TopTop
Begin typing your search above and press return to search.

കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഒരു ചതിയുടെ കഥ, മരണാനന്തരം വൈറല്‍ ആവുന്നു എന്നതിലെ ദുരന്തം, ജിതേഷ് കക്കിടിപ്പുറത്തെ മറക്കാതിരിക്കാം

കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഒരു ചതിയുടെ കഥ, മരണാനന്തരം വൈറല്‍ ആവുന്നു എന്നതിലെ ദുരന്തം, ജിതേഷ് കക്കിടിപ്പുറത്തെ മറക്കാതിരിക്കാം

ആളുകള്‍ അവരുടെ മരണ ശേഷം മാത്രം തിരിച്ചറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും എത്ര നിര്‍ഭാഗ്യകരമാണ്? വ്യക്തി ബന്ധങ്ങളുടെ ഇടയില്‍ സംഭവിക്കുന്ന മരണങ്ങളെ കുറിച്ച് മാത്രമല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. കാല്‍ നൂറ്റാണ്ടോളം ഒരു ചതിയുടെ മറവില്‍ ഒളിപ്പിച്ചുവെക്കപ്പെട്ട ഒരു കര്‍ത്തൃത്വം ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ വെളിവാകുകയും പിന്നീട് ആ മനുഷ്യന്റെ ആകസ്മിക നിര്യാണത്തിന് ശേഷം മാധ്യമങ്ങളില്‍ ഇടം പിടിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്യപ്പെട്ടതിലെ ദുരന്താത്മകതയെ കുറിച്ചാണ് പറയുന്നത്. ഇന്നലെ പുലര്‍ച്ചെ അന്തരിച്ച പ്രശസ്ത നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറമാണ് ആ ഹത ഭാഗ്യന്‍. നാടന്‍ പാട്ട് സദസ്സുകളില്‍ ഏറെ ആഘോഷിക്കപ്പെട്ട "കൈതോല പായ വിരിച്ച്" എന്ന ഗാനം താന്‍ 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ രചിച്ചതാണ് എന്നും സ്കൂള്‍ യുവജനോത്സവത്തിലൂടെ പൊതു സദസ്സില്‍ എത്തിയ ഗാനം പിന്നീട് തന്റെ കയ്യില്‍ നിന്നും 'കൊണ്ടുപോവുക'യായിരുന്നു എന്നും അത് ആരോ പണ്ട് പാടി പിന്നീട് ചിലര്‍ പരിഷ്ക്കരിച്ച പാട്ടെന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെട്ടു എന്നും ജിതേഷ് ഫ്ലവേഴ്സ് ചാനലിന്റെ കോമഡി ഉത്സവ പരിപാടിക്കിടെ വെളിപ്പെടുത്തി. പിന്നീട് ജിതേഷ് ആ പാട്ട് പാടുക കൂടി ചെയ്തപ്പോള്‍ ആ പാട്ടില്‍ അടങ്ങിയിരിക്കുന്ന ആര്‍ദ്രതയുടെയും വേദനയുടെയും സന്തോഷത്തിന്റെയും തരംഗം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരിലേക്ക് പടര്‍ന്നൊഴുകുകയായിരുന്നു. കോമഡി ഉത്സവം അവതാരകന്‍ ചോദിച്ചു, "എല്ലാ മലയാളികളും ഏറ്റ്പാടിയ പാട്ട്. ആര്‍ക്കെങ്കിലും അറിയുമോ അത് നിങ്ങളാണ് എഴുതിയതെന്ന്?"ജിതേഷ്: അറിയില്ല.. അവതാരകന്‍: അതെന്താ..? ജിതേഷ്: കൊണ്ടുപോയി...തുടര്‍ന്ന് എഴുതാനുണ്ടായ പ്രചോദനവും സംഭവവും ഇങ്ങനെ വിശദീകരിക്കുന്നു. "അത് ഞാന്‍ എഴുതുന്നത് 1992ലാണ്. അതൊരു കാത് കുത്ത് കണ്ടപ്പോള്‍ എഴുതിയതാണ്. കാത് കുത്തുന്നത് എന്റെ ശ്രുതി മോള്‍ക്കാണ്. ഏട്ടന്റെ കുട്ടിക്കാണ്. ആ കാത് കുത്ത് കണ്ടപ്പോള്‍ എനിക്ക് സങ്കടം വന്നു." മ്യൂസിക് ചെയ്തതും ട്യൂണ്‍ ചെയ്തതും താന്‍ തന്നെയാണ് എന്നു ജിതേഷ് വെളിപ്പെടുത്തുന്നു, പിന്നീട് കയ്യില്‍ നിന്നും പോയ ആ സംഭവങ്ങളിലേക്ക് "ആദ്യമായി ഞാന്‍ പാട്ട് പഠിപ്പിച്ചത് തണ്ണീര്‍ക്കോട് ഒരു കുട്ടിക്കാണ്. ആ കുട്ടിക്ക് സബ് ജില്ലയില്‍ (യുവജനോത്സവം) കിട്ടി. അവിടെ നിന്നും ജില്ലയിലേക്ക് പോയി. അവിടെ നിന്നു ആരോ-മൊബൈല്‍ അധികം യൂസ് ചെയ്യാത്ത സമയമാണ്-വാക് മാനില്‍ കൊണ്ടുപോയി എന്നു തോന്നണു.. അങ്ങനെ തൃശൂര്‍ ഒരു അഞ്ജു എന്നു പറഞ്ഞ കുട്ടി പാടി. അന്ന് സംസ്ഥാനത്ത് ഫസ്റ്റ് കിട്ടി അതിന്. അന്നാണ് അത് പത്രത്തിലൊക്കെ വന്നത്. അപ്പോഴും എന്റെ പേര്‍ ഇണ്ടായില്ല. എന്നുവെച്ചാല്.. അത് പണ്ടുള്ളവര്‍ പാടിയതാണ് എന്നു പറഞ്ഞു." ജിതേഷിന്റെ അത്ര ആഘോഷിക്കപ്പെടാത്ത ജീവ ചരിത്രം ചുരുക്കി പൊന്നാനിയില്‍ ജനിച്ച ജിതേഷ് കക്കിടിപ്പുറം എല്‍ പി സ്കൂളിലും കുമാരനെല്ലൂര്‍ ഹൈസ്കൂളിലും പഠിക്കുന്ന കാലത്ത് തന്നെ കലാ രംഗത്ത് കഴിവ് തെളിയിച്ച വ്യക്തിയാണ്. പാട്ടെഴുത്ത്, നാടകം, കഥാപ്രസംഗം എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചു. കൈ തോല കൂടാതെ "പലോം പാലോം നല്ല നടപ്പാലം" എന്ന പാട്ടും ഏറെ ശ്രദ്ധ നേടി. ഇതിനിടയില്‍ നാടകങ്ങള്ക്കും ഗാനരചന നടത്തി. അറുന്നൂറിലധികം നാടന്‍ പാട്ടുകള്‍ ജിതേഷ് രചിച്ചിട്ടുണ്ട്. ആദി സംവിധാനം ചെയ്ത പാന്തെന്നാ സിനിമയില്‍ പാടി അഭിനയിക്കുകയും ഗാനരചന നടത്തുകയും ചെയ്തു. കഥ പറയുന്ന താളിയോലകള്‍ എന്ന നാടകം സംവിധാനം ചെയ്യുകയും ഗാനരചന സംഗീത സംവിധാനം അടക്കം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. കേരളോത്സവ വേദികളില്‍ സജീവമായിരുന്നു. താനെഴുതിയ പാട്ടിന് മാര്‍ക്കിടേണ്ടിവന്ന വിധി കര്‍ത്താവാണ്. 52 വയസില്‍ മരണത്തിലേക്ക് നടന്നു കയറുമ്പോള്‍ പെയിന്‍റ് പണിയും കല്‍പ്പണിയുമൊക്കെ എടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നതെന്ന് മാധ്യമ വാര്‍ത്തകളില്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍ ജിതേഷിനെ കുറിച്ച് ഇങ്ങനെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

"സ്കൂൾ കാലത്ത് യുവജനോത്സവ പരിശീലകനായി പരിചയപ്പെട്ടയാളാണ്. പിന്നെ കഴിഞ്ഞ വർഷം ഫ്ലവേഴ്സ് TV യിലാണ് കണ്ടത്. കൈതോലപ്പായ വിരിച്ച്, നരബലിപ്പാലം തുടങ്ങിയ പാട്ടുകൾ ജിതേഷ് എഴുതി സംഗീതം ചെയ്ത് പാടിയവയാണ്. അതിഗംഭീര ശബ്ദമാണ്, ഭാവവും. പാട്ടുകാരനും പാട്ടെഴുത്തുകാരനും മാത്രമല്ല, നല്ല നടനുമായിരുന്നു. പക്ഷെ, കൽപ്പണിക്കാരനോ പെയ്ന്റുപണിക്കാരനോ ആയാണ് ജീവിച്ചത്."

രാജീവ് രാമചന്ദ്രന്റെ തന്നെ മറ്റൊരു കുറിപ്പ് ഇങ്ങനെ; "നാടൻ പാട്ട് കലാകാരൻ" എന്നാണ് ഇന്ന് അന്തരിച്ച ജിതേഷ് കക്കിടിപ്പുറത്തെ നമ്മുടെ ഓൺലൈൻ മീഡിയ വിശേഷിപ്പിക്കുന്നത്. ജിതേഷിന്റെ പ്രശസ്തമായ എല്ലാ പാട്ടുകളും അയാൾ തന്നെ എഴുതി, സംഗീതം നൽകി, പാടിയിട്ടുള്ളവയാണ്. കാവാലം നാരായണപ്പണിക്കരെ ആരെങ്കിലും നാടൻപാട്ട് കലാകാരൻ എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ടോ? അല്ല, എന്താ നിങ്ങളുടെ ഈ നാടൻ പാട്ട് ?!"

കവിയും നാടകകൃത്തുമായ കരിവെള്ളൂര്‍ മുരളി എഴുതുന്നു; "ജിതേഷ് കക്കിടിപ്പുറം എന്ന കലാകാരനെ ഞാൻ ആദ്യമായും അവസാനമായും കാണുന്നത് ഈ 2020 മാർച്ചിലാണ്. പ്രവീൺ കാരുണ്യം നടത്തുന്ന മയ്യിൽ സൂൺ എന്ന ഭക്ഷണശാലയുടെ ഉദ്ഘാടന ദിവസമായിരുന്നു അത്. "കൈതോല പായവിരിച്ച്", 'പാലോം' തുടങ്ങിയ പാട്ടുകൾ എഴുതിയ ആളാണെന്നു പറഞ്ഞപ്പോൾ എനിക്കു വലിയ അത്ഭുതം തോന്നി. എത്ര വിനയപൂർവ്വമായിരുന്നു ജിതേഷിന്റെ പെരുമാറ്റം. അദ്ദേഹത്തിന്റെ പാട്ടുകൾ ആരോടും അനുവാദം ചോദിക്കാതെ ജനലക്ഷങ്ങളുടെ മനസ്സിൽ കയറിയിരുന്നു. ആ പാട്ടുകളിലെല്ലാം ജീവിതത്തിന്റെ നോവും കണ്ണീരുമുണ്ടായിരുന്നു.ഇപ്പോൾ പാട്ടുകൾ മാത്രം ബാക്കിയായിരിക്കുന്നു. പാട്ടുകാരൻ യാത്രയായി. ജിതേഷിന് ആദരാഞ്ജലികൾ ."

മാധ്യമങ്ങളുടെ അതിപ്രസര കാലത്ത് വേണമെങ്കില്‍ ഈ ചോരണത്തിന്റെ കഥ വിവാദമാക്കാമായിമായിരുന്നിട്ടും 25 വര്‍ഷക്കാലം നിശബ്ദനായി കലാ ജീവിതം മുന്നോട്ട് കൊണ്ടുപോയ ജിതേഷ് ഇതുപോലുള്ള അസംഖ്യം രക്തസാക്ഷികളില്‍ ഒരാള്‍ മാത്രമാണ്. നിരവധി തെളിവുകളുണ്ട് ചരിത്രത്തിലും സമീപ കാല സംഭവങ്ങളിലും. പക്ഷേ അതിനേക്കാള്‍ തീവ്രമായ ഒരു ചോദ്യമാണ് രാജീവ് രാമചന്ദ്രന്‍ ഉന്നയിച്ചത്-"കാവാലം നാരായണപ്പണിക്കരെ ആരെങ്കിലും നാടൻപാട്ട് കലാകാരൻ എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ടോ? അല്ല, എന്താ നിങ്ങളുടെ ഈ നാടൻ പാട്ട് ?!" Read More: 'കൈതോല പായവിരിച്ച്'; ജിതേഷ് ഹിറ്റ് നാടന്‍ പാട്ടിന്റെ സൃഷ്ടാവ് (വീഡിയോ)


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories