Top

മഹാരാജാസ് കോളേജില്‍ 'ബിരിയാണി' കൊടുക്കുന്നു

മഹാരാജാസ് കോളേജില്‍

മഹാരാജാസ് കോളേജില്‍ സെപ്റ്റംബര്‍ 28 ശനിയാഴിച്ച രണ്ട് മണി മുതല്‍ ബിരിയാണി നല്‍കുന്നു. അത്ഭുതപ്പെടേണ്ട, 'ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് ബിരിയാണി വിതരണം ചെയ്യുന്നത്. ഈ കവിതാ സമാഹാരത്തിന്റെ തലക്കെട്ടിലും, ബിരിയാണി വിതരണത്തിലും ഒരു പ്രതിഷേധമുണ്ട്.

2017ലെ കര്‍ക്കിടക വാവ് ദിവസം ' ബലിച്ചോറ് മടുത്തു, ബിരിയാണിയാണേല്‍ വരാമെന്ന് ബലികാക്ക' എന്ന വരി എഴുതിയതിന്റെ പേരില്‍ കവിയായ അജിത് കുമാറിന് വിമര്‍ശനങ്ങളും, ഭീഷണികളും നേരിടേണ്ടി വന്നിരുന്നു. സംസ്‌കാരത്തെ അപമാനിക്കുന്ന തരത്തിലാണ് ഈ കവിതയെന്നാണ് അന്ന് പലരും ഉന്നയിച്ച വാദമെന്നും, അസഹിഷ്ണുതക്കെതിരെയുള്ള പ്രതിഷേധ ബലിയായിട്ടാണ് ഈ കവിതാ സമാഹാരത്തിന് ഇത്തരമൊരു പേര് നല്‍കിയിരിക്കുന്നതെന്നും അജിത് കുമാര്‍ പറയുന്നു.

പ്രതീകാത്മകമായി ചെറിയ പാക്കറ്റ് ബിരിയാണിയാണ് പുസ്തകം വാങ്ങുന്നവര്‍ക്ക് നല്‍കുന്നത്. മോട്ടിവേഷന്‍ സ്പീക്കര്‍ ജോസഫ് അന്നക്കുട്ടി ജോസ്, സിനിമാ താരം സിജോയ് വര്‍ഗീസ്, സംവിധായകന്‍ അരുണ്‍ ഗോപി, സിനിമാതാരം നിരഞ്ജന അനൂപ്, കവി പി എന്‍ ഗോപീകൃഷ്ണന്‍, തിരക്കഥാകൃത്ത് വേണുഗോപാല്‍ ആര്‍, എഴുത്തുകാരി നവീന സുഭാഷ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ അതിഥികളാവുന്നു.

ബലികാക്ക എന്ന ഇന്‍സ്റ്റാഗ്രാം പേജിലെഴുതുന്ന അജിത് കുമാറിന്റെ കവിതകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാണ്. ഒറ്റ വരിയുള്ള ചെറുകവിതകള്‍ മുതല്‍ രണ്ടും മൂന്നും പേജുവരുന്ന കവിതകള്‍വരെ അജിത് കുമാര്‍ എഴുതുന്നു. ഡിസി ബുക്‌സ് പുറത്തിറക്കിയ ഒറ്റത്തുള്ളി പെയ്താണ് അജിത് കുമാറിന്റെ ആദ്യ കവിതാ സമാഹാരം.







Next Story

Related Stories