തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയിലെ വയലാര്‍ രാമവര്‍മ പ്രതിമയ്ക്ക് സമീപം ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വയലാറിന്റെ മകന് വയലാര്‍ ശരത്ചന്ദ്രവര്‍മ മന്ത്രി കടകംപള്ളി സുരേന്ദ്രന് കത്തെഴുതി. ''വെള്ളയമ്പലത്ത് സ്ഥാപിച്ചിരിക്കുന്ന വയലാര്‍ പ്രതിമ ഞങ്ങളെ സംബന്ധിച്ച് അഭിമാനം ചേര്‍ന്ന കടപ്പാടിന്റെ പ്രതീകമാണ്. നന്ദി പറയുന്നതിനൊപ്പം അതിന്റെ പ്രദേശമാകെ പ്രകാശപൂരിതമായി നിലകൊള്ളണമെന്ന് ആഗ്രഹമുണ്ട്'' - സ്വന്തം കൈപ്പടയിലുള്ള ശരത്ചന്ദ്രവര്‍മയുടെ കത്തില്‍ പറയുന്നു.
മാനവീയം വീഥിയുടെ തുടക്കത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ രാത്രിയായാല്‍ തിരിച്ചറിയാന്‍ പോലും കഴിയില്ല. വീഥിയുടെ മറുവശത്തുള്ള ദേവരാജന്‍ പ്രതിമയില്‍ വെളിച്ചത്തിനൊപ്പം ദേവരാജന്‍ മാഷ് ഈണമിട്ട ഗാനങ്ങളും നിറയുന്നുണ്ട്. ആ ഗാനങ്ങളില്‍ മിക്കതുമെഴുതിയ വയലാര്‍ മറുവശത്ത് ഇരുട്ടില്‍ 'നിശ്ചലം നിശബ്ദതപോലുമന്ന് നിശബ്ദമായ്' എന്ന മട്ടില്‍ നില്ക്കുന്നു. പ്രതിമയ്ക്കു സമീപം ഒരു ലൈറ്റെങ്കിലും സ്ഥാപിക്കണമെന്ന് വയലാര്‍ രാമവര്‍മയുടെ കുടുംബം മുന്‍പും പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്.