകൊണ്ട് ബഹറിനിലെ ഗ്രൂപ്പിനു വേണ്ടി നാസിറുദ്ദീന്‍ ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ അയച്ചു തുടങ്ങി. കരുതിക്കൂട്ടി തുടങ്ങിയതല്ലെങ്കില്‍ പോലും തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന ബിസിനസിനൊപ്പം നാസിറുദ്ദീന്‍ എയര്‍ലൈന്‍ ടിക്കറ്റ് ബിസിനസിലെ സങ്കീര്‍ണതകള്‍ കൂടി പഠിച്ചെടുത്തു. പിന്നീട് അയാള്‍ തന്റെ ഭാഗ്യം കെട്ടിപ്പടുക്കുന്നതും അതിനു മേലാണ്.

1980-കളുടെ തുടക്കം ആയപ്പോഴേക്കും നാസിറുദ്ദീന്റെ ബിസിനസ് കൂടുതല്‍ വിപുലമാവുകയും ഒറ്റയ്ക്ക് നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായി തീരുകയും ചെയ്തു.

അക്കാലത്ത്, യുണൈറ്റഡ് അറബ് എമിരേറ്റ്‌സി(UAE)ല്‍ നിരവധി സ്ഥാപനങ്ങളുള്ള, അവിടുത്തെ ഒരു കമ്ബനിയുടെ വിശ്വസ്തനായി മാറിയിരുന്നു തക്കിയുദ്ദീന്‍ വാഹിദ്. അവരുടെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ മാനേജറായായിരുന്നു ജോലി. സമ്ബത്തും ഭാവിയുമൊക്കെ കരുപ്പിടിപ്പിക്കേണ്ടത് ചൂണ്ടിക്കാട്ടി നാസിറുദ്ദീന്‍ തന്റെ ഇളയ സഹോദരനെ ബഹറിനിലേക്ക് കൊണ്ടുവന്നു. മൂത്ത സഹോദരനൊപ്പം ചേര്‍ന്ന് ഒരു പുതിയ കുടുംബ ബിസിനസ് തുടങ്ങേണ്ടതിന്റെ ആവശ്യകത പിതാവ് മുസലിയാരും തക്കിയുദ്ദീനെ ബോധ്യപ്പെടുത്തി.

ഒടുവില്‍, ഊടയത്ത് ഒരിക്കല്‍ തങ്ങള്‍ക്കുണ്ടായിരുന്ന പ്രതാപവും പ്രശസ്തിയും വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം തക്കിയുദ്ദീന് മനസിലായി. യു.എ.യിലെ സൗകര്യപ്രദമായ ജീവിതവും ജോലിയും അത് നല്‍കുന്ന സുരക്ഷിതത്വവും വേണ്ടെന്ന് വച്ച്‌ പുതിയ സാധ്യതകള്‍ തേടി അയാള്‍ ബഹറിനിലെത്തി. മുംബൈയില്‍ വച്ചുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ അവരുടെ ഇളയ സഹോദരന്‍ ഫൈസല്‍, അവരുടെ പിതാവ് മുസലിയാര്‍ നല്‍കിയ ഒരുപദേശത്തെക്കുറിച്ച്‌ പറഞ്ഞു: 'ഓടയത്തിന് അപ്പുറം ചിന്തിക്കൂ'. ഒരു ഗള്‍ഫ് ഷെയ്ക്കിന്റെ ജോലിക്കാരനായി നിന്നാല്‍ ഒരു സാധാരണ മധ്യവര്‍ഗ ജീവിതത്തിനപ്പുറം പോകാന്‍ കഴിയില്ലെന്ന് തക്കിയുദ്ദീന്‍ വേഗത്തില്‍ മനസിലാക്കി. നാസിറുദ്ദീന്‍ അയാളുടെ മുന്നില്‍ വച്ച അവസരം തക്കിയുദ്ദീന്റെ ഉള്ളിലെ ഉത്സാഹിയെ ഉണര്‍ത്തി. ഒപ്പം, അതൊരു ആവേശമുണര്‍ത്തുന്ന സമയവുമായിരുന്നു. ഇന്ത്യ പതിയെ മാറിത്തുടങ്ങുകയായിരുന്നു.

1981-ല്‍ ഇടയ്ക്ക് തക്കിയുദ്ദീനും മൂത്ത സഹോദരനും തങ്ങളുടെ ചെറിയ സ്യൂട്ട്‌കേസുമായി ബോംബെയിലെത്തി. യാത്രികരുടെ സ്വര്‍ഗമെന്ന് അന്ന് കരുതപ്പെട്ടിരുന്ന ഹോട്ടല്‍ സ്റ്റിഫ്‌ലെസി (Stifles)ലായിരുന്നു അവരുടെ താമസം. വളരെ കുറച്ച്‌ രൂപ കൊണ്ട് അക്കാലത്ത് അവിടെ താമസിക്കാന്‍ കഴിയുമായിരുന്നു.

നിരവധി തലമുറകളായി നാഷണല്‍ ജ്യോഗ്രഫിക്കിന്റെ വായനക്കാരെ തന്റെ എഴുത്തിലൂടെ ആകര്‍ഷിച്ചിരുന്ന ജെറി കാമറില്ലോ ഡണ്‍ ജൂണിയര്‍ (Jerry Camarillo Dunn Jr,) 1970-കളില്‍ ഒരിക്കല്‍ ഇന്ത്യയിലെത്തി, സ്റ്റിഫ്‌ലെസില്‍ താമസിച്ചു. 'ആഡംബരത്തിനു പേരുകേട്ട താജ് മഹല്‍ ഹോട്ടലില്‍ നിന്നും ഏതാനും തെരുവുകള്‍ക്കപ്പുറമാണ് ഈ പൊട്ടിപ്പൊളിഞ്ഞ കെട്ടിടം. എന്നാല്‍ ഇത് മറ്റൊരു ലോകമാണ്. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ ഇവിടങ്ങളില്‍ നിന്നൊക്കെയുള്ള, ചെലവ് കുറച്ച്‌ യാത്ര ചെയ്യുന്നവരൊക്കെയാണ് ഈ 'ഹിപ്പി ഹില്‍ട്ടണി'ലെ അന്തേവാസികള്‍. അവര്‍ തങ്ങളുടെ ദിവസങ്ങള്‍, ദുര്‍ബലമായ ബാല്‍ക്കണികളില്‍, ഫാന്റ സോഡയും കുടിച്ച്‌ തെരുവിലെ കാഴ്ചകള്‍ കണ്ടു നിന്നു. ഉച്ചതിരിഞ്ഞുള്ള സുര്യന്‍ ഹോട്ടലിനു മുന്നിലുള്ള പനയോലകളില്‍ തട്ടി അവയെ സ്വര്‍ണ നിറമാക്കിയിരുന്നു. സോമര്‍സെറ്റ് മോമി(Somerset Maugham)ന്റെ കഥകളില്‍ വിവരിക്കുന്നതു പോലെ ഹോട്ടല്‍ സ്റ്റിഫ്‌ലെസിനും അതിന്റേതായ ഭംഗിയുണ്ടായിരുന്നു'.

ബോംബെ നഗരത്തിലെ ദാദറില്‍ ഒരു ഓഫീസ് വാടകയ്‌ക്കെടുത്ത് വാഹിദ് സഹോദരങ്ങള്‍ തങ്ങളുടെ പുതിയ ബിസിനസിന് തുടക്കം കുറിച്ചു- ഈസ്റ്റ് വെസ്റ്റ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. തക്കിയുദ്ദീന്‍ തന്റെ സമയം യുഎഇയിലെ അജ്മാനിലും ബോംബെയിലുമായി ഭാഗിച്ചു.

ബിസിനസ് വളരെ വേഗം അഭിവൃദ്ധി പ്രാപിച്ചു. 1983-ല്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) അംഗീകാരമുള്ള ഒരു ട്രാവല്‍ ഏജന്‍സി ഈസ്റ്റ് വെസ്റ്റ് ഏറ്റെടുത്തു. 1985 ആയപ്പോഴേക്കും കമ്ബനിക്ക് ബോംബെയില്‍ മാത്രം നാല് ഏജന്‍സികളായി. ഇന്ത്യ മുഴുവന്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള തുടക്കമായിരുന്നു അത്. വളരെ പെട്ടെന്ന് തന്നെ, ഓരോ ആറു മാസം കൂടുമ്ബോഴും ഒരു പുതിയ നഗരത്തില്‍ കമ്ബനി തങ്ങളുടെ ഓഫീസുകള്‍ തുറന്നു. 1986 ആയപ്പോഴേക്കും എയര്‍ ഇന്ത്യയും ഗള്‍ഫ് എയറും അടക്കമുള്ള നിരവധി വിമാനക്കമ്ബനികളുടെ ടിക്കറ്റിംഗ് ഏജന്റായി വാഹിദ് സഹോദരങ്ങളുടെ കമ്ബനി മാറി. ആയിരക്കണക്കിന് വരുന്ന ഏജന്റുമാരിലൂടെയായിരുന്നു ടിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്. അതിനൊപ്പം തന്നെ ഗള്‍ഫ് മേഖലയിലുള്ള വിവിധ കമ്ബനികളിലേക്ക് ഈസ്റ്റ് വെസ്റ്റ്, ആയിരക്കണക്കിന് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തുകൊണ്ടുമിരുന്നു, സൗദി അറേബ്യയിലെ ബിന്‍ ലാദന്‍ ഗ്രൂപ്പിന് ഉള്‍പ്പെടെ.

കമ്ബനി വളരുന്നതിനനുസരിച്ച്‌ ബോംബെയില്‍ ബിസിനസ് ചെയ്യുന്നതിന്റെ യാഥാര്‍ത്ഥ്യങ്ങളെയും വാഹിദ് സഹോദരങ്ങള്‍ക്ക് നേരിടണമായിരുന്നു. ഒരു വിധത്തിലും ആശ്രയിക്കാന്‍ പറ്റാത്ത രാഷ്ട്രീയക്കാര്‍, അധോലോക പിടിച്ചുപറിക്കാര്‍, അഴിമതിക്കാരായ നിയമസംവിധാനം, ആര്‍ത്തിക്കാരായ ഉദ്യോഗസ്ഥര്‍, മന:സാക്ഷിയില്ലാത്ത പണമിടപാടുകാര്‍, വിശ്വസിക്കാന്‍ കൊള്ളാത്ത പങ്കാളികള്‍... അങ്ങനെ വലിയൊരു നിര. (ഉദാരവത്ക്കരണത്തിന്റെ രണ്ടു ദശകങ്ങള്‍ കഴിഞ്ഞിട്ടും കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല). തക്കിയുദ്ദീന് ഇത്തരത്തില്‍ ആദ്യമായുണ്ടായ ഒരനുഭവം കമ്ബനിയുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട ഒരു ക്ലൈന്റായ ഗള്‍ഫ് എയറുമായുള്ള ഒരു നിര്‍ണായക ഇടപാട് സമയത്തായിരുന്നു.

'Kalli walli' (അങ്ങനെയാവട്ടെ)), ഗള്‍ഫ് എയര്‍ലൈന്‍സിന്റെ പ്രതിനിധിയായ ചെറുപ്പക്കാരന്‍ യാതൊരു വിധത്തിലും അയയാതെ, തക്കിയുദ്ദീന്റെ വാദങ്ങളെ തുടര്‍ച്ചയായി തള്ളിക്കൊണ്ടിരുന്നു. ഗള്‍ഫ് എയറിന്റെ എക്‌സ്‌ക്ലൂസീവായ 'ജനറല്‍ സെയില്‍സ് ഏജന്റ്'് (General Sales Agent) അവകാശം ഇന്ത്യയൊട്ടാകെ തങ്ങള്‍ക്ക് ലഭിക്കാനായി ശ്രമിക്കുകയായിരുന്നു ഈസ്റ്റ് വെസ്റ്റ്. തങ്ങളുടെ ഇന്ത്യ ഏജ്ന്റിനെ നിയമിക്കുന്ന കാര്യത്തില്‍ ഗള്‍ഫ് എയര്‍ എടുത്തിരിക്കുന്ന കടുത്ത നിലപാടില്‍ തക്കിയുദ്ദീന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. ഇന്ത്യയില്‍ ഒട്ടാകെ വിറ്റ ഗള്‍ഫ് എയര്‍ ടിക്കറ്റിന്റെ 75 ശതമാനവും ഈസ്റ്റ് വെസ്റ്റിലൂടെയാണ് വിറ്റത് എന്നതിനാല്‍ തങ്ങള്‍ തന്നെയായിരിക്കും സ്വാഭാവികമായും നിയമിക്കപ്പെടുക എന്നാണ് മറ്റുള്ളവരെപ്പോലെ തന്നെ തക്കിയുദ്ദീനും കരുതിയത്. പക്ഷേ, ഇത് ലഭിക്കണമെങ്കില്‍ ഗള്‍ഫ് എയര്‍ ചെയര്‍മാന,് 'പേഴ്‌സണല്‍ ഫീ' ആയി 50 ലക്ഷം രൂപ നല്‍കണമെന്ന് കമ്ബനി പ്രതിനിധി വാശിപിടിച്ചു. അതോടെ ഒരു കാര്യം തക്കിയുദ്ദീന് മനസിലായി. തര്‍ക്കിച്ചതു കൊണ്ട് ഒരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല. പണം നല്‍കിയില്ലെങ്കില്‍ ആ ബിസിനസ് തങ്ങള്‍ക്ക് നഷ്ടപ്പെടും. തിടുക്കത്തില്‍ ഓഫീസിലേക്ക് തിരിച്ചെത്തിയ തക്കിയുദ്ദീന്‍, കൈയിലുള്ളതും നഗരത്തിലെ മറ്റ് ഓഫീസുകളിലുള്ളതും ബാങ്ക് അക്കൗണ്ടുകളിലുള്ളതുമെല്ലായ പണം സ്വരൂപിച്ചു. വിശ്വസ്തരായ ഏതാനും ജോലിക്കാരുടെ സഹായത്തോടെ തക്കിയുദ്ദീന്‍ 100 രൂപാ നോട്ടുകളുടെ കെട്ടുകളായി 50,000 നോട്ടുകള്‍ ഒരു സ്യൂട്ട്‌കേസില്‍ അടുക്കി. ഒരാളോടു പോലും ആലോചിക്കാന്‍ തക്കിയുദ്ദീന്‍ നിന്നില്ല; അപ്പോള്‍ ബഹറിനിലായിരുന്ന നാസിറുദ്ദീനോടു പോലും. അയാള്‍ തന്നെ ആ 'പേഴ്‌സണല്‍ ഫീ' നല്‍കാന്‍ ഗള്‍ഫ് എയര്‍ ഓഫീസിലേക്ക് വണ്ടി ഓടിച്ചു പോയി.

ഈസ്റ്റ് വെസ്റ്റിന്റെ ഭാവി വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ഉറപ്പാക്കിയതോടെ, മറ്റ് കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിലായി തക്കിയുദ്ദീന്‍. ഒരു ബാങ്ക് ഗ്യാരണ്ടി തയാറാക്കി, ഗള്‍ഫ് എയറിനു വേണ്ടി മാത്രം ഒരു ഓഫീസ് കണ്ടെത്തി, വിമാന ടിക്കറ്റ് വിപണിയില്‍ ഈസ്റ്റ് കോസ്റ്റിന്റെ പിടിമുറുക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തീരുമാനിച്ചുറപ്പിച്ചു. പക്ഷേ, അയാളെ കാത്തിരുന്നത് ഒരു ഞെട്ടിക്കുന്ന അത്ഭുതമായിരുന്നു. ഒരു ദിവസം രാവിലെ പത്രം നിവര്‍ത്തി നോക്കുമ്ബോള്‍ അതിന്റെ മുന്‍പേജില്‍ കാണുന്നത്, ഗള്‍ഫ് എയറിന്റെ ഇന്ത്യയിലെ ഏജന്റായി ആയി അക്കാലത്തെ ഒരു ചെറുകിട ട്രാവല്‍ ഏജന്‍സിയായ ജെറ്റ് എയറിനെ നിയമിച്ചിരിക്കുന്നു എന്നതായിരുന്നു അത്.

ന്യൂഡല്‍ഹിയില്‍ ഒരു ടിക്കറ്റ് വിതരണ സ്ഥാപനത്തിലെ സഹായിയായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള കമ്ബനിയായിരുന്നു ജെറ്റ് എയര്‍. 1970-കളില്‍ കമ്ബനി ഗോയല്‍ പൂര്‍ണമായി ഏറ്റെടുത്തു. കുറിയ, നനുത്ത മീശയുള്ള, മുഖത്തൊട്ടിച്ചു വച്ചിരിക്കുന്നതു പോലെ എപ്പോഴും ചിരിക്കുന്ന, ഗോയല്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഒരു അതികായനായി വളര്‍ന്നു. പക്ഷേ, അക്കാലത്ത് ഏതാനും ചില ആഫ്രിക്കന്‍ എയര്‍ലൈന്‍സുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ട്രാവല്‍ ഏജന്‍സി മാത്രമായിരുന്നു ജെറ്റ് എയര്‍.

ഗള്‍ഫ് എയര്‍ വിഷയത്തില്‍ അപമാനിതനായെങ്കിലും തക്കിയുദ്ദീന്‍ പിന്മാറാന്‍ തയാറായില്ല. കുടുംബത്തിലുള്ളവര്‍ പരിഭ്രാന്തരായെങ്കിലും തക്കിയുദ്ദീന്‍ അപ്പോഴേക്കും കുടുംബ ബിസിനസിന്റെ നേതൃസ്ഥാനത്ത് എത്തിക്കഴിഞ്ഞിരുന്നു. വിശ്വാസ്യതയുള്ള നേതൃത്വമായിരുന്നു തക്കിയുദ്ദീന്റെത്. അയാള്‍ ആദ്യം ചെയ്തത് ഗള്‍ഫ് എയര്‍ പ്രതിനിധിയെ ബന്ധപ്പെട്ട് താന്‍ നല്‍കിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍, ഇന്ത്യന്‍ അധികൃതര്‍ക്ക് മുമ്ബാകെ താന്‍ പരാതി നല്‍കുമെന്നും തക്കിയുദ്ദീന്‍ ഭീഷണിപ്പെടുത്തി. പക്ഷേ, ആ പണം തക്കിയുദ്ദീന്‍ ഒരിക്കലും കണ്ടില്ല- അധികൃതര്‍ക്ക് നല്‍കിയ പരാതിയാകട്ടെ, എവിടെയും എത്തിയതുമില്ല.

1987-ലെ ഒരു വേനല്‍ക്കാലത്ത് ഗോയല്‍, ഈസ്റ്റ് വെസ്റ്റിന്റെ ഓഫീസിലേക്ക് കയറിവന്നു. ജെറ്റ് എയര്‍ ഏടഅ കരാര്‍ നേടിയിട്ട് അപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അയാള്‍ തക്കിയുദ്ദീനെ അഭിവാദ്യം ചെയ്തു, ശേഷം കൈകള്‍ കൂപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: 'ഗള്‍ഫ് എയര്‍ ഏടഅ കിട്ടിയില്ലായിരുന്നു എങ്കില്‍ ഞാന്‍ തകര്‍ന്നു പോവുമായിരുന്നു'. ഗോയലിന്റെ വാക്കുകളില്‍ നിന്നും, ഗള്‍ഫ് എയര്‍ ഏടഅയ്ക്ക് വേണ്ടി ഈസ്റ്റ് വെസ്റ്റ് പരിശ്രമിക്കുന്നത് അയാള്‍ക്ക് അറിയുമായിരുന്നില്ല. അത് നേടിയെടുക്കാന്‍ വേണ്ടി ഗോയല്‍ തന്റെ മുഴുവന്‍ സമ്ബാദ്യവും ചെലവഴിക്കുകയും ചെയ്തു. പക്ഷേ, ജെറ്റ് എയര്‍ ഉടമ വൃത്തികെട്ട കളി കളിക്കുകയാണെന്നും ഗള്‍ഫ് എയര്‍ പ്രതിനിധിയും ആ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും തക്കിയുദ്ദീന് ബോധ്യപ്പെട്ടു.

കോര്‍പറേറ്റ് ഇന്ത്യയുടെ അക്കാല ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുതകളിലൊന്നിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.


ഗള്‍ഫ് എയര്‍ തന്റെ പോക്കറ്റിലായതോടെ ഗോയലിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തൊട്ടു പിന്നാലെ കുവൈറ്റ് എയര്‍വേസിന്റെയും ഏജന്‍സി സ്വന്തമാക്കിയ ഗോയല്‍, പുതിയ പങ്കാളികളുമൊത്ത് ബിസിനസ് വിപുലീകരിച്ചു തുടങ്ങി. തുടക്കത്തില്‍, ജെറ്റ് എയറിന്റെ വളര്‍ച്ചയെ തടയാന്‍ തക്കിയുദ്ദീന്‍ ശ്രമിച്ചു. ജെറ്റ് എയറിലേക്കുള്ള ട്രാന്‍സ്ഫറിനെതിരെ ഗള്‍ഫ് എയറിലെ ജീവനക്കാരെക്കൊണ്ട് കേസ് കൊടുപ്പിക്കാന്‍ തക്കിയുദ്ദീന്‍ ധനസഹായം നല്‍കി. പക്ഷേ, വളരെ വേഗം തന്നെ തക്കിയുദ്ദീന്‍ ആ ശ്രമങ്ങള്‍ ഉപേക്ഷിച്ചു. കാരണം ഈസ്റ്റ് വെസ്റ്റിന് അദ്ദേഹത്തിന്റെ പൂര്‍ണശ്രദ്ധ ആവശ്യമായിരുന്നു. മുന്നോട്ടു തന്നെയായിരുന്നു വളര്‍ച്ചയെങ്കിലും ഇന്ത്യയിലെ എയര്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈസ്റ്റ് വെസ്റ്റുമായി താരതമ്യപ്പെടുത്തിയാല്‍ ജെറ്റ് എയര്‍ അപ്പോഴും അത്ര മെച്ചപ്പെട്ട അവസ്ഥയിലൊന്നുമായിരുന്നില്ല. 1980-കളുടെ അവസാനമായപ്പോഴേക്കും ഗള്‍ഫ് മേഖയലിലേക്കുള്ള 75,000 ഇന്ത്യന്‍ തൊഴിലാളികളെ ഈസ്റ്റ് വെസ്റ്റ് റിക്രൂട്ട് ചെയ്തിരുന്നു; ദിവസം 600 വിമാന ടിക്കറ്റുകളോളം വില്‍ക്കുകയും ചെയ്തു. ഈസ്റ്റ് കോസ്റ്റ് ഉയര്‍ന്നു വരുന്ന ആ സമയത്തു തന്നെയായിരുന്നു ഇന്ത്യയില്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ നടക്കുന്നതും. അത് തക്കിയുദ്ദീനു മുന്നില്‍ തുറന്നു കൊടുത്തത് സുവര്‍ണാവസരങ്ങളാണ്.

വാഗ്ദാനങ്ങളുടേയും കുഴപ്പങ്ങളുടേയും ദശകമായിരുന്നു 1980-കള്‍. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതോടെ, അന്ന് നാല്‍പ്പത് വയസ് മാത്രം പ്രായമുണ്ടായിരുന്ന രാജീവ് ഗാന്ധി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റു. അദ്ദേഹം ഇന്ത്യയെ വീണ്ടും ആഗോള തലത്തിലേക്ക് കൊണ്ടുവന്നു, ശീതയുദ്ധ കാലത്ത് നിന്ന് മുഖം തിരിച്ചു കൊണ്ട് അമേരിക്കയുമായുള്ള സഹകരണത്തിന് വഴി തുറന്നു. ഒരു പ്രാദേശിക ശക്തിയെന്ന നിലയില്‍ ഇന്ത്യയുടെ ശേഷി കാണിക്കുന്നതിന് രാജീവ് ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ ശ്രീലങ്കയിലേക്ക് അയച്ചു. അതുണ്ടാക്കിയത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ്. 1985 ജൂണ്‍ 13-ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഒരു സംയുക്ത സമ്മേളനത്തില്‍ രാജീവ് ഗാന്ധി തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചു: 'ഇന്ത്യ ഒരു പഴയ രാഷ്ട്രമാണ്. പക്ഷേ ചെറുപ്പമാണ്. എല്ലായിടത്തുമുള്ള ചെറുപ്പക്കാരെപ്പോലെ ഞങ്ങളും അക്ഷമരാണ്. ഞാനും ചെറുപ്പമാണ്, എനിക്കുമുണ്ട് സ്വപ്നങ്ങള്‍. മാനവരാശിയെ സേവിക്കുന്നതിന് എല്ലാ ലോകരാജ്യങ്ങളുടേയും മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന, ശക്തവും സ്വതന്ത്രവും സ്വാശ്രയവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് എന്റെ സ്വപ്നം'.

അധികാരത്തിലിരിക്കുന്ന സമയത്ത്, സര്‍ക്കാരിന്റെ കുത്തക അവസാനിപ്പിക്കാനും സ്വകാര്യ മേഖലയെ കൂടുതല്‍ പിന്തുണയ്ക്കാനും രാജീവ് ഗാന്ധി തീരുമാനിച്ചിരുന്നു. തീരുവ കുറച്ചും ചുവപ്പുനാട പരമാവധി ഒഴിവാക്കിയും ടെലികോം മേഖലയില്‍ വന്‍ വിപ്ലവം അഴിച്ചു വിട്ടുമൊക്കെയായിരുന്നു അത്. ആ ടെലികോം വിപ്ലവത്തിന്റെ ഫലമായിരുന്നു രാജ്യത്തുടനീളം മുളച്ചു വന്ന മഞ്ഞ പെയിന്റടിച്ച പബ്ലിക് ടെലിഫോണ്‍ ബൂത്തുകള്‍. അതിനൊപ്പം, തന്റെ പാര്‍ട്ടിയിലെ പഴയ തലമുറയുടെ എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ടു തന്നെ നിരവധി നടപടികളും അദ്ദേഹം സ്വീകരിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു അധികാരം സമൂഹത്തിന്റെ താഴേത്തട്ടു വരെ എത്തുന്ന പഞ്ചായത്തീരാജ് സമ്ബ്രദായം ഏര്‍പ്പെടുത്തിയത്. സ്വകാര്യ മേഖലയ്ക്കായി സഹായങ്ങള്‍, സ്വകാര്യ വ്യവസായ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സബ്‌സിഡിയില്‍ വര്‍ധനവ് തുടങ്ങിയവയും ഇക്കാലത്തുണ്ടായവയാണ്. ഒരു കമ്യൂണിസ്റ്റ് ഭരണകൂടം അല്ലെങ്കില്‍ പോലും ഇന്ത്യ എക്കാലത്തും അടിയുറച്ചു നിന്നിരുന്നത് സോവിയറ്റ് ക്യാമ്ബിലാണ്. അവരുടെ സാമ്ബത്തിക നയങ്ങളാണ് പിന്തുടര്‍ന്നത്, സൈനിക ആധുനികവത്ക്കരണ കാര്യത്തില്‍ ആശ്രയിച്ചതും മോസ്‌കോയെയാണ്, പക്ഷേ, ചെറുപ്പക്കാരനായ പ്രധാനമന്ത്രിയുടെ വഴികള്‍ വ്യത്യസ്തമായിരുന്നു. ഇന്നും നടന്നു കൊണ്ടിരിക്കുന്ന സാമ്ബത്തിക ഉദാരവത്ക്കരണ നടപടികളിലേക്ക് കടക്കുന്നതിനുള്ള നിരവധി കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. എയര്‍ ഇന്ത്യയില്‍ ഒരു കൊമേഴ്‌സ്യല്‍ പൈലറ്റായിരുന്ന അദ്ദേഹത്തിന് വ്യോമയാന മേഖലയില്‍ പ്രത്യേക താത്പര്യവും ഉണ്ടായിരുന്നു.

എയര്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയില്‍ ഈസ്റ്റ് വെസ്റ്റ്, ജെറ്റ് എയര്‍ തുടങ്ങിയ കമ്ബനികളുടെ കടന്നു വരവ് ഇന്ത്യയില്‍ സ്വകാര്യ എയര്‍ലൈന്‍സുകള്‍ തുടങ്ങുന്നതിനുള്ള ഒരു മുന്നോടി തന്നെയായിരുന്നു. ടിക്കറ്റ് വിതരണത്തില്‍ നിന്നും വിമാന സര്‍വീസ് തുടങ്ങുന്നതു വരെയുള്ള വലിയ ദൂരം താണ്ടുന്നതിന് സര്‍ക്കാര്‍ സഹായം അനിവാര്യവുമായിരുന്നു- അതിപ്പോഴും നിലനില്‍ക്കുന്നു; സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളും പെര്‍മിറ്റും വളരെ പ്രധാനമാണ്. ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏതു വിധത്തില്‍ വേണമെങ്കിലും ഒരു സ്വകാര്യ സംരംഭത്തെ അട്ടിമറിക്കാന്‍ കഴിയും. ലോക്കല്‍ പോലീസിന്റെ സംരക്ഷണം നിഷേധിക്കുക, ഒരു ഫാക്ടറി കെട്ടിടത്തിനു പുറത്തുള്ള പെതുറോഡ് നന്നാക്കാതിരിക്കുക, ലൈസന്‍സ്, വൈദ്യുതി, കടുത്ത തൊഴില്‍ നിയമങ്ങള്‍, സങ്കീര്‍ണമായ നികുതികള്‍- അങ്ങനെ ആ പട്ടിക വളരെ വലുതാണ്.

തക്കിയുദ്ദീനും അദ്ദേഹത്തിന്റെ കുടുംബത്തിനും കോണ്‍ഗ്രസുമായി ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്നു. കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജില്‍ പഠിക്കുന്ന കാലത്ത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി നേതാക്കളിലൊരാളായിരുന്നു തക്കിയുദ്ദീന്‍. അതിനൊപ്പം, കേരളത്തില്‍ നിന്നുള്ള ആളെന്ന നിലയില്‍ രാജീവ് ഗാന്ധിയുടെ ശക്തനായ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്റ് ജോര്‍ജുമായും അദ്ദേഹം അടുപ്പം സ്ഥാപിച്ചു. അതു പിന്നീട് പ്രധാനമന്ത്രിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചകളിലേക്ക് വളര്‍ന്നു. ആ കൂടിക്കാഴ്ചകളില്‍, ഒരു സ്വകാര്യ വിമാന കമ്ബനി തുടങ്ങാന്‍ പ്രധാനമന്ത്രി പ്രചോദിപ്പിച്ചിരുന്നു, അല്ലെങ്കില്‍ അങ്ങനെയാണ് തക്കിയുദ്ദീന്‍ അവകാശപ്പെട്ടിരുന്നത്.

ഇന്ത്യന്‍ വ്യേമയാന മേഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ 'ഓപ്പണ്‍ സ്‌കൈ' പോളിസിയുടെ ഭാഗമായി എയര്‍ ടാക്‌സി ലൈസന്‍സ് അനുവദിക്കാന്‍ 1989-ല്‍ തീരുമാനമായി. അതുവരെ അന്താരാഷ്ട്ര റൂട്ടുകള്‍ എയര്‍ ഇന്ത്യയുടേയും ആഭ്യന്തര മേഖല ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കുത്തകയായിരുന്നു. ഒറ്റയടിക്ക് അനുവദിക്കപ്പെട്ട 20-ലധികം ലൈസന്‍സുകളില്‍ ഭൂരിഭാഗവും പോയത് ഇന്ത്യയിലെ വമ്ബന്‍ വ്യവസായ കുടുംബങ്ങളിലേക്കാണ്- ടാറ്റ, ബിര്‍ള തുടങ്ങിയവ. മൂത്ത സഹോദരന്‍ നാസിറുദ്ദീനാണ് കമ്ബനിയുടെ ചെയര്‍മാനെങ്കിലും തക്കിയുദ്ദീന്റെ ശക്തമായ നേതൃത്വത്തില്‍ ലൈസന്‍സ് സമ്ബാദിച്ചവരില്‍ ഈസ്റ്റ് വെസ്റ്റും ഉള്‍പ്പെടും. ഈ സമയമായപ്പോഴേക്കും തക്കിയുദ്ദീന്‍ രാജീവ് ഗാന്ധിയുമായി നല്ല അടുപ്പമുണ്ടാക്കുകയും ന്യൂഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളുമായി തന്റെ ബന്ധങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ അവിടെ വച്ച്‌ മാറിമറിഞ്ഞു.

1991 മെയ് 21, അതൊരു ചൂടുള്ള ദിവസമായിരുന്നു, തമിഴ്‌നാട് തെരഞ്ഞെടുപ്പിന്റെ പിരിമുറുക്കത്തിലും. രാജീവ് ഗാന്ധി അവിടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. മൂന്നു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം അധികാരത്തിലേക്ക് തിരികെയെത്തുന്നതിന്റെ എല്ലാ സൂചനകളും നിലനിന്നിരുന്നു. മദ്രാസി(ഇന്നത്തെ ചെന്നൈ)ല്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ശ്രീപെരുംപത്തുരില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അവരിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം; ഒരു മഞ്ഞ ചുരിദാറും പച്ച ഷാളും ധരിച്ച, തേന്‍മൊഴി രാജരത്‌നം എന്ന ധനു എന്ന ഗായത്രി മുന്നോട്ടു വന്ന് കുനിഞ്ഞ് ബഹുമാനപൂര്‍വം അദ്ദേഹത്തിന്റെ കാല്‍ക്കല്‍ തൊട്ടു. കുനിയുമ്ബോള്‍ അവരുടെ ബെല്‍റ്റില്‍ ഉറപ്പിച്ചിരുന്ന, ഒരു കിലോഗ്രാം വരുന്ന ആര്‍ഡിഎക്‌സും പെല്ലെറ്റുകളും നിറച്ച ബോംബിന്റെ ട്രിഗറില്‍ വിരലമര്‍ത്തി. എല്‍ടിടിഇ യുടെ ആ വനിതാ ചാവേറിനൊപ്പം, ആ ഗാന്ധി-നെഹ്‌റു കുടുംബാംഗവും മറ്റ് 14 പേരും ജീവന്‍ വെടിഞ്ഞു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത പടര്‍ന്നയുടന്‍ അന്ന് ബോംബെയില്‍ പഠിക്കുകയായിരുന്ന ഫൈസല്‍ വാഹിദ് ഇ ക്കാര്യം അറിയിക്കാനായി തക്കിയുദ്ദീനെ വിളിച്ചു. വൈകുന്നേരമായിരുന്നു അപ്പോള്‍ സമയം. തകര്‍ന്നു പോയ തക്കിയുദ്ദീന്‍ ദു:ഖാര്‍ത്തനായി അനേകം ദിവസങ്ങള്‍ മുറിയടച്ച്‌ വീട്ടിലിരുന്നു. ഇന്ത്യയിലെ, അഴിമതിയും സങ്കീര്‍ണതയും നിറഞ്ഞ അധികാരഘടനയില്‍ വാഹിദ് കുടുംബത്തിനുണ്ടായിരുന്ന ഏറ്റവും വലിയ ആശ്രയമായിരുന്നു ഇല്ലാതായത്. അവര്‍ക്ക് മാത്രമല്ല, രാജീവ് ഗാന്ധിയുമായി വാഹിദ് കുടുംബത്തിനുണ്ടായിരുന്ന അടുപ്പം മൂലം മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമൊക്കെ അവരോട് കടപ്പെട്ടവരായിരുന്നു. അതവരെ പണവും സമയവുമെല്ലാം ലാഭിക്കാന്‍ സഹായിച്ചു. ഇതുവഴി മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ പോലും എടുത്തിരുന്ന ലൈസന്‍സുകള്‍ ദിവസങ്ങള്‍ കൊണ്ട് സമ്ബാദിക്കാന്‍ പറ്റിയിരുന്നു. ഗാന്ധി കുടുംബവുമായി ബന്ധം സ്ഥാപിക്കുക എന്നാല്‍ വിജയം ഉറപ്പിക്കുക എന്നത് തന്നെയായിരുന്നു അന്ന്. രാജീവ് ഗാന്ധിയുടെ അകാലത്തിലുള്ള മരണം അങ്ങനെ ഈസ്റ്റ് വെസ്റ്റിനും അതിന്റെ ഭാവിക്കു തന്നെയും വലിയൊരു തിരിച്ചടിയായി.

തക്കിയുദ്ദീന്‍ തന്റെ ദു:ഖാചരണത്തില്‍ നിന്നു പുറത്തുവന്നപ്പോള്‍ ഒരു കാര്യത്തില്‍ നിശ്ചയദാര്‍ഡ്യമുള്ളവനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിപ്രായത്തില്‍, മുന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഒരു വിമാന കമ്ബനി തുടങ്ങാന്‍ തന്നെ തക്കിയുദ്ദീന്‍ തീരുമാനിച്ചു. ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തിലെ ഒരു പിന്നോക്ക ഗ്രാമത്തില്‍ നിന്നുള്ള ഒരിടത്തരം കുടുംബം, ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്ബനി തുടങ്ങുക എന്നത് 1990-കളുടെ തുടക്കത്തിലെ ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷയും വാഗ്ദാനവുമായിരുന്നു-ഒപ്പം അതിന്റെ പല ഇരുണ്ട വശങ്ങളും കാണിച്ചു തരുന്നതും.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തക്കിയുദ്ദീന്‍ രണ്ട് പൈലറ്റുമാരെ നിയമിച്ചു, എയര്‍ ഇന്ത്യയില്‍ രാജീവ് ഗാന്ധിയുടെ പരിശീലകനായിരുന്ന ഒരാള്‍ ഉള്‍പ്പെടെ. ബോംബെയിലെ ചരിത്രപരമായ ടെക്‌സ്‌റ്റൈല്‍ വ്യവസായം തന്നെ അവസാനിക്കാന്‍ കാരണമായ, 1982-ലെ, ഒരു വര്‍ഷത്തോളം നീണ്ട ടെക്‌സ്‌റ്റൈല്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ് ദത്ത സാമന്തയുടെ മരുമകനായിരുന്നു രണ്ടാമത്തെ പൈലറ്റ്.

ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് പരീക്ഷണാര്‍ത്ഥത്തിലെങ്കിലും പ്രധാനപ്പെട്ട ചില ചെറു ചുവടുകള്‍ വച്ചു തുടങ്ങി. രാഷ്ട്രീയ സ്വാധീനശേഷിയുള്ളവരുമായി ബന്ധമുള്ള പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി കമ്ബനി രൂപീകരിച്ചു. മൂന്നാമത് ഒരു പൈലറ്റിനെ ആവശ്യമായി വന്നപ്പോള്‍ തക്കിയുദ്ദീന്‍ തെരഞ്ഞെടുത്തത,് രാജീവ് ഗാന്ധിയുടെ പ്രിയപ്പെട്ട ആളായിരുന്ന, പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ എയര്‍ ഇന്ത്യ വിമാനം പറത്തിയിരുന്ന ആളെയാണ്.

ഈസ്റ്റ് വെസ്റ്റ് ഓഫീസിലും ഇന്ത്യയിലെ എയര്‍ലൈന്‍ മേഖലയില്‍ പൊതുവെയും നിറഞ്ഞിരുന്ന ശുഭാപ്തി വിശ്വാസത്തിന് നേര്‍ വിപരീതമായിരുന്നു ആഗോള വ്യോമയാന വ്യവസായം അപ്പോള്‍. 1991-ലെ ഗള്‍ഫ് യുദ്ധവും ഇന്ധനവിലക്കയറ്റവുമായിരുന്നു അതിനു കാരണം. പ്രശസ്തമായ പാന്‍ ആം (PAN AM) കെടുകാര്യസ്ഥതയില്‍പ്പെടുകയും 1991 ഡിസംബര്‍ നാലിന് നൂറുകണക്കിന് യാത്രക്കാരെ വിമാനങ്ങള്‍ക്കുള്ളിലും ടെര്‍മിനലുകളിലും അനാഥരായി വിട്ടിട്ട് നാടകീയമായി പൂട്ടിക്കെട്ടുകയും ചെയ്തു. ആ വര്‍ഷമാദ്യം അമേരിക്കയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍സും മിഡ്‌വേ എയര്‍ലൈന്‍സും ഇതുപോലെ തങ്ങളുടെ സര്‍വീസുകള്‍ അവസാനിപ്പിച്ചിരുന്നു.

പ്രതിസന്ധികള്‍ ഉണ്ടാവുന്ന സമയത്ത് തന്നെയാണ് അവസരങ്ങളുടെ സമയവും തുറക്കുക. കടക്കെണിയിലായ ഈ വിമാനക്കമ്ബനികളുടെ ആയിരത്തോളം വരുന്ന ബോയിംഗ് 737 വിമാനങ്ങള്‍ അമേരിക്കയിലുടനീളം വെറുതെ കിടന്നു. 100,000 ഡോളര്‍ മുതല്‍ 120,000 ഡോളര്‍ വരെ മുന്‍കൂര്‍ നിക്ഷേപവും മാസവാടകയും നല്‍കാന്‍ കഴിയുന്ന ആര്‍ക്കും, നന്നായി പ്രവര്‍ത്തിക്കുന്ന ബോയിംഗ് 737 ലഭിക്കുമായിരുന്നു. ഈസ്റ്റ് വെസ്റ്റിന് അവ ലഭിക്കുന്നതിനു വേണ്ടി ദൈവം ഗൂഡാലോചന നടത്തിയതു പോലെയായിരുന്നു കാര്യങ്ങള്‍.

റയാന്‍ എയര്‍ സ്ഥാപിച്ച ഐറിഷ് കോടീശ്വരന്‍ ടോണി റയാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഗിന്നസ് പീറ്റ് ഏവിയേഷന്‍ എന്ന, വാണീജ്യ വിമാനങ്ങള്‍ വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന കമ്ബനിയുമായി തക്കിയുദ്ദീന്‍ ബന്ധപ്പെട്ടു. ഇന്ത്യയുടെ ആകാശം തുറന്നു കൊടുക്കാനുള്ള തീരുമാനം, കടക്കെണിയിലായ മറ്റൊരു വ്യവസായ മേഖലയ്ക്ക് കൂടി ഉത്തേജനം ആവുകയായിരുന്നു. അധികം വൈകിയില്ല; വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ലോകമെങ്ങുമുള്ള കമ്ബനികളുടെ എക്‌സിക്യൂട്ടീവുകള്‍ ബോംബെയില്‍ പറന്നിറങ്ങി. ഈസ്റ്റ് വെസ്റ്റ് അവധാനതയോടെ കാര്യങ്ങള്‍ നീക്കി. തങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ നിരവധി കമ്ബനികള്‍ വാഹിദ് സഹോദരങ്ങളെ സമീപിച്ചു. ബോംബയില്‍ ഒരു ടാക്‌സി വാടകയ്‌ക്കെടുക്കുന്നതു പോലെയായിരുന്നു അപ്പോള്‍ കാര്യങ്ങള്‍. എയര്‍ലൈന്‍ ഓപ്പറേറ്റിംഗ് ലൈസന്‍സ് ലഭിക്കുന്നതിനു മാത്രമായിരുന്നു ചില കാര്യങ്ങള്‍ നീക്കേണ്ടതുണ്ടായിരുന്നുള്ളൂ. ബാക്കിയൊക്കെ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതും.

ഈസ്റ്റ് വെസ്റ്റ് വെറും 35 കോടി രൂപയാണ് തങ്ങളുടെ ആകെ നിക്ഷേപമായി തുടക്കത്തില്‍ ഇറക്കിയത്. അതാകട്ടെ, ഉദാരീകരിക്കപ്പെട്ട ഒരു വിപണിയില്‍, അതുവരെ പരീക്ഷിച്ചു നോക്കാത്ത ഒരു ബിസിനസിന് ആണ് എന്നറിഞ്ഞിട്ടു പോലും, ഏറെക്കുറെ ബുദ്ധിമുട്ടില്ലാതെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അത്രമാത്രം ശുഭാപ്തി വിശ്വാസമുള്ള ആ സമയത്ത് ഈസ്റ്റ് കോസ്റ്റിന് ആവശ്യമുള്ള പണം കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ഫെയര്‍ഗ്രോത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്ന് 10 കോടി രൂപയും ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI)യില്‍ നിന്ന് 15 കോടി രൂപയും നാസിറുദ്ദീന്റെ വ്യക്തിഗത നിക്ഷേപമായി 10 കോടി രൂപയും അടക്കമായിരുന്നു ഇത്. തക്കിയുദ്ദീന്‍ കമ്ബനിയുടെ കാര്യങ്ങള്‍ മുഴുവനായി നോക്കിയപ്പോള്‍ മൂത്ത സഹോദരന്‍ ബോംബെയിലും ബഹറിനിലുമായി തന്റെ സമയം വിനിയോഗിച്ചു. ഒടുവില്‍ ഗിന്നസ് പീറ്റ് ഏവിയേഷന്‍ കമ്ബനിയുമായി മാസവാടക 110,000 ഡോളര്‍ നിരക്കില്‍ വാഹിദ് സഹോദരങ്ങള്‍ ഒരു ബോയിംഗ് 737 വാടകയ്‌ക്കെടുക്കാന്‍ കരാര്‍ ഒപ്പു വച്ചു. വാഹിദുമാരുടെ ട്രാവല്‍ ഏജന്‍സി, ഈസ്റ്റ് വെസ്റ്റ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്‌സ് ആയിരുന്നു പുതിയ എയര്‍ലൈന്‍സിന്റെ ഹോള്‍ഡിംഗ് കമ്ബനി.

കമ്ബനിയിലെ മിക്കവരും വിമാനത്തിന്റെ ആദ്യ പറക്കല്‍ 1991 ഡിസംബര്‍ 25-നു തന്നെ വേണമെന്ന അഭിപ്രായക്കാരായിരുന്നു- യാദൃശ്ചികമെന്ന് പറയട്ടെ, അന്നായിരുന്നു തക്കിയുദ്ദീന്റെ ജന്മദിനവും. തുടര്‍ന്ന് ആദ്യ പറക്കലിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. വിമാനങ്ങള്‍ കൊണ്ടു വരാനായി ഫൈസല്‍ അപ്പോള്‍ ഡബ്ലിനിലായിരുന്നു. ഡിസംബര്‍ 12-ന് തക്കിയുദ്ദീന്‍ ഫൈസലിനെ വിളിച്ചു, പതിവില്ലാത്ത വിധം ശബ്ദം നേര്‍ത്തിരുന്നു. 'ഒരു പ്രശ്‌നമുണ്ട്' - അയാള്‍ പറഞ്ഞു. ലോഞ്ചിംഗ് നടത്താനുള്ള തിരക്കിനിടയില്‍ ഇന്ത്യയുടെ ഇറക്കുമതി നിയന്ത്രണങ്ങളെ കുറിച്ച്‌ അവരത്ര കാര്യമാക്കിയിരുന്നില്ല. രാജ്യത്തേക്ക് കൊണ്ടുവരുന്ന വിമാനത്തിന്റെ ആകെ വില എത്രയെന്ന് കണക്കാക്കി അതിന്റെ 33 ശതമാനത്തിന് തുല്യമായ തുക ഇറക്കുമതി തീരുവയായി നല്‍കണം (countervailing duty) എന്നായിരുന്നു നിയമം. ആ നികുതി മാത്രം വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്ന തുകയേക്കാള്‍ കൂടുതലായേക്കാം എന്നത്, ചെറിയ തോതില്‍ സംരംഭം ആരംഭിക്കാന്‍ തുനിഞ്ഞിറങ്ങിയ ഈസ്റ്റ് വെസ്റ്റിനെ വന്‍ പ്രതിസന്ധിയിലാക്കി.

ഈ നികുതി ഒഴിവാക്കി കിട്ടാനായി നയരൂപകര്‍ത്താക്കളെ സ്വാധീനിക്കാന്‍ തക്കിയുദ്ദീനും നാസിറുദ്ദീനും തലസ്ഥാനത്തെത്തി. പക്ഷേ, മറ്റൊരു ന്യൂഡല്‍ഹിയാണ് അവര്‍ കണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയായിരുന്നു അധികാരത്തിലെങ്കിലും രാജീവ് ഗാന്ധിയുടെ ഊര്‍ജിതപ്രഭാവം ഒട്ടുമില്ലാത്ത ഒന്നായിരുന്നു അവിടെയുണ്ടായിരുന്ന സര്‍ക്കാര്‍. പി.വി നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി. പക്ഷേ, ഗാന്ധി-നെഹ്‌റു കുടുംബത്തോട് മാത്രമല്ല, അവരുടെ തണലില്‍ ഉണ്ടായിരുന്നവരോടും റാവുവിന് യാതൊരു വിധത്തിലുള്ള പ്രതിപത്തിയും ഇല്ലായിരുന്നു.

ഒരു സ്വതന്ത്ര സമ്ബദ്‌വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുന്നത് ലക്ഷ്യമിട്ട്, 'ബാലന്‍സ് ഓഫ് പെയ്‌മെന്റ' പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ വിധത്തിലുമുള്ള അഴിച്ചുപണികളും സമ്ബദ്‌വ്യവസ്ഥയ്ക്ക് മേല്‍ നടത്തിക്കൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. ജനീവയില്‍ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ സൗത്ത് കമ്മീഷന്റെ തലപ്പത്ത് പ്രവര്‍ത്തിക്കുകയും പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി ധനമന്ത്രിയാവുകയും ചെയ്ത സാമ്ബത്തിക വിദഗ്ധന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലായിരുന്നു ആ സാമ്ബത്തിക വിപ്ലവം അരങ്ങേറിയിരുന്നത്. അദ്ദേഹം പിന്നീട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരിലൊരാളാവുകയും ചെയ്തു (2004-2014). അവരുടെ പ്രശ്‌നത്തോട് അനുകമ്ബയുണ്ടായിരുന്നെങ്കിലും നികുതി ഒഴിവാക്കിക്കൊടുക്കുക തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ലെന്ന് ഡോ. സിംഗ് തക്കിയുദ്ദീനോട് വ്യക്തമാക്കി. പക്ഷേ, അദ്ദേഹം ഒരു കാര്യം നിര്‍ദേശിച്ചു. തക്കിയുദ്ദീന് നികുതിയുടെ ഒരു ഭാഗം അടച്ച്‌ വിമാനം കൊണ്ടുവരാന്‍ ചട്ടങ്ങള്‍ പ്രകാരം കഴിയും. വിമാനം പാട്ടത്തിന് എടുക്കുന്നതായതുകൊണ്ട് അത് തിരിച്ചു നല്‍കുമ്ബോള്‍ അടച്ച നികുതിയും തിരിച്ചു ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉപദേശം സ്വീകരിച്ച ഈസ്റ്റ് വെസ്റ്റ,് മൂന്നു കോടി രൂപയോളം നികുതിയടച്ച്‌ വിമാനം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള അനുമതി നേടി. അങ്ങനെ ഈസ്റ്റ് വെസ്റ്റിന്റെ ആദ്യ വിമാനം 1992 ജനുവരിയില്‍ ഇന്ത്യന്‍ മണ്ണിലിറങ്ങി.

അങ്ങനെ 1992 ഫെബ്രുവരി 28-ന്, നാലു ദശകത്തിനിടയില്‍ ആദ്യമായി രാജ്യത്താരംഭിച്ച ആദ്യ സ്വകാര്യ ആഭ്യന്തര യാത്രാ വിമാനത്തില്‍ കയറാനായി അതിരാവിലെ തന്നെ വാഹിദ് സഹോദരങ്ങളുടെ സുഹൃത്തുക്കളായ രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്നു. ഇവര്‍ക്കു പുറമെ യാത്രക്കാരായി നാല്‍പ്പതോളം പേര്‍ വേറെയുമുണ്ടായിരുന്നു. ഈസ്റ്റ് വെസ്റ്റിനുള്ള എയര്‍ ടാക്‌സി ഓപറേറ്റേഴ്‌സ് ലൈസന്‍സിലെ നിബന്ധനകള്‍ അനുസരിച്ച്‌, വിമാന സര്‍വീസിന്റെ സമയമോ ടിക്കറ്റ് നിരക്കുകളോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല എന്നാണ്. അതുകൊണ്ടു തന്നെ ആളുകള്‍ പരസ്പരം പറഞ്ഞറിഞ്ഞായിരുന്നു യാത്രക്കാരെ ലഭിച്ചിരുന്നത്. സോഷ്യലിസത്തിന്റെ അലസമാന്ദ്യത്തില്‍ നിന്ന് ഉണര്‍ന്നുകൊണ്ടിരുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു ഈസ്റ്റ് വെസ്റ്റിന്റെ ഗ്ലാമറും അതിവേഗ കണക്ടീവിറ്റിയും. 'ഇന്ത്യന്‍ എയര്‍ലൈന്‍സ് കണ്ടു പഠിക്കൂ', പ്രമുഖ ദിനപത്രങ്ങള്‍ പിറ്റേന്ന് രാവിലെ ഇറങ്ങിയത് ഇത്തരത്തിലുള്ള തലക്കെട്ടുകളുമായായിരുന്നു.

അന്ന് രാവിലെ 5.30-ന്, വാഹിദ് സഹോദരങ്ങളുടെ സ്വന്തം നാടായ കേരളത്തിന്റെ വാണീജ്യ തലസ്ഥാനം കൊച്ചിനി(ഇപ്പോള്‍ കൊച്ചി)ലേക്ക് ബോയിംഗ് 737 പറന്നുയര്‍ന്നു. കൊച്ചിനില്‍ നിന്നുള്ള യാത്രക്കാരുമായി തിരിച്ച്‌ ബോംബെയിലേക്ക്. ബോംബെയിലെത്തിയ വിമാനം പുതിയ യാത്രക്കാരുമായി കര്‍ണാടകത്തിലെ തീരദേശ പട്ടണമായ മാംഗ്ലൂരിലേക്ക് തിരിച്ചു. ആ യാത്രയില്‍ ഒരു ഡസനോളം സാധാരണ യാത്രക്കാര്‍ക്കു പുറമെ തന്റെ സുഹൃത്തുക്കളായ, സിനിമാ മേഖലയില്‍ നിന്നുള്ള അതിഥികളും - സുഷ്മിത സെന്‍, ആമിര്‍ ഖാന്‍, ഫൈസല്‍ ഖാന്‍ തുടങ്ങിയവരുള്‍പ്പെടെ ഉണ്ടായിരുന്നെന്ന് ഫൈസല്‍ പറയുന്നു. ഈസ്റ്റ് വെസ്റ്റിന്റെ ആദ്യ യാത്രകള്‍ കൊച്ചിയിലേക്കും മാംഗ്ലൂരിലേക്കും ആക്കിയ വാഹിദ് സഹോദരങ്ങളുടെ തീരുമാനത്തിന് പിന്നില്‍ വൈകാരികമായ കാര്യങ്ങള്‍ക്കൊപ്പം, കൃത്യമായ കാരണങ്ങളുമുണ്ടായിരുന്നു. തന്റെ കൗമാരകാലം ചെലവഴിച്ച സ്ഥലത്തിനടുത്തുള്ള കൊച്ചിയിലേക്ക് തക്കിയുദ്ദീന്‍ നിരന്തരം യാത്ര ചെയ്തിരുന്നു എന്നതായിരുന്നു ഒന്ന്. മറ്റൊന്ന് തക്കിയുദ്ദീന്റെ ഭാര്യയുടെ ജന്മസ്ഥലം മാംഗ്ലുര്‍ ആണ്. അവിടേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സിന് സര്‍വീസ് ഉണ്ടായിരുന്നുമില്ല.

ചുറുചുറുക്കും ആഹ്‌ളാദവും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷമായിരുന്നു അപ്പോള്‍ ഈസ്റ്റ് വെസ്റ്റിന്റെ കോര്‍പറേറ്റ് ഓഫീസില്‍. ആഭ്യന്ത വിമാന സര്‍വീസുകളെ സംബന്ധിച്ചിടത്തോളം പുതിയൊരു സ്റ്റാന്‍ഡേഡ് തന്നെ നിശ്ചയിച്ച ഈസ്റ്റ് വെസ്റ്റ്, അതിന് കൊഴുപ്പേകാനായി ഒരുക്കിയ തത്സമയ സംഗീത പരിപാടികള്‍, ഐസ്‌ക്രീം ഫെസ്റ്റിവല്‍സ് പോലുള്ളവയുടെ വിവരങ്ങള്‍ തലക്കെട്ടുകളായി മാറി. ഒപ്പം, തക്കിയുദ്ദീന്‍ എങ്ങനെയാണ് കമ്ബനി നടത്തുന്നത് എന്നതിനെ കുറിച്ചുള്ള കഥകളും: അതായത്, ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാരുടെ മാസശമ്ബളം 25,000 മാത്രമേയുള്ളുവെങ്കില്‍ ഈസ്റ്റ് വെസ്റ്റില്‍ അത് ഒരു ലക്ഷം രൂപ വരെയൊക്കെയാണ് എന്ന തരത്തിലൊക്കെയായിരുന്നു കഥകള്‍. മാംഗ്ലൂരിലേക്ക് കാശു മുടക്കി യാത്ര ചെയ്യാന്‍ ഒരു യാത്രക്കാരന്‍ മാത്രമുള്ള സാഹചര്യത്തില്‍ സര്‍വീസ് റദ്ദാക്കാമെന്ന് മാനേജര്‍ പറഞ്ഞിട്ടു പോലും തക്കിയുദ്ദീന്‍ വഴങ്ങിയില്ല. രാഷ്ട്രീയ, വ്യവസായ മേഖലകളില്‍ ഒരുതരം സെലിബ്രിറ്റി ഭ്രമമുള്ള ഇന്ത്യയിലെ അവസ്ഥയില്‍, ഈ മേഖലകളെ പ്രത്യേകം പരിഗണിക്കണമെന്നറിയാവുന്ന പുതിയ സംരംഭകനായിരുന്നു അയാള്‍. അത്തരത്തിലുള്ളവര്‍ക്ക് വിമാനത്തില്‍ ഇഷ്ടമുള്ള സീറ്റുകള്‍ അനുവദിച്ചും ചാര്‍ട്ടേഡ് ഫൈ്‌ളറ്റുകള്‍ നല്‍കിയുമൊക്കെ തക്കിയുദ്ദീന്‍ അതിന് കുറെയൊക്കെ വഴങ്ങുകയും ചെയ്തു. നിരവധി രാഷ്ട്രീയക്കാര്‍ ഈസ്റ്റ് വെസ്റ്റില്‍ അദ്ദേഹത്തിന്റെ അതിഥികളായി എത്തി. തിരിച്ച്‌, താന്‍ ഒരിക്കല്‍ അകപ്പെട്ട നികുതി പ്രശ്‌നം അവസാനിപ്പിക്കുന്നതിന് തക്കിയുദ്ദീനും അവരുടെ പിന്തുണ ആവശ്യമായിരുന്നു. ഒടുവില്‍, ഇറക്കുമതി നടത്തുമ്ബോള്‍ അടയ്‌ക്കേണ്ട 33 ശതമാനം നികുതി ഒഴിവാക്കുന്നതിന് കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരുടെയടക്കം, 125 എം.പിമാരുടെ ഒപ്പുകള്‍ ശേഖരിക്കാന്‍ അദ്ദേഹത്തിനായി. ഇതിന് ഫലവുമുണ്ടായി. ഡോ. മന്‍മോഹന്‍ സിംഗ് ആദ്യം ഈ നികുതി 18 ശതമാനമായും പിന്നീട് എട്ടു ശതമാനമായും കുറയ്ക്കുകയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു.

തങ്ങളുടെ ആദ്യവര്‍ഷത്തില്‍ ഈസ്റ്റ് വെസ്റ്റ് ഉണ്ടാക്കിയ നേട്ടം എടുത്തു പറയേണ്ടതാണ്- അതാകട്ടെ, നിലവിലുള്ള ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ക്ക് അപ്പുറമായിരുന്നു. 1992-ല്‍ ഈസ്റ്റ് കോസ്റ്റിന്റെ വരുമാനം 130 കോടി രൂപയായിരുന്നു, അതില്‍ എട്ടു കോടി രൂപ ലാഭവും. അതേ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സ് 150 കോടി രൂപ നഷ്ടത്തിലായിരുന്നു എന്നറിയുമ്ബോഴാണ് വാഹിദ് കുടുംബത്തിന്റെ പുതിയ ബിസിനസിന്റെ വിജയം മനസിലാവുക. ഇന്ത്യന്‍ എയര്‍ലൈന്‍സിനെ അപേക്ഷിച്ച്‌ ശരാശരി 20 ശതമാനത്തോളം കുറവായിരുന്നു ഈസ്റ്റ് വെസ്റ്റിന്റെ നിരക്ക്. അതുകൊണ്ട് തന്നെ അവരുടെ വിമാനങ്ങള്‍ വളരെ വേഗം യാത്രക്കാരെക്കൊണ്ട് നിറയുകയും ചെയ്തു. 1992 പകുതി ആയപ്പോഴേക്കും മൂന്നു വിമാനങ്ങള്‍ കൂടി വാങ്ങിയ ഈസ്റ്റ് കോസ്റ്റ് ഓരോ ആറു മാസത്തിലും രണ്ടു വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.

1992 അവസാനമായപ്പോഴേക്കും എയര്‍ ഇന്ത്യയിലേയും ഇന്ത്യന്‍ എയര്‍ലൈന്‍സിലേയും പൈലറ്റുമാര്‍ ജോലി സാഹചര്യങ്ങളും ശമ്ബളവും മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പൈലറ്റുമാര്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നിന്നു. പ്രധാനമന്ത്രി നരസിംഹ റാവുവും അന്ന് വ്യോമയാന മന്ത്രിയായിരുന്ന മാധവ റാവു സിന്ധ്യയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് തക്കിയുദ്ദീനേയും നാസിറുദ്ദീനേയും അന്ന് ന്യൂഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി. പ്രധാനമന്ത്രി കാര്യാലയത്തില്‍ നടന്ന ആ യോഗത്തില്‍ സിന്ധ്യയാണ് കൂടുതലും സംസാരിച്ചത്. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്, സിന്ധ്യ പറഞ്ഞു: ഈസ്റ്റ് കോസ്റ്റ് കഴിയുന്നത്ര റൂട്ടുകളില്‍, കഴിയുന്നത്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുകയും അതുവഴി പൈലറ്റുമാരുടെ സമരം പൊളിക്കുകയും ചെയ്യുക. 'സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിരിക്കും', പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സിന്ധ്യ വ്യക്തമാക്കി. പ്രശസ്തമായ തന്റെ മൗനത്തിന്റെ പേരില്‍ക്കൂടി അറിയപ്പെടുന്ന റാവു, പ്രതിസന്ധി മുന്നില്‍ നില്‍ക്കുന്ന ആ സാഹചര്യത്തില്‍ അത്ര താത്പര്യത്തോടെയല്ലെങ്കിലും തലയാട്ടി.

സര്‍ക്കാരില്‍ നിന്നു ലഭിച്ച ഈ ഉറപ്പിലും, ഒപ്പം അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് തനിക്ക് വീണ്ടും വഴി തുറന്നു കിട്ടിയതിലും ആവേശഭരിതനായ തക്കിയുദ്ദീന്‍ ഒരു ചൂതാട്ടമാണെങ്കില്‍ പോലും വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തക്കിയുദ്ദീന്‍, വിമാനം പാട്ടത്തിനു നല്‍കുന്ന രണ്ട് കമ്ബനികളുമായി ബന്ധപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഏഴ് പുതിയ വിമാനങ്ങള്‍ കൂടി ഈസ്റ്റ് വെസ്റ്റിന്റെ നിറംപൂശി പുറത്തിറങ്ങി. 1993 ജനുവരി ആയപ്പോഴേക്കും ഈസ്റ്റ് കോസ്റ്റിന് അതുവരെയുണ്ടായിരുന്ന വിമാനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് 12 ആയി ഉയര്‍ന്നു. കമ്ബനിയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന ഒരു മുതിര്‍ന്ന ബ്രിട്ടീഷ് എയര്‍വേസ് ഉദ്യോഗസ്ഥന്‍, ഇത്തരത്തില്‍ മുന്നുംപിന്നും നോക്കാതെ വിമാനങ്ങള്‍ വാങ്ങുന്നത് ആത്മഹത്യാപരമാണെന്ന് ചൂണ്ടിക്കാട്ടി രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കി. പക്ഷേ, തക്കിയുദ്ദീന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തള്ളി. പൈലറ്റുമാരുടെ സമരം ഉടനെയെങ്ങും അവസാനിക്കുന്ന സാഹചര്യം ഇല്ലാതെ വരികയും ഈസ്റ്റ് വെസ്റ്റ് പതിയെ ഉയര്‍ന്നു വരുന്നത് ന്യൂഡല്‍ഹി ഒട്ടൊക്കെ ആശങ്കയോടെ നോക്കിക്കാണുകയും ചെയ്ത ആ സമയത്ത്, താന്‍ മുന്നിട്ടിറങ്ങുക തന്നെ വേണമെന്ന് തക്കിയുദ്ദീന് തോന്നി. എന്നാല്‍, മറ്റേത് രാഷ്ട്രീയ സാഹചര്യങ്ങളിലുമെന്നതു പോലെ ഇവിടെയും അതിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

സമരം നേരിടുന്നതില്‍ വാഹിദ് സഹോദരങ്ങളെ മാത്രം ആശ്രയിക്കുന്നതില്‍ തൃപ്തി വരാതിരുന്ന സിന്ധ്യ, ഇതിനിടയില്‍ ആഭ്യന്തര മേഖലയിലെ സര്‍വീസില്‍ ഉണ്ടായിരുന്ന കുറവ് നികത്താന്‍ ഉസ്‌ബെക്ക് എയര്‍ലൈന്‍സില്‍ നിന്ന് മൂന്ന് എഞ്ചിനുകളുള്ള ഏതാനും Tupol് 154 വിമാനങ്ങള്‍ കൂടി പാട്ടത്തിനെടുത്തു. എന്നാല്‍ 1993 ജനുവരി ഒമ്ബതിന് കനത്ത മൂടല്‍ മഞ്ഞുള്ള സമയത്ത് ദേശീയ തലസ്ഥാനത്തേക്ക് വന്ന TU154 വിമാനങ്ങളിലൊന്ന് റണ്‍വേയില്‍ ഇറങ്ങിയത് ഇടത്തേ ചക്രം ആദ്യം നിലത്തു തൊട്ടുകൊണ്ടാണ്. അവിടെ നിന്ന് തെന്നി നീങ്ങി തെറിച്ചു പോയ വിമാനം മൂന്നായി പിളര്‍ന്നു, തൊട്ടു പിന്നാലെ അതിനെ തീയും വിഴുങ്ങി. വിമാനത്തിലുണ്ടായിരുന്ന 163 യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇത് രൂക്ഷമായ പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. സമരം ചെയ്യുന്ന പൈലറ്റുമാരുടേയും ട്രേഡ് യൂണിയനുകളുടേയും നേതൃത്വത്തില്‍ രൂക്ഷമായ എതിര്‍പ്പുയര്‍ന്നതോടെ സിന്ധ്യക്ക് രാജി വയ്‌ക്കേണ്ടി വന്നു.

1992 ഡിസംബര്‍ ആറിന് ഹിന്ദു വര്‍ഗീയവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ബോംബെയിലുടനീളം നടന്ന കലാപസമയത്ത് - സമൂഹത്തിലെ വരേണ്യവര്‍ഗം മറ്റേതിടങ്ങളിലുമെന്നതുപോലെ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹിദ് സഹോദരങ്ങളും സുരക്ഷിതരായിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥകളില്‍ നിന്ന് മാറി നില്‍ക്കുക എളുപ്പമായിരുന്നില്ല. സിന്ധ്യ രാജി വച്ചതോടെ അദ്ദേഹം വാഹിദ് സഹോദരങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും അപ്രത്യക്ഷമായിരുന്നു. ഈ പ്രതിസന്ധി ഒരവസരമായി കണ്ട നരസിംഹ റാവു, വാഹിദ് സഹോരങ്ങളുമായുള്ള ബന്ധവും വിച്ഛേദിച്ചു. അദ്ദേഹത്തിന്റെ കണ്ണില്‍ അവര്‍ ഗാന്ധി-നെഹ്‌റുമാരുടെ അനുയായികളായിരുന്നു.

ഇന്ത്യന്‍ ആകാശത്തിനു മേലുള്ള മത്സരവും ഇതിനിടെ കടുത്തു. 1993 മെയില്‍ നരേഷ് ഗോയലിന്റെ ജറ്റ് എയര്‍വേസും സര്‍വീസ് ആരംഭിച്ചു. എന്നാല്‍, രാജ്യത്തെ ഏറ്റവും വിജയകരമായി മാറാന്‍ പോവുകയായിരുന്ന ആ എയര്‍ലൈന്‍സിന്റെ തുടക്കം അത്ര മംഗളകരമായിരുന്നില്ല. ആദ്യ പറക്കലില്‍ അവരുടെ ഒരു ബോയിംഗ് 737-300 വിമാനം തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ ഇറങ്ങിയത് തെറ്റായ വ്യോമപാതയിലാണ്. ഈസ്റ്റ് വെസ്റ്റിന്റെ ബോയിംഗ് 737-200 വിമാനങ്ങളെ അപേക്ഷിച്ച്‌ ജെറ്റിന്റെ 737-300 വിമാനങ്ങളുടേത് 'low-hanging' എഞ്ചിനുകളായതിനാല്‍ അവ അപകടത്തില്‍പ്പെടാനുള്ള സാധ്യതകളും കൂടുതലായിരുന്നു. ഗോയല്‍ പതിയെ ഈസ്റ്റ് കോസ്റ്റിലെ ജീവനക്കാരെ തന്റെ സ്ഥാപനത്തിലേക്ക് വലിക്കാന്‍ ആരംഭിച്ചു, ഒപ്പം അവരുടേതായ പല പദ്ധതികളും ജറ്റിലും ആവിഷ്‌കരിച്ചു.

1993 പകുതിയായപ്പോഴേക്കും ആദായ നികുതി വകുപ്പ്, റവന്യൂ ഇന്റലീജന്‍സ് വകുപ്പ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍ ഒക്കെ ഈസ്റ്റ് വെസ്റ്റിനു പിന്നാലെ കൂടിത്തുടങ്ങി. വാഹിദ് സഹോദരങ്ങള്‍ക്ക് ദാവൂദ് ഇബ്രാഹിം സംഘവുമായി ബന്ധമുണ്ടെന്നും അതിന് ശക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചു. വാഹിദ് സഹോദരങ്ങള്‍ക്ക് ഇനിയൊരിക്കലും ഉയര്‍ന്നു വരിക സാധ്യമല്ല എന്ന് പലരും സംശയിച്ചു. 'ആ മേഖലയില്‍ മത്സരിക്കുക എന്നതിനു പകരം പ്രശ്‌നങ്ങള്‍ തീര്‍ക്കുക എന്നതായിരുന്നു ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്''- ഫൈസല്‍ ഓര്‍ത്തെടുത്തു. എന്നാല്‍, അപ്പോഴേക്കും വളരെ മോശപ്പെട്ട രീതിയില്‍ തങ്ങളുടെ അടിത്തറ ഇളകിത്തുടങ്ങിയിരുന്നു എന്ന കാര്യം വാഹിദ് സഹോദരങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല.

--------------

1992 സെപ്റ്റംബര്‍ 12-ന് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണാവതാര്‍ ഗുലാബ്‌സിംഗ് താക്കൂര്‍ കിടക്കാനുള്ള തയാറെടുപ്പിലായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, കോണ്‍സ്റ്റബിള്‍മാരായ പി.ജി ജാവ്‌സെനും കെ.ബി ഭനവാതും ജെജെ ഹോസ്പിറ്റലിലെ 18-ാം വാര്‍ഡിന് പുറത്ത് തങ്ങളുടെ .303 റൈഫിളുകള്‍ ബഞ്ചില്‍ ചാരി വച്ച്‌ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. അന്ന് ബോംബെയില്‍ ശക്തരായിരുന്ന ദാവൂദ് സംഘത്തിന്റെ എതിരാളികളായ അരുണ്‍ ഗാവ്‌ലി സംഘത്തിലെ ശൈലേഷ് ഹല്‍ദങ്കറായിരുന്നു ആ വാര്‍ഡില്‍ ഉണ്ടായിരുന്നത്. ബോംബെയിലെ അധോലോകം നേരിട്ടോ അല്ലാതെയോ ഒക്കെ പല ബിസിനസുകളും നിയന്ത്രിച്ചിരുന്ന കാലമാണ്, കണ്‍സ്ട്രക്ഷന്‍ ബിസിനസും ഹിന്ദി സിനിമാ മേഖലയും മുതല്‍ പ്രാദേശിക രാഷ്ട്രീയം നിയന്ത്രിക്കുന്നതു വരെ അത് നീണ്ടു.

പുറത്ത് പോലീസ് സംരക്ഷണമുള്ളതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള ആക്രമണം ഉണ്ടായേക്കില്ല എന്ന ഉറപ്പില്‍ ഹാല്‍ദങ്കര്‍ വളരെ വേഗമുറങ്ങി. അതിന് ഏതാനും ദിവസം മുമ്ബാണ് നഗരത്തെയാകെ ഞെട്ടിച്ചു കൊണ്ട് ദാവൂദിന്റെ ഭാര്യാ സഹോദരന്‍ ഇബ്രാഹിം പാര്‍ക്കറെ ഹാല്‍ദങ്കര്‍ വെടിവച്ചു വീഴ്ത്തിയത്. പാര്‍ക്കറിന്റെ കൊലപാതകം ദാവൂദിനെ രോഷാകുലനാക്കി. അയാളെ സംബന്ധിച്ചിടത്തോളം ആ കൊലപാതകം ബോംബെയില്‍ തന്റെ അപ്രമാദിത്വം ചോദ്യം ചെയ്യുന്ന ഒന്നും അതിനൊപ്പം, വൈകാരികമായ തിരിച്ചടിയുമായിരുന്നു.

ദമ്ബതികളായ രണ്ടു പേര്‍ വെളുപ്പിനെ 1.30-ഓടു കൂടി പതിയെ ആശുപത്രി കോമ്ബൗണ്ടിലേക്ക് കടന്നു വന്നു. തുടര്‍ന്ന് ആശുപത്രിയിലെ സന്നാഹങ്ങളും മറ്റും വിശദമായി നിരീക്ഷിച്ച്‌ ഒരു മണിക്കൂറോളം ചെലവഴിച്ച്‌ ശാന്തരായി തന്നെ മടങ്ങിപ്പോയി. ആശുപത്രിയില്‍ നിന്ന് മടങ്ങിയ അവര്‍, തുടര്‍ന്ന് ദാവൂദ് സംഘത്തിലെ ആറു പേര്‍ക്ക് വിവരങ്ങള്‍ കൈമാറി. ഹാല്‍ദങ്കറും അയാളുടെ സഹായി ബിപിന്‍ ഷേരയും വാര്‍ഡ് 18-ല്‍ ഉണ്ടെന്നും സംരക്ഷണത്തിന് ഒരു പോലീസ് ഓഫീസറും നാല് കോണ്‍സ്റ്റബിള്‍മാരും മാത്രമേയുള്ളുവെന്നുമായിരുന്നു ആ വിവരങ്ങള്‍. സ്ഥലത്തിന്റെ രൂപരേഖയും ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള വാതിലുകളുടെ വിവരങ്ങളും അവര്‍ തയാറാക്കി.

വെളുപ്പിനെ 3.40-ന് ആറംഗ സംഘം എ.കെ-47 ഉള്‍പ്പെടെയുള്ള ആയുധങ്ങളുമേന്തി 18-ാം വാര്‍ഡിലേക്ക് കടന്നു വന്നു, ബോംബെ കുറ്റകൃത്യ ലോകത്ത് ആ തോക്കിന്റെ ഉപയോഗം ആദ്യമായായിരുന്നു. സംഘം തുടരെ തുടരെ നിറയൊഴിച്ചു. ഹാല്‍ദങ്കര്‍ അപ്പോള്‍ തന്നെ വെടിയേറ്റു മരിച്ചു. പോലീസുകാര്‍ സുരക്ഷയ്ക്കായി അലങ്കോലപ്പെട്ടു കിടന്നിരുന്ന സാധനസാമഗ്രികളുടെ പിന്നിലേക്ക് നീങ്ങി. പോലീസുകാരെ നിരീക്ഷിക്കുമ്ബോള്‍ തന്നെ, തങ്ങളുടെ രണ്ടാമത്തെ ലക്ഷ്യമായ ഷേരെ അവിടെയില്ലെന്ന് സംഘത്തിന് മനസിലായി. കിടന്നിരുന്ന കട്ടിലിനു പിന്നില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ താക്കൂര്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ സംഘത്തിന് നേര്‍ക്ക് നിറയൊഴിച്ചു. കോണ്‍സ്റ്റബിള്‍മാരായ ഭനാവത്തും ജാവ്‌സെനും തങ്ങളുടെ റൈഫിളുകള്‍ പ്രയോഗിച്ചതോടെ സംഘത്തിലെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

അക്രമി സംഘം പോലീസുകാര്‍ക്കു നേരെ തിരിച്ചു വെടിയുതിര്‍ത്തു. രണ്ടു പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ഒരാളുടെ കാലിന് വെടിയേല്‍ക്കുകയും ചെയ്തു. വെടിവയ്പിനിടയില്‍ ഒരു നഴ്‌സ്, ഒരു രോഗി, ഒരു രോഗിയുടെ ബന്ധു എന്നിവര്‍ക്കും പരിക്കേറ്റു. കേവലം അഞ്ചു മിനിറ്റ് മാത്രമാണ് വെടിവയ്പ് നീണ്ടു നിന്നതെങ്കിലും അതിനിടയില്‍ 18-ാം വാര്‍ഡില്‍ 500 റൗണ്ട് വെടിയൊച്ച മുഴങ്ങി. സാധാരണ പോലീസുമായുള്ള ഏറ്റുമുട്ടല്‍ ബോംബെ അധോലോകം ഒഴിവാക്കാറാണ് പതിവെങ്കിലും അന്നുണ്ടായ ഏറ്റുമുട്ടല്‍ അസാധാരണവും നാടകീയവുമായിരുന്നു. അതോടെ ഈ ആക്രമണം, പ്രാദേശികവും ദേശീയവും തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ പോലും രാഷ്ട്രീയ, ബിസിനസ് മേഖലകളില്‍ പ്രത്യാഘാതം ഉണ്ടാക്കാന്‍ പോന്നതായി.

ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സും ഈ ഏറ്റുമുട്ടലുകളുടെ നടുവില്‍പ്പെട്ടു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ 500 വര്‍ഷം പഴക്കമുള്ള ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം രാജ്യം മുഴൂവന്‍ പടര്‍ന്നു പിടിച്ചു. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു. ഈ സംഭവം ബോംബെയിലെ ഒരു വിഭാഗം മുസ്ലീങ്ങളില്‍ നിന്നും തിരിച്ചടിയുണ്ടാക്കാന്‍ പോന്നതായിരുന്നു, ഒപ്പം, അവിടുത്തെ മുസ്ലീം മേല്‍ക്കൈയുള്ള അധോലോകത്തിലും. തുടര്‍ന്നു വന്ന മാസങ്ങളില്‍ ബോംബെ അതിഗുരുതരമായ വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിച്ചു. 900-ത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് 1993 മാര്‍ച്ച്‌ 12-ന് സ്‌ഫോടന പരമ്ബരകള്‍ നഗരത്തില്‍ അരങ്ങേറുന്നതും. അതില്‍ 257 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ദാവൂദ് ഇബ്രാഹിമും കള്ളക്കടത്തുകാരനായ ടൈഗര്‍ മേമനുമാണ് ഇതിനു പിന്നിലെന്ന് പോലീസ് കുറ്റപ്പെടുത്തി. ഇരുവരും രാജ്യത്തെ ഏറ്റവും വലിയ കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ ബോംബെ അധോലോകത്തേയും ഭിന്നിപ്പിച്ചു.

1993 ജൂലൈ 23-ന്, ഡല്‍ഹിയിലെ ഒരു തിരക്കുപിടിച്ച മധ്യവര്‍ഗ താമസസ്ഥലമായ ഗഗന്‍ വിഹാറില്‍ വച്ച്‌ ഡല്‍ഹി പോലീസ് ഒരു ടെയോട്ട തടഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് 18-ാം വാര്‍ഡില്‍ ആക്രമണമഴിച്ചു വിട്ട സംഘമായിരുന്നു ആ വാഹനത്തില്‍ ഉണ്ടായിരുന്നത്. അന്വേഷണ സംഘം പറയുന്നതനുസരിച്ച്‌, 1992 സെപ്റ്റംബറില്‍ നടന്ന ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്കകം സംഘം ബോംബെ സബര്‍ബന്‍ ഇലക്‌ട്രിസിറ്റി സപ്ലൈയുടെ ഒരു ഗസ്റ്റ് ഹൗസില്‍ ചേക്കേറി. കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ട ഒരാളായിരുന്നു സ്വന്തം പേരില്‍ അവര്‍ക്കായി അവിടെ മുറി ബുക്ക് ചെയ്തിരുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കല്‍പ്പനാഥ് റായി ആയിരുന്നു ആ മന്ത്രി. അയാളുടെ മരുമകന്‍ വി.എന്‍ റായി ആ സംഘത്തിന് അവിടെ ആതിഥ്യം ഒരുക്കി.

കല്‍പ്പനാഥ് റായിയുടെ സ്റ്റാഫ് ദേശീയ തലസ്ഥാനത്തും ഈ അക്രമി സംഘത്തിന് താമസം ഒരുക്കിയെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയായ മീനാ ബാഗിലെ 25-ാം നമ്ബര്‍ വീട്ടില്‍പ്പോലും ഈ സംഘം താമസിച്ചു. ഇവിടം മുതല്‍ കാര്യങ്ങള്‍ മാറുകയാണ്- അതാകട്ടെ, ഈസ്റ്റ് വെസ്റ്റിനെ വലിയ കുഴപ്പത്തിലും എത്തിച്ചു.

അന്വേഷണത്തിനിടയില്‍ പോലീസ് ദക്ഷിണ ഡല്‍ഹിയിലെ ഒരു ഫ്‌ളാറ്റ് റെയ്ഡ് ചെയ്തു. അവിടെ നിന്ന് ആ അക്രമി സംഘത്തിന്റേതായ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തതിനൊപ്പം, മുഹമ്മദ് ഫാറൂഖ് എന്നയാളുടെ പേരിലുള്ള ഒരു കവറും കണ്ടെടുത്തു. ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്ന് അറിയപ്പെടുന്ന ഹവാല ഇടപാടുകാരനായിരുന്നു ഫാറൂഖ്. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഡല്‍ഹിയിലെ തലവനായിരുന്ന സാബു ചാക്കോയ്ക്ക് കൈമാറാനുള്ളതായിരുന്നു ആ കവര്‍ എന്നും പോലീസ് കണ്ടെത്തി. അതിനൊപ്പം, ഫാറൂഖും ഭാര്യയും കൊണാട്ട്‌പ്ലേസിലെ ഹാന്‍സ് പ്ലാസയില്‍ താമസിച്ച സമയത്ത,് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സാണ് ഇവരുടെ ഹോട്ടല്‍ ബില്‍ അടച്ചിരിക്കുന്നതെന്നും തങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു.

ചാക്കോ വെറുമൊരു എയര്‍ലൈന്‍സ് മാനേജര്‍ മാത്രമായിരുന്നില്ല. വിന്‍സെന്റ് ജോര്‍ജിന്റെ സഹോദരീ ഭര്‍ത്താവ് കൂടിയായിരുന്നു അയാള്‍. തക്കിയുദ്ദീന് രാജീവ് ഗാന്ധിയെ പരിചയപ്പെടുത്തിക്കൊടുത്തതും പിന്നീട് വാഹിദ് കുടുംബത്തിലെ കാര്യങ്ങളില്‍ പ്രധാന മധ്യസ്ഥനുമായിരുന്നു ജോര്‍ജ്. അങ്ങനെ അയാളുടെ ശുപാര്‍ശയില്‍ തക്കിയുദ്ദീന്‍, ചാക്കോയെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഡല്‍ഹിയിലെ തലവനായി നിയമിച്ചു. ഇന്ത്യയിലെ ആഭ്യന്തര വിമാന സര്‍വീസുമായി ബന്ധപ്പെട്ട് സങ്കീര്‍ണമായ നിയന്ത്രണങ്ങള്‍ ഉള്ള സമയമായതിനാല്‍ ഈസ്റ്റ് വെസ്റ്റിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മുഖമായിരുന്നു ചാക്കോ. രാഷ്ട്രീയ വൃത്തങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്ന് മിടുക്ക് തെളിയിച്ച ഒരു 'ട്രബിള്‍ഷൂട്ടറാ'യിരുന്നു ചാക്കോ- രാജീവ് ഗാന്ധിയുടെ മരണം വരെ.

ആ കവര്‍ കണ്ടെത്തിയതോടെ കാര്യങ്ങള്‍ മറ്റൊരു വഴിക്കു നീണ്ടു; സുരക്ഷാ ഏജന്‍സികളും ജോര്‍ജിന്റെയും ചാക്കോയുടേയും ശത്രുക്കളും ദാവൂദ് ബന്ധവുമായി ചാക്കോയുടെ പേര് കൂട്ടിക്കെട്ടി. വര്‍ഷങ്ങള്‍ക്കു ശേഷം സുപ്രീം കോടതി ചാക്കോയ്‌ക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു, പിന്നാലെ അയാള്‍ അമേരിക്കയിലേക്ക് കുടിയേറി. എന്നാല്‍ 1993-ലെ ആ വേനല്‍ക്കാലത്ത് എളുപ്പത്തില്‍ ലഭിക്കാവുന്ന ഒരു ബലിയാടായിരുന്നു ചാക്കോ.

ഈ സംഭവവികാസങ്ങള്‍ ഒക്കെ നടക്കുന്ന സമയത്ത് അതിന്റെ പ്രതിസ്ഥാനത്തായിരുന്നു തക്കിയുദ്ദീനും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സും. ദാവൂദ് ഇബ്രാഹിമുമായി അവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ബന്ധങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ കൂടിവന്നു. ഡല്‍ഹിയില്‍ അറസ്റ്റിലായ ദാവൂദിന്റെ അനുയായികളെ ചോദ്യം ചെയ്തപ്പോള്‍, ഈസ്റ്റ് വെസ്റ്റിന് ദാവൂദിന്റെ ഒരു പണമിടപാടുകാരന്‍ പല സമയങ്ങളായി പണം നല്‍കിയിട്ടുണ്ട് എന്നാണ് തങ്ങളോട് പറഞ്ഞതെന്ന് പോലീസ് അവകാശപ്പെട്ടു- അതും 1992-ല്‍ അഞ്ചു കോടി രൂപ.

അതിനു പിന്നാലെ, 1993-ലെ ബോംബെ സ്‌ഫോടന പരമ്ബരകള്‍ക്കു ശേഷം മേമന്‍ കുടുംബത്തിന് ഇന്ത്യയില്‍ നിന്നു കടക്കാനുള്ള വിമാന ടിക്കറ്റുകള്‍ നല്‍കിയത് ഈസ്റ്റ് വെസ്റ്റിന്റെ ട്രാവല്‍ ഏജന്‍സിയാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആ സ്‌ഫോടനങ്ങളുടെ പ്രധാന സൂത്രധാരനായിരുന്നു ടൈഗര്‍ മേമന്‍. ആക്രമണമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ കുടുംബസമേതം ദുബായ് വഴി പാക്കിസ്ഥാനിലേക്ക് രക്ഷപെടുകയായിരുന്നു.

എന്നാല്‍ മേമന്‍ കുടുംബത്തിന് ടിക്കറ്റ് നല്‍കിയത് ഈസ്റ്റ് വെസ്റ്റിന്റെ പേരുമായി സാമ്യമുള്ള മറ്റൊരു ചെറിയ ഏജന്‍സിയായിരുന്നു- ഈസ്റ്റ് വെസ്റ്റ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ്. അവര്‍ മുംബൈയിലെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയായി പിന്നീടും തുടര്‍ന്നു.

ആ സംഭവവികാസങ്ങളുമായി കഴിയുന്നത്ര അകലം പാലിക്കാന്‍ ഈസ്റ്റ് വെസ്റ്റ് ആവുന്നത്ര ശ്രമിച്ചു. തങ്ങളുടെ നിരപരാധിത്വം വിശദീകരിച്ചു കൊണ്ടും യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കിക്കൊണ്ടും അവര്‍ വിവിധ പത്രങ്ങളുടെ മുന്‍പേജുകളില്‍ തന്നെ പരസ്യങ്ങള്‍ നല്‍കി. എന്നാല്‍ കോട്ടം സംഭവിക്കാനുള്ളത് അതിനകം തന്നെ സംഭവിച്ചു കഴിഞ്ഞിരുന്നു.

എന്നിരുന്നാലും, ദുഷ്പ്രചരണങ്ങളും സംശയങ്ങളുമൊക്കെ നിലനില്‍ക്കെത്തന്നെ, 1994-ല്‍ ഷെഡ്യൂള്‍ഡ് റൂട്ടുകള്‍ അനുവദിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്ബനിയായി ഈസ്റ്റ് വെസ്റ്റ് മാറി. 1993-ലെ സ്‌ഫോടന പരമ്ബരകളില്‍ ഈസ്റ്റ് വെസ്റ്റിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമായതോടെ കമ്ബനിക്ക് ലൈസന്‍സ് നല്‍കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമായിരുന്നില്ല. കാര്യങ്ങള്‍ നടത്തിയെടുക്കുന്നതിന് തക്കിയുദ്ദീന്‍ വിവിധ മേഖലകളില്‍ ചെലുത്തിയിരുന്ന സ്വാധീനം കൂടിയായപ്പോള്‍ വ്യോമയാന മന്ത്രാലയത്തിനും മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. ഏറെ നാഴികക്കല്ലുകള്‍ പിന്നിട്ട, ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു എയര്‍ലൈന്‍ എന്ന നിലയ്ക്ക് ഈസ്റ്റ് വെസ്റ്റിന് തങ്ങളുടെ റൂട്ടുകളും ടിക്കറ്റ് നിരക്കും പരസ്യം ചെയ്യാനും അതുവഴി യാതക്കാരെ ആകര്‍ഷിക്കാനുള്ള പ്രൊമോഷണല്‍ പരിപാടികള്‍ നടത്താനും അതുവഴി സാധ്യമായി.

1993-ലുണ്ടായ കുഴപ്പങ്ങളില്‍ നിന്ന് കമ്ബനി അതിവേഗം കരകയറി. 1994-കളുടെ മധ്യത്തില്‍ ഈസ്റ്റ് വെസ്റ്റ്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി ഓഹരികള്‍ (IPO) പോലും തുറന്നു. അതത്ര എളുപ്പമായിരുന്നില്ല. കാരണം, ഓഹരി വിപണിയില്‍ ഇന്ദ്രജാലം കാണിച്ചിരുന്ന, തന്റെ ആഡംബര ജീവിതരീതികള്‍ ഒക്കെക്കൊണ്ട് ആളുകളെ ആകര്‍ഷിച്ചിരുന്ന ഹര്‍ഷദ് മേത്തയടക്കമുള്ള ഏതാനും ഓഹരി ബ്രോക്കര്‍മാര്‍ 1992-ല്‍ നടത്തിയ തട്ടിപ്പിനെ തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വളരെ മോശപ്പെട്ട അവസ്ഥയില്‍ നില്‍ക്കുന്ന കാലം കൂടിയായിരുന്നു അത്. തുടര്‍ന്നു നടന്ന അന്വേഷണങ്ങള്‍ മേത്ത നടത്തിയ തട്ടിപ്പിന്റെ ആഴം വ്യക്തമാക്കി. ഓഹരി വിലകളില്‍ നടത്തിയ തട്ടിപ്പിനെ തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ അടക്കമുള്ളവയ്ക്ക് വന്‍ നഷ്ടമാണ് സംഭവിച്ചത്. ഓഹരി വിപണിയിലുള്ള പൊതുജന വിശ്വാസത്തിനും ഇതുമൂലം ഇടിവ് സംഭവിച്ചിരുന്നു. 250 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ അന്ന് കമ്ബനിക്ക് കഴിയുമായിരുന്നെങ്കിലും തങ്ങളുടെ ബാങ്കുകളുടെ ഉപദേശപ്രകാരം തുടക്കത്തില്‍ 55 കോടി രൂപ മാത്രം ഐപിഒ ആയി നിക്ഷേപിക്കാനായിരുന്നു ഈസ്റ്റ് വെസ്റ്റിന്റെ തീരുമാനം. എന്നാല്‍ ആദ്യ ദിവസം തന്നെ അതിന്റെ ഓഹരികള്‍ ആദ്യം അഞ്ചു മടങ്ങായും പിന്നീട് 23 മടങ്ങായും ഓവര്‍സബ്‌സ്‌ക്രൈബ് ചെയ്തു. ഇത് കമ്ബനിയുടെ പൊതുവെയുള്ള വിശ്വാസ്യതയ്ക്കും, ഒപ്പം രാജ്യത്തെ ഒരു പുതിയ സംരംഭത്തിന് ലഭിക്കുന്ന അംഗീകാരത്തിനുമുള്ള ഉദാഹരണമായിരുന്നു.

ഓഹരി വിപണിയില്‍ പുതുതായി നിക്ഷേപം ഇറക്കുന്നതിനൊപ്പം, ഈസ്റ്റ് വെസ്റ്റ് അടുത്തഘട്ട വികാസത്തിലേക്കും കടന്നു. 1994-കളുടെ ഒടുവില്‍ ബോയിംഗ് 737-400 തലമുറയില്‍പ്പെട്ട വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതിനൊപ്പം, ആഭ്യന്തര സര്‍വീസ് മേഖലയില്‍ ബിസിനസ് ക്ലാസിനും തുടക്കം കുറിച്ചു. ബോയിംഗില്‍ നിന്ന് നിരവധി വിമാനങ്ങള്‍ വാങ്ങാന്‍ അതിനകം തന്നെ കരാര്‍ ഒപ്പുവച്ചിരുന്നെങ്കിലും തുടക്കത്തില്‍ മൂന്നെണ്ണം മലേഷ്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് പാട്ടത്തിന് എടുക്കാനായിരുന്നു തീരുമാനം. ഈസ്റ്റ് വെസ്റ്റിന്റെ പൈലറ്റുമാരും സാങ്കേതിക വിദഗ്ധരും ഇതനുസരിച്ച്‌ കുലാലംപൂരിലും അമേരിക്കയിലെ ബോയിംഗ് ആസ്ഥാനത്തും ആവശ്യമായ പരിശീലനം പൂര്‍ത്തിയാക്കി. പുതിയ വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷയും ഈസ്റ്റ് വെസ്റ്റ് സമര്‍പ്പിച്ചു.

1994-ലെ ആ വേനല്‍ക്കാലത്ത്, മുഖത്തെ പതിവ് ചിരിയുമായി നരേഷ് ഗോയല്‍ തക്കിയുദ്ദീനെ കാണാനായി വീണ്ടും എത്തി. തങ്ങള്‍ ഉപയോഗിക്കുന്ന ബോയിംഗ് 737-300 പരമ്ബരയില്‍പ്പെട്ട വിമാനങ്ങളുടെ പ്രശ്‌നങ്ങളെയും അവയുടെ 'ലോ എഞ്ചിനുകളെ'യും കുറിച്ച്‌ പരാതിപ്പെട്ട ഗോയല്‍, ഈസ്റ്റ് വെസ്റ്റ് ഉപയോഗിക്കുന്ന 737-200 പരമ്ബരയില്‍പ്പെട്ട വിമാനങ്ങള്‍ വാങ്ങാന്‍ തങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. തങ്ങള്‍ പുതിയ ബോയിംഗ് 737-400 സീരീസില്‍പ്പെട്ട വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മലേഷ്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് വളരെ പെട്ടെന്ന് അവ ലഭിക്കുമെന്നും തക്കിയുദ്ദീന്‍ ഗോയലിനോട് പറഞ്ഞു എന്നാണ് ഫൈസല്‍ പറയുന്നത്.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് രാജ്യത്തെ കേന്ദ്ര വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഈസ്റ്റ് വെസ്റ്റിന് ഒരു കത്തയച്ചു. പുതിയ വിമാനത്തിന്റെ കാര്യത്തില്‍ ഡിജിസിഎയ്ക്ക് കാര്യമായ ധാരണയില്ലെന്നും അതിനാല്‍ എയര്‍ക്രാഫ്റ്റ് മാനുവലിന്റെ മൂന്നു കോപ്പികള്‍ കൂടി തങ്ങള്‍ക്ക് സമര്‍പ്പിക്കണം എന്നുമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ബ്ലൂപ്രിന്റും ഡ്രോയിംഗ് അടക്കം ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ് മാനുവലില്‍ ഉള്ളത് എന്നതിനാല്‍ ഇത് പരസ്യമാക്കാന്‍ ബോയിംഗ് തയാറായിരുന്നില്ല. DGCAയുടെ ആവശ്യം പരിഹാസ്യമാണെന്ന് വ്യക്തമാക്കിയ ബോയിംഗ്, തങ്ങള്‍ ഈ പ്രശ്‌നത്തില്‍ ഇടപെടില്ലെന്നും അറിയിച്ചു. ഈസ്റ്റ് വെസ്റ്റിന്റെ പേരും പെയിന്റുമടിച്ച മൂന്നു വിമാനങ്ങള്‍ അങ്ങനെ കുലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ അനാഥമായിക്കിടന്നു. ഏതെങ്കിലും തരത്തില്‍ വഴങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ DGCAയും കാണിച്ചില്ല. തക്കിയുദ്ദീനും നാസിറുദ്ദീനും തങ്ങളുടെ കാര്യവുമായി വ്യോമയാന മന്ത്രാലയത്തില്‍ കയറിയിറങ്ങി. സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ വരെ തങ്ങളുടെ ആവശ്യം എത്തിച്ചു. പക്ഷേ, DGCA വഴങ്ങാന്‍ തയാറായില്ല.

ഇതോടെ, ഒരു മാസത്തെ വാടകയും അഞ്ചു മാസത്തേക്കുള്ളത് ഡിപ്പോസിറ്റുമായി സ്വീകരിച്ചിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ,് കരാര്‍ റദ്ദാക്കാനുള്ള നോട്ടീസ് നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ വിമാനം പാട്ടത്തിന് എടുക്കണമെന്നും, ഇല്ലെങ്കില്‍ കരാറില്‍ പറഞ്ഞിരിക്കുന്ന അവസാന രണ്ടു ദിവസങ്ങള്‍ക്ക് മുമ്ബ് വാങ്ങണമെന്നും ഇതിന് സാധിച്ചില്ലെങ്കില്‍ കരാര്‍ അസാധുവാകും എന്നുമായിരുന്നു നോട്ടീസ്. എന്നാല്‍ ഈസ്റ്റ് വെസ്റ്റ് നിസഹായരായിരുന്നു. ഇന്ത്യയിലെ കുപ്രസിദ്ധമായ ചുവപ്പുനാട അവരുടെ വികസന സ്വപ്നങ്ങളെ പൂര്‍ണമായി അട്ടിമറിച്ചു. ഒരാഴ്ചയ്ക്കു ശേഷം മലേഷ്യന്‍ എയര്‍ലൈന്‍സ് കരാര്‍ റദ്ദാക്കി. ഒപ്പം, തങ്ങള്‍ മുന്‍കൂറായി നല്‍കിയിരുന്ന തുകയും ഈസ്റ്റ് വെസ്റ്റിന് നഷ്ടമായി.

എന്നാല്‍, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതേ മൂന്ന് ബോയിംഗ് 737-400 വിമാനങ്ങള്‍ ഇന്ത്യയിലെത്തി - ജെറ്റ് എയര്‍വേസിന്റേതായി. ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ ശരിക്കും നടുക്കമുണ്ടാക്കുന്ന ഒന്നായിരുന്നു ഇത്. ഏതാനും ആഴ്ചകള്‍ സര്‍വീസ് നടത്തിക്കഴിഞ്ഞപ്പോള്‍ ജറ്റ് എയര്‍വേസ് വിമാനത്തിന്റെ ചിറുകകളിലെ പെയിന്റ് അടര്‍ന്നിരിക്കുന്നതായി യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു, പുതിയ പെയിന്റിനടിയില്‍ ഈസ്റ്റ് വെസ്റ്റിന്റെ കളറുകള്‍ തെളിഞ്ഞു വന്നു. നരേഷ് ഗോയല്‍, താന്‍ നടത്തിയ അട്ടിമറിയില്‍ അഹങ്കാരമൊന്നും പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ഈസ്റ്റ് വെസ്റ്റിനെ സംബന്ധിച്ചിടത്തോളം അയാളുടെ നിഷ്‌കരുണമായ പ്രവര്‍ത്തി എവിടംവരെ പോകാം എന്നതിന്റെ രണ്ടാമത്തെ മുന്നറിയിപ്പായിരുന്നു അത്. ഈ കാര്യങ്ങള്‍ ശരിയാണെങ്കില്‍ പോലും ഒരാള്‍ക്കും പൂര്‍ണമായി ഗോയലിനെ കുറ്റപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. കാരണം, ഇന്ത്യന്‍ ബ്യൂറോക്രസി എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടത് എന്നത് അയാളും മനസിലാക്കി വരികയായിരുന്നു. അതായാത്, ഈ 'സിസ്റ്റം' എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ധാരണയുള്ളവര്‍ക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്; അത് നിങ്ങള്‍ക്ക് ഒരു ഗാന്ധിയേയോ അല്ലെങ്കില്‍ മുതിര്‍ന്ന ഏതാനും രാഷ്ട്രീയക്കാരെയോ മാത്രം അറിയാം എന്നതുകൊണ്ട് മാത്രം കാര്യമില്ല എന്നതാണ്. പകരം, ഭരണകൂടത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ 'സ്വന്തം' ആളുകള്‍ ഉണ്ടായിരിക്കണം, ഒരു ഓഫീസിനു പുറത്തു നില്‍ക്കുന്ന ശിപായി മുതല്‍ ഏറ്റവും പ്രധാന ഓഫീസില്‍ ഇരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വരെ എന്നു ചുരുക്കം.

1995 പകുതിയായപ്പോഴേക്കും ഈസ്റ്റ് വെസ്റ്റ് ഈ മേഖലയിലെ ചൂട് നന്നായി അറിഞ്ഞു തുടങ്ങി. അവരുടെ വികസന പരിപാടികള്‍ അട്ടിമറിക്കപ്പെട്ടു, മത്സരം കൂടി വരുന്നു, ജോലിക്കാരെ എതിര്‍ കമ്ബനിക്കാര്‍ റാഞ്ചുന്നു തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍. ആ വര്‍ഷം മെയില്‍ നടന്ന ഒരു ബോര്‍ഡ് മീറ്റിംഗില്‍ തക്കിയുദ്ദീന്‍ പറഞ്ഞത് ഫൈസല്‍ ഇങ്ങനെ ഓര്‍മിക്കുന്നു: 'നമ്മള്‍ ഇനി കണ്ടില്ല എന്നു നടിച്ചിട്ടു കാര്യമില്ല. നരേഷ് ഗോയല്‍ നമ്മളെ തകര്‍ക്കാന്‍ നോക്കുകയാണ്. ദമാനിയ എയര്‍ലൈന്‍സ് (മറ്റൊരു സ്വകാര്യ വിമാന കമ്ബനി) നമുക്കൊപ്പമുണ്ട്. നമുക്ക് അയാളോട് പൊരുതിയേ മതിയാവൂ'. ജെറ്റ് എയര്‍വേസിനെ നേരിടാനുള്ള ഒരു മാര്‍ഗരേഖ തക്കിയുദ്ദീന്‍ തയാറാക്കി. അതിന് ആദ്യം വേണ്ടത്, വ്യോമയാന മേഖലയുടെ അകംപുറം അറിയാവുന്ന ഒരാളെ നിയമിക്കുകയാണ് - തക്കിയുദ്ദീന്‍ പറഞ്ഞു. കുടുംബത്തിന് പുറത്തു നിന്ന്, പറ്റുമെങ്കില്‍ വിദേശിയായ ഒരാളെ. അയാളായിരിക്കണം കമ്ബനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നയിക്കുക. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ഈസ്റ്റ് വെസ്റ്റിനെ ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. ഈസ്റ്റ് വെസ്റ്റിന്റെ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും തക്കിയുദ്ദീന്‍ തീരുമാനിച്ചു. ഗോയിലിന്റെ ജറ്റ് എയര്‍വേസിനെ എല്ലാ വിധത്തിലും നേരിടുമെന്നും തക്കിയുദ്ദീന്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ആകാശത്തെ യുദ്ധം മുറുകയായിരുന്നു.

ഈസ്റ്റ് വെസ്റ്റിനെ അഴിച്ചു പണിയുന്നതിനും പുതിയ സി.ഇ.ഒ, സി.എഫ്.ഒ തുടങ്ങി പ്രധാന പദവികളിലേക്കുള്ളവരെ നിയമിക്കുന്നതിനും തക്കിയുദ്ദീന്‍ പ്രൈസ് വാട്ടര്‍ഹൗസി (Price Waterhouse)നെ ഉപദേഷ്ടാക്കളായി നിയമിച്ചു. ബോയിംഗിന്റെ 737-400 പരമ്ബരയില്‍പ്പെട്ട വിമാനങ്ങളുടെ ആധുനിക മോഡലുകള്‍ വാങ്ങുന്നതിനും കമ്ബനി തീരുമാനമെടുത്തു. എന്നാല്‍ ഈ നിര്‍ണയാക ബോര്‍ഡ് മീറ്റിംഗ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തക്കിയുദ്ദീന് പഴയ സുഹൃത്ത് കൂടിയായ ബോയിംഗ് വൈസ് പ്രസിഡന്റിന്റെ ഒരു ടെലിഫോണ്‍ വിളിയെത്തി; 'താക്കി, ഒരു പ്രശ്‌നമുണ്ട്. ഞങ്ങളുടെ 737-400-ന് ഇന്ത്യയില്‍ ചില പ്രശ്‌നങ്ങളുണ്ട്. അതൊന്ന് ശരിയാക്കാന്‍ ഞങ്ങള്‍ക്ക് ഒരു എഞ്ചിനീയറെ വേണം. നിങ്ങള്‍ ഒരാള്‍ക്കു മാത്രമേ ഇപ്പോള്‍ അത് ചെയ്യാന്‍ കഴിയു'.

തക്കിയുദ്ദീന്‍ സഹായിക്കാമെന്ന് സമ്മതിച്ചു. മലേഷ്യന്‍ എയര്‍ലൈന്‍സുമായുള്ള കരാര്‍ റദ്ദായതോടെ ബോയിംഗില്‍ നിന്ന് പരിശീലനം ലഭിച്ച തന്റെ എഞ്ചിനീയര്‍മാര്‍ വെറുതെ ഇരിക്കുകയാണെല്ലോ എന്നും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഈസ്റ്റ് വെസ്റ്റിനു വേണ്ടി തയാറാക്കുകയും അപ്പോള്‍ ജറ്റ് എയര്‍വേസിന്റെ കൈയിലുള്ളതുമായ ഒരു വിമാനത്തിന്റെ കാര്യമാണ് ബോയിംഗ് ഉദ്യോഗസ്ഥന്‍ പറയുന്നത് എന്ന് തക്കിയുദ്ദീന്‍ തിരിച്ചറിഞ്ഞത് വൈകിയാണ്. അതോടെ, ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന് തക്കിയുദ്ദീന്‍ തന്റെ വിശ്വസ്തരുമായി കൂടിയാലോചിച്ചു. യാതൊരു സഹായവും ചെയ്യരുത് എന്നാണ് മിക്കവരും നിലപാടെടുത്തത്. എന്നാല്‍ തക്കിയുദ്ദീന്‍ ചിന്തിച്ചത് മറിച്ചാണ്. ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ബോയിംഗിന്റെ പ്രധാന കൈയാളാവാന്‍ ലഭിച്ച അവസരമായാണ് താക്കി അതിനെ കണ്ടത്. ഇതോടെ, ജെറ്റ് എയര്‍വേസിനെ സഹായിക്കാന്‍ അദ്ദേഹം തന്റെ എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഒപ്പം, മറ്റ് എയര്‍ലൈന്‍സുകളെ സഹായിക്കാന്‍ ഈസ്റ്റ് വെസ്റ്റ് പ്രാപ്തമാണെന്ന രീതിയില്‍ രാജ്യവ്യാപകമായി പരസ്യവും ചെയ്തു. എന്നാല്‍ ജറ്റ് ഇതിനോട് തിരിച്ചടിച്ചത്, എതിരാളികള്‍ ഇപ്പോഴും പഴയ വിമാനങ്ങള്‍ ഉപയോഗിക്കുന്നു എന്നു പറഞ്ഞാണ്.

എന്നാല്‍ അവിടെ നിന്ന് കാര്യങ്ങള്‍ മറ്റൊരു വഴിക്ക് തിരിഞ്ഞു, അതും ഏറ്റവും മോശപ്പെട്ട ഒരവസ്ഥയിലേക്ക്. 1995 ജൂണില്‍ തക്കിയുദ്ദീന് അപ്രതീക്ഷിതമായി ഒരതിഥി എത്തി. ഇന്ത്യന്‍ വ്യോമയാന വിപണിയിലെ മികച്ച തലച്ചോറുകളിലൊന്നും നരേഷ് ഗോയലിന്റെ വിശ്വസ്തനുമായിരുന്ന മലയാളിയായ ദാമോദരന്‍ ആയിരുന്നു അത്. തനിക്ക് ഗോയലിനൊപ്പം ജോലി ചെയ്ത് മതിയായെന്നും ഇനി അവിടെ തുടരാന്‍ പറ്റില്ലെന്നും ഈസ്റ്റ് വെസ്റ്റില്‍ ചേരണമെന്നുമായിരുന്നു ദാമോദരന്‍ തക്കിയുദ്ദീനെ അറിയിച്ചത്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ താന്‍ വിവരമറിയിക്കാം എന്ന് ഉറപ്പു നല്‍കി തക്കിയുദ്ദീന്‍ അയാളെ മടക്കി അയച്ചു. തന്റെ ജോലിക്കാരില്‍ നിരവധി പേര്‍ എതിര്‍ത്തെങ്കിലും ദാമോദരനെ നിയമിക്കാന്‍ തന്നെയായിരുന്നു തക്കിയുദ്ദീന്റെ തീരുമാനം. അതോടെ, ഈസ്റ്റ് വെസ്റ്റിനു വേണ്ടി പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ദാമോദരന്‍ ആവിഷ്‌കരിച്ചു തുടങ്ങുകയും ആദ്യ ദിവസം മുതല്‍ തന്നെ പൂര്‍ണമായി കമ്ബനിയുടെ ഭാഗമായി മാറുകയും ചെയ്തു. അങ്ങനെ നാലു മാസം കഴിഞ്ഞു. ഒരു ദിവസം ദാമോദരന്‍ ഈസ്റ്റ് വെസ്റ്റ് ഓഫീസില്‍ എത്തിയില്ല. ദിവസങ്ങളോളം ദാമോദരനെ കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചില്ല. അയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. ഒടുവില്‍ ഒരു ഈസ്റ്റ് കോസ്റ്റ് ജീവനക്കാരന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍, ദാമോദരന്‍ എവിടെ എന്നറിയില്ല എന്നായിരുന്നു ഭാര്യയുടെ മറുപടി.

ഏതാനും ദിവസം കഴിഞ്ഞ്, തക്കിയുദ്ദീന്‍ തന്റെ ഓഫീസില്‍ തിരക്കു പിടിച്ച ജോലികളില്‍ മുഴുകിയിരിക്കുന്ന ഒരു വൈകുന്നേരം എഴുമണിക്ക് ഫോണ്‍ ബെല്ലടിച്ചു. നരേഷ് ഗോയലായിരുന്നു മറുവശത്ത്: 'താക്കി, എന്റെ ആള്‍ എനിക്കൊപ്പം തന്നെ മടങ്ങിയെത്തി. ഒരു കാരണവശാലും എന്നോട് ഇനി ഇത്തരമൊരു കളിക്ക് നില്‍ക്കരുത്'.

ഇരുകൂട്ടരും തമ്മിലുള്ള ശത്രുത അതിന്റെ പാരമ്യത്തിലെത്തി. ഇതോടെ, പിടിച്ചു നില്‍ക്കണമെങ്കില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചേ മതിയാവൂ എന്ന് തക്കിയുദ്ദീന് ബോധ്യപ്പെട്ടു.

അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യം ഫലം കാണുകയും ചെയ്തു. '1995-ലെ അവസാന രണ്ടു പാദങ്ങള്‍ ഞങ്ങളുടെ മികച്ച സമയമായിരുന്നു. വരുമാനം ഇരട്ടിയാവുകയും വളരെ ശക്തമായ ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തു'- ഫൈസല്‍ ഓര്‍ത്തെടത്തു. ഈസ്റ്റ് വെസ്റ്റ് തങ്ങളുടെ റെക്കോര്‍ഡ് വരുമാനം നേടിയ മാസം കൂടിയാണ് 1995 ഒക്‌ടോബര്‍. ദക്ഷിണ കേരളത്തിലെ കോവളത്ത് തങ്ങള്‍ക്കുള്ള സ്ഥലത്ത്, ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഹോട്ടല്‍ സ്ഥാപിക്കുന്നതിനായി മാരിയറ്റ് ഇന്റര്‍നാഷണലുമായി ഈസ്റ്റ് വെസ്റ്റ് കരാറിലെത്തി. ജീവനക്കാരുടെ ആത്മവിശ്വാസവും അതിന്റെ പാരമ്യത്തിലായിരുന്നു. രണ്ട് 737-400 വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള കരാറിലും കമ്ബനി ഇതിനിടെ ഒപ്പുവച്ചു. ഒടുവില്‍, വ്യോമയാന മേഖലയിലെ മത്സരത്തില്‍ കമ്ബനി മുന്നിലെത്തുക തന്നെ ചെയ്തു.

ഈസ്റ്റ് വെസ്റ്റിന്റെ വളര്‍ച്ച നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ നിക്ഷേപങ്ങളും സഹകരണവും വേണമെന്ന് തക്കിയുദ്ദീന്‍ 1995-ല്‍ മനസിലാക്കി. യൂ.എ.ഇ പുതിയതായി ആരംഭിച്ച എമിരേറ്റ്‌സ് എയര്‍ലൈന്‍സ് അതിവേഗം വികസിക്കുന്ന സമയമായിരുന്നു അത്. അവര്‍ ഈസ്റ്റ് വെസ്റ്റിന്റെ കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചതോടെ തക്കിയുദ്ദീന്‍ എമിരേറ്റ്‌സ് ഭാരവാഹികളെ കാണാനായി ദുബായിലേക്ക് പോയി. ചര്‍ച്ചകള്‍ അര്‍ത്ഥവത്തായിരുന്നു. എമിരേറ്റ്‌സ,് ഈസ്റ്റ് വെസ്റ്റില്‍ നിക്ഷേപം നടത്താന്‍ തീരുമാനിക്കുകയും വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ അടക്കമുള്ളവയ്ക്കായി ധാരണാപത്രത്തില്‍ ഇരുകൂട്ടരും ഒപ്പുവയ്ക്കുകയും ചെയ്തു. ഒരര്‍ത്ഥത്തില്‍ വലിയൊരു നേട്ടം തന്നെയായിരുന്നു അത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ കമ്ബനി ഇന്ത്യയിലെ ഒരു കമ്ബനിയുമായി ധാരണയിലെത്തിയതായി മാധ്യമങ്ങളുമായുള്ള സംസാരത്തിനിടെ, ഒരു എമിരേറ്റ്‌സ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ഏതാണ് ആ എയര്‍ലൈന്‍സ് എന്ന് അയാള്‍ പറഞ്ഞില്ലെങ്കിലും ആരാണ് അവരുടെ പങ്കാളിയെന്ന് വ്യോമയാന മേഖലയിലെ എല്ലാവര്‍ക്കും വ്യക്തമായിരുന്നു.

ഈ വിവരം പുറത്തു വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ വിമാന കമ്ബനികളില്‍ വിദേശ വിമാന കമ്ബനികള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയില്ലെന്നും ഏതെങ്കിലും കമ്ബനികള്‍ക്ക് വിദേശ കമ്ബനികളുടെ നിക്ഷേപം ഉണ്ടെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കണം എന്നുമായിരുന്നു ഉത്തരവ്. ജറ്റ് എയര്‍വേസിന് കുവൈറ്റ് എയര്‍വേസില്‍ നിന്നും ഗള്‍ഫ് എയറില്‍ നിന്നും നിക്ഷേപമുള്ള സമയമായിരുന്നു അത്. മിക്കവരും കരുതിയത്, ഇന്ത്യയിലെ സ്വകാര്യ എയര്‍ലൈന്‍സ് മേഖലയുടെ ഉടമസ്ഥാവകാശം ഇന്ത്യക്കാരില്‍ തന്നെ നിലനിര്‍ത്താനായി സദ്ദുദ്ദേശത്തോടെ കൊണ്ടുവരുന്ന നയമാണ് അതെന്നാണ്. പക്ഷേ, തക്കിയുദ്ദീനെ സംബന്ധിച്ചിടത്തോളം, ഈ ഉത്തരവിന് പിന്നില്‍, തന്നെ ലക്ഷ്യം വച്ചുള്ള ഗോയലിന്റെ നടപടികളാണെന്ന് വ്യക്തമായിരുന്നു.

ഈ കാര്യത്തില്‍ എന്തെങ്കിലും തരത്തില്‍ പ്രതികരിക്കാന്‍ തക്കിയുദ്ദീന് കഴിഞ്ഞില്ല. വീട്ടിലേക്ക് പോകുന്ന വഴി 1995 നവംബര്‍ 13-ന് അദ്ദേഹം വെടിയേറ്റു വീണു. തക്കിയുദ്ദീന്റെ മരണം ഈസ്റ്റ് വെസ്റ്റിനെ എല്ലാ അര്‍ത്ഥത്തിലും കുഴപ്പങ്ങളില്‍ എത്തിച്ചു. അടുത്ത രണ്ടു വര്‍ഷം കമ്ബനി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോവുകയും 1997-ല്‍ ആ പ്രതിസന്ധികള്‍ക്ക് അടിയറവ് പറയുകയും ചെയ്തു. തക്കിയുദ്ദീന്റെ കൊലപാതകത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം രണ്ടു വര്‍ഷത്തോളം ഇഴഞ്ഞു നീങ്ങി. പോലീസ് ഈ കേസില്‍ അന്വേഷണം അവസാനിപ്പിച്ചത് ശരിയായ നിഗമനത്തിലല്ല എന്ന്, പിന്നീട് ഇന്ത്യന്‍ ഇന്റ്‌ലീജന്‍സ് ഏജന്‍സികള്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ തെളിയിച്ചു. പാതി മനസോടെ, ഒപ്പം ഏറെ താളപ്പിഴകള്‍ നിറഞ്ഞ ആ അന്വേഷണം രാജ്യത്തെ സുരക്ഷാ ഏജന്‍സികളെ മാത്രമല്ല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷനുകളെ ആകെ പിടികൂടിയിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമായി കാണിച്ചു തരുന്നത് കൂടിയായിരുന്നു.
Next Story

Related Stories