TopTop
Begin typing your search above and press return to search.

പുരോഗമനപരമായ സര്‍ഗാത്മകത ലക്ഷ്യമിട്ട് 'കേരളപ്പെണ്‍കവികള്‍' കൂട്ടായ്മ

പുരോഗമനപരമായ സര്‍ഗാത്മകത ലക്ഷ്യമിട്ട്

പൊതു സമൂഹത്തില്‍ കവിതകള്‍ ചിന്തകള്‍ രാഷ്ട്രീയ നിലപാടുകള്‍ എന്നിവ കൂടുതല്‍ ശക്തമായി മുന്നോട്ടു വെയ്ക്കുന്നതിനായി എഴുത്തുകാരികളുടെ കേരളപ്പെണ്‍കവി കൂട്ടായ്മ. 'സാമൂഹിക- സാംസ്‌ക്കാരിക രംഗങ്ങളില്‍, പ്രത്യേകിച്ചും സാഹിത്യ രംഗത്ത് നിലനില്‍ക്കുന്ന ആണധികാര നടപ്പുരീതികള്‍ക്ക് ബദലായി ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമനോന്മുഖമായ സര്‍ഗാത്മകതയാണത് ലക്ഷ്യമിടുന്നതെന്ന് ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.'

എന്നാല്‍ അന്ധമായ സ്ത്രീവിരുദ്ധതയും പിന്തിരിപ്പന്‍ ചിന്തകളും മൂലം ഇത്തരമൊരു ശ്രമത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കി അതിനൊപ്പം നില്‍ക്കേണ്ടതിനു പകരം അതിനെ അപഹസിക്കുന്ന പരാമര്‍ശങ്ങള്‍ ചില പുരുഷ കവികളുടെ ഭാഗത്ത് നിന്നും ഉണ്ടായ പശ്ചാത്തലത്തിലാണ് സംഘടനയെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നതെന്നും ഇവര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിലവില്‍ അറിയപ്പെടുന്ന എഴുത്തുകാരികളും, എഴുത്തിനെ സ്‌നേഹിക്കുന്ന നിരവധി സ്ത്രീകളും ഇതില്‍ അംഗങ്ങളാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കേരളപ്പെണ്‍കവികളെക്കുറിച്ച്‌ -

കേരളപ്പെണ്‍കവികള്‍ എന്ന ഫോറം കേരളത്തിലെ സ്ത്രീകവികള്‍ പൊതു സമൂഹത്തില്‍ അവരുടെ കവിതകളെ,ചിന്തകളെ, രാഷ്ട്രീയ നിലപാടുകളെ കൂടുതല്‍ ശക്തമായി മുന്നോട്ടു വെയ്ക്കുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ്. സാമൂഹിക- സാംസ്‌ക്കാരിക രംഗങ്ങളില്‍, പ്രത്യേകിച്ചും സാഹിത്യ രംഗത്ത് നിലനില്‍ക്കുന്ന ആണധികാര നടപ്പുരീതികള്‍ക്ക് ബദലായി ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമനോന്മുഖമായ സര്‍ഗാത്മകതയാണത് ലക്ഷ്യമിടുന്നത്.

2019-ല്‍ ഈ ദിശയില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി മാര്‍ച്ച്‌ - 31 ന് എറണാകുളത്ത് വെച്ച്‌ ആദ്യ മീറ്റിംഗ് നടക്കുകയുണ്ടായി. അതില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി പല പ്രവര്‍ത്തനങ്ങളും സ്ത്രീ കവികള്‍ നടത്തുകയുണ്ടായി. അവയില്‍ എടുത്തു പറയേണ്ട ചിലത് - ആദ്യ ഫെമിനിസ്റ്റ് സാഹിത്യകാരിയെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള; എന്നാല്‍ ഇപ്പോഴും അര്‍ഹമായ രീതിയില്‍ അംഗീകരിക്കപ്പെടാത്ത കെ. സരസ്വതിയമ്മയുടെ 100-ാം ജന്മദിനത്തില്‍ സാഹിത്യ അക്കാദമി പരിസരത്ത് വെച്ചു നടത്തിയ കവിത ചൊല്ലലും സരസ്വതിയമ്മയുടെ കഥകളുടെ വായനകളും. പൗരത്വഭേദഗതി ബില്ലിനെതിരെ തൃശൂരില്‍ വെച്ച്‌ നടത്തിയ കവിതാ പ്രതിഷേധവും പൗരത്വബില്‍ എന്തുകൊണ്ട് ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവുമാകുന്നു എന്ന് വ്യക്തമാക്കുന്ന ലഘുലേഖാ വിതരണവും. 2020 മാര്‍ച്ച്‌ - 8 - ല്‍ വനിതാ ദിനത്തോടനുബന്ധിച്ച്‌ കൊച്ചിയില്‍ ബോട്ടുജെട്ടി പരിസരത്ത് വെച്ച്‌ വ്യത്യസ്തമായ ഒരു സാമൂഹിക പരീക്ഷണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ കവിതകള്‍ പങ്കുവെക്കല്‍.കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ജനകീയ കവി വരവരറാവുവിനെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്ന കോവിഡ് രോഗബാധിതനായ അദ്ദേഹത്തിന് അര്‍ഹമായ ചികിത്സ നിഷേധിക്കുന്ന വ്യവസ്ഥക്കെതിരെ ഈ ഫോറത്തിലെ ചില അംഗങ്ങള്‍ ചേര്‍ന്ന് പരസ്യ പ്രസ്താവനയിറക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മോചനത്തിനായുള്ള സമരത്തില്‍ കവികളെന്ന നിലയില്‍ പങ്കുചേരുകയും ചെയ്തു.എന്നാല്‍ അന്ധമായ സ്ത്രീവിരുദ്ധതയും പിന്തിരിപ്പന്‍ ചിന്തകളും മൂലം ഇത്തരമൊരു ശ്രമത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കി അതിനൊപ്പം നില്‍ക്കേണ്ടതിനു പകരം അതിനെ അപഹസിക്കുന്ന പരാമര്‍ശങ്ങള്‍ ചില പുരുഷ കവികളുടെ ഭാഗത്ത് നിന്നും ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ എഴുത്ത്. കേരളപ്പെണ്‍കവികള്‍ പോലൊരു വേദിയുടെ ആവശ്യകതയെ കൂടുതല്‍ വ്യക്തമാക്കുന്ന സംഭവമായി മാറി ഇക്കാര്യം.കവിതയും ജീവിതവും ഞങ്ങള്‍ക്ക് രണ്ടല്ല.

സാമൂഹ്യ - സാഹിത്യരംഗത്ത് നിലനില്‍ക്കുന്ന വിവിധ തരം വിവേചനങ്ങള്‍ക്കെതിരെയുള്ള നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. മര്‍ദ്ദിതരായ മനുഷ്യര്‍ക്കൊപ്പം,അരികുവല്‍ക്കരിക്കപ്പെടുന്ന എഴുത്തനുഭവങ്ങള്‍ക്കൊപ്പം. അതാണ് കേരളപ്പെണ്‍കവികളുടെ രാഷ്ട്രീയം .


Next Story

Related Stories