TopTop
Begin typing your search above and press return to search.

'ഹിന്ദുവാകാന്‍ കഴിയില്ല'; ആര്‍എസ്എസിലെ പ്രവര്‍ത്തനം ഒരു ദളിതനെ പഠിപ്പിച്ച രാഷ്ട്രീയവും ജീവിതവും

ജാതിശ്രേണിക്ക് പുറത്തുനില്‍ക്കുന്ന സാമുദായിക വിഭാഗങ്ങള്‍ സ്വയം ഹിന്ദുവായി കണക്കാക്കുന്നത് എന്തിനാണെന്ന് ചോദ്യം പലപ്പോഴും പലഘട്ടങ്ങളിലായി ഉന്നയിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇവരെല്ലാം ഹിന്ദുക്കളാണെന്ന് ആവര്‍ത്തിച്ചുപറയുകയെന്നതാണ്. ജാതിശ്രേണിക്ക് പുറത്തുള്ളവരും ഹിന്ദുക്കളാണെന്നും അവരുടെയും മുഖ്യശത്രു സഹസ്രാബ്ദങ്ങളായി അവരെ അതിക്രൂരമായ വിവേചനങ്ങള്‍ക്ക് ഇരയാക്കിയ ബ്രാഹ്മണ്യമല്ല, മറിച്ച് ഇസ്ലാമും അതുപോലെ ക്രൈസ്തവ മതവുമാണെന്നുമുള്ള ഒരു ബോധം വളര്‍ത്തിയെടുക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചുപോന്നത്. അതില്‍ അവര്‍ വിജയിച്ചില്ലെന്ന് പറയാന്‍ കഴിയില്ല. രാജ്യത്തെ മുസ്ലീം വിരുദ്ധ കലാപങ്ങള്‍ക്ക് ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരെ കൂടുതലായി അണിനിരത്താന്‍ അവര്‍ക്ക് കഴിയുന്നുവെന്നതൊക്കെ ഇതിന്റെ തെളിവായി കണകാക്കാവുന്നതാണ്. എന്നാല്‍ അതേസമയം ആര്‍എസ്എസ്സിന്റെ സവര്‍ണ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയം ദളിത് വിമര്‍ശനത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുന്നതിന്റെ എത്രയോ സന്ദര്‍ഭങ്ങളുമുണ്ട്. ഭന്‍വന്‍ മേഘ്‌വന്‍ഷിയെന്ന ദളിത് ആക്ടിവിസ്റ്റിന്റെ രാഷ്ട്രീയ ജീവിതവും അനുഭവവും ആര്‍എസ്എസ് എന്ന പ്രസ്ഥാനം എങ്ങനെയാണ് ദളിതരെ കാണുന്നതെന്നതിന്റെ സാക്ഷ്യം പറച്ചിലാണ്. ആര്‍എസ്എസ്സിന്റെ, സ്ഥലത്തെ പ്രധാന ആളായിരുന്ന മേഘ്‌വന്‍ഷിയെ എങ്ങനെയാണ് താങ്കള്‍ ഒരു ദളിതനാണെന്ന് ബോധ്യപ്പെടുത്തി അകറ്റിയതെന്നതിന്റെ കൂടി കഥയാണ് അദ്ദേഹത്തിന്റെ ജീവിതം. ഒരു ദളിതന് ഹിന്ദുവാകാന്‍ കഴിയില്ലെന്നു പഠിപ്പിച്ച അനുഭവം കൂടിയാണ് അദ്ദേഹത്തിന്റെ I Could not be Hindu, The story of Dalit in the RSS എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്. രാജസ്ഥാനിലെ ഭിൽവാരയിലാണ് ഇദ്ദേഹത്തിൻ്റെ പ്രവർത്തന മണ്ഡലം.

ബാബ്‌റി മസജിദ് പൊളിക്കുന്നതിന് വേണ്ടി സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്ന കാലത്ത് ആ സംഘടനയുടെ പ്രവര്‍ത്തകന്‍ ആയിരുന്നു മേഘ്‌വന്‍ഷി. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഇദ്ദേഹത്തിന്റെ ജീവിതകഥ ബോധ്യപ്പെടുത്തുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകന്റെ കൂടി സ്വാധീനത്തിലാണ് മേഘ്‌വന്‍ഷി ആര്‍എസ്എസ് ആകുന്നത്. ശാഖയില്‍ പോയി തുടങ്ങുകയും പിന്നീട് പ്രദേശത്തെ ശാഖയുടെ മുഖ്യസ്ഥനാവുകയും ഒക്കെ ചെയ്യുന്നു. മൂസ്ലീം ജീവതത്തെ ഒരു തരത്തിലും പരിചയമില്ലാതിരിക്കുകയും ആ കാരണം കൊണ്ടു കൂടി കടുത്ത ഇസ്ലാം വിരുദ്ധനാവുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം എന്ന് നമുക്ക് പുസ്തകത്തിന്റെ ആദ്യ ഭാഗത്തുനിന്ന് മനസ്സിലാകുന്നുണ്ട്. മുസ്ലീങ്ങളെക്കുറിച്ചോ അവരുടെ ജീവിതത്തെക്കുറിച്ചോ അറിയാതെ, സംഘപരിവാറിന്റെ പ്രചാരണങ്ങളിലുടെ മുസ്ലീം വിരുദ്ധരാക്കപ്പെട്ട നിരവധി പേരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ ഗ്രാമത്തിലും കാര്യമായി മുസ്ലീങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കണ്‍വെട്ടത്ത് അവരുണ്ടായിരുന്നില്ല. മുസ്ലീം വിരോധമാണ് അച്ഛന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നിട്ടും മേഘ്‌വന്‍ഷിയെ ആര്‍എസ്എസ്സുകാരനാക്കുന്നത്.

അയോധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിക്കാന്‍ കര്‍സേവയ്ക്ക് പോയ കൂട്ടത്തില്‍ മേഘ്‌വന്‍ഷിയും ഉണ്ടായിരുന്നു. മുലായം സിംങ് യാദവ് ഭരിക്കുന്ന കാലം. പോലീസ് പിടിച്ച് ജയിലിലാക്കി. കാര്‍സേവയില്‍നിന്ന് അവസാന നിമിഷം ആര്‍എസ്എസ്സിന്റെ പ്രധാന നേതാക്കള്‍ പിന്‍വാങ്ങി മേഘ്‌വന്‍ഷിയെ പോലുള്ള സാധാരണ പ്രവര്‍ത്തകരെ മാത്രം ട്രെയിനില്‍ കയറ്റിവിട്ടതില്‍ ആദ്യം അസ്വാഭാവികത തോന്നിയെങ്കിലും അതൊന്നും സംഘരാഷട്രീയത്തോടുള്ള വിയോജിപ്പായി വളര്‍ന്നില്ല. ആര്‍എസ്എസ്സിന് വേണ്ടി ജീവിതം സമര്‍പ്പിക്കാനായിരുന്നു മേഘ്‌വന്‍ഷിയുടെ ലക്ഷ്യം. പ്രചാരകനായി ജീവിതം ആര്‍എസ്എസിന് സമര്‍പ്പിക്കാന്‍ അദ്ദേഹം മനസ്സാ തീരുമാനിച്ചു. ഇക്കാര്യം അദ്ദേഹം ജില്ലാ പ്രചാരകനോട് പറഞ്ഞപ്പോഴാണ് മേഘ്‌വന്‍ഷിയ്ക്ക് കാര്യങ്ങളുടെ കിടപ്പ് ആദ്യം ബോധ്യമായി തുടങ്ങിയത്. എന്തുകൊണ്ട് മേഘ്‌വന്‍ഷി പ്രചാരകനാകരുതെന്നതെന്ന വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. താങ്കള്‍ പ്രചാരകനായാല്‍ കുടുതല്‍ ആളുകളുമായി ബന്ധപ്പെടേണ്ടി വരും. നിങ്ങളുടെ ദേശവും സമൂദായവും ചോദിക്കും. അപ്പോള്‍ നിങ്ങള്‍ പ്രാന്തവത്ക്കരിക്കപ്പെട്ട സമുദായത്തില്‍ നിന്നാണെന്നുള്ള കാര്യം മനസ്സിലാകും. അവര്‍ നിങ്ങളെ അപമാനിച്ചേക്കാം. നിങ്ങള്‍ക്ക് പ്രതികരിക്കേണ്ടിവന്നേക്കാം. അത് ആവശ്യമില്ലാത്ത സംഘര്‍ഷത്തിലേക്ക് നയിക്കും. അത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതുകൊണ്ട് മേഘ്‌വന്‍ഷി പ്രചാരകന്‍ ആകരുതെന്ന് ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത് മേഘ്‌വന്‍ഷിയെ സ്വാഭാവികമായും ഉലച്ചു. പിന്നെയും പല അനുഭവങ്ങള്‍, ആര്‍എസ്എസ്സിന്റെ ജാതിബോധം എത്ര മനുഷ്യത്വവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ മേഘ്‌വന്‍ഷിക്ക് ഉണ്ടാകുന്നുണ്ട്. ആര്‍എസ്എസ്സിന്റെ യോഗത്തില്‍ വന്നവര്‍ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കി തന്റെ വീട്ടില്‍നിന്ന് അവര്‍ക്ക് നല്‍കാനായിരുന്നു ഒരിക്കല്‍ അദ്ദേഹം അഗ്രഹിച്ചത്. ഇക്കാര്യം നേതാക്കളോട് പറയുകയും ചെയ്തു. അവസാന നിമിഷം വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിവാകാന്‍ ശ്രമിച്ചു. ആ ഒഴിവുകഴിവിന്റെ പിന്നിലെ വംശീയത തിരിച്ചറിയാനാവാതെ മേഘ്‌വന്‍ഷി ഭക്ഷണം പൊതിഞ്ഞു നല്‍കാമെന്ന് വാശി പിടിക്കുന്നു. എന്നാല്‍ പിറ്റേദിവസം മേഘ്‌വന്‍ഷി കാണുന്നത് താന്‍ സ്‌നേഹത്തോടെ നല്‍കിയ ഭക്ഷണ പൊതികള്‍ ആര്‍എസ്എസ് നേതാക്കള്‍ വഴിയില്‍ എറിഞ്ഞുകളഞ്ഞതായാണ്. ദളിതന്റെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ സവര്‍ണ ആര്‍എസ്എസ് നേതൃത്വത്തിന് കഴിയുമായിരുന്നില്ല. അതാണ് മേഘ്‌വന്‍ഷിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നതും, സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നതും. ആര്‍എസ്എസ്സിനോടുള്ള ഏറ്റുമുട്ടലായിരുന്നു പിന്നീട്. ജാതിവിരുദ്ധ സമരത്തിന്റെ എതിര്‍ സ്ഥാനത്ത് എല്ലായ്‌പ്പോഴും ആര്‍എസ്എസ്സ് ഉണ്ടെന്നത് അദ്ദേഹം ജീവിതം കൊണ്ട് തിരിച്ചറിയുന്നു. ഒരു ദളിതന് ആര്‍എസ്എസ്സില്‍ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയില്ലെന്നതിന്റെ ജീവിതമാണ് മേഘ്‌വന്‍ഷി സാക്ഷ്യപ്പെടുത്തുന്നത്.
ഹിന്ദുമതം എന്നത് തന്നെ ജാതിയാണ്. ഡോ. അംബേദ്ക്കര്‍ തന്റെ വിഖ്യാതമായ അനിഹിലേഷന്‍ ഓഫ് കാസ്റ്റിലും മറ്റ് കൃതികളിലുമെല്ലാം ജാതിയെക്കുറിച്ച പല രീതിയിലും വിസ്തരിച്ചു പറഞ്ഞിട്ട് വ്യക്തമാക്കിയ ഒരു കാര്യമാണ് മേഘ്‌വന്‍ഷിയുടെ ജീവിതത്തിലൂടെ പോയപ്പോള്‍ തെളിഞ്ഞു നിന്നത്. 'Hindus observe caste not because they are inhuman or wrong headed. They observe caste because they are deeply religious...what is wrong is their religion which has inculcated notion of caste...'; അംബേദ്ക്കറുടെ ഈ വാക്കുകൾ ഹിന്ദുമതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എന്തിനും ബാധകമാണെന്ന് തോന്നുന്നു. ഹിന്ദുമതത്തെ അതിന്റെ വേദ വിശുദ്ധിയില്‍ പരിപാലിക്കുന്ന ആര്‍എസ്എസ്സിന് സ്വാഭാവികമായും ദളിതനോട് വെറുപ്പ് അനുഭവപ്പെടുന്നതിന്റെ കാരണം അതിലെ ഏതെങ്കിലും നേതാക്കളുടെ എന്തെങ്കിലും വ്യക്തിപരമായ പോരായ്മയുടെ അടിസ്ഥാനത്തിലല്ല. മറിച്ച ഹിന്ദുമതത്തിലെ വര്‍ണാശ്രമക്രമം ശക്തിപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് അതെന്നതുകൊണ്ടാണ്. മേഘ്‌വന്‍ഷിയുടെ ജീവിതവും എഴുത്തും ഇതാണ് ബോധ്യപ്പെടുത്തുന്നത്. മനുഷ്യത്വവിരുദ്ധമായ ഒരു ആശയത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്നത് മതമായാലും രാഷ്ട്രീയ, 'സാംസ്‌ക്കാരിക' സംഘടനയായാലും അതില്‍ നീതി തേടുകയെന്നത് ഒരു അസംബന്ധ പ്രവര്‍ത്തിയാണ്.
സമീപകാലത്ത് ദളിത് ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുജാത ഗിഡ്‌ലയുടെ ആന്റ് എമെങ്ങ് എലിഫന്റിന് ശേഷം, ദളിത് ജീവിതം മറ്റൊരു രീതിയില്‍, രാഷ്ട്രീയമായ അനുഭവത്തിന്റെയും തിരിച്ചറിവിന്റെയും അടിസ്ഥാനത്തില്‍ പറയുന്നുവെന്നതാണ് മേഘ്‌വന്‍ഷിയുടെ ജീവിതകഥയുടെ പ്രാധാന്യം. നവയാന്‍ പബ്ലിക്കേഷേന്‍സാണ് പ്രസാധകര്‍. നിവേദിത മേനോനാണ് പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories