'തുളസിക്കതിര് നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ്... 'മലയാളികള്‍ നെഞ്ചേറ്റിയ ഭക്തിഗാനങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇതുവരെ ആരാണ് ആ ഗാനത്തിന്റെ രചയ്താവ് എന്നത് അത്ര ആര്‍ക്കും അറിയാത്ത ഒന്നായിരുന്നു. കാല്‍നൂറ്റാണ്ടു മുന്‍പ് ആ വരികള്‍ കുറിച്ചിട്ട പ്രതിഭ ഇവിടെയുണ്ട് കരുനാഗപ്പള്ളിയില്‍.
തൊടിയൂര്‍ ഇടക്കുളങ്ങര കല്ലേലിഭാഗം പട്ടശ്ശേരില്‍ എ.സഹദേവന് (82) എന്ന മരംകയറ്റ തൊഴിലാളി, പണ്ടെഴുതിയ പാട്ട് ഭക്തിഗാനമേളകളിലും ഭക്തിഗാന കസെറ്റുകളിലും ഏറെ ഹിറ്റായി മാറിയെങ്കിലും അതിന്റെ യഥാര്‍ഥ രചയിതാവ് ആരെന്നു നിശ്ചയമുണ്ടായിരുന്നില്ല.
തന്റെ വരികള്‍ കാലത്തിനനുസരിച്ച് മാറ്റിയെഴുതി ഹിറ്റാക്കിയതില്‍ സന്തോഷം മാത്രമേ സഹദേവനുള്ളൂ. പഴകി ദ്രവിച്ചു തുടങ്ങിയ ഡയറിത്താളുകളില്‍ ആ വരികള്‍ ഇപ്പോഴും സഹദേവന് സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
വീടിനു സമീപത്തെ ആശ്രമത്തിലെ വിദ്യാധരന് സ്വാമിക്കു ഭജനയ്ക്കായി 25 വര്‍ഷം മുന്‍പ് താന്‍ എഴുതിക്കൊടുത്തതാണു 'തുളസിക്കതിര് നുള്ളിയെടുത്തു' എന്ന തുടങ്ങുന്ന പാട്ട് എന്നു സഹദേവന് പറയുന്നു. തൃക്കൊടിത്താനം സച്ചിദാനന്ദന് ഉള്‍പ്പെടെയുള്ള സംഗീതപ്രതിഭകള്‍ അതു വേദികളില്‍ പാടിപ്പാടി ശ്രോതാക്കളുടെ മനസ്സുകളില്‍ ഇടം പിടിച്ചു.
'തുളസിക്കതിര് നുള്ളിയെടുത്തു' എന്നതിനു പകരം 'പിച്ചിപ്പൂ നുള്ളിയെടുത്തു' എന്നാണു സഹദേവന് എഴുതിയിരുന്നത്. ചില ഭാഗങ്ങള്‍ പുതിയതില്‍ ഒഴിവാക്കിയിരുന്നു. അടുത്തിടെ, സഹദേവന്റെ സമീപവാസിയായ ഹന്ന ഫാത്തിമ എന്ന കുട്ടി ഈ പാട്ടു പാടി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലോടെയാണു തന്റെ പാട്ട് ജനമനസ്സുകളില്‍ ഇപ്പോഴും തങ്ങിനില്ക്കുന്ന കഥ സഹദേവന് അറിയുന്നത്.
ഇതുള്‍പ്പെടെ അറുപത്തഞ്ചോളം കൃഷ്ണ സ്തുതികളും ദേവി സ്തുതികളും ശിവ സ്തുതികളും കവിതകളും എഴുതി സൂക്ഷിച്ചിരിക്കുന്ന ഡയറി മാത്രമാണു സഹദേവന്റെ കൈമുതല്‍. ഇതൊക്കെ എഴുതിയെങ്കിലും പ്രസിദ്ധപ്പെടുത്താനും മറ്റുള്ളവരുടെ മുന്നിലെത്തിക്കാനും സഹദേവന് മിനക്കെട്ടില്ല. കല്ലേലിഭാഗം ജനത വായനശാലയുടെ പ്രവര്‍ത്തനത്തിലൂടെയാണു സഹദേവന് എഴുത്തിന്റെ വഴിയില്‍ ചുവടുവച്ചത്.
ഗ്രന്ഥശാലയ്ക്കു വേണ്ടി നാടകവും കാക്കാരശ്ശി നാടകവും ഒക്കെ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. 'ശിവ ഭഗവാന് എഴുന്നള്ളി നടനമാടും നേരം, മമ ദുരിതം തീര്‍ത്തീടുവാന്‍, കഴലിണ തൊഴുന്നേന്‍' എന്ന തുടങ്ങുന്ന ശിവഭക്തി ഗാനം ഉള്‍പ്പെടെ ഇദ്ദേഹം എഴുതിയ അനവധി എണ്ണം ഭജന സംഘങ്ങള്‍ ഇപ്പോഴും പാടി നടക്കുന്നുണ്ട്. ജീവിത പ്രാരാബ്ധവും ഭാര്യയുടെ രോഗവുമൊക്കെ സഹദേവനെ എഴുത്തിന്റെ വഴിയില്‍ നിന്നു പിന്നോട്ടുവലിക്കുന്നു. തങ്കമ്മയാണ് ഭാര്യ. മക്കള്‍: സുരേഷ്കുമാര്‍, സുഷ കുമാരി, സുനില്‍കുമാര്‍.